കുടുംബം പുലര്‍ത്താന്‍ വഴികള്‍ ഒറ്റയ്ക്ക് വെട്ടിത്തെളിച്ച അര്‍ജുന്‍; കണ്ണാടിക്കലെ വീട്ടിലേക്ക് മടങ്ങിയെത്തുന്നത് ചേതനയറ്റ ശരീരമായി; അന്ത്യയാത്രയും പതിവായി ലോറി ഓടിച്ച അതേ വഴിയില്‍; വിലാപയാത്ര കണ്ണാടിക്കലിലേക്ക്; നൊമ്പരമായി അര്‍ജുന്‍
ആ കുടുംബത്തെ എങ്ങനെ ആശ്വസിപ്പിക്കുമെന്ന് ആര്‍ക്കും അറിയില്ല
കാസര്‍കോട്: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച കോഴിക്കോട് സ്വദേശി അര്‍ജുന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് കേരളത്തിലെത്തിയപ്പോള്‍ വഴി നീളെ കണ്ണീര്‍ കാഴ്ചകള്‍. പുലര്‍ച്ചെ രണ്ടരയോടെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റില്‍ എത്തിയപ്പോള്‍ നിരവധി പേരാണ് അന്തിമോപചാരമര്‍പ്പിക്കാനെത്തിയത്. കാസര്‍കോട് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍, ജില്ലാ പോലീസ് മേധാവി ഡി.ശില്പ എന്നിവരും അന്തിമോപചാരമര്‍പ്പിച്ചു. 72 നാള്‍ നീണ്ട രക്ഷാ ദൗത്യത്തിന് നേതൃത്വം നല്‍കിയ കാര്‍വാര്‍ എം.എല്‍.എ. സതീശ്കൃഷ്ണ സെയിലും കണ്ണാടിക്കലിലെ വീടുവരെ അനുഗമിക്കുന്നുണ്ട്.
പ്രതിസന്ധികളും വലിയ ഉത്തരവാദിത്വങ്ങളുമായിരുന്നു ചെറുപ്രായത്തില്‍ തന്നെ അര്‍ജുന് ഉണ്ടായിരുന്നത്. കൂലിപ്പണിക്കാരനായ അച്ഛന്‍, അമ്മ രണ്ടു സഹോദരിമാര്‍ ഒരു അനിയന്‍. കുടുംബമായിരുന്നു അര്‍ജുന് പ്രധാനം. കുടുംബത്തിന്റെ കണ്ണീരകറ്റാനാണ് കണ്ണാടിക്കല്‍ പ്രേമന്റെയും ഷീലയുടെയും മകന്‍ അര്‍ജുന്‍ പ്ലസ് ടു വിന് ശേഷം ഒരു തുണിഷോപ്പില്‍ ജോലി നോക്കേണ്ടി വന്നത്. പിന്നെ ഇടയ്ക്കിടെ പെയിന്റിംഗ്. മറ്റ് ജോലികള്‍. പതിനാറാം വയസില്‍ വളയം തൊട്ട അര്‍ജുന്‍ ഇരുപതാം വയസില്‍ വലിയ വാഹനം ഓടിച്ചു തുടങ്ങി.
മൂത്ത ചേച്ചിയുടെ വിവാഹം. അനുജത്തിയുടെയും അനുജന്റെയും പഠനം, പുതിയ വീട് എല്ലാം കുടുബത്തിന് വേണ്ടി സാധ്യമാക്കി. പിന്നെ വിവാഹം. കൃഷ്ണപ്രിയ ജീവിത സഖിയായി. മകനും പ്രതീക്ഷയായി. ഇതിനിടെയാണ് ദുരന്തം എത്തിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വളയം പിടിക്കുമ്പോള്‍ വാഹനത്തില്‍ പലപ്പോഴും അര്‍ജുന്‍ ഒറ്റക്കായിരുന്നു. കുടുംബം പുലര്‍ത്താന്‍ വഴികള്‍ ഒറ്റയ്ക്ക് വെട്ടിത്തെളിച്ച അര്‍ജുന്‍ കണ്ണാടിക്കലെ വീട്ടിലേക്ക് മടങ്ങിയെത്തുന്നത് ചേതനയറ്റ ശരീരമായി. നാടിനും നാട്ടുകാര്‍ക്കും അത് നൊമ്പരക്കാഴ്ച. ആ കുടുംബത്തെ എങ്ങനെ ആശ്വസിപ്പിക്കുമെന്ന് ആര്‍ക്കും അറിയില്ല.
