വിടവാങ്ങിയത് കാരുണ്യത്തിന്റെയും വിനയത്തിന്റെയും ആത്മീയ ധൈര്യം; അദ്ദേഹവുമായുളള കൂടിക്കാഴ്ച വലിയ പ്രചോദനമായിരുന്നു; കഷ്ടപ്പെടുന്നവർക്ക് പ്രത്യാശയുടെ പുതു ചൈതന്യം നൽകി; അദ്ദേഹത്തിന്റെ പുണ്യ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ; ഫ്രാൻസിസ് മാർപ്പാപ്പയുടെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

Update: 2025-04-21 10:24 GMT

ഡൽഹി: ഫ്രാൻസിസ് മാർപാപ്പയുടെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധനമന്ത്രി നരേന്ദ്രമോദി. അദ്ദേഹത്തിന്റെ വിടവാങ്ങലിൽ അ​ഗാധ ​ദുഃഖം ഉണ്ടെന്നും മോദി പറഞ്ഞു. വത്തിക്കാനിലെ വസതിയിൽ വെച്ചാണ് ഫ്രാന്‍സിസ് പാപ്പയുടെ അന്ത്യം സംഭവിച്ചത്. അദ്ദേഹവുമായി നടത്തിയ കൂടിക്കാഴ്ച വലിയ പ്രചോദനമായിരുന്നുവെന്നും ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചന സന്ദേശത്തിൽ കുറിച്ചു.

പ്രധാനമന്ത്രിയുടെ വാക്കുകൾ...

'ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ ഞാൻ അഗാധമായി ദുഃഖിക്കുന്നു. ദുഃഖത്തിന്റെ ഈ അവസരത്തിൽ, ആഗോള കത്തോലിക്കാ സമൂഹത്തിന് എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് കാരുണ്യത്തിന്റെയും വിനയത്തിന്റെയും ആത്മീയ ധൈര്യത്തിന്റെയും ഒരു ദീപസ്തംഭമായി ഫ്രാൻസിസ് മാർപാപ്പ എപ്പോഴും നിലകൊള്ളും. ക്രിസ്തുവിന്റെ ആദർശങ്ങൾ സാക്ഷാത്കരിക്കുന്നതിനായി അദ്ദേഹം സ്വയം സമർപ്പിച്ചു. ദരിദ്രരെയും അടിച്ചമർത്തപ്പെട്ടവരെയും അദ്ദേഹം സേവിച്ചു.

കഷ്ടപ്പെടുന്നവർക്ക്, അദ്ദേഹം പ്രത്യാശയുടെ ചൈതന്യം നൽകി. അദ്ദേഹവുമായുള്ള എന്റെ കൂടിക്കാഴ്ചകളെ ഞാൻ സ്നേഹത്തോടെ ഓർക്കുന്നു, ഇന്ത്യയിലെ ജനങ്ങളോടുള്ള അദ്ദേഹത്തിന്റെ വാത്സല്യം എപ്പോഴും വിലമതിക്കാനാവാത്തതാണ്. ദൈവ സന്നിധിയിൽ അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ.'എന്നും അദ്ദേഹം കുറിച്ചു.

അതേസമയം, കത്തോലിക്കാ സഭയുടെ 266 മത്തെ മാർപ്പാപ്പ ആയിരുന്നു പോപ്പ് ഫ്രാന്‍സിസ്. ഇന്ത്യൻ യാത്ര എന്ന ആഗ്രഹം സഫലമാകാതെയാണ് മാർപ്പാപ്പയുടെ വിയോഗം. അടുത്ത വർഷം ഇന്ത്യ സന്ദർശിക്കാനുള്ള ആഗ്രഹം മാർപാപ്പ പ്രകടിപ്പിച്ചിരുന്നു. പ്രധാനമന്ത്രി നേരിട്ട് ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.

അതുപോലെ, യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസും മാർപ്പാപ്പയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ചു. 'അദ്ദേഹത്തെ സ്‌നേഹിക്കുന്ന ലക്ഷക്കണക്കിന് ക്രിസ്‌ത്യൻ വിശ്വാസികൾക്കൊപ്പമാണ് എന്റെ മനസ്. വളരെ ക്ഷീണിതനായിരുന്നെങ്കിലും അദ്ദേഹത്തെ കാണാനായതിൽ സന്തോഷമുണ്ട്. കൊവിഡിന്റെ ആദ്യനാളികളിൽ അദ്ദേഹം മുന്നോട്ടുവച്ച മനോഹരമായ മാതൃക എന്നും ഓർമിക്കപ്പെടും ', ജെഡി വാൻസ് എക്‌സിൽ വ്യക്തമാക്കി.

ആഗോള കത്തോലിക്കാ സഭയുടെ നാഥന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ വിടവാങ്ങി. വത്തിക്കാന്‍ വിഡിയോയിലൂടെ വിയോഗവാര്‍ത്ത അറിയിച്ചത്. ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് സുഖം പ്രാപിച്ച് വിശ്രമത്തിലായിരുന്നു അദ്ദേഹം. ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മാര്‍പാപ്പ വിശ്രമത്തിലായിരുന്നു. ഈസ്റ്റര്‍ ശുശ്രൂഷകളില്‍ അടക്കം പങ്കെടുത്ത ശേഷമാണ് അദ്ദേഹം വിടവാങ്ങിയത്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള ആദ്യത്തെ മാര്‍പാപ്പയായിരുന്ന അദ്ദേഹം.

ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പ സ്ഥാനത്യാഗം ചെയ്തതിനെ തുടര്‍ന്ന് 2013 മാര്‍ച്ച് 19 ന് ആണ് ഫ്രാന്‍സിസ് മാര്‍പാപ്പ കത്തോലിക്കാസഭയുടെ 266-ാമത് പോപ്പായി സ്ഥാനമേറ്റത്. കര്‍ദ്ദിനാള്‍ ബെര്‍ഗോളിയോ എന്നതാണ് യഥാര്‍ത്ഥ പേര്. വിശുദ്ധ ഫ്രാന്‍സീസ് അസീസിയോടുള്ള ബഹുമാനാര്‍ത്ഥം ഫ്രാന്‍സിസ് എന്ന പേര് സ്വീകരിക്കുകയായിരുന്നു. ഈ പേര് ആദ്യമായിട്ടാണ് ഒരു മാര്‍പ്പാപ്പ ഔദ്യോഗിക നാമമായി സ്വീകരിച്ചിരുന്നത്.

ബ്യൂണസ് അയേഴ്‌സില്‍ ഇറ്റലിയില്‍ നിന്നു കുടിയേറിയ മരിയോ ജോസ് ബെഗോളിയോയുറ്റേയും മരിയ സിവോരിയയുടേയും അഞ്ചു മക്കളില്‍ ഒരാളായി 1936ല്‍ ഡിസംബര്‍17ന് ആണ് ബെര്‍ഗോളിയോ ജനിച്ചത്. പോപ്പായി തിരഞ്ഞെടുക്കുന്നതിന് മുമ്പ് ബ്യൂണസ് അയേഴ്‌സ് രൂപതയുടെ തലവനായിരുന്നു അദ്ദേഹം. ലാറ്റിനമേരിക്കയില്‍ നിന്നും പോപ്പായ ആദ്യത്തെ വ്യക്തി കൂടിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. ക്രിസ്തീയ സന്യാസി സമൂഹമായ ഈശോസഭയില്‍ നിന്നുള്ള ആദ്യത്തെ പോപ്പ് എന്നീ നിലകളിലും ഇദ്ദേഹം ശ്രദ്ധേയനായിരുന്നു.

സ്ഥാനാരോഹണത്തിനു ശേഷം സഭയില്‍ പുതിയ മാറ്റങ്ങള്‍ അദ്ദേഹം വരുത്തുകയുണ്ടായി. അതിനാല്‍ മാറ്റങ്ങളുടെ പാപ്പ എന്ന് മാധ്യമങ്ങള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ വിശേഷിപ്പിച്ചിരുന്നു.1958 മാര്‍ച്ച് 11ന് വിയ്യാ ദേവോതോയിലെ ഈശോ സഭാ സെമിനാരിയില്‍ ചേര്‍ന്നാണ് ബെര്‍ഗോളിയോ വൈദികപഠനം ആരംഭിച്ചത്. 1960 സാന്‍ മിഗേലിലെ കോളെസിയോ മാക്‌സിമോ സാന്‍ ജോസില്‍ നിന്ന് തത്വശാസ്ത്രത്തില്‍ ലൈസന്‍ഷിയേറ്റ് നേടി. 1967 ബെര്‍ഗോളിയോ ദൈവശാസ്ത്രപഠനം പൂര്‍ത്തിയാക്കി.1969 ഡിസംബര്‍ 13ന് ആണ് വൈദികപട്ടം സ്വീകരിച്ചത്.

സാന്‍ മിഗേല്‍ സെമിനായിരിയിലെ ദൈവശാസ്ത്ര-തത്ത്വശാസ്ത്ര വിഭാഗത്തില്‍ നിന്ന് മാസ്റ്റര്‍ ബിരുദം സമ്പാദിച്ച അദ്ദേഹം അവിടെ ദൈവശാസ്ത്രാദ്ധ്യാപകനായി. 1973-1979 ബെര്‍ഗോളിയോ ഈശോസഭയുടെ അര്‍ജന്റീന പ്രൊവിന്‍ഷ്യാല്‍ ആയിരുന്നു. പിന്നീട് സാന്‍ മിഗേല്‍ സെമിനാരി അധിപനായി 1980-ല്‍ സ്ഥാനമേറ്റെടുത്ത ബെര്‍ഗോളിയോ 1988 വരെ ആ പദവിയില്‍ തുടര്‍ന്നു. 2001 ഫെബ്രുവരിയില്‍ അന്നത്തെ മാര്‍പ്പാപ്പയായിരുന്ന ജോണ്‍ പോള്‍ രണ്ടാമന്‍ ബെര്‍ഗോളിയോയെ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തി. 2005-ലെ മെത്രാന്മാരുടെ സൂനഹദോസ് കര്‍ദ്ദിനാള്‍ ബെര്‍ഗോളിയോയെ പോസ്റ്റ് ബിഷപ് കൗണ്‍സില്‍ അംഗമായി തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു.

Tags:    

Similar News