'മിന്റ ദേവി', 124നോട്ടൗട്ട്! വോട്ടര്‍പട്ടികയിലെ മുതുമുത്തശ്ശിയുടെ ശരിയായ പ്രായം 35; പിഴവ് ആയുധമാക്കി ഇന്ത്യാസഖ്യം; പാര്‍ലമെന്റിനു മുന്നില്‍ എം.പിമാരുടെ പ്രതിഷേധം വൈറലായി; ടീ ഷര്‍ട്ടിലെ വോട്ടറെ തേടി വിളിയെത്തിയതോടെ ബിഹാറുകാരി കലിപ്പില്‍; എന്റെ മുഖംപതിച്ച ടിഷര്‍ട്ട് ധരിച്ച് പ്രതിഷേധിക്കാന്‍ പ്രിയങ്ക ആരെന്ന് ചോദ്യം; സിവാന്‍ സ്വദേശിനിയായ വീട്ടമ്മ പറയുന്നത്

ആരാണീ മിന്റ ദേവി.. വോട്ടര്‍പട്ടികയിലെ 124കാരി

Update: 2025-08-13 07:41 GMT

ന്യൂഡല്‍ഹി: രാജ്യം ഒന്നാകെ ചോദിച്ച വോട്ടര്‍ പട്ടികയിലെ 124 വയസ്സുള്ള മിന്റ ദേവി ആരാണ്? പട്ടികയിലെ കള്ളവോട്ടുകള്‍ക്കെതിരെ ഇന്നലെ പാര്‍ലമെന്റിനു മുന്നില്‍ പ്രതിഷേധം നടത്തിയ പ്രതിപക്ഷ എംപിമാരുടെ ടി ഷര്‍ട്ടിലെ മിന്റ ദേവി എന്ന വനിതയെക്കുറിച്ചായിരുന്നു എല്ലാവരുടെയും അന്വേഷണം. ബിഹാറിലെ വോട്ടര്‍പട്ടികയില്‍ ഉള്ളതാണ് ഈ പേര്. തിരഞ്ഞെടുപ്പു കമ്മിഷന്റെ വെബ്‌സൈറ്റിലുള്ള വോട്ടര്‍ ഐഡി പ്രകാരം ഇവര്‍ക്ക് 124 വയസ്സാണ്. ഈ പിഴവാണ് ഇന്ത്യാസഖ്യം ആയുധമാക്കിയത്. പ്രിയങ്ക ഗാന്ധി മുതല്‍ കേരളത്തില്‍ നിന്നുള്ള എം.പിമാരായ ഡീന്‍ കുര്യാകോസ്, അടൂര്‍ പ്രകാശ്, ബെന്നി ബെഹനാന്‍, ഹൈബി ഈഡന്‍ എന്നിവര്‍ ചൊവ്വാഴ്ച അണിഞ്ഞ വെള്ള ടീ ഷര്‍ട്ടില്‍ പതിച്ച 'മുത്തശ്ശി' ആരെന്ന് അന്വേഷിക്കുകായിരുന്നു രാജ്യം. വോട്ട് കൊള്ളയുടെയും ക്രമക്കേടിന്റെയും നേര്‍ ചിത്രം രാജ്യത്തോട് വിളിച്ചു പറയുന്നതിനു വേണ്ടിയാണ് മിന്റ ദേവിയുടെ ചിത്രം പതിച്ച ടി ഷര്‍ട്ടുമായി കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിപക്ഷ എം.പിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധത്തില്‍ അണിനിരന്നത്.

ടീ ഷര്‍ട്ടിന് മുന്നില്‍ 'മിന്റ ദേവി'യുടെ ചിത്രവും പേരും, പിറകില്‍ 124നോട്ടൗട്ട് എന്നും കുറിച്ചു. തുടര്‍ന്ന് ദേശീയ മാധ്യമങ്ങളെല്ലാം മിന്റ ദേവിയെ തിരയുന്നു തിരക്കിലായിരുന്നു. ഒടുവില്‍ ചൊവ്വാഴ്ച വൈകുന്നേരത്തോടെ തന്നെ ആളെ കണ്ടെത്തി. ബിഹാറിലെ ദരുണ്ട അസംബ്ലി മണ്ഡലത്തില്‍ നിന്നുള്ള വോട്ടറാണ് മിന്റ ദേവി എന്ന കന്നി വോട്ടര്‍. തെരഞ്ഞെടുപ്പ് കമീഷന്‍ വോട്ടര്‍ പട്ടിക പ്രകാരം 1900ല്‍ ജനിച്ച മിന്റക്ക് 124 വയസ്സുണ്ടെന്നതാണ് കോണ്‍ഗ്രസ് ആയുധമാക്കി മാറ്റിയത്. എന്നാല്‍, 1990ല്‍ ജനിച്ച ഇവര്‍ക്ക് 35 വയസ്സുമാത്രമാണ് പ്രായം.

