മാങ്കോസ്റ്റിന്‍ മരച്ചോട്ടില്‍ അന്ത്യവിശ്രമത്തിന് കൊതിച്ച ബഷീറിനെ അടക്കിയത് പള്ളിയില്‍; മൃതദേഹം ദഹിപ്പിക്കണമെന്ന പുനത്തിലിന്റെ അന്ത്യാഭിലാഷവും വെറുതെയായി; എക്കാലവും ആയുധ സംസ്‌ക്കാരത്തെ എതിര്‍ത്ത ഒ വി വിജയനും മരിച്ചപ്പോള്‍ ആചാരവെടി; എം ടിക്കും സമാനമായ അവസ്ഥ; മരണാനന്തരം പ്രമുഖര്‍ക്ക് സംഭവിക്കുന്നത്

എം ടിക്കും സമാനമായ അവസ്ഥ; മരണാനന്തരം പ്രമുഖര്‍ക്ക് സംഭവിക്കുന്നത്

Update: 2024-12-28 08:41 GMT

കോഴിക്കോട്: ഒരാള്‍ മരിച്ചുകഴിഞ്ഞാല്‍, തന്റെ മൃതദേഹം എന്തുചെയ്യണം എന്ന അയാളുടെ ആഗ്രഹങ്ങള്‍ക്ക് യാതൊരു പ്രസക്തിയുമില്ലേ? അന്തരിച്ച വിശ്വസാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായരുടെ സംസ്‌ക്കാരച്ചടങ്ങും ഓര്‍മ്മിപ്പിക്കുന്നത് അതാണ്. താന്‍ മരിച്ചാല്‍ സ്‌കൂളുകള്‍ക്ക് അവധി നല്‍കുന്നതിനെയും റീത്ത് സമര്‍പ്പിക്കുന്നതിനെയും, വിലാപയാത്ര നടത്തുന്നതിനുമൊക്കെ എതിരായിരുന്നു എം ടി. അടുത്ത സുഹൃത്തക്കളോടും ബന്ധുക്കളോടും അദ്ദേഹം അക്കാര്യം എടുത്തുപറഞ്ഞിരുന്നു. തന്റെ വിയോഗംമൂലം ആര്‍ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാവരുത് എന്നായിരുന്നു അദ്ദേഹത്തിന്റെ ഉറച്ച ആഗ്രഹം.

എന്നാല്‍ എം ടിയുടെ മൃതദേഹം, കോഴിക്കോട് നടക്കാവ് കൊട്ടാരം റോഡിലെ അദ്ദേഹത്തിന്റെ വസതിയായ സിതാരയില്‍ എത്തിച്ചതോടെ കാര്യങ്ങള്‍ മാറിമറഞ്ഞു. തിരക്ക് നിയന്ത്രിക്കാനെന്നപേരില്‍ കൊട്ടാരം റോഡ് ബ്ലോക്ക് ചെയ്യുകയാണ് പൊലീസ് ആദ്യം ചെയ്തത്. ഇതോടെ പ്രിയ സാഹിത്യകാരനെ ഒരുനോക്ക് കാണാന്‍ ദൂര ദിക്കില്‍നിന്ന് എത്തിയ വയോധികരായ ആളുകള്‍വരെ, നടന്ന് ബുദ്ധിമുട്ടി.

എല്ലാ രാഷ്ട്രീയപാര്‍ട്ടികളോടും തുല്യ അകലം പാലിച്ചിയാളായിരുന്നു എം ടി. എന്നാല്‍ മുത്തങ്ങ സമരം, ആണവ നിലയവിരുദ്ധ സമരം എന്നിവ മാറ്റി നിര്‍ത്തിയാല്‍, അദ്ദേഹം കക്ഷിരാഷ്ട്രീയ ബന്ധമുള്ള വിഷയങ്ങളില്‍ ഇടപെടുകപോലും ചെയ്യാറില്ല. എന്നാല്‍ മരിച്ചതോടെ എം ടിയെ മന്ത്രി മുഹമ്മദ് റിയാസ് അടക്കമുള്ള സിപിഎം നേതാക്കള്‍ ഏറ്റെടുത്തത് പോലെയായി കാര്യങ്ങള്‍. പിന്നെ കുടുംബത്തിന്റെയും, അഭ്യുദയകാക്ഷികളുടെയും കൈയില്‍ കാര്യങ്ങള്‍ നിന്നില്ല.

