കെഎസ്ആര്‍ടിസി യാത്രക്കിടെ അപകടമുണ്ടായാല്‍ അടിയന്തര ചികിത്സക്കായി മരുന്നില്ല! 15 വര്‍ഷമായി ഫസ്റ്റ് എയ്ഡ് ബോക്സിലേക്ക് മരുന്നു വാങ്ങാതെ കെഎസ്ആര്‍ടിസി; വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍
കെഎസ്ആര്‍ടിസി യാത്രക്കിടെ അപകടമുണ്ടായാല്‍ അടിയന്തര ചികിത്സക്കായി മരുന്നില്ല!
തിരുവനന്തപുരം: അപകടമുണ്ടായാല്‍ അടിയന്തര ചികിത്സക്കായി സംസ്ഥാനത്തെ കെ.എസ്.ആര്‍.ടി.സി ബസുകളുടെ ഫസ്റ്റ് എയ്ഡ് ബോക്സ് തുറന്നു നോക്കിയിട്ടു കാര്യമില്ല. ബോക്സില്‍ അത്യാവശ്യ മരുന്നുകളൊന്നും കാണില്ല. മരുന്നുകള്‍ വാങ്ങാന്‍ ഇതുവരെ യാതൊരു നിര്‍ദ്ദേശവും നല്‍കിയിട്ടില്ലെന്ന് തുറന്നു സമ്മതിച്ച് കെ.എസ്.ആര്‍.ടി.സി. സംസ്ഥാനത്തെ സ്വകാര്യബസുകളില്‍ ഉള്‍പ്പെടെയുള്ളവയിലെ ഫസ്റ്റ് എയ്ഡ് ബോക്സുകളില്‍ അവശ്യമരുന്നുകള്‍ ലഭ്യമാണോയെന്ന പരിശോധന മോട്ടോര്‍ വാഹനവകുപ്പ് നടത്തുന്നുണ്ട്.
മരുന്നുകള്‍ ഇല്ലെങ്കില്‍ വന്‍തുകയാണ് മോട്ടോര്‍ വാഹനവകുപ്പ് പിഴയായി ഈടാക്കുന്നത്. അതിനിടെയാണ്, ഫസ്റ്റ് എയ്ഡ് ബോക്സ് കാലിയാക്കിയിട്ട് കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തുന്നത്. കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ സംഘടനയായ ഫോറം ഫോര്‍ ജസ്റ്റിസിന്റെ സംസ്ഥാന സെക്രട്ടറിയായ പി. ഷാജന്‍ നല്‍കിയ വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ഉള്ളത്.
കഴിഞ്ഞ 15 വര്‍ഷമായി കെ.എസ്.ആര്‍.ടി.സി തങ്ങളുടെ ബസ്സുകളിലെ ഫസ്റ്റ് എയ്ഡ് ബോക്സുകളിലേക്ക് ആവശ്യമായ മരുന്ന് വാങ്ങിയിട്ടില്ല. ഫസ്റ്റ് എയ്ഡ് ബോക്സുകള്‍ ഘടിപ്പിച്ചിട്ടുള്ളത് പുതുതായി നിരത്തില്‍ ഇറങ്ങിയ ബസ്സുകളില്‍ മാത്രമെന്നാണ് വിവരാവകാശരേഖ വ്യക്തമാക്കുന്നത്. തൃശൂരില്‍ രണ്ടുമാസം മുന്‍പ് കെ.എസ്.ആര്‍.ടി.സി ഇന്‍സ്പെക്ടര്‍ ബസ് പരിശോധിച്ചപ്പോള്‍ ഫസ്റ്റ് എയ്ഡ് ബോക്സില്‍ മരുന്നുകള്‍ ഇല്ലാത്തതിന് കണ്ടക്ടര്‍ക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതോടെയാണ് വിവരാവകാശ രേഖ സമര്‍പ്പിക്കാന്‍ സംഘടന തീരുമാനിച്ചത്.
ഈ സര്‍ക്കാരിന്‍െ്റ ഭരണകാലത്ത് 6614.21 കോടിരൂപയാണ് കെ.എസ്.ആര്‍.ടി.സിക്ക് സര്‍ക്കാര്‍ സഹായമായി നല്‍കിയത്. ബജറ്റില്‍ വകയിരുത്തിയിരുന്ന 900 കോടിരൂപയില്‍ 479.21 കോടിരൂപ നല്‍കിയിരുന്നു. ഒന്നാം പിണറായി സര്‍ക്കാരിന്‍െ്റ കാലത്ത് 4963 കോടിരൂപയാണ് അനുവദിച്ചിരുന്നത്.
കഴിഞ്ഞ ദിവസം 143 പുതിയ ബസുകള്‍ കൂടി വാങ്ങാന്‍ കെ.എസ്.ആര്‍.ടി.സി തീരുമാനിച്ചിരുന്നു. ഒന്‍പതു വര്‍ഷത്തിനു ശേഷമാണ് പുതിയ ബസുകള്‍ വാങ്ങുന്നത്. ഇതില്‍ 106 ബസുകള്‍ സ്വഫ്റ്റിനും 37 എണ്ണം ഓര്‍ഡിനറി സര്‍വീസിനുമാണ്. 2016 ല്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഗതാഗതമന്ത്രിയായിരിക്കെയാണ് കെ.എസ്.ആര്‍.ടി.സിക്കു വേണ്ടി അവസാനം ബസുകള്‍ (100 എണ്ണം) വാങ്ങിയത്. 2022 ല്‍ ആന്‍്റണി രാജു മന്ത്രിയായിരിക്കെ സ്വഫ്റ്റിനു വേണ്ടി 116 ബസുകള്‍ വാങ്ങിയിരുന്നു.
നിരത്തിലുണ്ടായിരുന്ന 5686 ബസുകളില്‍ 2089 എണ്ണം പൊളിച്ചിട്ടും 5062 ബസുകള്‍ കൈവശമുണ്ടെന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ വാദം. 2016 ല്‍ 5686 ബസുകള്‍ കൈവശമുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. കോവിഡ് കാലത്ത് 1736 ബസുകളില്‍ 1047 എണ്ണം പൊളിച്ചിരുന്നു. ആകെയുള്ള ബസുകളില്‍ 45 ശതമാനവും ഏഴുവര്‍ഷത്തിനു മുകളില്‍ പ്രായമുള്ളവയാണ്. അശോക് ലെയ്ലാന്‍ഡ്, ടാറ്റാ, ഐഷര്‍, വോള്‍വോ, സ്‌കാനിയ ബസുകളാണ് കെ.എസ്.ആര്‍.ടി.സിക്കുള്ളത്.