ബംഗാളിലെ രാഷ്ട്രീയപ്പോര് തെരുവിലേക്ക്; പ്രധാനമന്ത്രിയുടെ റാലിക്ക് തൊട്ടുമുമ്പ് കല്ലേറും അസഭ്യവര്‍ഷവും; കൊല്‍ക്കത്തയില്‍ തെരുവ് യുദ്ധക്കളമാക്കി തൃണമൂല്‍ - ബിജെപി പ്രവര്‍ത്തകര്‍

Update: 2026-03-14 12:27 GMT

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് നീങ്ങവെ, തലസ്ഥാനമായ കൊല്‍ക്കത്തയില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍. ബിജെപിയുടെ 'പരിവര്‍ത്തന്‍ യാത്ര'യുടെ സമാപനത്തോടനുബന്ധിച്ച് ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന വന്‍ റാലി തുടങ്ങാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെയാണ് നഗരം യുദ്ധക്കളമായത്. മധ്യ കൊല്‍ക്കത്തയിലെ ഗിരീഷ് പാര്‍ക്കിന് സമീപമാണ് ഇരുവിഭാഗം പ്രവര്‍ത്തകരും പരസ്പരം ഏറ്റുമുട്ടിയത്.

പ്രധാനമന്ത്രിയുടെ പ്രസംഗം കേള്‍ക്കാനായി വിവിധ സ്ഥലങ്ങളില്‍ നിന്ന് റാലിയായി എത്തിയ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ഗിരീഷ് പാര്‍ക്കിന് സമീപം കല്ലേറുണ്ടായതോടെയാണ് സംഘര്‍ഷങ്ങളുടെ തുടക്കം. മുദ്രാവാക്യം വിളികളുമായി നീങ്ങിയ ബിജെപി പ്രവര്‍ത്തകരെ തൃണമൂല്‍ പ്രവര്‍ത്തകര്‍ തടഞ്ഞതായും തുടര്‍ന്ന് ഇരുവിഭാഗവും തെരുവില്‍ ഏറ്റുമുട്ടുകയുമായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെ തൃണമൂല്‍ പ്രവര്‍ത്തകര്‍ തങ്ങളെ ആക്രമിച്ചുവെന്നും റാലിക്ക് വന്ന വാഹനങ്ങള്‍ തകര്‍ത്തുവെന്നും ബിജെപി ആരോപിച്ചു. എന്നാല്‍, ബിജെപി പ്രവര്‍ത്തകര്‍ ബോധപൂര്‍വ്വം പ്രശ്‌നങ്ങളുണ്ടാക്കുകയായിരുന്നു എന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ വാദം. ബിജെപി പ്രവര്‍ത്തകര്‍ അസഭ്യം പറയുകയും പ്രാദേശിക തൃണമൂല്‍ നേതാക്കളുടെ വീടുകള്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തതായി അവര്‍ പരാതിപ്പെട്ടു. സംഘര്‍ഷം രൂക്ഷമായതോടെ ഗിരീഷ് പാര്‍ക്ക് പ്രദേശം പുകമറയിലാവുകയും ജനങ്ങള്‍ പരിഭ്രാന്തരായി ചിതറിയോടുകയും ചെയ്തു.

പ്രധാനമന്ത്രിയുടെ പരിപാടി നടക്കുന്ന വേദിയുടെ അഞ്ച് കിലോമീറ്റര്‍ മാത്രം അകലെ നടന്ന ഈ സംഘര്‍ഷം പോലീസിനെ കുറച്ചൊന്നുമല്ല വലച്ചത്. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം സ്ഥലത്തെത്തിയാണ് ഇരുകൂട്ടരെയും പിരിച്ചുവിട്ടത്. നിലവില്‍ സ്ഥലത്ത് സമാധാന അന്തരീക്ഷമാണെങ്കിലും വലിയ തോതിലുള്ള പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

'ഒരു പ്രകോപനവും ഇല്ലാതെയാണ് അവര്‍ ഞങ്ങളെ ആക്രമിച്ചത്. ഞങ്ങള്‍ക്കുനേരെ വളരെ മോശമായ പദപ്രയോഗങ്ങളും അവര്‍ നടത്തി.' ഒരു ബിജെപി പ്രവര്‍ത്തകന്‍ ബംഗാളി വാര്‍ത്താ ചാനലിനോട് പറഞ്ഞു. തൃണമൂല്‍ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ തങ്ങളുടെ നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും ബിജെപി പ്രവര്‍ത്തകര്‍ കൂട്ടിച്ചേര്‍ത്തു.

ഇരുകൂട്ടരും തമ്മില്‍ വലിയ തോതിലുള്ള കല്ലേറും സംഘര്‍ഷവും നടന്നതായി സാക്ഷികള്‍ പറയുന്നു. പോലീസ് എത്തി ഇരുകൂട്ടരെയും പിരിച്ചുവിട്ടു. സ്ഥലത്ത് നിലവില്‍ സമാധാനന്തരീക്ഷമാണ് ഉള്ളതെന്നാണ് വിവരം. തിരഞ്ഞെടുപ്പിന്റെ ഭാഗമായി ബിജെപി നടത്തിവരുന്ന പരിവര്‍ത്തന്‍ യാത്രയുടെ ഭാഗമായാണ് പ്രധാനമന്ത്രി കൊല്‍ക്കത്തയില്‍ എത്തിയിട്ടുള്ളത്. അദ്ദേഹം ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ എത്താനിരിക്കെയാണ് പ്രദേശത്ത് തൃണമൂല്‍ പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായത്.

ബംഗാള്‍ സന്ദര്‍ശന വേളയില്‍ ഏകദേശം 18,000 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കുമെന്നാണ് വിവരം. വികസന നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി ബിജെപി അധികാരം പിടിക്കാന്‍ ശ്രമിക്കുമ്പോള്‍, തങ്ങളുടെ കോട്ട കാക്കാന്‍ മമത ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസും സര്‍വ്വശക്തിയും ഉപയോഗിക്കുന്നു. വരും ദിവസങ്ങളില്‍ ബംഗാളില്‍ രാഷ്ട്രീയ പോര് കൂടുതല്‍ കടുക്കുമെന്നതിന്റെ വ്യക്തമായ സൂചനയാണ് കൊല്‍ക്കത്തയിലെ ഈ തെരുവ് യുദ്ധം നല്‍കുന്നത്.

Tags:    

Similar News