സുപ്രീംകോടതി വരെ പോയിട്ടും നഷ്ടമായ സ്ഥലം; വില കൊടുത്തുവാങ്ങാന്‍ സ്വന്തം സ്വത്തുക്കള്‍ പണയം വെച്ച കെ സി അബു; പ്രസിഡന്റ് പ്രവീണ്‍കുമാറിന്റെ നിതാന്ത പരിശ്രമം; ഡിസിസിക്ക് 25,000 സ്‌ക്വയര്‍ഫീറ്റില്‍ എഴര കോടിയുടെ നാലുനില കെട്ടിടം; അഭിമാനത്തോടെ കോഴിക്കോട് കോണ്‍ഗ്രസ് നേതൃത്വം

കോഴിക്കോട് ഡിസിസിക്ക് 25,000 സ്‌ക്വയര്‍ഫീറ്റില്‍ എഴര കോടിയുടെ നാലുനില കെട്ടിടം

Update: 2025-04-12 17:24 GMT

കോഴിക്കോട്: സുപ്രീം കോടതി വരെ പോയി കേസ് പറഞ്ഞിട്ടുമുണ്ടായത് തോല്‍വി. നേതാക്കളുടെ പിടിപ്പുകേടുകൊണ്ട് ഡിസിസി ഓഫീസ് നിന്ന സ്ഥലംപോലും നഷ്ടമായി എന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ വരെ പറഞ്ഞകാലം. കോഴിക്കോട് നടക്കാവിലെ പാര്‍ട്ടി ഓഫീസ് നിന്നിരുന്ന, 40 സെന്റ് വരുന്ന കണ്ണായ സ്ഥലം സ്വന്തമാക്കാന്‍ കോടതിവിധിയുടെ അടിസ്ഥാനത്തില്‍ സ്വകാര്യവ്യക്തി എത്തിയതും, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതുമെല്ലാം മുമ്പ് വാര്‍ത്തയായിരുന്നു. അന്ന് സ്വന്തം കാല്‍ക്കീഴിലെ മണ്ണ് സംരക്ഷിക്കാന്‍പോലം അറിയാത്തവര്‍ എന്നായിരുന്നു, കോഴിക്കോട് ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം വിമര്‍ശിക്കപ്പെട്ടത്. എന്നാല്‍ ഇന്ന്് അവിടെ ഏഴര കോടിയോളം രൂപ മുടക്കി, നാലുനിലകളില്‍ 25,000 സ്‌ക്വയര്‍ ഫീറ്റ് വരുന്ന മനോഹരമായ ഒരു ഡിസിസി ഓഫീസ് തലയുയര്‍ത്തി നില്‍ക്കയാണ്.

ഒന്നര വര്‍ഷമെടുത്താണ് 'ലീഡര്‍ കെ. കെരുണാകരന്‍ മന്ദിര'ത്തിന്റെ നവീകരണം പൂര്‍ത്തിയാക്കി, ഇന്ന് അത് തുറന്ന് കൊടുക്കുമ്പോള്‍ അത് കോഴിക്കോട്ടെ കോണ്‍ഗ്രസ് നേതാക്കള്‍ക്കും അഭിമാന നിമിഷമാവുകയാണ്. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ കെട്ടിടം നാടിനു സമര്‍പ്പിച്ചു. കെ സുധാകരനും, വി ഡി സതീശനുമടക്കമുള്ള കേരളത്തിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ഒക്കെയും ചടങ്ങില്‍ പങ്കെടുത്തു. പക്ഷേ ഇതുപോലെ ഒരു മന്ദിരം ഉയരുന്നതിന് പിന്നില്‍ മൂന്‍ ഡിസിസി പ്രസിഡന്റ് കെ സി അബുവിന്റെയും, നിലവിലെ പ്രസിഡന്റ് പ്രവീണ്‍ കുമാറിന്റെയും അശ്രാന്തമായ ശ്രമമുണ്ട്.

ശ്രീധരന്‍പിള്ളയും കെസി അബുവും പ്രവീണും

സ്വകാര്യവ്യക്തിയുമായുള്ള കേസിനെ തുടര്‍ന്ന് ഈ സ്ഥലം പാര്‍ട്ടിക്ക് നഷ്ടമായതാണ്. അന്ന് ഈ കേസ് നടത്തിയത് അഡ്വ. പി. എസ്. ശ്രീധരന്‍പിള്ളയായിരുന്നു. കല്ലായിലെ ബാലന്റെ കുടുംബത്തിന് ഈ സ്ഥലം വിട്ടുകൊടുക്കാനായിരുന്നു കോടതി വിധി. വിധി വന്നതിനുശേഷം ശ്രീധരന്‍പിള്ള അന്നത്തെ ഡിസിസി പ്രസിഡണ്ടിനെയും, അഡ്വക്കേറ്റ് പി ശങ്കരനേയും, എം കെ രാഘവനെയും ഇരുത്തി ഒരു മധ്യസ്ഥ ചര്‍ച്ച നടത്തി. അതില്‍ അദ്ദേഹം കേസ് ജയിച്ചവരോട്‌

