ദേശീയ പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍; 24 മണിക്കൂര്‍ കേരളം പൂര്‍ണ്ണമായും സ്തംഭിക്കും; സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കരുതെന്ന് സംയുക്ത ട്രേഡ് യൂണിയന്‍; ഇന്ത്യയില്‍ ഈ പൊതു പണിമുടക്ക് ബാധിക്കുക കേരളത്തില്‍ മാത്രം; വ്യാഴാഴ്ച അക്ഷരാര്‍ത്ഥത്തില്‍ 'അടച്ചിടല്‍' ദിനം
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കും ജനദ്രോഹ ലേബര്‍ കോഡുകള്‍ക്കുമെതിരെ രാജ്യവ്യാപകമായി ആഹ്വാനം ചെയ്തിട്ടുള്ള 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ഫെബ്രുവരി 12-ന്. ബുധനാഴ്ച അര്‍ദ്ധരാത്രി 12 മുതല്‍ വ്യാഴാഴ്ച അര്‍ദ്ധരാത്രി 12 വരെ നീളുന്ന പണിമുടക്കില്‍ കേരളം പൂര്‍ണ്ണമായും സ്തംഭിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കാതെ പൊതുജനങ്ങള്‍ പണിമുടക്കിനോട് സഹകരിക്കണമെന്നും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു. സി.ഐ.ടി.യു ഉള്‍പ്പെടെ പത്തോളം കേന്ദ്ര ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ നടക്കുന്ന പണിമുടക്കിന് കര്‍ഷക സംഘടനകളും ബാങ്ക്, ഇന്‍ഷുറന്‍സ്, ഐടി മേഖലയിലെ ജീവനക്കാരും പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ പണിമുടക്കാണെങ്കിലും മറ്റ് സംസ്ഥാനങ്ങളിലൊന്നും ജനജീവിതത്തെ ബാധിക്കില്ല. പൊതു പണിമുടക്ക് എല്ലാ അര്‍ത്ഥത്തിലും ഹര്‍ത്താലായി മാറും. അതും വിട്ട് ബന്ദാകാനും സാധ്യതയുണ്ട്.
തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക, വൈദ്യുതി-വിത്ത് ഭേദഗതി ബില്ലുകള്‍ പിന്‍വലിക്കുക, ഇന്‍ഷുറന്‍സ് മേഖലയിലെ 100 ശതമാനം വിദേശ നിക്ഷേപം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കും; കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങളും ഓട്ടോ-ടാക്‌സി വാഹനങ്ങളും നിരത്തിലിറങ്ങില്ല. എന്നാല്‍ ശബരിമല തീര്‍ത്ഥാടകര്‍ക്കും മാരാമണ്‍ കണ്‍വെന്‍ഷനും തടസ്സമുണ്ടാകില്ലെന്ന് യൂണിയനുകള്‍ വ്യക്തമാക്കിയിട്ടുണ്ട്.
പത്രം, പാല്‍, ആശുപത്രി, മരുന്ന് ഷോപ്പുകള്‍, ആംബുലന്‍സ്, ഫയര്‍ഫോഴ്‌സ് എന്നീ അത്യാവശ്യ സര്‍വീസുകളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ 500-ഓളം കേന്ദ്രങ്ങളില്‍ തൊഴിലാളികള്‍ പ്രതിഷേധ പ്രകടനങ്ങളും റാലികളും സംഘടിപ്പിക്കും. രാഷ്ട്രീയ പ്രേരിതമെന്ന് ആരോപിച്ച് എന്‍.ജി.ഒ സംഘ് പണിമുടക്കില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഭൂരിഭാഗം സര്‍വീസ് സംഘടനകളും പണിമുടക്കിനൊപ്പമാണ്.
സംസ്ഥാനത്തെ വാണിജ്യ-വ്യാപാര മേഖലകളും പെട്രോള്‍ പമ്പുകളും പണിമുടക്കിന്റെ ഭാഗമാകുന്നതിനാല്‍ ജനജീവിതം ദുസ്സഹമാകും. കെ.എസ്.ആര്‍.ടി.സി.യും സ്വകാര്യ ബസുകളും ഓട്ടോ-ടാക്‌സി തൊഴിലാളികളും പണിമുടക്കുന്നതോടെ പൊതുഗതാഗതം അപ്പാടെ നിലയ്ക്കും. എന്നാല്‍, ഈ സമരത്തെ തള്ളിക്കളയുന്ന ബി.എം.എസ്. (ഭാരതീയ മസ്ദൂര്‍ സംഘം) തങ്ങള്‍ ജോലിക്കെത്തുമെന്ന് പ്രഖ്യാപിച്ചത് സംഘര്‍ഷ സാധ്യതയുണ്ടാക്കുന്നുണ്ട്. മാനേജ്മെന്റുകള്‍ സുരക്ഷ ഒരുക്കുകയാണെങ്കില്‍ ഷിപ്യാര്‍ഡ്, പോര്‍ട്ട് തുടങ്ങി പ്രധാന തൊഴിലിടങ്ങളില്‍ ബി.എം.എസ്. പ്രവര്‍ത്തകര്‍ പണിയിലെടുക്കുമെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്. പണിമുടക്കുന്നവര്‍ക്ക് സമരം ചെയ്യാം, എന്നാല്‍ ജോലിക്ക് വരുന്നവരെ തടയാന്‍ അധികാരമില്ലെന്നാണ് ഇവരുടെ നിലപാട്.
സമാധാനപരമായ പ്രതിഷേധമാണ് ലക്ഷ്യമിടുന്നതെന്നും ആരെയും ബലം പ്രയോഗിച്ച് തടയില്ലെന്നും സി.ഐ.ടി.യു., ഐ.എന്‍.ടി.യു.സി. നേതാക്കള്‍ പറയുന്നുണ്ടെങ്കിലും വാഹനങ്ങള്‍ നിരത്തിലിറക്കാതെ സഹകരിക്കണമെന്ന കര്‍ശന നിര്‍ദ്ദേശം നേതാക്കള്‍ നല്‍കിക്കഴിഞ്ഞു. രാജ്യത്താകെ 30 കോടിയോളം തൊഴിലാളികള്‍ പങ്കുചേരുന്ന പണിമുടക്ക് കേരളത്തില്‍ 650-ഓളം കേന്ദ്രങ്ങളില്‍ റാലികളോടെയും പ്രതിഷേധങ്ങളോടെയും ആചരിക്കും.
ശബരിമല തീര്‍ത്ഥാടകരെയും മാരാമണ്‍ കണ്‍വെന്‍ഷനെയും അത്യാവശ്യ സര്‍വീസുകളെയും സമരത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെങ്കിലും സാധാരണക്കാര്‍ക്ക് വ്യാഴാഴ്ച അക്ഷരാര്‍ത്ഥത്തില്‍ 'അടച്ചിടല്‍' ദിനമായിരിക്കും.
