മുനമ്പം ഭൂമി വിഷയത്തില്‍ സമസ്തയില്‍ അടി; വഖഫ് ഭൂമി വിട്ടുകൊടുക്കാനാവില്ലെന്ന ഉമ്മര്‍ ഫൈസിയുടെയും, മുസ്തഫ മുണ്ടുപാറയുടെയും വാദങ്ങള്‍ തള്ളി അബ്ദുസമദ് പൂക്കോട്ടൂര്‍ രംഗത്ത്; മുസ്ലീം ലീഗിന്റെ സമവായ ശ്രമങ്ങളെ തടയാന്‍ ലക്ഷ്യമിട്ട് ഇ കെ സുന്നികളുടെ നീക്കം; എരിതീയില്‍ എണ്ണയായി സുപ്രഭാതം ലേഖനവും

മുനമ്പം ഭൂമി വിഷയത്തില്‍ സമസ്തയില്‍ അടി

Update: 2024-11-15 14:00 GMT

മലപ്പുറം: മുനമ്പം ഭൂമി വിഷയത്തില്‍ സമസ്തയില്‍ അടി. സമസ്ത മുശവാറാംഗം ഉമര്‍ ഫൈസി മുക്കത്തിന്റെ പ്രതികരണം കാര്യങ്ങള്‍ മനസിലാക്കാതെയാണെന്നു സുന്നി യുവജന സംഘം സെക്രട്ടറിയും സമസ്ത നേതാവുമായ അബ്ദു സമദ് പൂക്കോട്ടൂര്‍. വിഷയത്തില്‍ അഭിപ്രായം പറയേണ്ടത് സമസ്ത നേതൃത്വമാണെന്നും ആരെങ്കിലും പൊതുയോഗത്തിലോ മറ്റോ അഭിപ്രായം പറയുന്നത് സമസ്തയുടെ നിലപാടായി കാണാനാകില്ലെന്നുമാണു വിഷയത്തില്‍ അബ്ദുസമദ് പൂക്കോട്ടൂര്‍ പ്രതികരിച്ചത്.

മുനമ്പം വിഷയം രാഷ്ട്രീയമോ വര്‍ഗീയമോ ആക്കരുതെന്നും സുപ്രഭാതത്തിലെ ലേഖനം സമസ്തയുടെ അഭിപ്രായമല്ലെന്നും അബ്ദു സമദ് പൂക്കോട്ടൂര്‍ പറഞ്ഞു. ഉമ്മര്‍ ഫൈസി ഒരു സമ്മേളനത്തിലും, യുവജനവിഭാഗം നേതാവ് മുസ്തഫ മുണ്ടുപാറ പാര്‍ട്ടി പത്രത്തില്‍ എഴുതിയ ലേഖനത്തിലും ആണ് മുനമ്പം ഭൂമി വഖഫ് ഭൂമിയാണെന്നും വിട്ടുകൊടുക്കാനാവില്ലെന്നും വ്യക്തമാക്കിയിരുന്നത്. ഇതിനു മറുപടിയുമായാണിപ്പോള്‍ അബ്ദുസമദ് പൂക്കോട്ടൂര്‍ രംഗത്തുവന്നത്. ഭൂമി അവിടെ താമസിക്കുന്നവര്‍ക്ക് തന്നെ വിട്ടുകൊടുക്കണമെന്ന മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തിന്റെ തീരുമാനത്തെ ഇരുവരും തള്ളിപ്പറയുകയും ചെയ്തു.