പറഞ്ഞത് ഇതിന്റെ യഥാര്‍ത്ഥ ഉടമസ്ഥര്‍ കോണ്‍ഗ്രസുകാരാണ്. വിധി നിങ്ങള്‍ക്ക് അനുകൂലമായിരിക്കാം. നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ വാദിച്ചിട്ടുമുണ്ട്. നിങ്ങള്‍ കോണ്‍ഗ്രസുകാരുമായി വിട്ടുവീഴ്ച നടത്തി ഈ സ്ഥലം അവര്‍ക്ക് വിട്ടു കൊടുക്കണം.

അങ്ങനെയുണ്ടായ മധ്യസ്ഥ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് മൂന്നു കോടി രൂപ അവര്‍ക്ക് കൊടുത്ത് പ്രശ്നം പരിഹരിക്കാന്‍ തീരുമാനിച്ചത്. ആദ്യത്തെ ഒരു കോടി മൂന്നു ദിവസത്തിനുള്ളില്‍ കൊടുക്കുവാനും പിന്നീട് ഘട്ടം ഘട്ടമായി കൊടുക്കാനും ആയിരുന്നു തീരുമാനം. പക്ഷേ പണം കൃത്യസമയത്ത് കൊടുക്കാന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്ന് അന്നത്തെ ഡിസിസി പ്രസിഡന്റ് കെ സി അബുവിനെ ചിലര്‍ തടഞ്ഞുവെച്ചു. അപ്പോള്‍ തന്റെ വ്യക്തിപരമായ വസ്തുക്കള്‍ കോഴിക്കോട് സിറ്റി ബാങ്കില്‍ പണയപ്പെടുത്തിയാണ്‌ അബു ഇതിനുള്ള തുക കണ്ടെത്തിയത്.

ഇതിന് അബുവിനെ സഹായിച്ച, സഹകാരിയും, സിഎംപി നേതാവും, കോഴിക്കോട് സിറ്റിബാങ്കിന്റെ ചെയര്‍മാനുമായ എന്‍ പി. വിജയകൃഷ്ണന്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി, 'ശ്രീധരന്‍പിള്ളയും കെസി അബൂവും പ്രവീണും' എന്നൊരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിട്ടുണ്ട്. അതില്‍ ഇക്കാര്യങ്ങള്‍ അദ്ദേഹം കൃത്യമായി എഴുതുന്നുണ്ട്.

'നടക്കാവ് റോഡിലുള്ള ഡിസിസി ഓഫീസു നില്‍ക്കുന്ന സ്ഥലത്തിന് പഞ്ചായത്ത് പറയുമ്പോള്‍ മൂന്നു കോടിയായിരുന്നു വില. ഇന്ന് ഒരു സെന്റിന് 50 ലക്ഷം രൂപ വെച്ച് ഏകദേശം 40 സെന്റ് സ്ഥലത്തിന് 20 കോടി രൂപ വിലയുണ്ട്. കേരളത്തിലെ ഏറ്റവും വലിയ 50 നിലകളിലുള്ള ടവര്‍ ഇതിന് തൊട്ടടുത്താണ് പണിതു കൊണ്ടിരിക്കുന്നത്. അതിലെ ഫ്ലാറ്റുകള്‍ ഒക്കെ നാല് - അഞ്ചു കോടി രൂപയ്ക്കാണ് വിറ്റു പോകുന്നത്. 20 കോടി രൂപ ആസ്തിയുള്ള സ്ഥലമാണ് ഡിസിസി ഓഫീസിന്റേത്. അബു പിന്നീട് അവിടെ ഒരു താല്‍ക്കാലിക ഹാള്‍ ഉണ്ടാക്കി. അദ്ദേഹത്തിന് ശേഷം ഡിസിസി പ്രസിഡണ്ടായി ടി സിദ്ദിഖ് വന്നു. പിന്നീട് അഡ്വ.കെ.പ്രവീണ്‍കുമാര്‍ വന്നു. ചെറുപ്പക്കാരനായ ചുറുചുറുക്കുള്ള ഡിസിസി പ്രസിഡണ്ട് ആണ് പ്രവീണ്‍. പ്രവീണ്‍ എനിക്ക് അനുജനെപോലെയാണ്. ഡിസിസി പ്രസിഡണ്ട് ആകുന്നതിനു മുന്‍പും അതിനുശേഷം ഞങ്ങള്‍ സ്ഥിരമായി കാണുന്നവരാണ്. ഞാന്‍ ചെയര്‍മാനായിട്ടുള്ള ലാഡറിന്റെ ഡയറക്ടര്‍ കൂടിയാണ് പ്രവീണ്‍. വലിയ ഒരു ഡിസിസി ഓഫീസ് ഉണ്ടാക്കണം എന്നായിരുന്നു പ്രവീണിന്റെ ആഗ്രഹം.''- വിജയകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.

