സ്വന്തം സഹോദരിക്ക് നേരേ തുടര്‍ച്ചയായി അറ്റാക്ക്! ആധാര്‍ റദ്ദാക്കാന്‍ വരെ പരാതി; സ്വത്തുതര്‍ക്കത്തിന്റെ പേരില്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പേരുവെട്ടാന്‍ നീക്കം; മിനി കൃഷ്ണകുമാറിന് എതിരായ നിയമപോരാട്ടത്തില്‍ സഹോദരി സിനി വി എസിന് വിജയം; 'എന്നെയും കുഞ്ഞിനെയും ജീവിക്കാന്‍ സമ്മതിക്കുന്നില്ലെന്നും വോട്ടുവെട്ടാന്‍ ശ്രമമെന്നും' പരാതിയുമായി സിനി

മിനി കൃഷ്ണകുമാറിന് എതിരായ നിയമപോരാട്ടത്തില്‍ സഹോദരി സിനി വി എസിന് വിജയം

Update: 2025-11-20 11:49 GMT

പാലക്കാട്: സ്വന്തം സഹോദരിയുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് വെട്ടാനുള്ള ബി.ജെ.പി നേതാവ് കൃഷ്ണകുമാറിന്റെ ഭാര്യ മിനി കൃഷ്ണകുമാറിന്റെ നീക്കം പൊളിഞ്ഞു. കുടുംബസ്വത്ത് തര്‍ക്കത്തിന്റെ തുടര്‍ച്ചയായാണ് വോട്ടര്‍ പട്ടികയില്‍ നിന്ന് തന്റെ സഹോദരി സിനി വി എസിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മിനി വി എസ് നഗരസഭയക്ക് പരാതി നല്‍കിയത്. വോട്ട് നീക്കണമെന്ന പരാതി തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ തള്ളി.

15/470 നമ്പര്‍ കെട്ടിടം സംബന്ധിച്ച വിലാസ തര്‍ക്കമാണ് നിയമപോരാട്ടത്തിന് കളമൊരുക്കിയത്.സിനി വി.എസ്സിനെ പാലക്കാട് മുനിസിപ്പാലിറ്റിയിലെ 16-ാം വാര്‍ഡിലെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയ നഗരസഭാ സെക്രട്ടറിയുടെ നടപടി ഇപ്പോള്‍ അംഗീകരിച്ചിരിക്കുകയാണ്. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തതിനെ ചോദ്യം ചെയ്തുകൊണ്ട് കെട്ടിട ഉടമ എന്ന് അവകാശപ്പെടുന്ന മിനിമോള്‍ വി.എസ്. ( മിനി കൃഷ്ണകുമാര്‍) സമര്‍പ്പിച്ച അപ്പീല്‍ അപേക്ഷയാണ് അധികൃതര്‍ തള്ളിയത്.

വോട്ടര്‍ പട്ടികയില്‍ സിനി വി.എസ്സിനെ ഉള്‍പ്പെടുത്തിയതിനെതിരെ മിനിമോള്‍ വി.എസ്. ശക്തമായ വാദങ്ങള്‍ ഉന്നയിച്ചിരുന്നു. കെട്ടിട ഉടമയുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് സിനി വി.എസ്. വിലാസം ദുരുപയോഗം ചെയ്ത് ആധാര്‍, ഇലക്ഷന്‍ ഐഡി എന്നിവ സമ്പാദിച്ചതെന്നും, മറ്റ് കേസുകളില്‍ സിനി വി.എസ്സിന്റെ സ്ഥിരമേല്‍വിലാസം തൃപ്പൂണിത്തുറയാണെന്നും മിനിമോള്‍ വി.എസ്. വാദിച്ചു.

രേഖകള്‍ ദുരുപയോഗം ചെയ്താണ് താന്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തതെന്നും സഹോദരി ആരോപിച്ചതായി സിനി മാധ്യമങ്ങളോട് പറഞ്ഞു. മുന്‍സിപ്പില്‍ അതോറിറ്റി നടത്തിയ അന്വേഷണത്തില്‍ എല്ലാ രേഖകളും സിനി ഹാജരാക്കി. എന്നാല്‍, ഇത് അന്വേഷിച്ച് ശരിയല്ലെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പരാതി തള്ളുകയായിരുന്നു. ഇതേ തുടര്‍ന്ന് മിനി ഹൈക്കോടതിയെ സമീപിച്ച് സിനിയുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി പരിഗണിച്ചില്ല.

നഗരസഭ ജോയിന്റ് സെക്രട്ടറിക്ക് മുമ്പാകെ അപ്പീലിന് പോകാം എന്നാണ് ഹൈക്കോടതി പറഞ്ഞത്. അതനുസരിച്ച് മിനി അപ്പീല്‍ നല്‍കി. ഹിയറിങ്ങിന് തന്റെ പക്കലുള്ള കൂടുതല്‍ രേഖകള്‍ സിനി ഹാജരാക്കി. ഇതോടെ അപ്പീല്‍ തള്ളുകയായിരുന്നു.