ബിഹാറിലെ തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടിക പരിഷ്‌കരണത്തിലെ (എസ്.ഐ.ആര്‍) വീഴ്ചകള്‍ ദേശീയ ശ്രദ്ധയിലെത്തിക്കുന്നതിനു വേണ്ടിയാണ് കോണ്‍ഗ്രസ് മിന്റ ദേവിയുടെ വിഷയം പ്രചരണായുധമാക്കി മാറ്റിയത്. കഴിഞ്ഞ വ്യാഴാഴ്ച 'വോട്ട് ചോരി' തട്ടിപ്പ് പുറത്തുവിട്ടുകൊണ്ട് രാഹുല്‍ ഗാന്ധി നടത്തിയ വാര്‍ത്താ സമ്മേളനത്തിലും 124ാം വയസ്സില്‍ കന്നിവോട്ട് ചെയ്യാന്‍ അവസരം ലഭിച്ച ഈ വീട്ടമ്മയെ പരാമര്‍ശിച്ചിരുന്നു. 'മിന്റ ദേവി' ഒറ്റപ്പെട്ട സംഭവമല്ലെന്നും അടിമുടി ക്രമേക്കടുകളും പോരയ്മകളുമുള്ള തെരഞ്ഞെടുപ്പ് കമീഷന്‍ വോട്ടര്‍പട്ടികയില്‍ ഇത്തരത്തില്‍ ഇനിയും കേസുകളുണ്ടെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിശദീകരണം. സംഭവം വിവാദമായതോടെ വോട്ടറുമായി ബന്ധപ്പെട്ട് തിരുത്തലുകള്‍ക്ക് നടപടി സ്വീകരിച്ചതായി സിവാന്‍ ജില്ലാ കലക്ടര്‍ അറിയിച്ചു. പിഴവ് തിരുത്താന്‍ അപേക്ഷ ലഭിച്ചതായും വോട്ടര്‍പട്ടിക പുതുക്കുമ്പോള്‍ തിരുത്തുമെന്നും അറിയിച്ചു.

ആദ്യം ചിരി...

തന്റെ പേരില്‍ എംപിമാര്‍ പ്രതിഷേധിച്ചതും വോട്ടര്‍പട്ടികയിലെ വിവാദവും അറിഞ്ഞപ്പോള്‍, രാജ്യത്തെ 'ഏറ്റവും പ്രായംകൂടിയ' വോട്ടറായ മിന്റ ദേവിക്കു ചിരിയടക്കാന്‍ കഴിഞ്ഞില്ല. 35 വയസ്സുള്ള മിന്റ ദേവിക്ക് 124 വയസ്സായെന്ന് കമ്മിഷന്‍ തെറ്റായി രേഖപ്പെടുത്തുകയായിരുന്നു. പ്രതിപക്ഷ പ്രതിഷേധത്തോടെ മിന്റയുടെ പേര് രാജ്യമെങ്ങും ചര്‍ച്ചയായി. തിരഞ്ഞെടുപ്പ് കമ്മിഷന്‍ തന്നെ ഒരു മുത്തശ്ശിയാക്കിയെന്ന് മിന്റ ദേവി ദേശീയ മാധ്യമങ്ങളോടു പറഞ്ഞു. ''ബൂത്ത് ലെവല്‍ ഓഫിസര്‍ വീട്ടില്‍ വരുന്നതു കാത്തിരുന്നു നിരാശയായപ്പോള്‍ ഓണ്‍ലൈനായാണ് വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അപേക്ഷിച്ചത്. ഈ പിഴവിനു ഞാന്‍ എങ്ങനെ കുറ്റക്കാരിയാകും?'' മിന്റ ചോദിക്കുന്നു.

ദരുണ്ട നിയമസഭാ മണ്ഡലത്തിലെ വോട്ടറാണ് മിന്റ. ഈ പിഴവു വാര്‍ത്തകളില്‍ വരുന്നതിനു മുന്‍പ് തന്നെ വോട്ടറെ ബന്ധപ്പെട്ടു പരിഹാര നടപടികള്‍ സ്വീകരിച്ചുവെന്നു സിവാന്‍ ജില്ലാ കലക്ടര്‍ പ്രസ്താവനയില്‍ അറിയിച്ചു. പിഴവു തിരുത്താന്‍ അപേക്ഷ ലഭിച്ചു. വോട്ടര്‍പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി ഈ ആക്ഷേപം പരിഹരിക്കുമെന്നും കലക്ടര്‍ പറഞ്ഞു.

