ഇവരുടെ പ്രവാചകന്‍ കൊടുവള്ളി സ്വദേശി ഷാഹുല്‍ ഹമീദ്; നോമ്പും ഹജ്ജുമില്ലാത്ത മുസ്ലീങ്ങള്‍; പുരുഷന്മാര്‍ താടി വെക്കരുത്; പ്രണയം പാടില്ല, അവിവാഹിതര്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കരുത്; സംഘടന വിട്ടാല്‍ ഊരുവിലക്ക്; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത കൊരൂല്‍ ത്വരീഖത്ത് അമ്പരപ്പിക്കുമ്പോള്‍!
മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത കൊരൂല്‍ ത്വരീഖത്ത് അമ്പരപ്പിക്കുമ്പോള്‍!
കോഴിക്കോട്: ശാസ്ത്രയുഗം എന്ന് വിളിക്കുന്ന ഈ 21-ാം നൂറ്റാണ്ടില്‍ പോലും, അവിശ്വസനീയമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും പിന്തുടരുന്ന ഒരു പാട് കള്‍ട്ട് ഗ്രൂപ്പുകള്‍ ലോകത്തുണ്ട്. വിചിത്രാചാരങ്ങള്‍ പിന്തുടരുന്ന ഇത്തരം കള്‍ട്ടുകള്‍ കേരളത്തിലുമുണ്ടെന്നത് ഞെട്ടിക്കുന്നതാണ്. ഇത്തരത്തിലുള്ള ഒരു ത്വരീഖത്ത് ഗ്രൂപ്പിനെതിരെ ഇപ്പോള്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിരിക്കയാണ്. അതാണ്, കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കൊരൂല്‍ ത്വരീഖത്ത്.
സംഘടനയില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ മലപ്പുറം കിഴിശ്ശേരിയിലെ ദമ്പതികളെ ഊരുവിലക്കിയതിനെ തുടര്‍ന്നാണ് ഈ ത്വരീഖത്ത് ഗ്രൂപ്പ് വാര്‍ത്തകളില്‍ നിറഞ്ഞത്. തങ്ങളെ ഉമ്മയെ കാണാന്‍ പോലും അനുവദിക്കുന്നില്ല എന്നാണ് കൊരൂല്‍ ത്വരീഖത്തില്‍ നിന്ന് പുറത്തു വന്നയാള്‍ പരാതി പറയുന്നത്. അതിനുശേഷമാണ് സംഘടനയുടെ ഊരുവിലക്കിനെ തുടര്‍ന്ന്, വയനാട് സ്വദേശി ആത്മഹത്യക്ക് ശ്രമിച്ചതും വാര്‍ത്തയായത്. ഇതോടെയാണ് കൊരൂല്‍ ത്വരീഖത്തിന്റെ വിചിത്രമായ ആചാരങ്ങളും ക്രൂരതകളും പുറംലോകമറിഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തത്. ഞെട്ടിപ്പിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളാണ് ഈ സംഘടനയില്‍ നടക്കുന്നത് എന്നാണ് ഇവിടെ നിന്ന് വിട്ടവര്‍ പറയുന്നത്. അവര്‍ രേഖാമൂലം മനുഷ്യാവകാശ കമ്മീഷന് പരാതിയും നല്‍കിയിട്ടുണ്ട്.
നിസ്‌ക്കാരവും ഹജ്ജുമില്ല
ഈ ത്വരീഖത്തിന്റെ പ്രവാചകന്‍ കൊടുവള്ളി സ്വദേശിയായ ഷാഹുല്‍ ഹമീദാണ്. ഇദ്ദേഹം പറയുന്നതിന് അപ്പുറമില്ല. സംഘടനയുടെ മുഖ്യരക്ഷാധികാരിയും അദ്ദേഹമാണ്. 'ഇക്കാക്ക' എന്നും 'മോന്‍' എന്നുമാണ് സംഘടനയില്‍പ്പെട്ടവര്‍ അദ്ദേഹത്തെ അഭിസംബോധന ചെയ്യുന്നത്. ഇദ്ദേഹത്തിന് പുറമെ നിരവധി ഭാരവാഹികള്‍ വേറെയുമുണ്ടെങ്കിലും മുഖ്യരക്ഷാധികാരിയുടെ നിര്‍ദേശമാണ് അവസാന വാക്ക്. മറ്റുള്ളവരുമായി മികച്ച സൗഹൃദമുണ്ടാക്കാനും നല്ല ബന്ധമുണ്ടാക്കാനും ഇവര്‍ ശ്രമിക്കുമെങ്കിലും സംഘടനയിലെ ഒരു കാര്യവും ആരോടും പറയാന്‍ ഇവര്‍ തയ്യാറല്ല. എല്ലാം അജ്ഞാതമാക്കി നിലനിര്‍ത്തും. മരണപ്പെട്ടവരെ അനുസ്മരിക്കുന്ന പരിപാടികള്‍ ഇവര്‍ വീടുകളില്‍ കഴിക്കാറുണ്ട്.