നഗരസഭയുടെ റിപ്പോര്‍ട്ട് നിര്‍ണായകമായി

പാലക്കാട് നഗരസഭാ സെക്രട്ടറി/ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ സമര്‍പ്പിച്ച വിശദമായ റിപ്പോര്‍ട്ടാണ് ഈ വിഷയത്തില്‍ നിര്‍ണായകമായത്. സിനി വി.എസ്.ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷ, വാര്‍ഡ് തല പരിശോധന റിപ്പോര്‍ട്ട്, ഹിയറിങ് വേളയില്‍ ഹാജരാക്കിയ രേഖകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

ഹൈക്കോടതിയുടെ WP(C) 42768/2025 നമ്പര്‍ വിധിന്യായത്തിലെ നിര്‍ദ്ദേശപ്രകാരം, നഗരസഭ റവന്യൂ ഇന്‍സ്‌പെക്ടര്‍് വീണ്ടും അന്വേഷണം നടത്തിയിരുന്നു.ഈ അന്വേഷണത്തിലും സിനി വി.എസ്. ഇതേ മേല്‍വിലാസത്തില്‍ തന്നെയാണ് താമസിച്ചു വരുന്നതെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്.

അപ്പീല്‍ നിരസിച്ചു

നഗരസഭാ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പരിഗണിക്കുകയും, സിനി വി.എസ്. ഈ വിലാസത്തില്‍ താമസിക്കുന്നില്ല എന്ന് തെളിയിക്കാന്‍ ഹര്‍ജിക്കാരിക്ക് ( മിനിമോള്‍ വി.എസ്സിന്) കഴിഞ്ഞിട്ടില്ല എന്ന കണ്ടെത്തലിന്റെയും അടിസ്ഥാനത്തിലാണ് അപ്പീല്‍ അപേക്ഷ നിരസിച്ചത്. ഹൈക്കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്നും അധികൃതര്‍ അറിയിച്ചു.

ശക്തമായ തെളിവുകളുമായി സിനി

15/470 നമ്പര്‍ കെട്ടിടത്തിലെ തന്റെ താമസസ്ഥലം സംബന്ധിച്ച് സിനി വി.എസ്. ശക്തമായ തെളിവുകള്‍ ഹാജരാക്കി. തന്റെ ആധാര്‍ കാര്‍ഡ്, ഇലക്ഷന്‍ ഐഡി എന്നിവയില്‍ കെട്ടിടത്തിന്റെ വിലാസം രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അവര്‍ വ്യക്തമാക്കി. സിനി വി.എസ്. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയില്‍ ഈ വിലാസത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കൂടാതെ, വോട്ടിങ് സ്ലിപ്പും ലഭിച്ചിരുന്നു. ഏറ്റവും പ്രധാനമായി, 2025 സെപ്റ്റംബര്‍ 9-ന് പാലക്കാട് ജില്ലാ പോലീസ് ഓഫീസില്‍ നിന്നുള്ള ഔദ്യോഗിക തപാല്‍ ഇതേ മേല്‍വിലാസത്തില്‍ കൈപ്പറ്റിയെന്നും അവര്‍ അറിയിച്ചു. അമ്മയ്ക്കും പാലക്കാട് ബി.ഇ.എം. എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ മകനുമൊപ്പമാണ് സിനി വി.എസ്. ഈ കെട്ടിടത്തില്‍ താമസിക്കുന്നത്.

കെട്ടിടത്തിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലി ഹൈക്കോടതിയില്‍ RFA 299/2023 നമ്പര്‍ കേസ് നിലനില്‍ക്കുന്നുണ്ട്. മറ്റൊരു കേസില്‍, മിനിമോള്‍ വി.എസ്. ഫയല്‍ ചെയ്ത സി.സി. 412/2015 നമ്പര്‍ കേസില്‍ പോലും എതിര്‍കക്ഷിയായ സിനി വി.എസ്സിന്റെ മേല്‍വിലാസമായി 15/470 നമ്പര്‍ കെട്ടിടത്തിന്റെ വിലാസം തന്നെയാണ് ഹര്‍ജിക്കാരി കോടതിയില്‍ നല്‍കിയിട്ടുള്ളതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

കൂടാതെ, ഈ വിഷയവുമായി ബന്ധപ്പെട്ട് 24/07/2024-ന് പാലക്കാട് ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പുറപ്പെടുവിച്ച വിധിന്യായവും സിനി വി.എസ്. ഹാജരാക്കിയിരുന്നു.

