കൊച്ചിയിലെ തൊഴില്‍പീഡന വീഡിയോ വ്യാജമായി ചിത്രീകരിച്ചതെന്ന് ജീവനക്കാര്‍; കമ്പനിയെ നശിപ്പിക്കാന്‍ ശ്രമം; മുന്‍ ജീവനക്കാരനെതിരെ കേസ് കൊടുക്കും; മുന്‍ ജീവനക്കാരനായിരുന്ന മനാഫ് ജനറല്‍ മാനേജറോട് പക വീട്ടാനാണ് മുന്‍പെടുത്ത ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതെന്ന് വാദം
കൊച്ചിയിലെ തൊഴില്‍പീഡന വീഡിയോ വ്യാജമായി ചിത്രീകരിച്ചതെന്ന് ജീവനക്കാര്‍
കൊച്ചി: തൊഴില്‍ പീഡനമെന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങള്‍ മറ്റൊരു സാഹചര്യത്തില്‍ ചിത്രീകരിച്ചതാണെന്ന നിലപാട് ആവര്‍ത്തിച്ച് കൊച്ചിയിലെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാര്‍. ഇന്നലെ പ്രചരിച്ച വിവാദ വീഡിയോയിലുണ്ടായിരുന്ന യുവാക്കളാണ് ഇപ്പോള്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്. സ്ഥാപനത്തില്‍ മുന്‍പുണ്ടായിരുന്ന ജീവനക്കാരനായ മനാഫ്, ജനറല്‍ മാനേജറോട് പക വീട്ടാനാണ് മുന്‍പെടുത്ത ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതെന്നാണ് യുവാക്കള്‍ പറയുന്നത്.
'ബിസിനസ് ഡെവലപ്മെന്റിന്റെ പേരിലാണ് ദൃശ്യങ്ങള്‍ അന്ന് ചിത്രീകരിച്ചത്. പിന്നീട് ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നു. മനാഫിനെതിരെ കേസ് കൊടുക്കും. വീഡിയോ ചിത്രീകരിച്ചിട്ട് നാല് മാസമായി. ഞങ്ങള്‍ ഇപ്പോഴും സ്ഥാപനത്തിലെ ജീവനക്കാരാണ്. കമ്പനിയെ നശിപ്പിക്കാന്‍ വേണ്ടിയാണ് ഇത്തരത്തിലുളള കാര്യങ്ങള്‍ ചെയ്യുന്നത്. കമ്പനിക്ക് ഇതില്‍ യാതൊരു പങ്കുമില്ല'-യുവാക്കള്‍ വ്യക്തമാക്കി.
വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ വീഡിയോ പ്രചരിപ്പിച്ചതാണെന്നും ആരോപണമുണ്ട്. ജില്ലാ ലേബര്‍ ഓഫീസര്‍ തൊഴില്‍ മന്ത്രിക്ക് ഇന്ന് റിപ്പോര്‍ട്ട് കൈമാറും. ദൃശ്യങ്ങള്‍ ചിത്രീകരിച്ചത് ഏത് സാഹചര്യത്തിലെന്ന് കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം ഉണ്ടാകുമെന്നാണ് വിവരം. കെല്‍ട്രോ എന്ന സ്ഥാപനത്തില്‍ മാനേജര്‍മാരായിരുന്ന രണ്ടുപേര്‍ സ്ഥാപനത്തില്‍ എത്തിയ തന്നെ ഉപയോഗിച്ച് വീഡിയോ ചിത്രീകരിച്ചെന്നും പിന്നീട് ഇവര്‍ക്കെതിരേ നടപടി ഉണ്ടാകുമെന്ന ഘട്ടത്തില്‍ വീഡിയോ പ്രചരിപ്പിച്ചുവെന്നും ദൃശ്യത്തില്‍ ഉണ്ടായിരുന്ന യുവാവ് മൊഴിനല്‍കിയെന്നാണ് റിപ്പോര്‍ട്ട്.