മുനമ്പത്തേത് വഖഫ് ഭൂമി തന്നെയാണെന്നും 1950ലാണ് അത് വഖഫായതെന്നുമാണ് സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം വ്യക്തമാക്കിയത്. വഖഫ് സ്വത്ത് വില്‍ക്കാന്‍ പാടില്ല. അതറിയാതെ സ്ഥലം വാങ്ങിയവര്‍ക്ക് വിറ്റവരില്‍ നിന്ന് വില തിരികെ വാങ്ങികൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞു. ഇതിനെ തള്ളിയാണ് അബ്ദു സമദ് പൂക്കോട്ടൂര്‍ രംഗത്തെത്തിയത്. ഇതിനെതിരെ ഇ.കെ സുന്നി വിഭാഗത്തിലെ മുസ്ലിം ലീഗ് പക്ഷം രംഗത്തുവന്നു. ഉമര്‍ ഫൈസി മുഖത്തിന്റെ നിലപാട് തള്ളിയ അബ്ദു സമദ് പൂക്കോട്ടൂര്‍ സ്ഥലം വിലകൊടുത്തു വാങ്ങിയവരുടെ കണ്ണീര് അവഗണിക്കരുതെന്നും പറഞ്ഞു.

അതേ സമയം മുനമ്പം വിഷയത്തിന്റെ ചരിത്രത്തിലേക്ക് പോയാല്‍ ഏറ്റവുമധികം ബുദ്ധിമുട്ടുക ഇടതുപക്ഷമാണെന്ന് മുസ്്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറത്ത് മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂപ്രശ്നത്തിന്റെ പേരില്‍ സമുദായങ്ങളെ തമ്മിലടിപ്പിക്കുന്ന നിലപാടിനെ മാധ്യമങ്ങള്‍ പ്രോത്സാഹിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗീയ വിഭജനമുണ്ടാക്കാന്‍ വേണ്ടി ഉപയോഗിക്കുന്ന വിഷയമാണിത്. അത് കേരളത്തിന്റെ നല്ല അന്തരീക്ഷത്തിന് ചേര്‍ന്ന കാര്യമല്ല. മുസ്്ലിം സംഘടനകള്‍ യോഗം കൂടി കാര്യം വ്യക്തമാക്കിയതാണ്. മുനമ്പത്ത് താമസിക്കുന്നവരുടെ പ്രശ്നം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും തങ്ങള്‍ പൂര്‍ണമായും സഹകരിക്കാമെന്നും പറഞ്ഞിരുന്നു. അതില്‍ എല്ലാമുണ്ട്. ഇനി അതിന്റെ സാങ്കേതികത്വത്തില്‍ തൂങ്ങി സമുദായങ്ങളെ തമ്മിലടിപ്പിക്കുന്ന കാര്യത്തെ ആരും പ്രോത്സാഹിപ്പിക്കരുത്.

വിഷയത്തിലെ പഴയ ചരിത്രത്തിലേക്ക് പോയാല്‍ ഏറ്റവും ബുദ്ധിമുട്ടുണ്ടാകുക ഇടതുപക്ഷത്തിനാണ്. ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്താണ് ഈ പ്രശ്നം വരുന്നത്. 2009ല്‍ നിസാര്‍ കമ്മിഷനെ നിയോഗിച്ചത് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്താണ്. ആ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഭൂമി പിടിച്ചെടുക്കണം ഏറ്റെടുക്കണം എന്നൊക്കെ തീരുമാനിച്ചത്. ആ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പിന്നീടുണ്ടായ നടപടികളൊക്കെ. ബോര്‍ഡ് ചെയര്‍മാന്‍മാരൊക്കെ മാറി വന്നിട്ടുണ്ടാകും. അസംബ്ലിയില്‍ പല ചോദ്യങ്ങളുമയര്‍ന്നിട്ടുണ്ടാവും. വിഷയത്തിന്റെ തുടക്കമിട്ടത് ഇടതുപക്ഷം തന്നെയാണെന്നും കുഞ്ഞാലിക്കുട്ടി അടിവരയിട്ടു.

