എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കിയത് സാങ്കേതിക കാരണങ്ങളുടെ പേരില്‍; സര്‍ക്കാരിന് തിരിച്ചടിയല്ല; ആവശ്യമായ രേഖകളുമായി അപേക്ഷ നല്‍കിയാല്‍ പരിഗണിക്കുന്നതിന് തടസ്സമില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്; വിധിയില്‍ സര്‍ക്കാരിനെ ഒരുതരത്തിലും കുറ്റപ്പെടുത്തിയിട്ടില്ല; വിശദീകരണവുമായി മന്ത്രി എം ബി രാജേഷ്

എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കിയത് സാങ്കേതിക കാരണങ്ങളുടെ പേരില്‍; സര്‍ക്കാരിന് തിരിച്ചടിയല്ല

Update: 2025-12-19 10:04 GMT

തിരുവനന്തപുരം: എലപ്പുള്ളി ബ്രൂവറി അനുമതി ഹൈക്കോടതി റദ്ദാക്കിയതില്‍ വിമര്‍ശനവുമായി എക്‌സൈസ് മന്ത്രി എം ബി രാജേഷ്. കോടതിയുടെ നടപടി സര്‍ക്കാരിനേറ്റ തിരിച്ചടിയല്ലെന്ന് രാജേഷ് പറഞ്ഞു. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അനുമതി റദ്ദാക്കിയത്. ആവശ്യമായ രേഖകളുമായി അപേക്ഷ നല്‍കിയാല്‍ പരിഗണിക്കുന്നതിന് തടസ്സമില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും വിധിയില്‍ സര്‍ക്കാരിനെ ഒരുതരത്തിലും കുറ്റപ്പെടുത്തിയിട്ടില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ബ്രൂവറിക്ക് അനുമതി നല്‍കിയത് അബ്കാരി അക്ടിന് എതിരെന്ന വാദം കോടതി അംഗീകരിച്ചില്ല. അനുമതിക്ക് പഞ്ചായത്തിന്റെ അംഗീകാരം വേണമെന്ന വാദവും കോടതി തള്ളി. ബ്രൂവറി പ്ലാന്റിന് ആവശ്യമായ വെള്ളം വാട്ടര്‍ അതോറിറ്റി കൊടുക്കാമെന്ന് സര്‍ക്കാരിനെ അറിയിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. എന്നാല്‍ വാട്ടര്‍ അതോറിറ്റി ഹൈക്കോടതിയില്‍ കൊടുത്ത സത്യവാങ്മൂലത്തില്‍ അതില്‍ നിന്ന് പിന്നാക്കം പോയി. ഇതേതുടര്‍ന്നാണ് കോടതി അനുമതി റദ്ദാക്കിയതെന്നും മന്ത്രി പറഞ്ഞു.

ബ്രൂവറിക്ക് പ്രാഥമിക അനുമതി നല്‍കിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതി ഇന്ന് റദ്ദാക്കിയിരുന്നു. വിശദമായ പഠനം നടത്താതെയാണ് ഒയാസിസ് കമ്പനിക്ക് അനുമതി നല്‍കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രാഥമിക അനുമതി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്. വിശദമായ പഠനം നടത്തിയശേഷം സര്‍ക്കാരിന് തീരുമാനം എടുക്കാമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

കാര്യമായ പഠനം നടത്താതെ, തിടുക്കപ്പെട്ടാണ് ഒയാസിസ് കമ്പനിക്ക് ബ്രൂവറി തുടങ്ങാന്‍ അനുമതി നല്‍കിയതെന്ന് കോടതി നീരീക്ഷിച്ചു. സര്‍ക്കാര്‍ തീരുമാനം നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമാണ്. എല്ലാ നടപടിക്രമങ്ങളും പാലിച്ച് സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 2025 ജനുവരി 16 നാണ് സര്‍ക്കാര്‍ എലപ്പുള്ളി ബ്രൂവറിക്ക് സര്‍ക്കാര്‍ പ്രാഥമിക അനുമതി നല്‍കിയത്.

ബ്രൂവറിക്ക് അനുമതി നല്‍കിയ സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് ഒരു കൂട്ടം ഹര്‍ജികള്‍ ഹൈക്കോടതിയിലെത്തിയിരുന്നു. ഇതിലാണ് ജസ്റ്റിസ് സതീഷ് നൈനാന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. എലപ്പുള്ളി പ്രദേശം ജലദൗര്‍ലഭ്യം നേരിടുന്ന പ്രദേശമാണ്. ഇവിടെ കമ്പനിക്കായി വലിയ തോതില്‍ ജലം എടുക്കുമ്പോള്‍ പ്രദേശം മരുഭൂമിയായി മാറുമെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചിരുന്നു. എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് ബ്രൂവറിക്ക് അനുമതി നല്‍കിയിരുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

Tags:    

Similar News