നേര്‍ച്ചപ്പെട്ടിയും ചാക്കും നോട്ടുകള്‍ കൊണ്ട് നിറയുന്നു; നിക്ഷേപ പരിധി കവിഞ്ഞ് അക്കൗണ്ട് ബ്ലോക്കാവുന്നു; ഹീറോയായി സസ്പെന്‍ഡ് ചെയ്യപ്പെട്ട ടിഎംസി എംഎല്‍എ ഹുമയൂണ്‍; പിന്നില്‍ ബിജെപിയെന്നും ആക്ഷേപം; മുര്‍ഷിദാബാദില്‍ നിര്‍മ്മിക്കുന്ന ബാബറി മസ്ജിദിന്റെ പതിപ്പിനെ ചൊല്ലി വിവാദം

മുര്‍ഷിദാബാദില്‍ നിര്‍മ്മിക്കുന്ന ബാബറി മസ്ജിദിന്റെ പതിപ്പിനെ ചൊല്ലി വിവാദം

Update: 2025-12-09 17:03 GMT

മൂര്‍ഷിദാബാദ്: 2011-ലെ സെന്‍സസ് പ്രകാരം ഏകദേശം 66.27 ശതമാനം മുസ്ലീങ്ങളുള്ള ജില്ലയാണ് പശ്ചിമബംഗാളിലെ മൂര്‍ഷിദാബാദ്. അവിടുത്തെ ഭരത്പൂര്‍ എന്ന മണ്ഡലത്തിലെ ഒരു എംഎല്‍എയാണ്് തൃണമുല്‍ കോണ്‍ഗ്രസില്‍നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട ഹുമയൂണ്‍ കബീര്‍. ആശാന്‍ ഇപ്പോള്‍ ദിവസങ്ങള്‍ കൊണ്ട് കോടീശ്വരനും, ലോകമെമ്പാടുമുള്ള മുസ്ലീങ്ങളുടെ ശ്രദ്ധാകേന്ദ്രവുമായി മാറിയിരിക്കയാണ്. മുര്‍ഷിദബാദിലെ ബെല്‍ദംഗയില്‍ ബാബറി മസ്ജിദ് പുനര്‍നിര്‍മ്മിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. വെറുതെ പറയുക മാത്രമല്ല, ബാബരി ദിനമായ ഡിംസബര്‍ 6ന് അദ്ദേഹം അതിന്റെ ശിലാസ്ഥാപനവും നിര്‍വഹിച്ചു!

ഇതോടെ ഇവിടേക്ക് പണം കുത്തിയൊഴുകയാണെന്നാണ് ടൈംസ് ഓഫ് ഇന്ത്യയടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുപിഐ വഴി മാത്രം ഇതുവരെയെത്തിയത് രണ്ടരക്കോടി രൂപയാണ്. ശിലാസ്ഥാപന ചടങ്ങിന് ശേഷം വലിയ സ്റ്റീല്‍ പെട്ടികളിലേക്ക് പണം നിക്ഷേപിക്കാന്‍ തുടങ്ങുകയായിരുന്നു. അങ്ങനെ അവ നിറഞ്ഞു കവിയുകയായിരുന്നു. പല നോട്ടുകളും ലക്ഷ്യത്തിലെത്തിയില്ല. അത്തരം നോട്ടുകള്‍ ചാക്കുകളില്‍ നിറച്ചു. അവയും നിറഞ്ഞു. ഒടുവില്‍ ബാങ്കിന്റെ പണ നിക്ഷേപ പരിധി കവിഞ്ഞ് അക്കൗണ്ട് ബ്ലോക്കായതിനാല്‍ സംഭാവന നല്‍കരുതെന്ന് ഹുമയൂണ്‍ കബീര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരിക്കയാണ്!