കൃഷ്ണകുമാറും മിനി കൃഷ്ണകുമാറും ജീവിക്കാന്‍ സമ്മതിക്കുന്നില്ലെന്ന് സിനി

ബി.ജെ.പി നേതാവ് കൃഷ്ണകുമാറിനും ഭാര്യ മിനി കൃഷ്ണകുമാറിനുമെതിരെ പരാതിയുമായി ഭാര്യാസഹോദരി വി.എസ്. സിനി. തന്നെയും കുഞ്ഞിനെയും അവര്‍ ജീവിക്കാന്‍ സമ്മതിക്കുന്നില്ലെന്ന് അവര്‍ ആരോപിച്ചു. ഒരു സ്ത്രീ എന്ന നിലയ്ക്ക് എന്തെല്ലാം ഉപദ്രവിക്കാമോ അതെല്ലാം അവര്‍ ചെയ്യുന്നുണ്ടെന്നും തുടര്‍ച്ചയായി തന്നെ അറ്റാക്ക് ചെയ്തുകൊണ്ടിരിക്കുകയാണെന്നും സിനി മാധ്യമങ്ങളോട് പറഞ്ഞു.

'എന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കണം എന്ന് പറഞ്ഞ് മുന്‍സിപ്പല്‍ അതോറിറ്റിക്ക് അവര്‍ പരാതി നല്‍കി. കളവായിട്ടാണ് പരാതി കൊടുത്തത്. ഹൈക്കോടതി ഉത്തരവ് പ്രകാരം ഞാന്‍ താമസിക്കുന്ന സ്ഥലത്ത് എനിക്ക് താമസിക്കാനുള്ള അവകാശമില്ലെന്നും അവരുടെ ഉടമസ്ഥതയിലുള്ള വീടാണെന്നും അവര്‍ പറഞ്ഞു. രേഖകള്‍ ദുരുപയോഗം ചെയ്താണ് ഞാന്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തതെന്നും അവര്‍ ആരോപിച്ചു. മുന്‍സിപ്പല്‍ അതോറിറ്റി നടത്തിയ അന്വേഷണത്തില്‍ എല്ലാ രേഖകളും ഞാന്‍ ഹാജരാക്കുകയും അത് അന്വേഷിച്ച് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പരാതി തള്ളി. അതിനുശേഷം അവര്‍ വീണ്ടും ഹൈകോടതിയില്‍ റിട്ട് ഓഫ് മാന്‍ഡമസ് ഫയല്‍ ചെയ്യുകയും എന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അതും ഹൈക്കോടതി പരിഗണിച്ചില്ല.

ജോയിന്റ് സെക്രട്ടറിക്ക് മുന്നാകെ നിങ്ങള്‍ക്ക് അപ്പീലിന് പോകാം എന്നാണ് ഹൈക്കോടതി പറഞ്ഞത്. അതനുസരിച്ച് അവര്‍ അപ്പീല്‍ നല്‍കി. ഹിയറിങ്ങിന് എന്റെ പക്കലുള്ള കൂടുതല്‍ രേഖകള്‍ ഹാജരാക്കി. അത് വിശകലനം ചെയ്ത് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അവരുടെ അപ്പീല്‍ തള്ളി.

ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് കൃഷ്ണകുമാറും ഭാര്യ മിനി കൃഷ്ണകുമാറും എന്നെയും എന്റെ അമ്മയെയും കുഞ്ഞിനെയും ജീവിക്കാന്‍ സമ്മതിക്കുന്നില്ല. എന്റെ പരാതിയില്‍ മറുപടി തരാന്‍ ബിജെപി ഇതുവരെ തയാറായിട്ടില്ല. അവരെ ബി.ജെ.പി സംരക്ഷിക്കുകയാണ്. ഒരു സ്ത്രീ എന്നുള്ള നിലയ്ക്ക് എന്നെ എന്തെല്ലാം ഉപദ്രവിക്കാമോ അതെല്ലാം അവര്‍ ചെയ്യുന്നു. തുടര്‍ച്ചയായി എന്നെ അറ്റാക്ക് ചെയ്തുകൊണ്ടിരിക്കുകയാണ്. എന്റെ ആധാര്‍ വരെയും റദ്ദ് ചെയ്യാന്‍ അവര്‍ പരാതി കൊടുത്തു. ഇന്ത്യന്‍ പൗരയായ എന്റെ മൗലികാവകാശം ലംഘിക്കുകയാണ്. ഏതൊരു വ്യക്തിക്കും വോട്ട് ചെയ്യാനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന കൊടുത്തിട്ടുണ്ട്. കള്ള പരാതി കൊടുത്തിട്ട് എന്റെ ആ അവകാശം ഇല്ലാതാക്കുകയാണ്' -സിനി പറഞ്ഞു.

Tags:    

Similar News