ഇസ്ലാമിലെ ഒരു ആഴ്വാന്തര വിഭാഗമാണെന്ന് പ്രഖ്യാപിക്കുമ്പോഴും, ഇവര്‍ അടിസ്ഥാന ഇസ്ലാമിക വിശ്വാസങ്ങള്‍ പിന്തുടരുന്നില്ല. നിസ്‌ക്കാരത്തിനും ഹജ്ജിനും എതിരാണ്. പകരം പുത്തന്‍ വീട് എന്നറിയപ്പെടുന്ന ഷാഹുല്‍ ഹമീദിന്റെ വീട്ടില്‍ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് ഹജ്ജ് ചെയ്താല്‍ മതിയെന്നാണ് നിര്‍ദേശം.
'കല്ലിനെ ആരാധിക്കുന്ന കര്‍മമായതിനാല്‍ ഹജ്ജ് ചെയ്യേണ്ടതില്ല' എന്നതാണ് ഇവരുടെ വാദം. മനസ്സിലെ മോശം ഇച്ഛകള്‍ക്കെതിരെ പൊരുതുക എന്നതിലും വലിയതല്ല ഹജ്ജെന്നതാണ് ഇതിന് പറയുന്ന ന്യായം. പള്ളികളില്ലാത്തതിനാല്‍ നിസ്‌കരിക്കുന്നവര്‍ വീട്ടില്‍ നിന്ന് നിര്‍വഹിച്ചാല്‍ മതി. തുടക്കത്തില്‍ തീരെ നിസ്‌കരിക്കാത്തവരായിരുന്നെങ്കില്‍ അടുത്ത കാലത്താണ് നിസ്‌കാരം വേണമെന്നത് ശക്തമായി ക്ലാസ്സുകളിലും മറ്റും അവതരിപ്പിച്ചു തുടങ്ങിയത്. ഇപ്പോഴും നിസ്‌കരിക്കാത്തവരേറെയുണ്ട്. സംഘടന തുടക്കത്തില്‍ നടപ്പാക്കിയ നിസ്‌കാരം നിര്‍ബന്ധമില്ലെന്ന 'നിയമം' അംഗീകരിച്ചുപോരുന്നവര്‍ നിസ്‌കരിക്കാതെ പുതിയ തലമുറയിലുള്ളവരോട് നിസ്‌കരിക്കാന്‍ കല്‍പ്പിക്കുന്ന വിചിത്രമായ നിര്‍ദേശങ്ങളും കൊരൂല്‍ ത്വരീഖത്തിനകത്തുണ്ടെന്നാണ് പറയുന്നത്.
ആഴ്ചയില്‍ ഒരിക്കല്‍ ഇവര്‍ പറയുന്നിടത്ത്പോയി മതപഠനം ക്ലാസ് കേള്‍ക്കണം. അത് നിര്‍ബന്ധമാണ്. മൂന്നാഴ്ചയില്‍ കൂടുതല്‍, ഈ ക്ലാസില്‍നിന്ന് വിട്ടുനിന്നാല്‍ കുടുംബത്തില്‍നിന്നടക്കം ഭ്രഷ്ടാവും, ഊരുവിലക്കുണ്ടാവും.
