ഗര്‍ഭപാത്രം നീക്കുന്നതിനിടെ കുടലിനു ചെറിയ മുറിവേറ്റു; തുന്നലുണ്ടെന്നും പേടിക്കേണ്ട കാര്യമില്ലെന്നും ഡോക്ടര്‍മാര്‍; ഭക്ഷണം കഴിക്കാന്‍ തുടങ്ങിയതോടെ വയറുവേദന; പിന്നാലെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രോഗി മരിച്ചു; ചികിത്സാപിഴവെന്ന് കുടുംബം; പരാതി നല്‍കി

ശസ്ത്രക്രിയക്ക് പിന്നാലെ സ്ത്രീ മരിച്ചു; ചികിത്സാപ്പിഴവെന്ന് ആരോപണം

Update: 2025-03-12 06:29 GMT

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സാ പിഴവു മൂലം രോഗി മരിച്ചെന്നു കുടുംബത്തിന്റെ പരാതി. ശസ്‌ക്രിയക്കിടെ ചികിത്സാപ്പിഴവ് പറ്റിയെന്നാണ് കുടുംബം ആരോപിക്കുന്നത്. പേരാമ്പ്ര സ്വദേശിനി വിലാസിനി (57) ആണ് ഇന്നു പുലര്‍ച്ചെ മരിച്ചത്. ഗര്‍ഭപാത്രം നീക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്കിടെ കുടലിനു മുറിവു പറ്റിയെന്നും ഇതിനെ തുടര്‍ന്നുണ്ടായ അണുബാദയാണ് മരണത്തിലേക്കെത്തിച്ചതെന്നുമാണു ബന്ധുക്കള്‍ പറയുന്നത്.

ഗര്‍ഭപാത്രം നീക്കുന്നതിന് ഈ മാസം നാലിനാണ് വിലാസിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏഴിന് ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയയ്ക്കിടെ കുടലിനു ചെറിയ മുറിവേറ്റെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തുന്നലുണ്ടെന്നും എന്നാല്‍ പേടിക്കേണ്ട കാര്യമില്ലെന്നുമാണ് അറിയിച്ചത്. എട്ടാം തീയതി വാര്‍ഡിലേക്കു മാറ്റി. ഞായാറാഴ്ച മുതല്‍ സാധാരണ ഭക്ഷണം നല്‍കാമെന്ന് അറിയിച്ചു.

സാധാരണ ഭക്ഷണം കഴിക്കാന്‍ തുടങ്ങിയതോടെ വയറുവേദന കൂടി. തുടര്‍ന്ന് ഐസിയുവിലേക്കു മാറ്റി. തിങ്കളാഴ്ച അണുബാധയുണ്ടായെന്നും ഉടന്‍ ശസ്ത്രക്രിയ വേണമെന്നും പറഞ്ഞു. ശസ്ത്രക്രിയ നടത്തിയെങ്കിലും ചൊവ്വാഴ്ചയോടെ ആരോഗ്യം വഷളായി. ഇന്നു പുലര്‍ച്ചെ മരണം സംഭവിക്കുകയായിരുന്നു.

മെഡിക്കല്‍ കോളജില്‍നിന്നു മറ്റൊരു ആശുപത്രിയിലേക്കു മാറ്റാന്‍ ശ്രമിച്ചെങ്കിലും ആരോഗ്യനില വഷളായതിനാല്‍ സാധിച്ചില്ലെന്നും ബന്ധുക്കള്‍ അറിയിച്ചു. ഹൃദയസ്തംഭനം മൂലമാണു മരണം സംഭവിച്ചതെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചതെന്നും ബന്ധുക്കള്‍ പറഞ്ഞു.

വെള്ളിയാഴ്ച ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയക്കിടെ വിലാസിനിയുടെ കുടലിന് ചെറിയ മുറിവ് പറ്റിയതായും തുന്നിട്ടതായും ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചിരുന്നു. പിന്നീട് വാര്‍ഡിലേക്ക് മാറ്റിയ രോഗിക്ക് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം ഞായറാഴ്ച കട്ടിയുള്ള ആഹാരം നല്‍കി. ഇതിന് ശേഷം വയറുവേദന അനുഭവപ്പെട്ടതോടെ ഡോക്ടര്‍മാരെ വിവരം അറിയിച്ചെന്നും ഗ്യാസ്ട്രബിളിന്റെ പ്രശ്നമാണെന്ന് പറഞ്ഞ് മരുന്ന് നല്‍കിയെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.

ഉച്ചയ്ക്ക് വേദന കഠിനമായതോടെ മറ്റൊരു മരുന്നു നല്‍കി. വൈകുന്നേരം രോഗിയെ ഐസിയുവിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് രോഗിയുടെ ആരോഗ്യസ്ഥിതി അന്വേഷിച്ചപ്പോള്‍ കൃത്യമായ മറുപടി ഒന്നും നല്‍കിയില്ലെന്നും അണുബാധ ഉള്ളതിനാല്‍ വീണ്ടും ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചെന്നും ബന്ധുക്കള്‍ പറയുന്നു. വൈകുന്നേരം ശസ്ത്രക്രിയ നടത്തുകയും ചെയ്തു. കുടലില്‍ മുറിവുണ്ടായ സ്ഥലത്താണ് അണുബാധയെന്നും അണുബാധയുള്ള ഭാഗം മുറിച്ച് കളയണമെന്നാണ് പിന്നീട് ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചത്.

ശസ്ത്രക്രിയക്ക് ശേഷം രോഗിയുടെ ആരോഗ്യസ്ഥിതി മോശമാവുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. അണുബാധ കരളിലേക്ക് ഉള്‍പ്പടെ ബാധിച്ചുവെന്ന വിവരമാണ് പിന്നീട് ആശുപത്രിയില്‍നിന്ന് ലഭിച്ചത്. സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്ന് അറിയിച്ചിട്ടും ഡോക്ടര്‍മാര്‍ അനുവദിച്ചില്ലെന്നും ബന്ധുക്കള്‍ പറയുന്നു. കുടലിന് പറ്റിയ മുറിവ് കൃത്യമായി ചികിത്സിക്കാത്തതാണ് രോഗിയുടെ ആരോഗ്യസ്ഥിതി മോശമാകാനും മരണം സംഭവിക്കാനും കാരണമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ചികിത്സാപ്പിഴവുണ്ടായി എന്ന് കാണിച്ച് ബന്ധുക്കള്‍ ആശുപത്രി സൂപ്രണ്ടിനും മെഡിക്കല്‍ കോളേജ് പോലീസിലും പരാതി നല്‍കിയിട്ടുണ്ട്.

അതേസമയം, ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. താക്കോല്‍ദ്വാര ശസ്ത്രക്രിയക്കിടെ ഇത്തരം സംഭവങ്ങള്‍ അത്യപൂര്‍വമാണെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News