'ഡിജിറ്റലില്‍ ഒന്നാം സ്ഥാനത്തായിരിക്കുമ്പോഴും ബാര്‍ക്കില്‍ പത്താം സ്ഥാനത്ത്': ഈ പരിപാടിയുടെ പേരാണ് വഞ്ചന, തട്ടിപ്പ്, അക്രമം, നെറികേട് എന്ന് പ്രമോദ് രാമന്‍; ടി.ആര്‍.പി. റേറ്റിംഗില്‍ അട്ടിമറി ആരോപിച്ച് മീഡിയ വണ്‍; ബാര്‍ക്കുമായുള്ള ബന്ധം വിച്ഛേദിച്ചു; എന്‍ഡിടിവിക്കു ശേഷം ബാര്‍ക്ക് ഉപേക്ഷിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ വാര്‍ത്താ ചാനല്‍
മീഡിയവണ്‍ ബാര്‍ക്കുമായുള്ള ബന്ധം വിച്ഛേദിച്ചു
കോഴിക്കോട്: ടെലിവിഷന്‍ ചാനലുകള്‍ തമ്മില്‍ പൊരിഞ്ഞ മത്സരം നടക്കുന്ന കാലമാണ്. വാര്‍ത്തയെ വാര്‍ത്ത എന്നതില്‍ ഉപരി ഇന്‍ഫോടെയ്ന്‍മെന്റായി കാണുന്ന കാലം. അതിനാടകീയമായ അവതരണരീതിയുമായി ചില ചാനലുകള്‍ മുന്നില്‍ ഇടിച്ചുകയറാന്‍ ശ്രമിക്കുന്നതും, ചിലപ്പോള്‍ വിജയിക്കുന്നതും, മിക്കവാറും പരാജയപ്പെടുന്നതും കാണാം. ബാര്‍ക്ക് റേറ്റിങ്ങില്‍, മലയാളം വാര്‍ത്താ ചാനലുകളില്‍ ഏഷ്യാനെറ്റ് ന്യൂസ് തന്നെയാണ് കഴിഞ്ഞ ആഴ്്ചകളില്‍ ഒന്നാം സ്ഥാനത്ത്. റിപ്പോര്‍ട്ടറും, 24 ന്യൂസും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ഉണ്ട്. എന്നാല്‍, മീഡിയ വണ്‍ ചാനല്‍ ഏറെ നാളായി ഏറ്റവും പിന്നിലാണ്. ഏറ്റവുമൊടുവില്‍ പുറത്തുവന്ന റേറ്റിംഗ് കണക്കുകള്‍ പ്രകാരം മീഡിയ വണ്‍ 7 പോയിന്റുമായി പത്താം സ്ഥാനത്താണ്. ഇത് ചാനല്‍ തലപ്പത്തുള്ളവരെ അലോസരപ്പെടുത്തിയതിന്റെ ഫലമാകണം, ടെലിവിഷന്‍ ചാനലുകളുടെ റേറ്റിംഗ് ഏജന്‍സിയായ ബാര്‍ക്കുമായുള്ള (BARC) ബന്ധം മീഡിയവണ്‍ ചാനല്‍ വിച്ഛേദിച്ചിരിക്കുകയാണ്.
ബാര്‍ക്ക് കണക്കുകളിലെ വിശ്വാസ്യതയില്ലായ്മയും, മീഡിയവണിന്റെ യഥാര്‍ത്ഥ പ്രേക്ഷക പിന്തുണ റേറ്റിംഗില്‍ പ്രതിഫലിക്കാത്തതും സംബന്ധിച്ച് ബാര്‍ക്ക് അധികൃതര്‍ നല്‍കിയ വിശദീകരണങ്ങളില്‍ തൃപ്തരാകാത്തതിനെ തുടര്‍ന്നാണ് ഈ സുപ്രധാന തീരുമാനം. എന്‍ഡിടിവിക്കു ശേഷം ബാര്‍ക്ക് ഉപേക്ഷിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ വാര്‍ത്താ ചാനലാണ് മീഡിയവണ്‍.
