മാഹിയില്‍ നിന്നും വിലക്കുറവില്‍ മദ്യം വാങ്ങി; ഡ്രൈവര്‍ അടിച്ചു പൂസായി വാഹനം ഓടിക്കാന്‍ കഴിയാത്ത സ്ഥിതിയിലായപ്പോള്‍ വളയം ഏറ്റെടുത്ത ക്ലീനര്‍; ഹെവി ലൈസന്‍സില്ലാതിരുന്ന ക്ലീനറും ഫിറ്റ്; തടിയുമായി ലോറിയില്‍ എത്തിയവര്‍ ഫിറ്റ്; ഇത് ജോസും അലക്‌സും ചേര്‍ന്നൊരുക്കിയ കൊലപാതകങ്ങള്‍; നാട്ടികയില്‍ നാടോടികള്‍ക്ക് സംഭവിച്ചത്

Update: 2024-11-26 05:21 GMT

തൃശൂര്‍: നാട്ടികയില്‍ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ ലോറി ഡ്രൈവര്‍ക്കും ക്‌ളീനര്‍ക്കുമെതിരെ മനഃപൂര്‍വ്വമായ നരഹത്യയ്ക്ക് കേസെടുത്തു. അപകടത്തെ സംബന്ധിച്ച റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിന് കൈമാറും. നടപടിക്രമങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കി.വണ്ടി ഓടിച്ചവരില്‍ നിന്ന് ഗുരുതരമായ പിഴവാണ് ഉണ്ടായത്. മാഹിയില്‍ വണ്ടി നിര്‍ത്തി മദ്യം വാങ്ങി ഇരുവരും ഉപയോഗിച്ചുവെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

വാഹനം ഓടിച്ചത് ലോറിയിലെ ക്ലീനറാണെന്നും ഇയാള്‍ മദ്യലഹരിയിലായിരുന്നെന്നുമാണ് പുറത്തുവരുന്ന വിവരം. ക്ലീനര്‍ക്ക് ലോറി ഓടിക്കാനുള്ള ലൈസന്‍സുണ്ടായിരുന്നില്ല.രണ്ടുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കണ്ണൂര്‍ ആലക്കോട് സ്വദേശികളായ ഏഴിയക്കുന്നില്‍ അലക്‌സ് (33), ചാമക്കാലച്ചിറ ജോസ് (54) എന്നിവരാണ് ലോറിയിലുണ്ടായിരുന്നത്. അലക്സ് ലോറിയിലെ ക്ലീനറാണ്. ജോസ് എന്നയാള്‍ വാഹനം ഓടിക്കാന്‍ സാധിക്കാത്ത വിധത്തില്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. അതിനാലാണ് ക്ലീനറായ അലക്സ് ലോറി ഓടിച്ചത്. അലക്സും മദ്യപിച്ചിരുന്നു. അതേസമയം അലക്സിന് ഹെവി വെഹിക്കിള്‍ ലൈസന്‍സ് ഉണ്ടായിരുന്നില്ല.

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മരണപ്പെട്ടവരുടെ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം സ്വദേശത്ത് എത്തിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ തന്നെ സ്വീകരിക്കും. അതേസമയം, അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മൂന്നുപേരില്‍ രണ്ടുപേരുടെ നില അതീവഗുരുതമാണ്. ജയവര്‍ദ്ധന്‍, വിജയ്, ചിത്ര എന്നിവരാണ് ചികിത്സയില്‍ കഴിയുന്നത്. ഇവര്‍ക്കാവശ്യമായ എല്ലാ ചികിത്സാസൗകര്യങ്ങളും ലഭ്യമാക്കാന്‍ ജില്ലാ ഭരണകൂടം മെഡിക്കല്‍ കോളേജിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തൃശൂര്‍ നാട്ടികയില്‍ ജെ കെ തിയേറ്ററിനടുത്ത് ദേശീയ പാതയില്‍ മേല്‍പ്പാലത്തില്‍ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. തടി കയറ്റിവന്ന ലോറി നിയന്ത്രണംവിട്ട് ഉറങ്ങിക്കിടന്നവരുടെ ഇടയിലേയ്ക്ക് പാഞ്ഞുകയറുകയായിരുന്നു. കാളിയപ്പന്‍ (50), ജീവന്‍ (4), നാഗമ്മ (39), ബംഗാഴി (20) എന്നിവരാണ് മരിച്ചത്. ഒരാളെ തിരിച്ചറിയാനുണ്ട്. ഗോവിന്ദാപുരം ചെമ്മണംതോട് സ്വദേശികളാണ് ഇവരെന്നാണ് പൊലീസിന് ലഭിച്ച വിവരം. മദ്യലഹരിയിലായിരുന്ന ക്‌ളീനറാണ് ലോറി ഓടിച്ചതെന്നാണ് പൊലീസ് പറയുന്നത്.

