മുത്തങ്ങ സംഭവത്തില്‍ തീയേറ്ററുകളിലുള്ള ഒരു സിനിമയില്‍ തന്റെ അറിവോ സമ്മതമോ ഇല്ലാതെ തന്റെ പേര് ഉപയോഗിച്ചു; ആരോപണം ഉയര്‍ത്തുന്നത് 'നരിവേട്ട'യില്‍ സുരാജ് വെഞ്ഞാറമ്മൂടിന്റെ കഥാപാത്രത്തിന് എതിരെ; മുന്‍ എ എസ് ഐയുടെ ചരിത്രം തേടി അന്വേഷണം; ബഷീറിനെതിരെ തല്‍കാലം കേസെടുക്കില്ല
തിരുവനന്തപുരം: റവാഡ ചന്ദ്രശേഖര്‍ ഡിജിപിയായി ചുമതലയേറ്റെടുത്തതിന് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അതിക്രമിച്ചുകയറി മുന്‍പോലീസ് ഉദ്യോഗസ്ഥന്‍ പരാതി ഉന്നയിച്ചത് 'നരിവേട്ട'യ്ക്കതെിരെ. ടൊവിനോ തോമസ് നായകനായ 'നരിവേട്ട' എന്ന ചിത്രത്തിനെതിരേ. അതിനിടെ പ്രശ്‌നമുണ്ടാക്കിയ ആള്‍ക്കെതിരെ വിശദ അന്വേഷണം പോലീസ് നടത്തുന്നുണ്ട്.
'നരിവേട്ട'യില്‍ തന്റെ പേര് ദുരുപയോഗം ചെയ്തെന്നാണ് വിരമിച്ച പോലീസ് ഉദ്യോഗസ്ഥനായ ബഷീര്‍ ഇ.പിയുടെ ആരോപണം. ഡിജിപിയുടെ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ എന്ന വ്യാജേനയാണ് ബഷീര്‍ ഹാളിലെത്തിയത്. അതിനിടെ ബഷീറിന്റെ വീട്ടുകാരുമായി പോലീസ് ബന്ധപ്പെട്ടു. ബഷീര്‍ മാനസികാസ്വാസ്ഥ്യത്തിന് മരുന്നുകള്‍ കഴിക്കുന്നുവെന്നാണ് സൂചന. ഇക്കാര്യം എഐജി പൂങ്കുഴലിയാണ് അന്വേഷിക്കുന്നത്. വിശദ അന്വേഷണം നടത്തും. നിലവില്‍ ബഷീറിനെതിരെ കേസെടത്തിട്ടില്ല.
മുത്തങ്ങ സംഭവവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ തീയേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്ന ഒരു സിനിമയില്‍ തന്റെ അറിവോ സമ്മതമോ ഇല്ലാതെ പേര് ഉപയോഗിച്ചു എന്നാണ് ബഷീറിന്റെ പരാതി. 'നരിവേട്ട'യില്‍ സുരാജ് വെഞ്ഞാറമ്മൂട് അവതരിപ്പിച്ച ബഷീര്‍ എന്ന കഥാപാത്രത്തെ ലക്ഷ്യമിട്ടാണ് ബഷീറിന്റെ ആരോപണം. മുത്തങ്ങ സംഭവം നടക്കുമ്പോള്‍ താന്‍ കണ്ണൂര്‍ ഡിഐജി ഓഫീസില്‍ ജോലിചെയ്യുകയായിരുന്നുവെന്ന് ബഷീര്‍ പറഞ്ഞു.
