കൊല്ലം സുധിയുടെ മണം പെര്‍ഫ്യൂം ആക്കിയതില്‍ രേണു ഹാപ്പി; രേണു പറഞ്ഞിട്ടാണ് താന്‍ പെര്‍ഫ്യൂം മേക്കര്‍ യൂസഫ് ഭായിയെ കാണാന്‍ പോയത്; അവരും ഹാപ്പി, താനും ഹാപ്പി; എതിരു പറഞ്ഞ സഹപ്രവര്‍ത്തകരെ പോലെ അല്ല താന്‍; വിമര്‍ശനങ്ങള്‍ക്ക് ലക്ഷ്മി നക്ഷത്രയുടെ മറുപടി

വിമര്‍ശനങ്ങള്‍ക്ക് ലക്ഷ്മി നക്ഷത്രയുടെ മറുപടി

Update: 2024-12-16 10:32 GMT

തിരുവനന്തപുരം: മലയാളികളെയാകെ സങ്കടത്തിലാക്കിയ സംഭവമായിരുന്നു മിമിക്രി താരവും നടനുമായ കൊല്ലം സുധിയുടെ മരണം.

സുധിയുടെ മരണ ശേഷം സുധിയുടെ ഭാര്യ രേണുവിനും മക്കള്‍ക്കും താങ്ങായി ലക്ഷ്മി നക്ഷത്ര അടക്കമുള്ള കലാകാരന്മാര്‍ രംഗത്തെത്തിയിരുന്നു. സുധിയുടെ മണം പെര്‍ഫ്യൂമാക്കിയതിന്റെ പേരില്‍ ലക്ഷ്മിയ്ക്ക് കടുത്ത വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. സുധിയെ വിറ്റ് കാശാക്കുകയാണ് ലക്ഷ്മി എന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം.

സുധിയുടെ മണം പെര്‍ഫ്യൂമാക്കിയത് യൂസഫ് ഭായ് എന്ന പെര്‍ഫ്യും മേക്കറായിരുന്നു. കൊല്ലം സുധിയുമായി ബന്ധപ്പെട്ട സാജു നവോദയയുടെ വിമര്‍ശനങ്ങളോട് ഇപ്പോള്‍ ലക്ഷ്മി പ്രതികരിച്ചിരിക്കുകയാണ്. രേണു പറഞ്ഞിട്ടാണ് യൂസഫ് ഭായിയെ കാണാന്‍ പോയതെന്നും അതില്‍ രേണുവും താനും ഹാപ്പിയാണെന്നും ലക്ഷ്മി വ്യക്തമാക്കി. തനിക്കെതിരെ പ്രതികരിച്ച സഹപ്രവര്‍ത്തകരെ പോലെയല്ല താനെന്നും അവര്‍ പറഞ്ഞതിനോട് പ്രതികരിക്കാന്‍ താല്‍പ്പര്യമില്ലെന്നും ലക്ഷ്മി പറഞ്ഞു.

'എന്ത് നല്ലത് ചെയ്താലും അതിനെ മോശം പറയാന്‍ ഒരുപാട് പേരുണ്ടാകും. എനിക്ക് എന്റെ മനസാക്ഷിയെയും അവരെയും എന്റെ കുടുംബത്തേയും മാത്രം നോക്കിയാല്‍ മതി. ബാക്കിയുള്ളവര്‍ എന്ത് വേണമെങ്കിലും പറഞ്ഞോട്ടേ. ഞാന്‍ അതൊന്നും കാര്യമാക്കുന്നില്ല. ഈ പറയുന്ന ആളുകളോ, എതിര് നിന്നിട്ടുള്ള ആളുകളോ, അല്ലെങ്കില്‍ മോശം പറഞ്ഞവരോ അവര്‍ എന്ത് ചെയ്‌തെന്നു മാത്രം ആലോചിക്കുക. എനിക്ക് അങ്ങനെ ചെയ്തതില്‍ ഒരുപാട് ആത്മസംതൃപ്തിയുണ്ട്. എത്രയോ ആളുകള്‍ എന്നെ കണ്ടിട്ട് സന്തോഷം പങ്കുവച്ചിട്ടുണ്ട്.

