കുട്ടമ്പുഴയില്‍ പശുവിനെ തിരഞ്ഞ് കാട്ടില്‍ പോയി വഴിതെറ്റിയ സ്ത്രീകളെ കണ്ടെത്താന്‍ സാധിച്ചില്ല; 50 പേരടങ്ങുന്ന നാല് സംഘങ്ങള്‍ കാട്ടില്‍ തിരച്ചില്‍ തുടരുന്നു; വഴിതെറ്റിയത് ആനയുട മുന്നില്‍പെട്ട് ചിതറി ഓടിയതോടെ; കൂട്ടത്തിലുള്ള ഒരു സ്ത്രീയുടെ പക്കലുള്ള മൊബൈല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ്

കുട്ടമ്പുഴയില്‍ പശുവിനെ തിരഞ്ഞ് കാട്ടില്‍ പോയി വഴിതെറ്റിയ സ്ത്രീകളെ കണ്ടെത്താന്‍ സാധിച്ചില്ല

Update: 2024-11-29 00:47 GMT

കോതമംഗലം: കുട്ടമ്പുഴയില്‍ കാണാതായ സ്ത്രീകള്‍ക്കായി തിരച്ചില്‍ തുടങ്ങിയിട്ടും കണ്ടെത്താന്‍ കഴിഞ്ഞില്ല. വനത്തിനുള്ളില്‍ ഡ്രോണ്‍ പരിശോധന അടക്കം നടത്തിയിട്ടും കാണാതായവരെ കണ്ടെത്താന്‍ സാധിച്ചില്ല. 50 പേരടങ്ങുന്ന നാല് സംഘങ്ങളാണ് തിരച്ചില്‍ നടത്തുന്നത്. മായാ ജയന്‍, പാറുക്കുട്ടി, ഡാര്‍ലി എന്നിവരെയാണ് കഴിഞ്ഞദിവസം മുതല്‍ കാണാതായത്. പശുവിനെ തിരഞ്ഞാണ് ഇവര്‍ കാട്ടിലേക്കുപോയത്. ബുധനാഴ്ച കാണാതായ പശുവിനെത്തേടി കഴിഞ്ഞദിവസമാണ് ഇവര്‍ പോയത്. പശു തിരിച്ചുവന്നിരുന്നു. ഇന്ന് രാവിലെ നടത്തുന്ന തിരച്ചിലില്‍ ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.

പശുവിനെ കണ്ടെത്തി മടങ്ങുന്നതിനിടെ തങ്ങള്‍ ആനയുടെ മുന്നിലകപ്പെട്ട് പേടിച്ച് ചിതറിയോടിയതായി മായ ഭര്‍ത്താവിനെ മൊബൈല്‍ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. മായയുടെ കൈവശമുള്ള മൊബൈലില്‍നിന്ന് വൈകീട്ട് 4.15 വരെ വീട്ടുകാരുമായി സംസാരിച്ചിരുന്നു. പാറപ്പുറത്ത് ഇരിക്കുകയാണെന്നും വരുമ്പോള്‍ ഒരുകുപ്പി വെള്ളവും കൊണ്ടുവരണമെന്നും പറഞ്ഞിരുന്നു. വനപാലകര്‍ ഫോണില്‍ പാറപ്പുറം ഏത് ഭാഗത്താണെന്ന് ചോദിച്ചെങ്കിലും സ്ഥലം കൃത്യമായി പറയാന്‍ ഇവര്‍ക്ക് സാധിച്ചില്ല. തിരച്ചില്‍ നടത്തിയ നാട്ടുകാരില്‍ ഒരാള്‍ 5-ന് ഫോണില്‍ സംസാരിക്കുന്നതിനിടെ ഫോണ്‍ ബന്ധം നിലച്ചു. ഫോണിന്റെ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

മായ വ്യാഴാഴ്ച രാവിലെ പശുവിനെ അന്വേഷിച്ചുപോയി കണ്ടെത്താനാവാതെ വന്നതോടെയാണ് വൈകീട്ട് മൂന്ന് മണിയോടെ മറ്റ് രണ്ടുപേരെയും കൂട്ടി വീണ്ടും തേക്ക് പ്ലാന്റേഷനി (പഴയ മെഡിസിനല്‍ പ്ലാന്റേഷന്‍) ലെ മുനിപ്പാറ ഭാഗത്തുകൂടി പ്ലാന്റേഷനിലേക്ക് പോയത്. വനാതിര്‍ത്തിയിലാണ് ഇവരുടെ വീട്. പശുവിനെ ബുധനാഴ്ച മുതല്‍ കാണാതായതാണ്. ഇതിനിടെ പശു തിരിച്ചെത്തിയതോടെയാണ് വീട്ടുകാര്‍ ആശങ്കയിലായത്.

വനംവകുപ്പ് റെയ്ഞ്ച് ഓഫീസര്‍ ആര്‍. സഞ്ജീവ്കുമാര്‍, കുട്ടംപുഴ സി.ഐ. പി.എ. ഫൈസല്‍ എന്നിവരുടെ നേതൃത്വത്തില്‍ 15 പേര്‍ വീതം അടങ്ങുന്ന മൂന്ന് സംഘങ്ങള്‍ വനത്തിന്റെ ആറുകിലോമീറ്റര്‍ ചുറ്റളവില്‍ രാത്രി വൈകും വരെ തിരച്ചില്‍ നടത്തിയെങ്കിലും സ്ത്രീകളെ കണ്ടെത്താനായില്ല. കാണാതായവരെ തേടിപ്പോയ ഒരു തിരച്ചില്‍ സംഘം സന്ധ്യയോടെ ആനയുടെ മുന്നിലകപ്പെട്ട് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

കാണാതായ മായയുമായി നാല് മണിയോടെ ഭര്‍ത്താവ് ഫോണില്‍ സംസാരിച്ചികുന്നു. ബാറ്ററി തീരും, മെബൈല്‍ ഫോണ്‍ ഓഫാകുമെന്നും മായ ഭര്‍ത്താവിനെ വിളിച്ച് അറിയിച്ചിരുന്നതായി പഞ്ചായത്ത് മെമ്പര്‍ പറഞ്ഞു. കൂട്ടത്തിലുള്ള പാറുകുട്ടിക്ക് വനമേഖലയെക്കുറിച്ച് പരിചയമുണ്ടെങ്കിലും രാത്രി ആയതിനാല്‍ സ്ഥലം മാറിപ്പോകാന്‍ സാധ്യതയുണ്ടെന്നും ഒരു പാറയും ചെക്ക് ഡാമും കണ്ടു എന്ന മാത്രമാണ് ലഭിച്ച വിവരമെന്നും പഞ്ചായത്തംഗം പറഞ്ഞു. പൊലീസും അഗ്‌നി രക്ഷാ സേനയും, വനംവകുപ്പും നാട്ടുകാരും ചേര്‍ന്നാണ് തെരച്ചില്‍.

Tags:    

Similar News