റേറ്റിംഗ് കണക്കാക്കുന്നതിലെ പിഴവുകളാണ് പ്രധാന പ്രശ്‌നങ്ങളെന്ന് മീഡിയവണ്‍ ചൂണ്ടിക്കാണിക്കുന്നു. മൊത്തം 86 ലക്ഷം ടിവികളുള്ളതില്‍ വെറും 1500-ല്‍ താഴെ ഇടങ്ങളില്‍ മാത്രമാണ് ബാര്‍ക്ക് മീറ്ററുകള്‍ സ്ഥാപിച്ചിട്ടുള്ളത്. കൂടാതെ, ഈ മീറ്ററുകള്‍ ശാസ്ത്രീയമല്ലാത്ത രീതിയില്‍ വിന്യസിക്കപ്പെട്ടതും, അവയെ പുറത്തുനിന്ന് നിയന്ത്രിക്കാനും കൃത്രിമം കാണിക്കാനും സാധിക്കുമെന്ന ആരോപണങ്ങളും നിലവിലുണ്ട്. അര്‍ണബ് ഗോസ്വാമിക്കെതിരായ കേസ് ഇതിനൊരു ഉദാഹരണമായി മീഡിയവണ്‍ ചൂണ്ടിക്കാട്ടി.
ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍, പ്രത്യേകിച്ച് യൂട്യൂബില്‍, ലൈവ്, നോണ്‍-ലൈവ് വ്യൂവര്‍ഷിപ്പില്‍ മീഡിയവണ്‍ എപ്പോഴും മുന്‍നിരയിലാണ്. കഴിഞ്ഞയാഴ്ച മാത്രം ഏകദേശം മൂന്ന് കോടി അറുപത്തിരണ്ട് ലക്ഷത്തി അമ്പതിനായിരം കാഴ്ചക്കാരെയാണ് ചാനല്‍ നേടിയത്. എന്നാല്‍, ബാര്‍ക്കിന്റെ കണക്കുകളില്‍ ഇതിന്റെ അടുത്തുവരെ പോലും മീഡിയവണിന് സ്ഥാനമില്ല. ഈ വലിയ അന്തരം പരിഹരിക്കാന്‍ ബാര്‍ക്ക് തയ്യാറാകാത്തതിനാലാണ് ബന്ധം വിച്ഛേദിക്കാന്‍ മീഡിയവണ്‍ നിര്‍ബന്ധിതമായതെന്ന് എഡിറ്റര്‍ പ്രമോദ് രാമന്‍ വിശദീകരിച്ചു.
ഡിജിറ്റലില്‍ ഞങ്ങള്‍ ഒന്നാം സ്ഥാനത്തായിരിക്കുമ്പോള്‍ ബാര്‍ക്കില്‍ പത്താം സ്ഥാനത്തായിരിക്കുന്ന പരിപാടിയുടെ പേരാണ് വഞ്ചന, തട്ടിപ്പ്, അക്രമം, നെറികേട്. പ്രേക്ഷകരുടെ തെരഞ്ഞെടുപ്പിനെ അതീവരഹസ്യമായി നിഗൂഢമായി അട്ടിമറിക്കുന്ന പരിപാടിയാണ് ബാര്‍ക്ക്. ആ റേറ്റിങ് വെച്ചിട്ടാണ് കേരളത്തില്‍ നാലായിരം മുതല്‍ അയ്യായിരം കോടിരൂപയുടെ ബിസിനസ് നടക്കുന്നത്.ആരൊക്കെയാണ് കബളിക്കപ്പെടുന്നത്. മീഡിയവണിന് പതിനൊന്ന് വര്‍ഷം നീണ്ട അതിന്റെ പ്രവര്‍ത്തന ചരിത്രത്തിലൂടെ കൈവന്നിട്ടുള്ള അതിശക്തമായ പ്രേക്ഷകപിന്തുണയും വിശ്വാസ്യതയും ഉണ്ട്. ബാര്‍ക്കിന്റെ ചാര്‍ട്ട് കാണിച്ചാല്‍ പൊട്ടിപ്പോന്നതല്ല ഈ ചാനലും അതിന്റെ പ്രേക്ഷകരും തമ്മിലുള്ള മാധ്യമപ്രവര്‍ത്തനത്തിലെ നേരും നന്മയും