കോടികള്‍ കുമിഞ്ഞു കൂടുന്നു

ഇതോടെ വലിയ വിവാദങ്ങളും ഉയര്‍ന്നിരിക്കയാണ്. ഇങ്ങനെ കിട്ടുന്ന പണത്തിന്റെ ഒരു ഭാഗം ഹുമയൂണ്‍ കബീര്‍ അടിച്ചുമാറ്റുകയാണെന്ന് ആരോപണം ഉയര്‍ന്നു കഴിഞ്ഞു. വിവാദങ്ങളെ തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ഇയാളെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇപ്പോള്‍ അസദുദ്ദീന്‍ ഉവൈസിയുടെ എഐഎംഐഎയിലേക്ക് കൂടുമാറാനാണ് അദ്ദേഹം നീക്കം നടത്തുന്നത്. അതേസമയം ഹുമയൂണിന്റെ പള്ളിക്കായി രാജ്യത്തിന് പുറത്തുനിന്ന് പണം വരുന്നുണ്ടെന്നും, തീവ്രവാദ ശക്തികള്‍ ഇതിന്റെ പിറകിലുണ്ടെന്നും അതിനാല്‍ ഇ ഡി അന്വേഷിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. ബാബറി മസ്ജിദിന്റെ ഒരു പതിപ്പ് നിര്‍മ്മിക്കുന്നത്, സ്വതവേ സാമുദായിക സംഘര്‍ഷങ്ങളാല്‍ കലുഷിതമായ മുര്‍ഷിദാബാദില്‍ വീണ്ടും പ്രശ്നം സൃഷ്ടിക്കുമെന്നും ഭീതിയുണ്ട്.

ഡിസംബര്‍ 6 ന് പള്ളിയുടെ കല്ലിടല്‍ ചടങ്ങിന് ശേഷം ഹുമയൂണ്‍ കബീര്‍ സംഭാവനകള്‍ക്കായി അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിനുശേഷം, സംഭാവന നല്‍കാനുള്ളവരുടെ അനിയന്ത്രിത തിരക്കാണ് കാണാന്‍ കഴിയുക. ബെല്‍ദംഗയില്‍ സൂക്ഷിച്ചിരുന്ന 11 സംഭാവന പെട്ടികള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ നോട്ടുകള്‍ കൊണ്ട് നിറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ക്യുആര്‍ കോഡ് വഴിയും പണവും ഒഴുകാന്‍ തുടങ്ങി. തിങ്കളാഴ്ച വൈകുന്നേരം വരെ ഓണ്‍ലൈന്‍ യുപിഐ വഴി 2.47 കോടി രൂപ കൈമാറ്റം ചെയ്യപ്പെട്ടതായി ഹുമയൂണ്‍ കബീര്‍ പറഞ്ഞു. മറ്റ് ആറ് സംഭാവന പെട്ടികളിലായി 57 ലക്ഷം രൂപയാണിതുവരെ എത്തിയത്. ഇതേ തുടര്‍ന്ന് മെഷീനുകള്‍ വഴിയുള്ള പണത്തിന്റെ എണ്ണല്‍ തുടരുകയാണ്.

പശ്ചിമ ബംഗാളില്‍ നിന്ന് മാത്രമല്ല രാജ്യത്തുടനീളമുള്ള മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ആളുകള്‍ മുര്‍ഷിദാബാദില്‍ നിര്‍മ്മിക്കാന്‍ പോകുന്ന ബാബറി മസ്ജിദിനായി സംഭാവന നല്‍കുന്നുണ്ട്. ബാബറി മസ്ജിദ് അതേപോലെയുള്ള മാതൃകയുടെ നിര്‍മ്മാണത്തിനായി 38 കോടി രൂപയുടെ ബജറ്റാണ് ഹുമയൂണ്‍ കണക്കാക്കിയത്. ഇപ്പോഴും ഇഷ്ടികകളും പണവുമായി ആളുകള്‍ ബെല്‍ദംഗയിലേക്ക് പ്രവഹിക്കയാണ്.റിപ്പോര്‍ട്ടുകള്‍ പ്രകാരം ഞായറാഴ്ച രാത്രി കബീര്‍ തന്റെ ബെഹ്റാംപൂര്‍ വസതിയില്‍ പണം എണ്ണാന്‍ പ്രാദേശിക മദ്രസകളില്‍ നിന്നുള്ള 30 അധ്യാപകരെ ചുമതലപ്പെടുത്തിയെന്നാണ്. സിസിടിവി നിരീക്ഷണത്തിലാണ് എണ്ണല്‍ നടത്തിയത്.

