ഏറ്റവും കൂടുതല്‍ പ്രീ-ബുക്കിങ് നേടിയ പുസ്തകത്തിനുള്ള അന്താരാഷ്ട്ര റെക്കോര്‍ഡ് അവാര്‍ഡ് 'സിസ്റ്റം ഔട്ട് കമ്പ്‌ലീറ്റ്' നേടിയ സന്തോഷ വാര്‍ത്ത അറിയിക്കട്ടെ!; ആദ്യത്തെ 24 മണിക്കൂറില്‍ 2000 കോപ്പി എന്നത് അത്ഭുതകരമാണെന്ന് ജൂറി അഭിപ്രായപ്പെട്ടതായി കേട്ടു..! തിരുവനന്തപുരം മേയറുടെ യുകെ പാര്‍ലമെന്റ് അവാര്‍ഡിനെ ട്രോളി എന്‍ പ്രശാന്ത് ഐഎഎസ്
ഏറ്റവും കൂടുതല്‍ പ്രീ-ബുക്കിങ് നേടിയ പുസ്തകത്തിനുള്ള അന്താരാഷ്ട്ര റെക്കോര്‍ഡ് അവാര്‍ഡ് 'സിസ്റ്റം ഔട്ട് കമ്പ്‌ലീറ്റ്'
തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ യുകെ പാര്‍ലമെന്റില്‍ 'World Book of Records' സംഘടിപ്പിച്ച ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് എക്‌സലന്‍സ് അവാര്‍ഡ് ഏറ്റുവാങ്ങിയത് വലിയ സംഭവമാണെന്ന വിധത്തില്‍ വലിയപ്രചരണമാണ് ഇടതു സൈബര്‍ പ്രൊഫൈലുകള്‍ പ്രചരിപ്പിക്കുന്നത്. അതേസമയം പേപ്പര്‍ സംഘടനയുടെ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ മേയര്‍ ലണ്ടനില്‍ പോയ സംഭവത്തിലെ വസ്തുതകള്‍ നിരത്തിക്കൊണ്ട് നിരവധിപേര്‍ രംഗത്തുവരികയും ചെയ്തു. കണ്ണില്‍പൊടിയിടല്‍ അവാര്‍ഡാണ് ഇതെന്ന വസ്തുത ചൂണ്ടിക്കാട്ടിയാണ് പലരും രംഗത്തുവന്നത്. ഇതോടെ മേയര്‍ക്ക് ലഭിച്ച പുരസ്‌ക്കാരം സൈബറിടത്തില്‍ ട്രോളായി മാറി.
ഇപ്പോഴിതാ മേയറുടെ പേരു പറയാതെ ഈ വിഷയത്തില്‍ ഉഗ്രന്‍ ട്രോളുമായി രംഗത്തുവന്നിരിക്കയാണ് എന്‍ പ്രശാന്ത് ഐഎഎസ്. സംസ്ഥാന സര്‍ക്കാര്‍ സംവിധാനത്തിന്റെ വീഴ്ച്ചയെ കുറിച്ചുള്ള ട്രോള്‍ പോസ്റ്റിലൂടെയാണ് പ്രശാന്ത് പരിഹാസവുമായി രംഗത്തുവന്നത്. പ്രശാന്ത് വിവരാവകാശത്തെ കുറിച്ചെഴുതിയ പുസ്തകത്തെ കുറിച്ചാണ് ട്രോള്‍ രൂപത്തില്‍ എഴുതിയിരിക്കുന്നത്.
വിവരാവകാശ നിയമത്തെക്കുറിച്ചുള്ള പുസ്തകങ്ങളില്‍ വച്ച് ഏറ്റവും കൂടുതല്‍ പ്രീ-ബുക്കിങ് നേടിയ പുസ്തകത്തിനുള്ള അന്താരാഷ്ട്ര റെക്കോര്‍ഡ് അവാര്‍ഡ് 'സിസ്റ്റം ഔട്ട് കമ്പ്‌ലീറ്റ്' നേടിയ സന്തോഷ വാര്‍ത്ത അറിയിക്കട്ടെ എന്നു പറഞ്ഞാണ് പ്രശാന്തിന്റെ ട്രോള്‍ പോസ്റ്റ്. ഒരു എഡിറ്റഡ് പടം വെച്ചുകൊണ്ടാണ് ട്രോള്‍ പോസ്റ്റ്. നിരവധി പേരാണ് പ്രശാന്തിന്റെ പോസ്റ്റില്‍ ട്രോള്‍ കമന്റുകളുമായി എത്തിയത്.