പെരുമ്പാവൂരില്‍ കെല്‍ട്രോ എന്ന സ്വകാര്യ സ്ഥാപനത്തില്‍ തൊഴിലിടത്തെ ഞെട്ടിപ്പിക്കുന്ന പീഡനം എന്ന വെളിപ്പെടുത്തലുമായാണ് ഏതാനും ജീവനക്കാര്‍ രംഗത്തെത്തിയത്. ഇതിന്റെ ദൃശ്യങ്ങളും വ്യാപകമായി സാമൂഹിക മാധ്യമങ്ങളിലടക്കം പ്രചരിച്ചു. ജീവനക്കാരുടെ കഴുത്തില്‍ ബെല്‍റ്റ് ഇട്ട് നായയെപ്പോലെ നടത്തിക്കുന്നതും മറ്റുമായിരുന്നു ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് തൊഴില്‍ വകുപ്പും പോലീസും സംഭവത്തില്‍ അടിയന്തര ഇടപെടല്‍ നടത്തുകയായിരുന്നു. ദൃശ്യങ്ങളില്‍ ഉള്ളവരുടെ മൊഴിയെടുത്തതോടെയാണ് സംഭവത്തില്‍ പുതിയ വഴിത്തിരിവ് ഉണ്ടായത്.
കെല്‍ട്രോ എന്ന സ്ഥാപനത്തിന്റെ മുകള്‍തട്ടിലുള്ള ജീവനക്കാര്‍ തമ്മിലുള്ള പോരിന്റെ ഫലമായാണ് ഇത്തരം ഒരു ദൃശ്യം പുറത്തുവന്നതെന്ന് ദൃശ്യത്തിലുള്ള യുവാക്കള്‍ പറഞ്ഞു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് താന്‍ ജോലിക്കായി എത്തിയ സമയത്ത് ചിത്രീകരിച്ച വീഡിയോ ആണിത്. ചിലര്‍ക്കെതിരേ നടപടി ഉണ്ടാകുമെന്ന ഘട്ടത്തില്‍ വീഡിയോ പുറത്തുവിടുകയായിരുന്നുവെന്നാണ് ദൃശ്യത്തില്‍ ഉണ്ടായിരുന്ന യുവാവ് മൊഴി നല്‍കിയത്. ജീവനക്കാര്‍ തമ്മിലുള്ള പ്രശ്‌നങ്ങളാണ് വീഡിയോയ്ക്ക് പിന്നിലെന്നാണ് നിഗമനം. വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് ദൃശ്യത്തിലുള്ള യുവാവ് പരാതി നല്‍കിയിട്ടുണ്ട്. വീഡിയോ തെറ്റിദ്ധാരണ പരത്തുന്നതാണെന്നും ഗൂഢാലോചന നടന്നിട്ടുണ്ടെന്നുമാണ് ആരോപണം.
അതേസമയം, വീഡിയോയില്‍ കാണുന്നത് സ്ഥാപനത്തില്‍ നടക്കുന്നുണ്ടെന്നാരോപിച്ച് രംഗത്ത് വന്നവരെ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും. ഇതിനിടെ ഹിന്ദുസ്ഥാന്‍ പവര്‍ ലിങ്ക്‌സ് എന്ന സ്ഥാപനത്തില്‍ തൊഴില്‍പീഡനം ഉണ്ടായിട്ടില്ലെന്ന് മാനേജ്‌മെന്റ് അറിയിച്ചു. ഹിന്ദുസ്ഥാന്‍ പവര്‍ ലിങ്ക്‌സ് ജീവനക്കാര്‍ക്ക് എല്ലാ ആനുകൂല്യങ്ങളും കൃത്യമായി നല്‍കുന്നുണ്ട്. കെല്‍ട്രോ ഗ്രൂപ്പ് ഹിന്ദുസ്ഥാന്‍ പവര്‍ ലിങ്ക്‌സിന്റെ ഏജന്റ് മാത്രമാണെന്നും ഹിന്ദുസ്ഥാന്‍ പവര്‍ ലിങ്ക്‌സ് അറിയിച്ചു.