വികാരാധീനരായി നേതാക്കള്‍

നവീകരിച്ച ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസിന്റെ ഉദ്ഘാടനം, കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഇത് ആഹ്ലാദനിമിഷമായി. കഴിഞ്ഞ മാസങ്ങളിലെ തന്റെ പ്രാര്‍ഥനകള്‍ എല്ലാംതന്നെ ഓഫിസ് പൂര്‍ത്തീകരിക്കാന്‍ കരുത്തുനല്‍കണേ എന്നായിരുന്നെന്ന് ഡിഡിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍ കുമാര്‍ അധ്യക്ഷപ്രസംഗത്തില്‍ വികാരാധീനനായി.

ഓഫിസില്‍ നിര്‍മിച്ച ഉമ്മന്‍ചാണ്ടി ഓഡിറ്റോറിയം കെ. സുധാകരന്‍ എംപി ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഗാന്ധിപ്രതിമ അനാഛാദനം ചെയ്തു. രമേശ് ചെന്നിത്തല ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പ്രതിമ അനാഛാദനം ചെയ്തു. ഓഫിസിലെ ഡോ. കെ.ജി അടിയോടി റിസര്‍ച്ച് സെന്ററും വെബ്‌സൈറ്റും ഡോ. ശശി തരൂര്‍ എംപി ഉദ്ഘാടനം ചെയ്തു. എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി മുഖ്യപ്രഭാഷണം നടത്തി.

ലീഡര്‍ കെ. കരുണാകന്റെ പ്രതിമ മുല്ലപ്പള്ളി രാമചന്ദ്രന്‍ അനാഛാദനം ചെയ്തു. ജയ്ഹിന്ദ് സ്‌ക്വയര്‍ വി.എം സുധീരന്‍ ഉദ്ഘാടനം ചെയ്തു. എ. സുജനപാല്‍ മെമ്മോറിയല്‍ ലൈബ്രറി ആന്‍ഡ് റീഡിങ് റൂം എം.എം ഹസനും വി.പി കുഞ്ഞിരാമക്കുറുപ്പ് സ്‌ക്വയര്‍ കൊടിക്കുന്നില്‍ സുരേഷ് എംപിയും എം. കമലം സ്‌ക്വയര്‍ എം.കെ രാഘവന്‍ എംപിയും ഉദ്ഘാടനം ചെയ്തു. ഉമ്മന്‍ചാണ്ടി പ്രതിമ അനാച്ഛാദനം എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി നിര്‍വഹിച്ചു.

എഐസിസി സെക്രട്ടറി മന്‍സൂര്‍ അലി ഖാന്‍, പി.വി മോഹനന്‍, എഐസിസി സെക്രട്ടറി അഴകറിവന്‍ എന്നിവര്‍ പ്രത്യേക അഭിസംബോധന നിര്‍വഹിച്ചു. കെപിസിസി സംഘനടാകാര്യ ജനറല്‍ സെക്രട്ടറി എം. ലിജു ആശംസാപ്രസംഗം നടത്തി. ആര്യാടന്‍ മുഹമ്മദ് സ്‌ക്വയര്‍ എ.പി അനില്‍ കുമാര്‍ എംഎല്‍യും എന്‍.പി മൊയ്തീന്‍ സ്‌ക്വയര്‍ അഡ്വ. ടി. സിദ്ദീഖ് എംഎല്‍എയും അഡ്വ. പി. ശങ്കരന്‍ മിനി ഓഡിറ്റോറിയം ഷാഫി പറമ്പില്‍ എംപിയും സിറിയക് ജോണ്‍ സ്‌ക്വയര്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയും ഉദ്ഘാടനം നിര്‍വഹിച്ചു.

എം.ടി പത്മ സ്‌ക്വയര്‍ കെപിസിസി സെക്രട്ടറി അഡ്വ. കെ. ജയന്തും യു. രാജീവന്‍ സ്‌ക്വയര്‍ അഡ്വ. പി.എം നിയാസും കെ. സാദിരിക്കോയ സ്‌ക്വയര്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എന്‍. സുബ്രഹ്‌മണ്യനും ഇ.പി അച്ചുക്കുട്ടിനായര്‍ സ്‌ക്വയര്‍ മുന്‍ഡിസിസി പ്രസിഡന്റ് കെ.സി അബുവും ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കെ മുരളീധരന്റെ അസാന്നിധ്യം മാധ്യമങ്ങള്‍ ചര്‍ച്ചയാക്കിയിരുന്നു. എന്നാല്‍ തനിക്ക് ഒരു സര്‍ജറി ഉണ്ടായിരുന്നുവെന്നും, രണ്ടുദിവസം കൂടി വിശ്രമിക്കണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശമെന്നുമാണ് ഇതുസംബന്ധിച്ച് കെ മുരളീധരന്‍ പറഞ്ഞത്.


Tags:    

Similar News