അങ്ങനെയാണ്, എം ടിയുടെ ആഗ്രഹത്തിന് വിരുദ്ധമായി വിലാപയാത്രപോലും ഉണ്ടായത് എന്നാണ് ആക്ഷേപം. ആയുധ സംസ്‌ക്കാരത്തെ എതിര്‍ത്ത എം ടി, പൊലീസിന്റെ ആകാശവെടി ഏറ്റുവാങ്ങിയാണ് വിടവാങ്ങിയത്. ഇത് അദ്ദേഹത്തിന്റെ ആഗ്രഹങ്ങളെ അപമാനിക്കലാണെന്നും, ആശയത്തെ തകര്‍ക്കുകായണെന്നും പലരും സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുന്നുണ്ട്. എന്നാല്‍ എം ടിയുടേത് ഒറ്റപ്പെട്ട സംഭവമല്ല. പല പ്രമുഖരായ സാഹിത്യകാരന്‍മ്മാര്‍ക്കും ഇതേ അനുഭവമാണ്.

ബഷീറിനും, പുനത്തിലിനും സമാന അവസ്ഥ

ബേപ്പുര്‍ സുല്‍ത്താന്‍ എന്ന് അറിയപ്പെട്ടിരുന്ന, വൈക്കം മുഹമ്മദ് ബഷീറിന് ഏറ്റവും പ്രിയപ്പെട്ടതായിരുന്നു തന്റെ വീട്ടിലെ മാങ്കോസ്റ്റില്‍ മാവ്. ആ മരത്തിന് കീഴില്‍ ചാരുകസേരയിട്ട് ഇരുന്നായിരുന്നു, ബഷീര്‍ അതിഥികളോട് സംസാരിച്ചിരുന്നത്. ഈ മാങ്കോസ്്റ്റിന്‍ മരച്ചോട്ടില്‍ അന്തിയുറങ്ങണം എന്നായിരുന്നു ആ മഹാസാഹിത്യകാരന്റെ ആഗ്രഹവും. ഒരു പ്രാക്ടീസിങ്ങ് വിശ്വാസിയുമായിരുന്നില്ല ബഷീര്‍. അണ്ഡകടാഹം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന വെളിച്ചമായി അദ്ദേഹം കണ്ട ദൈവം, ഒരു മതദൈവവും ആയിരുന്നില്ല. പക്ഷേ മരിച്ചതോടെ മതം ഒരു പ്രധാന ഘടകമായി വരികയും അദ്ദേഹത്തെ പള്ളിയില്‍ അടക്കം ചെയ്യുകയുമാണ് ഉണ്ടായത്.