ഈ പെര്‍ഫ്യൂമിന്റെ കാര്യം തന്നെ പറയാം. ഒരിക്കല്‍ ഒരു ചേച്ചി അവരുടെ അച്ഛനെ കുറിച്ചുള്ള ഓര്‍മകള്‍ എന്നോട് പറഞ്ഞു. ഒരു തോര്‍ത്ത് മാത്രം ആണ് അച്ഛന്റേതായി ആ ചേച്ചിയുടെ കയ്യില്‍ ഉള്ളത്. ആ തോര്‍ത്തുമായി അവര്‍ യൂസഫ് ഭായിയുടെ അടുത്തേക്ക് പോകുകയാണെന്നു പറഞ്ഞു. രേണു ആണ് യൂസഫ് ഭായി എന്നൊരാളെക്കുറിച്ച് എന്നോടു പറയുന്നത്. രേണു പറഞ്ഞിട്ടാണ് ഞാന്‍ പോകുന്നതും. അവര്‍ ഹാപ്പിയാണ് ഞാനും ഹാപ്പി. എന്റെ വീട്ടുകാര്‍ക്കും എന്നെ അറിയാം, അവരുടെ കുടുംബത്തിനും അറിയാം, അത്ര മാത്രം മതി. പിന്നെ സഹപ്രവര്‍ത്തകരുടെ പ്രതികരണം, ഞാന്‍ അവരെപ്പോലെ അല്ല. പ്രതികരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതെന്റെയൊരു ഗ്രാറ്റിറ്റിയൂഡ്' ലക്ഷ്മി നക്ഷത്ര.

കൊല്ലം സുധിയുടെ മണം പെര്‍ഫ്യൂമാക്കി ലക്ഷ്മി കുടുംബത്തിന് സമ്മാനിച്ചിരുന്നു. ഈ സംഭവം വീഡിയോ ആക്കി യൂട്യൂബില്‍ പങ്കുവച്ചിരുന്നു. ഇതൊക്കെയാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായത്. അതിനിടെ സുധിയുടെ മണം പെര്‍ഫ്യൂമാക്കിയ യൂസഫ് ഭായ് എന്ന പെര്‍ഫ്യും മേക്കര്‍ തന്റെ അനുഭവം പങ്കുവച്ചിരുന്നു.

'വില കൂടിയ പെര്‍ഫ്യൂമുകളല്ല, നമ്മുടെ വേണ്ടപ്പെട്ടവരുടെ മണമാണ് ഏറ്റവും പ്രധാനം. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൊക്കെ വൈറലായിരിക്കുകയാണ് കൊല്ലം സുധിയുടെ ഭാര്യ അദ്ദേഹത്തിന്റെ വസ്ത്രം കൊടുത്തു വിട്ടത്. എന്റെ ജീവിതത്തില്‍ ആദ്യമായാണ് അങ്ങനൊന്ന്. രക്തത്തിന്റേയും വിയര്‍പ്പിന്റേയും മണങ്ങള്‍ അതിലുണ്ടായിരുന്നു. മരിക്കുമ്പോള്‍ ഇട്ടിരുന്നതാണ്. അത് എന്നെ വല്ലാതെ ഫീല്‍ ചെയ്യിപ്പിച്ചു'' യുസൂഫ് ഭായ് പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് നടന്‍ സാജു നവോദയ അടക്കമുള്ളവര്‍ പ്രതികരിച്ചിരുന്നു. ലക്ഷ്മിയെ വിമര്‍ശിച്ച് കൊണ്ടാണ് സാജു നവോദയയുടെ പ്രതികരണമുണ്ടായത്. വിമര്‍ശനങ്ങള്‍ക്കിടെ ലക്ഷ്മി നക്ഷത്രയ്ക്ക് പിന്തുണയുമായി സുധിയുടെ ഭാര്യ രേണു രംഗത്തെത്തിയിരുന്നു. തങ്ങളുടെ എല്ലാ ആവശ്യങ്ങളും കണ്ടറിഞ്ഞു ചെയ്യുന്ന സഹോദരിയാണ് ലക്ഷ്മി. ഇപ്പോഴും എല്ലാ മാസവും കൃത്യമായൊരു തുക തങ്ങള്‍ക്ക് ലക്ഷ്മി തരുന്നുണ്ട്. തങ്ങളുടേയും ലക്ഷ്മിയുടേയും ബന്ധം അറിയാത്തവരാണ് ഓരോന്ന് വിളിച്ച് പറയുന്നതെന്നും അതൊക്കെ അവഗണിക്കുകയാണെന്നും രേണു പറഞ്ഞിരുന്നു.

Tags:    

Similar News