മാനനഷ്ട കേസ് കൊടുക്കുമെന്ന ഭീഷണി ഏറ്റില്ല; പി.പി ദിവ്യ യ്‌ക്കെതിരെ ആരോപണം കടുപ്പിച്ച് മുഹമ്മദ് ഷമ്മാസ്; ബിനാമി ഇടപാടില്‍ വിജിലന്‍സിന് പരാതി നല്‍കും; വന്‍കിട കരാറുകള്‍ നല്‍കാന്‍ കലക്ടര്‍ അരുണ്‍ കെ വിജയനും ഒത്താശ ചെയ്തുവെന്ന് ആരോപണം; സിപിഎം നേതാവിനെതിരെ വീണ്ടും ആഞ്ഞടിച്ച് കെ എസ് യു നേതാവ്
കണ്ണൂര്‍: മാനനഷ്ട കേസിന്റെ ഭീഷണി ഏശിയില്ല. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയ് ക്കെതിരെയുള്ള ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് കണ്ണൂര്‍ ഡി.സി.സി. ഓഫീസില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെങ്കില്‍ ദിവ്യ നിയമ നടപടി സ്വീകരിക്കണമെന്ന് മുഹമ്മദ് ഷമ്മാസ് ആവശ്യപ്പെട്ടു. നിര്‍മ്മിതി കേന്ദ്രവുമായി ബന്ധപ്പെട്ടാണ് ജില്ലാ പഞ്ചായത്ത് നിര്‍മ്മാണ കരാര്‍ ഭൂരിഭാഗവും നല്‍കിയത്. ജില്ലാ പഞ്ചായത്ത് നേരിട്ടും ടെന്‍ഡര്‍ മുഖേനയുമാണ് കരാറുകള്‍ നല്‍കിയത്. ഇതില്‍ ഇന്നത്തെ കലക്ടര്‍ അരുണ്‍ കെ വിജയന്‍ ചെയര്‍മാനായി ഇരിക്കുമ്പോഴാണ് വന്‍ തുകകളുടെ കരാര്‍ നല്‍കിയത്. 10.47 കോടിയുടെ കരാറുകളാണ് നേരിട്ട് നല്‍കിയത്.
2023-24 വരെ കാലയളവില്‍ അരുണ്‍ കെ വിജയന്‍ ചെയര്‍മാനായുള്ള നിര്‍മ്മിതി കേന്ദ്രത്തിന്റെ നിര്‍മ്മാണ കരാറുകള്‍ നല്‍കിയത് സംശയത്തിന്റെ നിഴലിലാണ്. ആറളത്ത് കാര്‍ട്ടന്‍ ഇന്ത്യ അലൈയന്‍സ് പ്രൈവറ്റ് ലിമിറ്റഡിന 75 ലക്ഷം രൂപയുടെ കരാര്‍ പ്രവൃത്തിയാണ് നല്‍കിയത്. ജില്ലാ പഞ്ചായത്ത് നല്‍കിയ കരാറുകള്‍ സില്‍ക്ക് മുഖേനെയാണ് കൂടുതല്‍ കാര്‍ട്ടണ്‍ ഇന്ത്യ അലൈയന്‍സ് പ്രൈവറ്റ് ലിമിറ്റഡിന് നിര്‍മ്മാണ പ്രവൃത്തികള്‍ നല്‍കിയിട്ടുള്ളത്. പത്തിലേറെ കോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് 2021 മുതല്‍ 2024 ഒക്ടോബര്‍ വരെ ജില്ലാ പഞ്ചായത്ത് നല്‍കിയിട്ടുണ്ട്. കണ്ണൂര്‍ കലക്ടറായ അരുണ്‍ കെ. വിജയന്‍ നിലവിലുള്ളപ്പോഴാണ് വന്‍കിട കരാറുകള്‍ നിര്‍മ്മിതി കേന്ദ്രത്തിന് നല്‍കിയിട്ടുള്ളത്.
ഇത് പല കമ്പിനികള്‍ക്കായി നല്‍കിയിട്ടുണ്ടെങ്കിലും കൂടുതല്‍ വന്‍കിട കരാറുകള്‍ കാര്‍ട്ടന്‍ ഇന്ത്യാ അലൈയന്‍ സിനാണ് ലഭിച്ചതെന്ന് സംശയിക്കുന്നു. കണ്ണൂര്‍ എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ കലക്ടറുടെ നടപടികള്‍ സംശയത്തിന്റെ നിഴലിലാണെന്ന് കുടുംബം തന്നെ ആരോപിച്ചിട്ടുണ്ട്. ഒക്ടോബര്‍ 14 ന് യാത്രയയപ്പ് നടന്ന ദിവസം ദിവ്യ കലക്ടറേറ്റില്‍ പല തവണ പോയതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ വാഹന രേഖകളില്‍ നിന്നും വ്യക്തമാണ്. യാത്രയയപ്പ് സമ്മേളനത്തില്‍ ദിവ്യ നവീന്‍ ബാബുവിനെതിരെ ആക്ഷേപം ഉന്നയിച്ചതിന് പിന്നില്‍ അനധികൃത സ്വത്ത് സമ്പാദനം പുറത്തുവരുന്നതിനാലാണെന്ന് ഷമ്മാസ് പറഞ്ഞു.
പി.പി ദിവ്യ നടത്തിയ ബിനാമി ഇടപാടുകളെ കുറിച്ചു വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കും. പാലക്കയം തട്ടില്‍ തന്റെ ഭര്‍ത്താവിന് ഭൂമിയില്ലെന്ന് പി.പി ദിവ്യയുടെ നിഷേധകുറിപ്പില്‍ പറയുന്നില്ല. ജിജി ജോസഫെന്ന ഒരു അഭിഭാഷകനാണ് ദിവ്യയുടെ ഭര്‍ത്താവ് വി.പി അജിത്ത് കുമാറിന്റെ പേരില്‍ ഒരു ആധാരവും കാള്‍ട്ടണ്‍ ഇന്ത്യ എം.ഡി. മുഹമ്മദ് ആസിഫിന്റെ പേരില്‍ രണ്ട് ആധാരങ്ങളും രജിസ്റ്റര്‍ ചെയ്തതെന്നും ഷമ്മാസ് പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാരനായ ദിവ്യയുടെ ഭര്‍ത്താവ് അജിത്ത് കുമാറിന്റെയും ദിവ്യയുടെയും കൃഷിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവരുമെന്നും മുഹമ്മദ് ഷമ്മാസ് പറഞ്ഞു.
താന്‍ ആരോപണം ഉന്നയിച്ചതിനു ശേഷം ദിവ്യയെ കുറിച്ചുള്ള കൂടുതല്‍ ആരോപണങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട ഏതു നിയമ നടപടിയും നേരിടാന്‍ തയ്യാറാണെന്നും ഷമ്മാസ് വ്യക്തമാക്കി.