സുതാര്യത നിലനിര്‍ത്തുന്നതിനായി മുഴുവന്‍ പ്രക്രിയയും തത്സമയം സംപ്രേഷണം ചെയ്തു. പൊതുജനങ്ങളുടെ പിന്തുണ എല്ലാ പ്രതീക്ഷകളെയും കവിയുന്നുവെന്ന് കബീര്‍ പറഞ്ഞു. ഇന്ത്യക്ക് പുറത്തുനിന്ന് സംഭാവനകള്‍ ലഭിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. പള്ളിക്ക് വേണ്ടി ആളുകള്‍ സ്വമേധയാ സംഭാവന നല്‍കിയതായി കബീര്‍ പറഞ്ഞു. ആ പണം ശരിയായി ഉപയോഗിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. സംഭാവനപ്പെട്ടിയില്‍ നിന്ന് വിദേശ കറന്‍സി കണ്ടെത്തിയെന്ന അഭ്യൂഹങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം തള്ളിക്കളഞ്ഞു.

പിന്നില്‍ ബിജെപിയോ?

കഴിഞ്ഞ കുറേക്കാലമായി തൃണമൂല്‍ ജില്ലാനേതൃത്വവും, ഹുമയൂണുമായി ശീതസമരം നടക്കുകയാണ്. ഇതിന്റെ ക്ലൈമാക്സിലാണ് ബാബറി മസ്ജിദ് മാതൃക നിര്‍മ്മിക്കുമെന്ന പ്രഖ്യാപണം അദ്ദേഹം നടത്തിയത്. ഇതോടെയാണ് പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തത്. വിവാദപരമായ പരാമര്‍ശം നടത്തുന്നതിനെതിരെ ടിഎംസി നേതൃത്വം ഇദ്ദേഹത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് മേധാവിയുമായ മമത ബാനര്‍ജി കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. മസ്ജിദ് നിര്‍മ്മാണ നീക്കവുമായി പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ലെന്നും അവര്‍ അറിയിച്ചു. പക്ഷേ ബാബറി പള്ളിയുടെ മാതൃക നിര്‍മ്മിക്കുന്ന ഒറ്റ പ്രഖ്യാപനത്തോടെ അയാള്‍ ഇസ്ലാമിക സര്‍ക്കളില്‍ ഹീറോയായി.

നേരത്തെ പാര്‍ട്ടി ജില്ലാഘടകത്തെ തിരുത്താന്‍ ഓഗസ്റ്റ് 15വരെ ഇയാള്‍ സമയം അനുവദിച്ചിരുന്നു. പാര്‍ട്ടിയില്‍ ശുദ്ധീകരണം നടന്നില്ലെങ്കില്‍, പുതിയ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. പക്ഷേ തൃണമൂല്‍ അതൊന്നും വകവെച്ചില്ല. പക്ഷേ ഇപ്പോള്‍ മതം എടുത്തിട്ടുള്ള ഒരു പൂഴിക്കടകന്‍ നടത്തിയതോടെ ടിഎംസി നേതൃത്വം ഭീതിയിലാണ്. ഇത്രയും പിന്തുണയുള്ള അയാള്‍ ഒരു പാര്‍ട്ടിയുണ്ടാക്കിയാല്‍, മുര്‍ഷിദാബാദ്, മാള്‍ഡ, നോര്‍ത്ത് ദിനാജ്പൂര്‍, നാദിയ, സൗത്ത് ദിനാജ്പൂര്‍ ജില്ലകളിലെ ചില ഭാഗങ്ങളില്‍ സമവാക്യങ്ങള്‍ മാറുമെന്ന് അവര്‍ ഭയക്കുന്നു. ഇതുവരെ ഇവിടുത്തെ മുസ്ലീം വോട്ടുകള്‍ ഒന്നടങ്കം തൃണമൂലിന് എത്തുകയായിരുന്നു പതിവ്.