സംഘടന വിടുന്നവരുമായി ഭാര്യയോ ഭര്‍ത്താവോ ആണെങ്കില്‍ പോലും ബന്ധം അവസാനിപ്പിക്കണം. ഇത് പാലിക്കാതിരുന്നാല്‍ അവര്‍ക്ക് 'ശിക്ഷ' ലഭിക്കും. സംഘടനയുടെ ഉള്ളില്‍ നിന്നുള്ളവരുമായി മാത്രമേ വിവാഹം പാടുള്ളൂ. പ്രണയവിവാഹം പാടില്ല. വിവാഹം കഴിക്കാത്തവര്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ നിരോധനമുണ്ട്. സാമൂഹിക മാധ്യമങ്ങള്‍ക്കു വിലക്കാണ്. പുരുഷന്മാര്‍ താടി വെക്കരുത്. കൊരൂല്‍ ത്വരീഖത്തിന്റെ പ്രവാചകനായി അവര്‍ വിശ്വസിക്കുന്ന ഷാഹുല്‍ ഹമീദ് എന്നയാള്‍ പറയുന്നതതിനനുസരിച്ചാണ് വോട്ട് പോലും ചെയ്യേണ്ടത്. അംഗങ്ങള്‍ക്ക് സ്വതന്ത്രമായി വോട്ട് ചെയ്യാന്‍ അവകാശമില്ല. സൊസൈറ്റിയുടെ പണമിടപാടുകള്‍ ഓഡിറ്റ് ചെയ്യാറില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
അംഗങ്ങളില്‍ നിന്ന് ഷാഹുല്‍ ഹമീദ്, നിര്‍ബന്ധിത പിരിവ് നടത്തുകയും അതില്‍ ചെറിയൊരു ശതമാനം മാത്രം ദാനത്തിനായി ഉപയോഗിക്കുകയും ബാക്കിയുള്ള തുക സ്വകാര്യ സ്വത്തായി ഉപയോഗിക്കുകയും ചെയ്യുന്നുവെന്നും പരാതിയില്‍ പറയുന്നു. കുടുംബത്തില്‍ പ്രായപൂര്‍ത്തിയായ ഓരോ വ്യക്തിയും 3,000 രൂപ വീതം ഓരോ വര്‍ഷവും സക്കാത്ത് ഫണ്ടായി നല്‍കണമെന്നതാണ് കൊരൂല്‍ ത്വരീഖത്തിലെ പ്രധാനപ്പെട്ട ഒരു 'നിയമം'. പണം നല്‍കാത്തവര്‍ക്ക് സംഘടനയില്‍ സ്ഥാനമില്ല. ഇത് നിര്‍ബന്ധിത പിരിവാണ്.
കോഴിക്കോട്, മലപ്പുറം, വയനാട് ഉള്‍പ്പെടെ മൂന്ന് ജില്ലകളിലാണ് കൊരൂല്‍ ത്വരീഖത്തിന് അംഗങ്ങളുള്ളത്. ഏതെങ്കിലും നിര്‍ദേശങ്ങള്‍ ആരെങ്കിലും അംഗീകരിച്ചില്ലെങ്കില്‍ അവരെ പുറത്താക്കുകയാണ് സംഘടനാ രീതി. ഊരുവിലക്കും കുടുംബങ്ങള്‍ ബന്ധപ്പെടാതിരിക്കുന്നതുള്‍പ്പെടെയുള്ള പ്രയാസങ്ങള്‍ ഓര്‍ത്ത് ആരും സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാറില്ല.
സംഘടനയുടെ മനുഷ്യത്വരഹിതമായ നിയമാവലികളോട് ഒത്തുചേര്‍ന്ന് പോകാന്‍ കഴിയാതെ നിരവധി പേര്‍ ഇപ്പോഴുമുണ്ട്. ഇവിടുത്തെ നിയമങ്ങള്‍ അംഗങ്ങളെ ശ്വാസം മുട്ടിക്കുന്ന വിധത്തിലാണെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ത്വരീഖത്ത് വിട്ടവര്‍ മനുഷ്യാവകാശ കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നു. വിവിധ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളും യു ട്യൂബ് ചാനലുകളിലെ വീഡിയോകളും പരാതിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.
അല്ലാഹു അക്ബറിനു പകരം ബാപ്പുച്ചി അക്ബര്‍!
കൊരൂല്‍ ത്വരീഖത്ത് സംബന്ധിച്ച വിവാദങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയതാണ്. കൊടുവള്ളി സ്വദേശിയായ 'വല്ല്യാപ്പിച്ചി' എന്ന് അനുയായികള്‍ വിശേഷിപ്പിക്കുന്നയാളാണ് പുത്തന്‍വീട്ടിലെ മമ്മദ്കുട്ടിയാണ് ഇതിന്റെ സ്ഥാപകനെന്ന് പറയുന്നു. മനുഷ്യനെ ആത്മീയമായി ഉന്നതിയിലെത്തിക്കാനുള്ള വിശുദ്ധരുടെ മാര്‍ഗമാണല്ലോ ത്വരീഖത്ത് എന്നാണ് പൊതുവെ പറയുക. യോഗ്യനായൊരു ശൈഖിനെയാണ് ഇതില്‍ പിന്തുടരേണ്ടത്. ആ യോഗ്യതകള്‍ എന്തെല്ലാമാണെന്ന് പണ്ഡിതര്‍ പറഞ്ഞിട്ടുമുണ്ട്. എന്നാല്‍ യോഗ്യരല്ലാത്തവര്‍ ശൈഖായി ചമയുകയും വ്യാജ ത്വരീഖത്ത് പ്രചരിപ്പിക്കുകയും ചെയ്യുന്നതിന്റെ ഉദാഹരണമാണ് കൊരൂല്‍ ശൈഖും അദ്ദേഹത്തിന്റെ ത്വരീഖത്തുമെന്ന് സുന്നികള്‍ പറയുന്നു.
