ആശുപത്രിയില്‍ തീപിടുത്തമുണ്ടായിരുന്നില്ലെങ്കില്‍ സഹോദരി ഇപ്പോള്‍ മരിക്കില്ലായിരുന്നു; വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നസീറ ഇന്നലെ അപകടനില തരണം ചെയ്തിരുന്നു; വെന്റിലേറ്ററിന്റെ സഹായം ലഭിക്കാത്തതാണ് മരണകാരണം; ടി സിദ്ദിഖ് പറഞ്ഞതാണ് വസ്തുത; ആരോപണവുമായി നസീറയുടെ കുടുംബം

ആശുപത്രിയില്‍ തീപിടുത്തമുണ്ടായിരുന്നില്ലെങ്കില്‍ സഹോദരി ഇപ്പോള്‍ മരിക്കില്ലായിരുന്നു

Update: 2025-05-03 02:55 GMT

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിലുണ്ടായ തീപിടുത്തത്തിലാണ് വയനാട് സ്വദേശിയായ നസീറ മരിച്ചതെന്ന ആരോപണവുമായി സഹോദരന്‍ യൂസഫലി. ടി സിദ്ദിഖ് എംഎല്‍എയുടെ ആരോപണങ്ങള്‍ ശരിയാണെന്ന് പറഞ്ഞു കൊണ്ടാണ് നസീറയുടെ കുടുംബം രംഗത്തുവന്നത്. വെന്റിലേറ്ററിന്റെ സഹായം ലഭിക്കാത്തതാണ് സഹോദരി മരിക്കാന്‍ കാരണമായതെന്നും യൂസഫലി പ്രതികരിച്ചു. വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നസീറ ഇന്നലെ അപകടനില തരണം ചെയ്തിരുന്നുവെന്നും നസീറയുടെ മകളുടെ ഭര്‍ത്താവ് നൈസല്‍ പറഞ്ഞു.

വ്യാഴാഴ്ച രാത്രിയാണ് നസീറയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ഇന്നലെ നസീറ ജ്യൂസ് രൂപത്തില്‍ ഭക്ഷണം കഴിക്കാന്‍ തുടങ്ങിയിരുന്നുവെന്നും കുടുംബം പറയുന്നു. പുക ഉയര്‍ന്നതോടെ എമര്‍ജന്‍സി ഡോര്‍ പോലുമില്ലാതിരുന്ന ആശുപത്രിയില്‍ വാതില്‍ ചവിട്ടിപ്പൊളിച്ചാണ് ഐസിയുവില്‍ നിന്നും വെന്റിലേറ്ററില്‍ നിന്നും രോഗികളെ പുറത്തേക്ക് ഇറക്കിയത്. വെന്റിലേറ്ററില്‍ നിന്ന് സഹോദരിയെ മാറ്റിയപ്പോള്‍ പകരം സംവിധാനങ്ങളൊന്നും സജ്ജമാക്കിയില്ല. ഇതാണ് നസീറ മരിക്കാന്‍ കാരണമായതെന്നും കുടുംബം ആരോപിച്ചു.

നസീറ ഉള്‍പ്പെടെ മൂന്നോളം രോഗികളുടെ മരണം നടന്നത് കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഷോര്‍ട്ട് സര്‍ക്യൂട്ട് അപകടവുമായി ബന്ധപ്പെട്ടെന്നായിരുന്നു ടി സിദ്ദിഖ് എംഎല്‍എയുടെ ആരോപണം. നസീറയുടെ പേരെടുത്ത് പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാല്‍ ഇന്നലെ സംഭവിച്ച മരണങ്ങള്‍ക്ക് അപകടവുമായി ബന്ധമില്ലെന്നും നസീറയുടെ ഉള്‍പ്പെടെ നില അതീവ ഗുരുതരമായിരുന്നുവെന്നുമാണ് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

അതേസമയം മരിച്ച അഞ്ച് പേരുടെ മരണകാരണം സംബന്ധിച്ച് അവ്യക്തത നീങ്ങിയില്ല. രണ്ടുപേരുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. വയനാട് മേപ്പാടി സ്വദേശി നസീറ (44), വടകര സ്വദേശി സുരേന്ദ്രന്‍, വെസ്റ്റ്ഹില്‍ സ്വദേശി ഗോപാലന്‍, മേപ്പയ്യൂര്‍ സ്വദേശി ഗംഗാധരന്‍, മറ്റൊരാള്‍ എന്നിവരാണ് മരിച്ചത്. ഇതില്‍ നസീറ ഉള്‍പ്പെടെയുള്ളവര്‍ പുക ശ്വസിച്ചാണ് മരിച്ചതെന്ന് ടി. സിദ്ദീഖ് എം. എല്‍.എ ആരോപിച്ചിരുന്നു. ഈ വാദം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഇന്നലെ തള്ളിയിരുന്നു. നസീറയുടെയടക്കം രണ്ട് പേരുടെ പോസ്റ്റ്‌മോര്‍ട്ടമാണ് ഇന്ന് നടക്കുക.