സമാനമായ അവസ്ഥയാണ് പുനത്തില്‍ കുഞ്ഞബ്ദുളളക്കും ഉണ്ടായിരുന്നത്. ഒരു മതവിശ്വാസി ആയിരുന്നില്ല എന്ന് മാത്രമല്ല, പലപ്പോഴും കടുത്ത മതവിമര്‍ശകന്‍ കൂടിയായിരുന്നു അദ്ദേഹം. താന്‍ മരിച്ചുകഴിഞ്ഞാല്‍ മൃതദേഹം ദഹിപ്പിക്കണമെന്ന ആഗ്രഹം അദ്ദേഹം പരസ്യമായി പറഞ്ഞിരുന്നു. ഒരിക്കല്‍, കൈരളി ടീവിയില്‍ ജോണ്‍ ബ്രിട്ടാസിന് നല്‍കിയ അഭിമുഖത്തില്‍, 'കോഴിക്കോട് സ്വീ ക്യൂന്‍ ഹോട്ടലില്‍നിന്ന് നോക്കിയാല്‍ കാണുന്ന കടലില്‍ മുങ്ങി മരിക്കണം' എന്നാണ് തന്റെ ആഗ്രഹം എന്നാണ് പറഞ്ഞത്. പക്ഷേ അസുഖബാധിതനായാണ് പുനത്തില്‍ മരിച്ചത്. മരണശേഷം പതിവുപോലെ മതം, മൃതദേഹത്തെ ഹൈജാക്ക് ചെയ്യുകയും, പുനത്തില്‍ മതാചാരപ്രകാരം പള്ളിയില്‍ അടക്കം ചെയ്യുകയും ചെയ്തു.

പക്ഷേ ഏറ്റവും വലിയ ദുരന്തമായത് എക്കാലവും, പൊലീസിങ്ങിനെയും ആയുധ സംസ്‌ക്കാരത്തെയും എതിര്‍ത്ത ഒ വി വിജയന്റെ സംസ്‌ക്കാരമാണ്. അന്ന് പൊലീസ് കൊടുത്ത ഗാര്‍ഡ് ഓഫ് ഹോണറും ആകാശവെടിയും അദ്ദേഹത്തെ അപമാനിക്കലാണെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. വിജയന്റെ ചിതാഭസ്മത്തെ ചൊല്ലിയും രണ്ടാംഭാര്യയും ബന്ധുക്കളും കൊമ്പുകോര്‍ത്തതും വാര്‍ത്തയായി.

പ്രമുഖ യുക്്തിവാദിയും, ഇസ്ലാമിക വിമര്‍ശകനും, എഴുത്തുകാരനുമായ സെയ്തുമുഹമ്മദ് ആനക്കയം മരിച്ചപ്പോഴും സമാന സംഭവം ഉണ്ടായി. തന്റെ മൃതദേഹം മെഡിക്കല്‍ കോളജിന് പഠിക്കാന്‍ കൊടുക്കണമെന്ന, ആഗ്രഹം അദ്ദേഹം എഴുതിവെച്ചിരുന്നു. എന്നിട്ട് അതുപോലും പരിഗണിക്കാതെ, സുഹൃത്തുക്കള്‍ എത്തുന്നതിന് മുമ്പ് മൃതദേഹം മാതാചാരപ്രകാരം സംസ്‌ക്കരിക്കയായിരുന്നു. ഏറ്റവും ഒടുവിലായിതാ, മുതിര്‍ന്ന സിപിഎം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹവും കോടതി കയറിയിരിക്കയാണ്.

ലോറന്‍സ് വിശ്വാസിയായിരുന്നുവെന്നും, അതിനാല്‍ അതുപ്രകാരം അടക്കണമെന്ന് ഒരു മകള്‍ പറയുമ്പോള്‍, മറ്റുള്ളവര്‍ മൃതദേഹം മെഡിക്കല്‍ കോളജിന് കൊടുക്കാന്‍ ലോറന്‍സ് പറഞ്ഞിരുന്നുവെന്നാണ് മറ്റു മക്കള്‍ പറയുന്നത്. വാക്കാല്‍ മാത്രം ഒതുക്കാതെ, വില്‍പ്പത്രത്തില്‍ എഴുതി രജിസ്റ്റര്‍ ചെയ്ത സൂക്ഷിക്കുകയും, നവമാധ്യമങ്ങളിലുടെ പരസ്യപ്പെടുത്തുകയുമാണ് ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാനുള്ള പോംവഴി എന്നാണ്, പ്രമുഖ അഭിഭാഷകര്‍ പറയുന്നത്.

Tags:    

Similar News