1979 മാര്‍ച്ച് 16-ലെ സുന്നിവോയ്സില്‍ കൊരൂല്‍ ത്വരീഖത്തിന്റെ ഉള്ളുകള്ളികളെ കുറിച്ചുള്ള ലേഖനം കാണാം. ബാപ്പുച്ചി അക്ബര്‍ എന്ന തലക്കെട്ടില്‍ പരേതനായം പിപി മുഹ്യിദ്ദീന്‍ കുട്ടി മുസ്ലിയാര്‍ പാറന്നൂര്‍ ആണ് അതെഴുതിയത്. ലേഖനത്തില്‍ ഇങ്ങനെ പറയുന്നു -''സമസ്തയുടെ ആരംഭ ഘട്ടത്തിലാണ് കൊരൂല്‍ ശൈഖ് (കോഴിക്കോട് ജില്ലയിലെ കൊടുവള്ളിക്ക് സമീപമുള്ള പുത്തന്‍വീട്ടിലെ മമ്മദ്കുട്ടി) തന്റെ നൂതന സിദ്ധാന്തവുമായി പ്രത്യക്ഷപ്പെടുന്നത്. കാള്‍ മാര്‍ക്സിന്റെയും ഏംഗല്‍സിന്റെയും കമ്യൂണിസ്റ്റ് സിദ്ധാന്തം പോലെ സാമ്പത്തികോന്നതിക്കാണ് ശൈഖ് പ്രാമുഖ്യം നല്‍കിയത്. (അനുയായികളുടെ സാമ്പത്തികോന്നമനമല്ല, ശൈഖിന്റെയും കുടുംബത്തിന്റെയും മാത്രം പുരോഗതി.) തന്നെ സമീപിക്കുന്നവര്‍ക്കൊരു പാത്രം 'മായാജാലം' നല്‍കിക്കഴിഞ്ഞാല്‍ പിന്നീട് ശൈഖ് പറയുന്നതിലപ്പുറമില്ല. പരലോകമോക്ഷം ലഭ്യമാവണമെങ്കില്‍ സ്വത്തെല്ലാം എനിക്കു നല്‍കണമെന്ന വഅളാണാദ്യം നല്‍കുന്നത്.
ഇങ്ങനെ പാവപ്പെട്ടവരുടെ സ്വത്തെല്ലാം കൈക്കലാക്കി സമ്പന്നനാണെന്ന് ബോധ്യമായശേഷം താനും അനുയായികളും കൂടി പരിശുദ്ധമായ ദീനിനെതിരെ തിരിയുകയാണ് ചെയ്തത്. അന്ത്യപ്രവാചകരെ പറ്റി തെറ്റിദ്ധാരണയുണ്ടാക്കുന്ന വിശ്വാസം, ഖുര്‍ആനിനെ പരിഹസിച്ചുകൊണ്ടുള്ള ജല്‍പനങ്ങള്‍, ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ക്കു കടകവിരുദ്ധമായ പ്രഖ്യാപനങ്ങള്‍, അല്ലാഹുവിനെക്കാളും റസൂലിനെക്കാളും ബാപ്പുച്ചി(ശൈഖ്)ക്കടിസ്ഥാനം, അല്ലാഹു അക്ബറിനു പകരം ബാപ്പുച്ചി അക്ബര്‍, ഇത്തരം തെളിവുകളുടെ അടിസ്ഥാനത്തില്‍ ഈ വിഭാഗം ഇസ്ലാമില്‍ നിന്നും പുറത്തുപോയവരാണെന്നു അന്നത്തെ പണ്ഡിതവ്യൂഹം ഏകകണ്ഠമായി പ്ര്യാപിച്ചു. അതോടെ മുസ്ലിം ആരാധനാ കേന്ദ്രങ്ങളിലും മറ്റും അവര്‍ക്ക് പ്രവേശനം നിരോധിക്കപ്പെട്ടു.''- ഇങ്ങനെയാണ് സുന്നി വോയ്സിലെ ലേഖനം പറയുന്നത്. ഇപ്പോഴും സമസ്തയും കൊരൂര്‍ ത്വരീഖത്തും തമ്മിലും കടുത്ത ആശയ സംവാദം നടക്കുന്നുണ്ട്.