ആ പോസ്റ്റ് ഇങ്ങനെയാണ്:
ഒരു സന്തോഷ വാര്‍ത്ത പങ്ക് വെക്കട്ടെ! മനോരമ ബുക്‌സ് ഒക്ടോബര്‍ മാസത്തില്‍ പ്രസിദ്ധീകരിക്കുന്ന മലയാള പുസ്തകങ്ങളുടെ പട്ടികയില്‍, വിവരാവകാശ നിയമത്തെക്കുറിച്ചുള്ള പുസ്തകങ്ങളില്‍ വച്ച് ഏറ്റവും കൂടുതല്‍ പ്രീ-ബുക്കിങ് നേടിയ പുസ്തകത്തിനുള്ള അന്താരാഷ്ട്ര റെക്കോര്‍ഡ് അവാര്‍ഡ് 'സിസ്റ്റം ഔട്ട് കമ്പ്‌ലീറ്റ്' നേടിയ സന്തോഷ വാര്‍ത്ത അറിയിക്കട്ടെ. (International Record Award for the highest pre-bookings among books on the Right to Information Act, on the list of Malayalam books published by Manorama Books in the month of October.)
ആദ്യത്തെ 24 മണിക്കൂറില്‍ 2000 കോപ്പി എന്നത് അത്ഭുതകരമാണെന്ന് ജൂറി അഭിപ്രായപ്പെട്ടതായി കേട്ടു.
വാട്‌സാപ്പിലൂടെ പുസ്തകം പ്രീബുക്ക് ചെയ്യാവുന്നതാണ്:
7902941983
8137003417
വില MRP - 250
പ്രീബുക്കിംഗ് ഓഫര്‍ - 200 അവാര്‍ഡ്
NB: അസൂയാലുക്കളുടെ കമന്റുകള്‍ക്ക് മറുപടിയില്ല. അവാര്‍ഡ് കിട്ടിയ ലൊക്കേഷന്‍ കണ്ടാലറിയാമല്ലോ ഇന്റര്‍നാഷനലാണെന്ന്.
നേരത്തെ തിരുവനന്തപുരം നഗരസഭ നടപ്പിലാക്കിയ സുസ്ഥിര വികസന പ്രവര്‍ത്തങ്ങള്‍ക്ക്, യുകെ പാര്‍ലമെന്റില്‍ 'World Book of Records' സംഘടിപ്പിച്ച ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് എക്‌സലന്‍സ് അവാര്‍ഡ് മേയര്‍ ആര്യ രാജേന്ദ്രന്‍ ഏറ്റുവാങ്ങിയിരുന്നു. ഇതിനെ പരിഹസിച്ചു കൊണ്ടാണ് വിമര്‍ശനങ്ങള്‍ നിരവധി എത്തിയത്.
മധ്യപ്രദേശിലെ ഇന്‍ഡോര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ് World Book of Records (WBR). അഭിഭാഷകനായ സന്തോഷ് ശുക്ല, ഇന്‍ഡോറിലെ ബിജെപി നേതാവായിരുന്ന അന്തരിച്ച വിഷ്ണു പ്രസാദ് ശുക്ല എന്നിവരാണ് ഇതിന്റെ സ്ഥാപകര്‍. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് പോലെ അംഗീകരിക്കപ്പെട്ട ഒന്നല്ല WBR. വ്യാജമായി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നു എന്നും ഈ സംഘടനക്കെതിരെ ആരോപണങ്ങളുണ്ടെന്നാണ് ബിജെപി അടക്കം ചൂണ്ടിക്കാട്ടുന്നത്. ഈ സംഘടനയുടെ വെബ്‌സൈറ്റ് മുഖാന്തരം അപേക്ഷ നല്‍കുകയോ, ഭാരവാഹികളെ ബന്ധപ്പെടുകയോ ചെയ്താല്‍ ഏത് തരത്തിലുമുള്ള സര്‍ട്ടിഫിക്കറ്റ് അടിച്ചു തരുമെന്നാണ് ബിജെപിക്കാര്‍ പറയുന്നത്.
യുകെ പാര്‍ലമെന്റിന്റെ ഹൗസ് ഓഫ് കോമണ്‍സിലെ പല ഭാഗങ്ങളും സംഘടനകള്‍ക്കും, സ്വകാര്യ വ്യക്തികള്‍ക്കും വാടകയ്ക്ക് കൊടുക്കാറുണ്ട്. ഹൗസ് ഓഫ് കോമണ്‍സിലെ ആറ്റ്‌ലീ സ്യൂട്ട്, ടെറസ് ഡൈനിംഗ് റൂമുകള്‍, ചര്‍ച്ചില്‍ റൂം, ടെറസ് പവലിയന്‍, അപരിചിതരുടെ ഭക്ഷണമുറി എന്നിവ പാര്‍ലമെന്റ് സിറ്റിംഗ് ഇല്ലാത്ത ദിവസങ്ങളില്‍ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് വാടകയ്ക്ക് എടുക്കാന്‍ സാധിക്കുന്നവയാണെന്നും ഏതോ പേപ്പര്‍ സംഘടനയുടെ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ വേണ്ടി പൊതുജനത്തിന്റെ നികുതി പണത്തില്‍ നിന്ന് യാത്ര ചിലവ് എടുത്ത് കൊണ്ട് തിരുവനന്തപുരം മേയര്‍ യുകെയില്‍ കറങ്ങാന്‍ പോയതാണെന്ന ആരോപണവും ബിജെപി ഉയര്‍ന്നുണ്ട്. ഇതിനിടെയാണ് എന്‍ പ്രശാന്തും ട്രോളുമായി രംഗത്തുവന്നത്.