സ്വര്‍ണ്ണം കവര്‍ന്നെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി; കല്‍പ്പേഷിനെ എത്തിച്ചത് ഗൂഡാലോചനയുടെ ഭാഗം; പലരില്‍ നിന്നും പണം വാങ്ങി; ദേവസ്വം ഉദ്യോഗസ്ഥരെ കൂടാതെ ഭരണസമിതിയും സഹായിച്ചു; ഇവര്‍ക്കെല്ലാം പ്രത്യുപകാരം ചെയ്തു; 'സ്‌പോണ്‍സറുടേത്' കൂട്ടക്കൊള്ള ഉറപ്പിക്കും കുറ്റസമ്മതം; മുരാരി ബാബുവും അകത്താകും

Update: 2025-10-17 04:04 GMT

തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശില്‍പ്പപാളിയിലെയും വാതില്‍പ്പടിയിലെയും സ്വര്‍ണം കവര്‍ന്ന കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റി അറസ്റ്റോടെ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്. സംഭവത്തില്‍ വലിയ ഗൂഢാലോചന നടന്നു. കല്‍പേഷിനെ കൊണ്ടുവന്നതും ഗൂഢാലോചനയുടെ ഭാഗമാണ്. പോറ്റി സ്‌പോണ്‍സറായി അപേക്ഷ നല്‍കിയപ്പോള്‍ മുതല്‍ ഗൂഢാലോചന തുടങ്ങി. ദേവസ്വം ഉദ്യോഗസ്ഥര്‍ക്കെതിരെ ഉണ്ണികൃഷ്ണന്‍ പോറ്റി മൊഴി നല്‍കിയതായാണ് വിവരം. ഇഞ്ചക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ എസ് പി ശശിധരന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച രാത്രി വൈകിയും ചോദ്യം ചെയ്തിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ശില്‍പപാളികള്‍ സ്വര്‍ണം പൊതിഞ്ഞതാണെന്ന് അറിയാമായിരുന്നിട്ടും ചെമ്പ് തകിടുകള്‍ എന്ന് മഹസറിലെഴുതി ശുപാര്‍ശ നല്‍കിയ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെയും ഉടന്‍ കസ്റ്റഡിയിലെടുക്കും. ഇയാളേയും ചോദ്യം ചെയ്യും. 2024ലും സ്വര്‍ണപ്പാളികള്‍ വീണ്ടും ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് തന്നെ നേരിട്ടു നല്‍കാന്‍ ഇയാള്‍ ശ്രമിച്ചിരുന്നു. കോട്ടയം ചങ്ങനാശേരി സ്വദേശിയായ മുരാരി ബാബുവിനേയും അറസ്റ്റു ചെയ്യും. സ്വര്‍ണ്ണ കട്ടിളയില്‍ സമാന തിരുത്തല്‍ വരുത്തിയ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസുവിനേയും അറസ്റ്റു ചെയ്യാന്‍ സാധ്യതയുണ്ട്. നിലവില്‍ വാസു പ്രതിപട്ടികയില്‍ ഇല്ല.

വ്യാഴാഴ്ച പകല്‍ കിളിമാനൂരിനടുത്തെ പുളിമാത്തെ വീട്ടില്‍നിന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ കസ്റ്റഡിയിലെടുത്തത്. തെളിവുകള്‍ നിരത്തിയുള്ള ചോദ്യം ചെയ്യലില്‍ സ്വര്‍ണം കവര്‍ന്നതായി സമ്മതിച്ചതായാണ് വിവരം. മോഷ്ടിച്ച സ്വര്‍ണം കൈമാറിയത് ബംഗളൂരു സ്വദേശി കല്‍പേഷിനാണെന്ന് പറഞ്ഞെങ്കിലും ഇത് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. കല്‍പേഷിനെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങളും എസ്‌ഐടിക്ക് ലഭിച്ചു. ദ്വാരപാലക ശില്‍പ്പപാളിയിലെയും വാതില്‍പ്പടിയിലെയും സ്വര്‍ണം കവര്‍ന്ന രണ്ട് കേസുകളിലും ഒന്നാംപ്രതിയാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റി.

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ആസ്ഥാനത്തും ശബരിമലയിലും സ്വര്‍ണംപൂശിയ ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിലും ഹൈദരാബാദിലെ സ്ഥാപനങ്ങളിലും സുഹൃത്തുക്കളുടെ വീടുകളിലും നടത്തിയ പരിശോധനകളില്‍ പിടിച്ചെടുത്ത രേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ഉണ്ണിക്കൃഷ്ണനെ കസ്റ്റഡിയിലെടുത്തത്. അന്വേഷണ സംഘം ഹൈദരാബാദിലും ചെന്നൈയിലും പരിശോധന തുടരുന്നുണ്ട്. എത്ര സ്വര്‍ണം കൊള്ളയടിച്ചു, എവിടെ ഒളിപ്പിച്ചു, ശില്‍പ്പങ്ങളിലെ സ്വര്‍ണപ്പാളി മുറിച്ചുവിറ്റോ, മറ്റ് ദേവസ്വം ഉദ്യോഗസ്ഥര്‍ക്കോ മറ്റുള്ളവര്‍ക്കോ പങ്കുണ്ടോ എന്നിവയെല്ലാമാണ് അന്വേഷിക്കുന്നത്.

ഉണ്ണികൃഷ്ണന്‍ പോറ്റിയെ കസ്റ്റഡിയില്‍ കിട്ടിയാല്‍ പത്തനംതിട്ടയിലെ ഏതെങ്കിലും ക്യാമ്പിലെത്തിച്ച് പ്രാഥമികമായി ചോദ്യം ചെയ്യും. അതിനുശേഷമായിരിക്കും അന്വേഷണ സംഘം തെളിവെടുപ്പ് അടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കുക. ഹൈദരാബാദ് അടക്കമുള്ളയിടങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. ഇതുവരെ തൊണ്ടിമുതലൊന്നും കണ്ടെത്താനായിട്ടില്ല. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പിന്നില്‍ ആരൊക്കെയുണ്ട് എന്നും കണ്ടെത്തേണ്ടതുണ്ട്.

പലരില്‍ നിന്നും പണം വാങ്ങിയിട്ടുണ്ട്. ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരെ കൂടാതെ ഭരണസമിതിയും സഹായിച്ചിട്ടുണ്ട്. ഇവര്‍ക്കെല്ലാം പ്രത്യുപകാരം ചെയ്തിട്ടുണ്ടെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

Similar News