മുന്‍നിര്‍ത്തിയുള്ള ഉടമ്പടി. അതിനേക്കാള്‍ വിലമതിക്കുന്നതല്ല ഏത് ഏജന്‍സിയുടെയും റേറ്റിങ്ങ് ചാര്‍ട്ട്. ബാര്‍ക്കിന്റെ കണക്കെടുപ്പിലെ അപാകങ്ങളെക്കുറിച്ചുള്ള പരാതികള്‍ അതേ പ്ലാറ്റ്‌ഫോമില്‍ നേരിട്ടും ഇ-മെയില്‍ വഴിയും മീഡിയവണ്‍ നിരന്തരം ഉന്നയിച്ചിട്ടുണ്ട്. പക്ഷെ ഒരിക്കലും ഗുണകരമായ മാറ്റം ഉണ്ടാകുന്ന തരത്തിലുള്ള നടപടി ബാര്‍ക്കില്‍ നിന്നുണ്ടായിട്ടില്ലെന്നും എഡിറ്റര്‍ പ്രമോദ് രാമന്‍ പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് ചീഫ് എഡിറ്റര്‍ പ്രമോദ് രാമന്‍ ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ:
ബാര്‍ക്കിന്റെ റേറ്റിംഗ് രീതികള്‍ അശാസ്ത്രീയമാണ്. 2025ലും ഡിജിറ്റല്‍ ഡാറ്റ ഉള്‍പ്പെടുത്തി അത് പരിഷ്‌കരിക്കാന്‍ ബാര്‍ക് സന്നദ്ധമായിട്ടില്ല. കോടികള്‍ മുടക്കി കേബിള്‍ പൊസിഷനില്‍ ലാന്‍ഡിംഗ് പേജ് സ്വന്തമാക്കുന്നവര്‍ എന്ത് ഉള്ളടക്കം കൊടുത്താലും റേറ്റിംഗ് കിട്ടും. ഇത് അറിയാത്തവരല്ല ചാനലുകളിലെ ബഹുഭൂരിപക്ഷം സീനിയഴ്സും. പക്ഷേ എന്തുചെയ്യാന്‍ എന്നാണ് എല്ലാവരുടെയും ചോദ്യം. ചെയ്യാന്‍ ഇങ്ങനെ ഒന്നുണ്ട്. മീഡിയവണ്‍ അത് ചെയ്യുന്നു എന്നുമാണ് കുറിപ്പ്.
കഴിഞ്ഞ കുറെയേറെ നാളുകളായി റേറ്റിം ഗില്‍ ഏറ്റവും പിന്നിലാണ് മീഡിയ വണ്‍. ഇതില്‍ നിന്ന് സ്ഥിതി മെച്ചപ്പെടുത്താന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. ഏറ്റവുമൊടുവില്‍ പുറത്തുവന്ന റേറ്റിം ഗ് കണക്കുകള്‍ പ്രകാരം മീഡിയ വണ്‍ 7 പോയിന്റുമായി പത്താം സ്ഥാനത്താണ്.
പരസ്യദാതാക്കള്‍, പരസ്യ ഏജന്‍സികള്‍, ചാനലുകള്‍ എന്നിവരുടെ സംയുക്ത ഉടമസ്ഥതയിലുള്ള സ്ഥാപനമാണിത്, ദി ഇന്ത്യന്‍ സൊസൈറ്റി ഓഫ് അഡ്വര്‍ടൈസേഴ്സ്, ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിംഗ് ഫൗണ്ടേഷന്‍ അഥവാ ബാര്‍ക്ക്. 2010 ലാണ് പ്രവര്‍ത്തനം ആരംഭിച്ചതെങ്കിലും 2015 ജൂലൈയിലാണ് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ബാര്‍ക്ക് രജിസ്റ്റര്‍ ചെയ്തത്.
