ഭാര്യയുമായുള്ള തര്‍ക്കത്തില്‍ മൂന്ന് കുഞ്ഞുങ്ങളുമായാ ഒളിച്ചോടി പിതാവ്; ഒളിവു സ്ഥലം പിന്തുടര്‍ന്ന് പോലീസ് എത്തിയപ്പോള്‍ കുട്ടികളെ വിട്ടുകൊടുക്കില്ലെന്നും കീഴടങ്ങില്ലെന്നും നിലപാട് കൈക്കൊണ്ട് ഭീഷണിപ്പെടുത്തല്‍; ന്യൂസിലന്‍ഡില്‍ യുവാവ് പോലിസുമായുള്ള വെടിവെപ്പില്‍ കൊല്ലപ്പെട്ടു

ന്യൂസിലന്‍ഡില്‍ യുവാവ് പോലിസുമായുള്ള വെടിവെപ്പില്‍ കൊല്ലപ്പെട്ടു

Update: 2025-09-09 06:48 GMT

വെല്ലിങ്ടണ്‍: മൂന്ന് കുട്ടികളുമായി അപ്രത്യക്ഷനായ ന്യൂസിലാന്‍ഡുകാരന്‍ പോലീസുമായുള്ള വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു. ഏകദേശം നാല് വര്‍ഷമായി തന്റെ കുട്ടികളായ എംബര്‍ , മാവെറിക്, ജെയ്ഡ എന്നിവരുമായി ഒളിവില്‍ കഴിഞ്ഞിരുന്ന ടോം ഫിലിപ്സ് തിങ്കളാഴ്ച പടിഞ്ഞാറന്‍ വൈറ്റാക്കോയിലാണ് കൊല്ലപ്പെട്ടത്. മേഖലയിലെ ഗ്രാമപ്രദേശമായ പിയോപിയോയിലെ ഒരു ഫാം സപ്ലൈ ഷോപ്പില്‍ നടന്ന കൊള്ളയുമായി ബന്ധപ്പെട്ടുള്ള ഏറ്റുമുട്ടലിലാണ് പോലീസ് ഫിലിപ്സിനെ വെടിവച്ചു കൊന്നത്.

ഒമ്പത് മുതല്‍ പന്ത്രണ്ട് വയസ് വരെ പ്രായമുള്ളവരാണ് ഇയാളുടെ മക്കള്‍. ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം നടന്നത്. ഹെഡ്‌ലാമ്പുകള്‍ ധരിച്ച ഫിലിപ്‌സും മകനായ ജയ്ഡയും പിയോപിയോയിലെ ഒരു സ്റ്റോറില്‍ നിന്ന് മോഷ്ടിക്കുന്നത് കണ്ട ഒരാള്‍ പോലീസിനെ വിളിക്കുകയായിരുന്നു. കവര്‍ച്ചയ്ക്ക് ശേഷം, ഫിലിപ്‌സും ജയ്ഡയും അവരുടെ ബൈക്കില്‍ പുറപ്പെട്ടിരുന്നു. ഒരു മണിക്കൂറിന് ശേഷം പോലീസ് ഇവരെ വഴിയില്‍ തടയുകയായിരുന്നു.

തുടര്‍ന്ന് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ്‌സിനെ നേരിടുകയായിരുന്നു. ഫിലിപ്സ് പവര്‍ റൈഫിള്‍ ഉപയോഗിച്ച് പോലീസ് ഉദ്യോഗസ്ഥന്റെ തലയില്‍ വെടിവച്ചു. അടുത്ത വാഹനത്തില്‍ എത്തിയ പോലീസുകാരാണ് ഫിലിപ്‌സിനെ വെടിവെച്ചു കൊന്നത്. ജയ്ഡയെ കസ്റ്റഡിയിലെടുത്തു. വെടിയേറ്റ പോലീസ് ഉദ്യോഗസ്ഥനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കി. ഫിലിപ്സിന്റെ ബൈക്കില്‍ നിന്ന് നിരവധി തോക്കുകള്‍ക്കൊപ്പം വസ്ത്രങ്ങളും ചെരുപ്പുകളും ഉള്‍പ്പെടെയുള്ള മോഷ്ടിച്ച വസ്തുക്കളും പോലീസ് കണ്ടെത്തി.

കുട്ടികളെല്ലാം ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. കുട്ടികളെ ഒറ്റയ്ക്കാണ് കണ്ടെത്തിയതെന്നും അവര്‍ സഹകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. പിതാവിന്റെ മരണത്തെക്കുറിച്ച് അവരെ അറിയിച്ചിട്ടുണ്ടോ എന്ന് അറിയില്ല. അവരുടെ അമ്മയെ കുറിച്ച് പോലീസ് സൂചിപ്പിച്ചിട്ടില്ല. കൊച്ചുമക്കള്‍ സുരക്ഷിതരാണെന്ന് ഫിലിപ്സിന്റെ മാതാപിതാക്കളോട് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

2021 ഡിസംബറില്‍ ഫിലിപ്സും കുട്ടികളും കുടുംബ വീട്ടില്‍ നിന്ന് അപ്രത്യക്ഷരായ സംഭവം ന്യൂസിലന്‍ഡിനെ പിടിച്ചുലച്ചിരുന്നു. കുട്ടികളെ തിരികെ കൊണ്ടുവരണമെന്ന് അപ്പീല്‍ നല്‍കിയ അവരുടെ അമ്മ സംഭവത്തില്‍ ദുഃഖിക്കുന്നതായും തന്റെ കുട്ടികളുടെ ദുരിതം അവസാനിച്ചതില്‍ ആശ്വാസം ഉണ്ടെന്നും വ്യക്തമാക്കി. കു്്ട്ടികള്‍ക്ക് വൈദ്യപരിശോധന നടത്തുന്നുണ്ട്. കുട്ടികള്‍ക്കായുള്ള മന്ത്രാലയവും ഇക്കാര്യത്തില്‍ സജീവമായി ഇടപെടുന്നുണ്ട്.

2021 ഡിസംബറില്‍ ന്യൂസിലാന്‍ഡിലെ നോര്‍ത്ത് ഐലന്‍ഡിലെ ഗ്രാമീണ പട്ടണമായ മരോകോപ്പയില്‍ നിന്ന്, അമ്മയുമായുള്ള കസ്റ്റഡി തര്‍ക്കത്തെത്തുടര്‍ന്ന് ഫിലിപ്സ് കുട്ടികളും ഒത്ത് അപ്രത്യക്ഷനാകുകയായിരുന്നു. ഇവരെ കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളുെം പരാജയപ്പെട്ടിരുന്നു. ഫിലിപ്സിന്റെ അമ്മ അമ്മ ജൂലിയ തന്റെ കാണാതായ മകനും പേരക്കുട്ടികള്‍ക്കും ഒരു വൈകാരികമായ തുറന്ന കത്ത് എഴുതിയിരുന്നു.

Tags:    

Similar News