കോഴിക്കോട് ലോഡ്ജ് മുറിയില്‍ യുവതിയുടെ കൊലപാതകം; പ്രതി കേരളം വിട്ടതായി സംശയം; അബ്ദുള്‍ സനൂഫിനെ കണ്ടെത്താന്‍ ലുക്ഔട്ട് നോട്ടീസിറക്കി; അന്വേഷണം അയല്‍സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ച് പോലീസ്; ഫസീലയുടെ മൃതദേഹം ഖബറടക്കി

അബ്ദുള്‍ സനൂഫ് എവിടെ? ലുക്ഔട്ട് നോട്ടീസിറക്കി പൊലീസ്

Update: 2024-11-27 17:06 GMT

കോഴിക്കോട്: കോഴിക്കോട് എരഞ്ഞിപ്പാലത്തെ ലോഡ്ജ് മുറിയിലെ യുവതിയുടെ മരണത്തില്‍ യുവതിക്കൊപ്പം മുറിയില്‍ ഉണ്ടായിരുന്ന അബ്ദുള്‍ സനൂഫിനായി അന്വേഷണം അയല്‍ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ച് പൊലീസ്. അബ്ദുള്‍ സനൂഫിനെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് കേസ് എടുത്തിരുന്നു. യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെന്ന് കരുതുന്ന അബ്ദുള്‍ സനൂഫ് കേരളം വിട്ടതായി പോലീസിന്റെ സംശയം.

തിരുവില്വാമല സ്വദേശി അബ്ദുള്‍ സനൂഫ് ആണ് കേരളത്തില്‍നിന്ന് കടന്നുകളഞ്ഞതായി പോലീസ് സംശയിക്കുന്നത്. ഇതേത്തുടര്‍ന്നാണ് പ്രതിക്കായി അയല്‍സംസ്ഥാനങ്ങളിലേക്ക് പോലീസ് തിരച്ചില്‍ വ്യാപിപ്പിച്ചത്. ഇയാള്‍ക്കായി വാണ്ടഡ് നോട്ടീസും പോലീസ് പുറത്തിറക്കിയിട്ടുണ്ട്. എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് ബുധനാഴ്ചയാണ് പോലീസ് സ്ഥിരീകരിച്ചത്. ശ്വാസംമുട്ടിച്ചാണ് യുവതിയെ കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ കണ്ടെത്തല്‍.

മലപ്പുറം വെട്ടത്തൂര്‍ തേലക്കാട് പന്താലത്ത് ഹൗസില്‍ ഫസീല(35)യെയാണ് ചൊവ്വാഴ്ച രാവിലെ ലോഡ്ജ് മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സനൂഫും ഫസീലയും ഞായറാഴ്ച രാത്രി 11-നാണ് മൂന്ന് ദിവസത്തേക്ക് ലോഡ്ജില്‍ മുറിയെടുത്തത്. ലോഡ്ജ് ജീവനക്കാര്‍ ചൊവ്വാഴ്ച രാവിലെ നോക്കിയപ്പോഴാണ് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തിങ്കളാഴ്ച സനൂഫ് ലോഡ്ജിലുണ്ടായിരുന്നതായി ജീവനക്കാര്‍ പറഞ്ഞു. പിന്നീട് പണം എടുക്കാനെന്നുപറഞ്ഞ് ഇയാള്‍ ലോഡ്ജില്‍നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.

സനൂഫ് ലോഡ്ജില്‍ നല്‍കിയ ഫോണ്‍നമ്പറില്‍ ബന്ധപ്പെട്ടെങ്കിലും അത് വ്യാജമാണെന്ന് കണ്ടെത്തി. ഇയാള്‍ വന്ന കാര്‍ പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷന്റെ പരിധിയിലുള്ള ചക്കാന്തറയിലെ സ്‌കൂളിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ ചൊവ്വാഴ്ച രാത്രി കണ്ടെത്തിയിരുന്നു. രണ്ടുതവണ വിവാഹമോചിതയായ ആളാണ് ഫസീല. വിവാഹമോചനക്കേസ് നടക്കുന്നതിനിടയിലാണ് സനൂഫിനെ പരിചയപ്പെടുന്നത്. സനൂഫ് ലോഡ്ജില്‍ നല്‍കിയ മേല്‍വിലാസത്തിലല്ല അയാള്‍ താമസിച്ചിരുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

നേരത്തെ സംഭവത്തില്‍ അസ്വാഭാവിക മരണത്തിനായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. യുവതിയുടെ മരണം കൊലപാതകമാണെന്ന സൂചന വന്നതോടെയാണ് കൊലക്കുറ്റം ചുമത്തിയത്. അബ്ദുള്‍ സൂഫിനെ കണ്ടെത്താന്‍ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. അതേസമയം, ഫസീലയുടെ ഖബറടക്കം തേലക്കാട് കാപ്പ് ജുമ മസ്ജിദ് ഖബറിസ്ഥാനില്‍ നടന്നു.

എരഞ്ഞിപ്പാലത്തെ സ്വകാര്യ ലോഡ്ജിലാണ് ഫസീലയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മലപ്പുറം വെട്ടത്തൂര്‍ സ്വദേശിയായ ഫസീലയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് സ്വാഭാവിക മരണമല്ലെന്നും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നും സൂചനയുള്ളത്. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലാണ് ഫസീലയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.

ബന്ധുക്കള്‍ എത്തിയ ശേഷമാണ് നടപടികള്‍ തുടങ്ങിയത്. ഫസീലയുടെ ഉപ്പയും സഹോദരിമാരും മോര്‍ച്ചറിയിലെത്തിയിരുന്നു. ജോലിയുമായി ബന്ധപ്പെട്ടാണ് ഫസീല കോഴിക്കോട് എത്തിയതെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഫസീലയുടെ മരണത്തില്‍ അന്വേഷണം വേണമെന്നും ഫസീലയുടെ പിതാവ് മുഹമ്മദ് മാനു ആവശ്യപ്പെട്ടു.

Tags:    

Similar News