പതിവായി ലോറിയുമായി യാത്ര ചെയ്തിരുന്ന അതേവഴിയിലൂടെയാണ് അര്‍ജ്ജുന്റെ നാട്ടിലേക്കുള്ള മടക്കവും. വെള്ളിയാഴ്ച വൈകീട്ട് ആറുമണിക്ക് കാര്‍വാര്‍ ജില്ലാ ആശുപത്രിയില്‍നിന്ന് ആംബുലന്‍സ് പുറപ്പെടുമ്പോള്‍ സഹോദരന്‍ അഭിജിത്തും സഹോദരീഭര്‍ത്താവ് ജിതിനുമാണ് ഒപ്പമുണ്ടായിരുന്നത്. അര്‍ജുന്റെ ഫോണും വസ്ത്രങ്ങളുമടക്കമുള്ള അവശേഷിപ്പുകള്‍ ആംബുലന്‍സിനു പിന്നാലെയുള്ള കാറിലാണ് കൊണ്ടുവരുന്നത്. മടക്കത്തിനിടയില്‍ അപകടമുണ്ടായ സ്ഥലത്ത് ആംബുലന്‍സ് അല്‍പനേരം നിര്‍ത്തി. കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ചുലക്ഷം രൂപ സതീഷ് കൃഷ്ണ സെയ്ല്‍ എംഎല്‍എ അര്‍ജുന്റെ കുടുംബത്തിന് കൈമാറും. ഉച്ചയ്ക്ക് വീട്ടുവളപ്പില്‍ സംസ്‌കാരം.
തലപ്പാടി ചെക്ക്‌പോസ്റ്റിലും കാസര്‍കോടും നിരവധി പേരാണ് അര്‍ജുന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ കാത്തു നിന്നത്. പുലര്‍ച്ചെ അഞ്ചരയോടെ മൃതദേഹം വഹിച്ചുള്ള വാഹന വ്യൂഹം കണ്ണൂര്‍ നഗരം പിന്നിട്ടു. പിന്നീട് ആറ് മണിയോടെ അഴിയൂര്‍ പിന്നിട്ട് കോഴിക്കോട് ജില്ലയില്‍ പ്രവേശിച്ചു. ഇവിടെ വച്ച് മന്ത്രി എകെ ശശീന്ദ്രനും കോഴിക്കോട് ജില്ലാ കളക്ടറും അടക്കമുള്ളവര്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി മൃതദേഹം ഏറ്റുവാങ്ങി. കേരള, കര്‍ണാടക പൊലീസും വിലാപയാത്രയെ അനുഗമിക്കുന്നുണ്ട്. രാവിലെ 8 മണിയോടെ മൃതദേഹം കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിലെത്തിക്കും.
ഷിരൂരില്‍ ഗംഗാവലി പുഴയില്‍നിന്നു കണ്ടെടുത്ത ലോറിയില്‍ ഉണ്ടായിരുന്നത് അര്‍ജുന്റെ മൃതദേഹം തന്നെയാണെന്ന് വെള്ളിയാഴ്ച സ്ഥിരീകരിച്ചിരുന്നു. അര്‍ജുന്റെ സഹോദരന്റെ ഡിഎന്‍എ സാംപിളുമായി കണ്ടെടുത്ത ശരീരത്തിലെ ഡിഎന്‍എ സാംപിള്‍ ഒത്തുനോക്കിയാണ് കാര്‍വാറിലെ ഫൊറന്‍സിക് സംഘം സ്ഥിരീകരിച്ചത്. ലോറി അര്‍ജുന്റേതുതന്നെയെന്ന് ഉറപ്പിച്ചതോടെ മൃതദേഹത്തെക്കുറിച്ചു സംശയം ഉണ്ടായിരുന്നില്ല. എന്നാല്‍ കാണാതായി 72-ാം ദിവസം ലഭിച്ച മൃതദേഹം തിരിച്ചറിയാനാകാത്തതിനാലാണ് ഡിഎന്‍എ പരിശോധന വേണ്ടി വന്നത്.
അര്‍ജുന്റെ വാച്ച്, ചെരുപ്പ്, മൊബൈല്‍ ഫോണുകള്‍, പ്രഷര്‍ കുക്കര്‍, സ്റ്റീല്‍ പാത്രങ്ങള്‍, മകന്റെ കളിപ്പാട്ടം, കുപ്പിവെള്ളം, കവറില്‍ സൂക്ഷിച്ച ധാന്യങ്ങള്‍, വാഹനവുമായി ബന്ധപ്പെട്ട രേഖകള്‍ തുടങ്ങിയവയും കാബിനില്‍നിന്നു കണ്ടെടുത്തിരുന്നു. ലോറിയുടെ മെക്കാനിക് ഉപകരണങ്ങള്‍ അടങ്ങിയ ബാഗും കിട്ടി.