ഭീകരമാണ്അപകട സ്ഥലത്തെ കാഴ്ചകള്‍. ചൊവ്വാഴ്ച പുലര്‍ച്ചെ നാലേ കാലോടെയായിരുന്നു നാടോടി സംഘത്തിലെ അഞ്ച് പേര്‍ മരിക്കാനിടയായ ലോറി അപകടം സംഭവിച്ചത്. റോഡ് നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് കിടന്നുറങ്ങിയ നാടോടി സംഘത്തിലെ അഞ്ച് പേരാണ് അതിദാരുണമായി മരണപ്പെട്ടത്. മൃതദേഹങ്ങള്‍ പലതും ചതഞ്ഞരഞ്ഞ നിലയിലായിരുന്നു. ഓടിയെത്തിയവര്‍ക്ക് എത്ര പേര്‍ മരിച്ചുവെന്ന് പോലും വ്യക്തമായിരുന്നില്ല. ഉടന്‍ തന്നെ വലപ്പാട് പൊലീസ് സ്ഥലത്തെത്തി. റോഡില്‍ ചിന്നിച്ചിതറിക്കിടക്കുന്ന മൃതദേഹങ്ങള്‍ വലിച്ചെടുക്കേണ്ട അവസ്ഥയിലായിരുന്നു. തൃപ്രയാര്‍ ഏകാദശി നടക്കുന്നതിനാല്‍ സമീപത്തെ ഗ്രൗണ്ടില്‍ പാര്‍ക്കിംഗ് അനുവദിച്ചിരുന്നു. ഇതോടെയാണ് സംഘം കിടക്കാനായി ഹൈവേയിലേക്ക് മാറിയത്. ചോറ്റുപാത്രവും ബാഗും ബക്കറ്റുമെല്ലാം റോഡില്‍ ചിതറിത്തെറിച്ച നിലയിലാണ്.

റോഡിലേക്ക് വാഹനം വരാതിരിക്കാന്‍ കൃത്യമായ ദിശാ സൂചനകളും അധികൃതര്‍ സ്ഥാപിച്ചിരുന്നു. ഇതുകൂടാതെ തെങ്ങിന്‍ തടികള്‍ വച്ചും കോണ്‍ക്രീറ്റ് ബാരിക്കേഡ് വച്ചും പ്രവേശനം തടഞ്ഞിരുന്നു. ഇതൊക്കെ മറികടന്നാണ് ലോറി നാടോടി സംഘത്തിന് ഇടയിലേക്ക് പാഞ്ഞു കയറിയത്. അതിനിടെ ലോറി അപകടം സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കുവാനും അടിയന്തിര നടപടി സ്വീകരിക്കുവാനും ഗതാഗത കമ്മീഷണര്‍ നാഗരാജു ചക്കിലം ഐപിഎസിന് ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാര്‍ നിര്‍ദ്ദേശം നല്‍കി. മധ്യമേഖലാ ഡപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍, തൃശൂര്‍ ആര്‍. ടി. ഒ. എന്നിവരുടെ നേതൃത്വത്തില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ച നാടോടി സംഘത്തില്‍പ്പെട്ടവര്‍ സ്ഥിരമായി പ്രദേശത്ത് താമസിക്കുന്നവരാണ്. അപകടമുണ്ടാക്കിയത് മരം കയറ്റിയ വന്ന ലോറിയാണെന്നും ഏകദേശം മൂന്നര ടണ്ണോളം ലോഡ് വാഹനത്തില്‍ ഉണ്ടായിരുന്നുവെന്നും പ്രദേശവാസി പറഞ്ഞു. റോഡില്‍ നാടോടിസംഘത്തിലുള്ളവരെല്ലാം നിരന്ന് കിടക്കുകയായിരുന്നു. അവര്‍ക്കിടയിലേക്കാണ് ഡിവൈഡര്‍ തകര്‍ത്ത ലോറി പാഞ്ഞുകയറിയത്.

കണ്ണൂരില്‍ നിന്ന് തടി കയറ്റി പുറപ്പെട്ടതാണ് വാഹനം. മാഹിയില്‍ നിന്ന് മദ്യം വാങ്ങിയ ഡ്രൈവറും ക്ലീനറും അത് ഉപയോഗിച്ചിട്ടുണ്ടെന്ന് പ്രാഥമികമായ പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്ന് മന്ത്രി കെ രാജന്‍ വ്യക്തമാക്കി. വാഹനമോടിച്ചിരുന്നവരുടെ ഭാഗത്താണ് പൂര്‍ണമായ തെറ്റ് അവിടുത്തെ ഡിവൈഡര്‍ ഉള്‍പ്പടെയുള്ളവ ഇടിച്ച് തെറിപ്പിച്ചാണ് വാഹനം വന്നത്. ഇന്‍ക്വസ്റ്റ് നടപടികളും പോസ്റ്റ്മോര്‍ട്ടവും ജില്ലാ ഭരണകൂടത്തിന്റെ മേല്‍നോട്ടത്തില്‍ നടക്കും. സര്‍ക്കാര്‍ തയ്യാറാക്കിയ വാഹനങ്ങളില്‍ അവരുടെ വീടുകളില്‍ എത്തിക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് തൃശൂര്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ പാലക്കാട് കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് ആവശ്യമായ സഹായങ്ങള്‍ നല്‍കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചികിത്സയുള്‍പ്പടെയുള്ള കാര്യങ്ങള്‍ ജില്ലാ ഭരണകൂടം മേല്‍നോട്ടം നല്‍കുമെന്നും മന്ത്രി അറിയിച്ചു.

Tags:    

Similar News