35ാം വയസ്സില്‍ വോട്ടു ചെയ്യാന്‍ അവസരം ലഭിച്ചതില്‍ താന്‍ സന്തോഷവതിയാണെന്നു മിന്റ പറഞ്ഞു. വോട്ടു ചെയ്യാന്‍ യോഗ്യയായതിനുശേഷം നിരവധി തിരഞ്ഞെടുപ്പുകള്‍ വന്നെങ്കിലും തന്റെ പേര് ഒരിക്കലും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നില്ല. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരു മുത്തശ്ശിയാക്കിയെങ്കില്‍ അതില്‍ തനിക്കു പ്രശ്‌നമല്ല. ഭയപ്പെടാനും ഒന്നുമില്ല. തന്റെ ആധാര്‍ കാര്‍ഡിലുള്ളതുപോലെ 1990 ആണ് അപേക്ഷിച്ചപ്പോള്‍ ജനിച്ച വര്‍ഷമായി രേഖപ്പെടുത്തിയത്. കരട് വോട്ടര്‍ പട്ടികയില്‍ 1990 എന്നത് 1900 ആയെങ്കില്‍ തനിക്കെന്തു ചെയ്യാന്‍ കഴിയുമെന്നും മിന്റ ചോദിക്കുന്നു.

പ്രിയങ്കയോട് കലിപ്പ്

തന്റെ പേരും ചിത്രവും ടി ഷര്‍ട്ടില്‍ പതിപ്പിച്ചുള്ള പ്രതിപക്ഷ പ്രതിഷേധം ബിഹാര്‍ സ്വദേശിനി മിന്റ ദേവിക്ക് അത്ര പിടിച്ചില്ല. എന്റെ മുഖം ടി ഷര്‍ട്ടില്‍ പതിപ്പിച്ച് ധരിച്ച് എന്നെ എതിര്‍ക്കാന്‍ പ്രിയങ്കാ ഗാന്ധി ആരാണ്?. രാവിലെ മുതല്‍ ഞാന്‍ പ്രശ്നങ്ങള്‍ നേരിടുകയാണ്. ആളുകള്‍ എന്നെ വിളിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമപ്രവര്‍ത്തകര്‍ എന്റെ വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്, മിന്റ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

ബിഹാറിലെ സിവാന്‍ സ്വദേശിനിയായ മിന്റ വീട്ടമ്മയാണ്. 35-കാരിയായ ഇവര്‍ ദാരൗന്ദ നിയോജകമണ്ഡലത്തിലെ വോട്ടറാണ്. ഞാനൊരു വീട്ടമ്മയാണ്. തന്നെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിലും കരുവാക്കുന്നതിലും ദുഃഖമുണ്ട്. വോട്ടര്‍ ഐഡി തിരുത്തിത്തരണമെന്നത് മാത്രമാണ് തന്റെ അപേക്ഷ, മിന്റ പറഞ്ഞതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വോട്ടര്‍ ഐഡിയിലെ പിശക് രണ്ടുദിവസം മുന്‍പാണ് മിന്റയുടെ ശ്രദ്ധയില്‍പെടുന്നത്. എന്നാല്‍ ഈ വിഷയത്തില്‍ പ്രിയങ്ക ഇടപെടേണ്ട കാര്യമേയില്ല. എന്തുകൊണ്ടാണ് അവര്‍ തലയിടുന്നത്, മിന്റ ആരാഞ്ഞു. വോട്ടര്‍ ഐഡിയിലെ പിശകിന്റെ ഉത്തരവാദി താനല്ലെന്നും പിന്നെന്തിനാണ് പ്രിയങ്ക തന്നെ എതിര്‍ക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മിന്റയെ പ്രിയങ്ക പിന്തുണയ്ക്കുകയാണെന്ന് ചെയ്യുന്നതെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ ഇത് എന്ത് പിന്തുണയാണ് എന്നായിരുന്നു മിന്റയുടെ ചോദ്യം. അവര്‍ ധരിച്ചിരിക്കുന്ന ടി ഷര്‍ട്ടില്‍ എന്റെ മുഖവും പേരുമുണ്ട്. അവര്‍ എന്റെ വിലാസം പരസ്യപ്പെടുത്തി. അവര്‍ എന്തിന് എന്നെ പിന്തുണയ്ക്കണം. അവര്‍ എന്റെ ആരാണ്. അവര്‍ എന്റെ ബന്ധുവല്ല, മിന്റ കൂട്ടിച്ചേര്‍ത്തു.

Similar News