പള്ളിയെച്ചൊല്ലിയുള്ള കോലാഹലങ്ങള്‍ക്കിടയില്‍ തനിക്ക് വധഭീഷണി ലഭിച്ചതായി ഹുമയൂണ്‍ പറഞ്ഞു. നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ മൂന്ന് പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. കേന്ദ്ര സേനയെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്‍ക്കത്ത ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ഹുമയൂണ്‍ കബീര്‍ പറഞ്ഞു. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ഹുമയൂണ്‍ കബീര്‍ ദല്‍ഹിയിലേക്ക് പോകുമെന്നും എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീന്‍ ഒവൈസി ഉള്‍പ്പെടെ നിരവധി രാഷ്ട്രീയ നേതാക്കളെ കാണുമെന്നും എംഎല്‍എയുടെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. പക്ഷേ ഹുമയൂണിനെ എടുക്കുന്നതില്‍ ഒവൈസിയുടെ പാര്‍ട്ടിയിലും ഭിന്നതയുണ്ട്.

എ.ഐ.എം.ഐ.എിന്റെ ദേശീയ വക്താവ് സയ്യിദ് അസിം വഖാര്‍ ഹുമയൂണ്‍ കബീറിനോടുളള്ള എതിര്‍പ്പ് പരസ്യമാക്കിയിട്ടുണ്ട്. കബീറിന്റെ രാഷ്ട്രീയ വിശ്വസ്തതയെക്കുറിച്ചുള്ള സംശയവും അദ്ദേഹം ഉയര്‍ത്തി. മുതിര്‍ന്ന ബിജെപി നേതാവ് സുവേന്ദു അധികാരിയുമായും ബിജെപിയുടെ കേന്ദ്ര നേതൃത്വവുമായും ഹുമയൂണ്‍ കബീര്‍ വളരെ അടുത്തിലാണെന്ന് ആരോപണമുണ്ട്. 'ദേശീയ തലത്തില്‍ ബിജെപിയുടെ പ്രധാന തന്ത്രവുമായി അധികാരി അടുത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം,'' വഖാര്‍ പറഞ്ഞു. കബീറിന്റെ സമീപകാല നടപടികള്‍ക്ക് പിന്നിലെ രാഷ്ട്രീയ കാരണങ്ങളെക്കുറിച്ച് പശ്ചിമ ബംഗാളിലെ മുസ്ലീങ്ങള്‍ക്ക് പൂര്‍ണ്ണമായി അറിയാമെന്നും ആരാണ് ചരട് വലിക്കുന്നതെന്നും എന്തിനുവേണ്ടിയാണെന്നും അവര്‍ക്ക് മനസ്സിലാകുമെന്നും എഐഎംഐഎം വക്താവ് അവകാശപ്പെട്ടു.

അതായത് ഹുമയൂണ്‍ കബീറിന് പിന്നില്‍ ബിജെപിയുടെ ബുദ്ധിയാണെന്നാണ് ഇവര്‍ ആരോപിക്കുന്നത്. കാരണം ഇങ്ങനെ ഒരു പുതിയ പാര്‍ട്ടിയുണ്ടായാ ല്‍ ഈ ജില്ലകളിലെ മുസ്ലീം വോട്ട് ഭിന്നിക്കും. മൂന്ന് ജില്ലകളിലായി അമ്പതിലേറെ മണ്ഡലങ്ങളില്‍ ഇതോടെ ടിഎംസിയുടെ സാധ്യതകള്‍ ഇല്ലാതാവും. അങ്ങനെ ബിജെപിക്ക് ഭരണംപിടിക്കാനുള്ള ഒരു ട്രോജന്‍ കുതിരയാണ്, മുര്‍ഷിദാബാദില്‍ സ്ഥാപിക്കുന്ന ബാബറി പള്ളിയുടെ പതിപ്പ് എന്നും ആരോപമുണ്ട്. ബിജെപി പരോക്ഷപിന്തുണ ഇല്ലായിരുന്നെങ്കില്‍ ഇയാളെ ഇ ഡി പൊക്കുമായിരുന്നില്ലേ എന്നും ചോദ്യം ഉയരുന്നുണ്ട്. എന്നാല്‍ തങ്ങള്‍ക്ക് ഇത്തരം കാര്യങ്ങളില്‍ യാതൊരു ബന്ധമില്ലെന്നും പ്രശ്നങ്ങള്‍ പഠിച്ചുവരികയാണെന്നുമാണ് ബിജെപി ജില്ലാ നേതൃത്വം പറയുന്നത്.

Tags:    

Similar News