വെള്ളിയാഴ്ച രാത്രി എട്ടോടെയാണ് അത്യാഹിത വിഭാഗം കെട്ടിടത്തിന്റെ താഴെ നിലയിലെ സി.ടി സ്‌കാനിന് സമീപമുള്ള യു.പി.എസ് റൂമില്‍ നിന്ന് പൊട്ടിത്തെറിയോടെ പുക ഉയര്‍ന്നത്. പുക മുഴുവന്‍ ഭാഗത്തേക്കും പരന്നതോടെ രോഗികളും കൂട്ടിരിപ്പുകാരും പരി?ഭ്രാന്തരായി ചിതറിയോടി. അത്യാഹിത വിഭാഗം ഉള്‍പ്പെടുന്ന ന്യൂ ബ്ലോക്കില്‍ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെയും ഫയര്‍ഫോഴ്‌സിന്റെയും പരിശോധന ഇന്ന് നടക്കും. അത്യാഹിത വിഭാഗം മെഡിക്കല്‍ കോളേജിലെ ഓള്‍ഡ് ബ്ലോക്കില്‍ താല്‍ക്കാലികമായി ക്രമീകരിക്കാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്.

അത്യാഹിത വിഭാഗത്തില്‍ പുക നിറഞ്ഞപാടെ അപായ അലാറം നിര്‍ത്താതെ മുഴങ്ങി. ഏഴുനിലകെട്ടിടത്തില്‍ അഞ്ഞുറിലേറെ രോഗികളും അതിലേറെ കൂട്ടിരിപ്പുകാരുമാണ് ഉണ്ടായിരുന്നത്. ആളുകളെ പരസ്പരം കാണാനാവാത്ത തരത്തില്‍ പുക നിറഞ്ഞ താഴെ നിലയില്‍ നിരവധി രോഗികളുണ്ടായിരുന്നു. സ്ട്രച്ചറിലും വീല്‍ചെയറിലുമായി ഇവരെ ആദ്യം പുറത്തെത്തിച്ചു. പിന്നാലെ രണ്ട്, മൂന്ന്, നാല് നിലകളിലുള്ളവരെയും പൊലീസും ആശുപത്രി അധികൃതരും ചേര്‍ന്ന് ഒഴിപ്പിച്ചു. പുക ശ്വസിച്ചല്ല മരണമെന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ. ജി. സജിത്ത് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് വയനാട് സ്വദേശിയുടെ മരണം. ആരോഗ്യം മോശമായ സാഹചര്യത്തിലുള്ളവരാണ് ചികിത്സയിലുണ്ടായിരുന്നത്.

സംഭവത്തില്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പുക ഉയര്‍ന്നതോടെ രോഗികളെ മുഴുവന്‍ മാറ്റിയെന്നും മറ്റു അത്യാഹിതങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും എല്ലാ നിയന്ത്രണ വിധേയമാക്കിയെന്നും ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീജയന്‍ പറഞ്ഞു. ഷോര്‍ട് സര്‍ക്യൂട്ടാണോ അപകട കാരണമെന്ന് പരിശോധിച്ചാലേ സ്ഥിരീകരിക്കാനാവൂ എന്നാണ് ഫയര്‍ ഫോഴ്‌സ് അധികൃതര്‍ വ്യക്തമാക്കിയത്. ഈ പരിശോധന അടക്കം ഇന്ന് നടക്കും. അത്യാഹിത വിഭാഗം മുഴുവനും പൊലീസ് സീല്‍ ചെയ്തു. കോഴിക്കോട് ബീച്ച് ഹോസ്പിറ്റലില്‍ അത്യാഹിത സേവനം ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സേവനം കൂടി ഇവിടെ ലഭ്യമാക്കും.

Tags:    

Similar News