'മുത്തങ്ങ സംഭവവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്ന ഒരു സിനിമയില്‍ എന്റെ അറിവോ സമ്മതമോ ഇല്ലാതെ പോലീസ് ഉദ്യോഗസ്ഥന്മാര്‍ എന്റെ പേര് ഉപയോഗിച്ചു. ചിത്രത്തില്‍ ബഷീര്‍ എന്ന ഒരു കഥാപാത്രമുണ്ട്. ആ സമയത്ത് കണ്ണൂര്‍ ഡിഐജി ഓഫീസില്‍ ജോലിചെയ്ത ബഷീര്‍ എന്ന ഉദ്യോഗസ്ഥനാണ് ഞാന്‍. എന്റെ പേര് അറിവോ സമ്മതമോ ഇല്ലാതെ സിനിമാക്കാര്‍ തരുന്ന കാശിന് വേണ്ടി ദുരുപയോഗം ചെയ്തു. പോലീസില്‍ കുറച്ചുകാലം പണിയെടുത്ത് സിനിമയുടെ മായിക ലോകത്ത് പോയ പോലീസുകാരാണ് ഇതിന്റെ തിരക്കഥ ഉണ്ടാക്കിയത്', ബഷീര്‍ ആരോപിച്ചു.
മുപ്പതുവര്‍ഷത്തോളം സര്‍വീസിലുണ്ടായിരുന്നു. ഗള്‍ഫ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന്റെ പ്രതിനിധിയാണ് താന്‍. സന്ദര്‍ശകര്‍ക്കുള്ള മുറിയില്‍ ഇരുന്ന തന്നെ നിര്‍ബന്ധപൂര്‍വം വാര്‍ത്താസമ്മേളനം നടക്കുന്ന സ്ഥലത്തേക്ക് അയച്ചതാണ്. ഡിജിപി ചുമതല ഏറ്റെടുക്കുന്ന ചടങ്ങ് അലങ്കോലപ്പെടുത്തണമെന്ന ഉദ്ദേശമില്ലായിരുന്നുവെന്നും ബഷീര്‍ പറഞ്ഞു. ബഷീര്‍ മുന്‍ പോലീസുകാരനായതു കൊണ്ടാണ് തല്‍കാലം കേസെടുക്കാത്തത്.
മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അകത്ത് കയറിയത് പെന്‍ഷന്‍ കാര്‍ഡ് ഉപയോഗിച്ചാണ്. ഡിജിപിയുടെ മുന്‍ സുരക്ഷ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയാണ് ഇയാള്‍ അകത്ത് പ്രവേശിച്ചത്. പിന്നീട് മാധ്യമപ്രവര്‍ത്തകനാണെന്ന് പരിചയപ്പെടുത്തി കോണ്‍ഫറന്‍സ് ഹാളിലും പ്രവേശിച്ചു. കമ്മീഷ്ണറുടെ അടുത്തെത്തി കയ്യിലിരുന്ന പേപ്പറുകള്‍ ഉയര്‍ത്തിക്കാണിക്കുകയും സംസാരിക്കുകയും ചെയ്തതോടെയാണ് പൊലീസ് ഇയാളെ തടഞ്ഞത്. സംസ്ഥാന പൊലീസ് മേധാവിയുടെ ആദ്യ വാര്‍ത്താ സമ്മേളനത്തിനിടെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
ഇയാള്‍ ഡിജിപിയുടെ അരികിലെത്തി തന്റെ പരാതിയില്‍ നടപടിയാവശ്യപ്പെടുകയായിരുന്നു. മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് പറഞ്ഞായിരുന്നു റവാഡ ചന്ദ്രശേഖര്‍ സംസാരിക്കുന്നതിനിടെ ഇദ്ദേഹം സംസാരിച്ചത്. പിന്നീട് പൊലീസ് ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തെ സ്ഥലത്ത് നിന്ന് മാറ്റി. വാര്‍ത്താസമ്മേളനത്തിന് ശേഷം ഇദ്ദേഹത്തിന്റെ പ്രതികരണം മാധ്യമപ്രവര്‍ത്തകര്‍ തേടി. അപ്പോഴാണ് നരിവേട്ടയിലെ സംശയം പറഞ്ഞത്.