ഇടക്ക് ഓരോരുത്തര്‍ പറയുന്ന പ്രസ്താവനകള്‍ വെച്ച് കേരളത്തില്‍ സമുദായങ്ങളെ തമ്മിലടിപ്പിക്കുന്ന ചേരിതിരിവ് ഉണ്ടാക്കുന്ന പരിപാടികള്‍ നടത്തരുത്. വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് ആവശ്യമാണ്. പക്ഷേ, ഇത് വിഭാഗീയത സൃഷ്ടിക്കാനാവരുത്. മുസ്്ലിംലീഗിന്റെ നിലപാടിന് തിരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞാലും ലീഗിന്റെ നിലപാട് അവിടെ രമ്യമായ പരിഹാരം വേണമെന്ന് തന്നെയാണ്. സാദിഖലി ശിഹാബ് തങ്ങള്‍ മുസ്്ലിം സംഘടനകളുടെ യോഗം വിളിച്ചിരുന്നു. ഇപ്പോള്‍ അജണ്ടയിലുള്ള വിഷയം, അവിടുത്തെ ബിഷപ്പുമാരുമായി അവസരം ലഭിച്ചാല്‍ സംസാരിക്കണമെന്നാണ്. ആ നിലയിലേക്ക് ഞങ്ങള്‍ കാര്യങ്ങള്‍ നീക്കുന്നുണ്ട്. സര്‍ക്കാര്‍ രമ്യമായ പരിഹാരം ഉണ്ടാക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ തന്നെ അതിന് മുന്‍കൈയെടുക്കും.

പരിഹാരമുണ്ടാക്കാനാകുന്ന വിഷയമാണിത്. എന്തിനാണ് വെറുതെ ഈ വിഷയം എടുത്തിട്ട് സാമുദായിക ചേരിതിരിവ് ഉണ്ടാക്കുന്നത്. ബി.ജെ.പി കേന്ദ്രസംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെ ഓരോരുത്തര്‍ മുനമ്പത്ത് വന്ന് വര്‍ഗീയ പ്രസംഗങ്ങള്‍ നടത്തുകയാണ്. എന്നാല്‍ സര്‍ക്കാര്‍ ഇപ്പോഴും അനങ്ങാപാറ നയം തുടരുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം, സെക്രട്ടറി പ്രഫ. കെകെ ആബിദ് ഹൂസൈന്‍ തങ്ങള്‍ സന്നിഹിതരായിരുന്നു.

മുനമ്പം ഭൂമിയെ ചൊല്ലിയുള്ള വിവാദം വര്‍ഗീയ ചേരിതിരിവിന് ഇടയാക്കിയിരിക്കെയാണ് പൊതുവേ മിതവാദികളായി അറിയപ്പെടുന്ന ഇ കെ സുന്നി വിഭാഗത്തിന്റെ നേതാക്കള്‍ തര്‍ക്കം മൂര്‍ച്ഛിപ്പിക്കുന്ന നിലപാടുമായി എത്തിയത്. ഇക്കാര്യത്തില്‍ മുസ്ലിം ലീഗ് നടത്തുന്ന സമവായ നീക്കങ്ങളെ തടയാന്‍ കൂടി ലക്ഷ്യമിട്ടാണ് ലീഗുമായി ഇടഞ്ഞ ഇ കെ സുന്നികളുടെ നീക്കം. ഇടതു സര്‍ക്കാര്‍ വിഷയത്തില്‍ പരിഹാരമില്ലാതെ ആശയക്കുഴപ്പത്തില്‍ ആയിരിക്കുന്നതിനിടെയാണ് സര്‍ക്കാരുമായി നല്ല ബന്ധമുള്ള ഇ കെ സുന്നി വിഭാഗത്തില്‍ ഒരു വിഭാഗം ഭൂമി വിട്ടുകൊടുക്കാന്‍ ആകില്ല എന്ന് നിലപാട് വ്യക്തമാക്കിയത്. നിലപാട് മാറ്റത്തിന് പിന്നില്‍ സര്‍ക്കാറിന്റെ ഇടപെടല്‍ ഉണ്ടോ എന്നും മറുവിഭാഗം സംശയിക്കുന്നു.

Tags:    

Similar News