കുറ്റമെല്ലാം ദേവസ്വം ഉദ്യോഗസ്ഥര്‍ക്കും എന്‍ വാസുവിനും; ബോര്‍ഡിന് കൈമാറിയത് ഉണ്ണിക്കൃഷ്ണന്‍ പോറ്റി ദേവസ്വം മന്ത്രിക്ക് നല്‍കിയ അപേക്ഷ; ഉദ്യോഗസ്ഥര്‍ നല്‍കിയ രേഖകള്‍ പ്രകാരം നടപടിയെന്നും എ പത്മകുമാറിന്റെ മൊഴി; ആറന്മുളയിലും ബോര്‍ഡ് ആസ്ഥാനത്തും പലവട്ടം പത്മകുമാര്‍ പോറ്റിയ കണ്ടെന്ന് എസ്‌ഐടി; പ്രതി 14 ദിവസത്തേക്ക് റിമാന്‍ഡില്‍; തിരുവനന്തപുരം സ്‌പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റും
കുറ്റമെല്ലാം ദേവസ്വം ഉദ്യോഗസ്ഥര്‍ക്കും എന്‍ വാസുവിനും
കൊല്ലം: ശബരിമല ശ്രീകോവിലിന് മുന്നിലെ കട്ടിളപ്പടിയിലെ സ്വര്‍ണം കവര്‍ന്ന കേസില്‍ അറസ്റ്റിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവുമായ എ. പത്മകുമാര്‍ പഴിക്കുന്നത് ദേവസ്വം ഉദ്യോഗസ്ഥരെയും മുന്‍ ദേവസ്വം കമ്മീഷണറും പ്രതിയുമായ എന്‍ വാസുവിനെയും.
തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തില്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലിനിടെ നല്‍കിയ മൊഴിയിലാണ് പത്മകുമാര്‍ ഉദ്യോഗസ്ഥരെയും മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍. വാസുവിനെയും കുറ്റപ്പെടുത്തുന്നത്. ഉദ്യോഗസ്ഥര്‍ തന്ന രേഖ പ്രകാരമാണ് നടപടിയെടുത്തതെന്നും, ഉണ്ണികൃഷ്ണന്‍ പോറ്റി ദേവസ്വം മന്ത്രിക്ക്് നല്‍കിയ അപേക്ഷയാണ് ബോര്‍ഡിന് കൈമാറിയതെന്നും പത്മകുമാര്‍ മൊഴി നല്‍കി. ദേവസ്വം മന്ത്രിക്ക് നല്‍കിയ അപേക്ഷയാണ് കൈമാറിയതെന്നും ഉത്തരവില്‍ 'സര്‍ക്കാര്‍ അനുമതിയോടെയെന്ന്' രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ഉദ്യോഗസ്ഥര്‍ നല്‍കിയ രേഖകള്‍ പ്രകാരമാണ് നടപടിയെടുത്തതെന്നും പത്മകുമാര്‍ ന്യായീകരിച്ചു.
എന്നാല്‍, പോറ്റിയുമായി ആറന്‍മുളയിലും ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തും പത്മകുമാര്‍ പലതവണ കൂടിക്കാഴ്ച നടത്തിയെന്നും, പോറ്റിക്ക് ശബരിമലയില്‍ സര്‍വ്വ സ്വാതന്ത്ര്യം നല്‍കിയിരുന്നുവെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. നേരത്തെ അറസ്റ്റിലായ മുരാരി ബാബു ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ബോര്‍ഡ് തീരുമാനപ്രകാരമാണ് നടപടിയെടുത്തതെന്ന് മൊഴി നല്‍കിയിരുന്നു. പത്മകുമാര്‍ പറഞ്ഞിട്ടാണ് സ്വര്‍ണം ചെമ്പാക്കി ഉത്തരവിറക്കിയതെന്നും ഇവരുടെ മൊഴികളിലുണ്ട്.
ബോര്‍ഡിന്റെ അറിവോടെ തട്ടിപ്പ്
കട്ടിള പാളി കേസില്‍ അന്നത്തെ ബോര്‍ഡിന്റെ അറിവോടെയാണ് തട്ടിപ്പ് നടന്നതെന്നാണ് എസ്.ഐ.ടിയുടെ പ്രാഥമിക കണ്ടെത്തല്‍. എ. പത്മകുമാര്‍ അധ്യക്ഷനായ 2019-ലെ ബോര്‍ഡിനെ കേസില്‍ എട്ടാം പ്രതിയായി പ്രതി ചേര്‍ത്തിരുന്നു. ബോര്‍ഡിന്റെ അറിവോടെയാണ് പാളികള്‍ ഇളക്കിയെടുത്ത് പോറ്റിക്ക് കൊടുത്തതെന്നാണ് എസ്.ഐ.ടി. എഫ്.ഐ.ആര്‍. ദേവസ്വം വിജിലന്‍സും നേരത്തെ ബോര്‍ഡിന്റെ പങ്ക് കണ്ടെത്തിയിരുന്നു.
വീട്ടില്‍ കനത്ത സുരക്ഷ; റിമാന്‍ഡ് ചെയ്തു
ഇന്ന് രാവിലെ പത്തനംതിട്ടയിലെ വീട്ടില്‍ നിന്ന് ചോദ്യം ചെയ്യലിനായി ഹാജരായതിന് ശേഷമാണ് പത്മകുമാറിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ ആറന്മുളയിലെ പത്മകുമാറിന്റെ വീടിന് കനത്ത പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി. വീട്ടിലേക്കുള്ള വഴികളെല്ലാം ബാരിക്കേഡ് സ്ഥാപിച്ച് പോലീസ് അടച്ചു. പ്രതിഷേധം കണക്കിലെടുത്താണ് സുരക്ഷ.
അറസ്റ്റിലായ പത്മകുമാറിനെ മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി. പത്മകുമാറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതിയെ തിരുവനന്തപുരം സസ്‌പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റും
സി.പി.എം. പ്രതികരണം: 'ആരെയും സംരക്ഷിക്കില്ല'
അറസ്റ്റ് വിഷയത്തില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പ്രതികരിച്ചു. 'പത്മകുമാര്‍ കുറ്റക്കാരനാണോ എന്ന് പറയേണ്ടത് കോടതിയാണ്. ഒരാളേയും പാര്‍ട്ടി സംരക്ഷിക്കുകയില്ല. സ്വര്‍ണക്കൊള്ളയില്‍ സി.പി.എമ്മിന് പങ്കില്ല,' അദ്ദേഹം വ്യക്തമാക്കി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമും ആവര്‍ത്തിച്ചു. 'ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ ആളുകളെയും തൂക്കി എടുത്ത് അകത്ത് ഇടാന്‍ ആണ് മുഖ്യമന്ത്രി പറഞ്ഞിട്ടുള്ളത്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
