ലിയാം പെയ്ന്‍ ആത്മഹത്യ ചെയ്തതല്ലെന്ന് കുടുംബം; ലോബിയില്‍ തളര്‍ന്ന് വീണപ്പോള്‍ ആംബുലന്‍സ് വിളിച്ചില്ല; മൂന്നാം നിലയില്‍ നിന്നും തലകറങ്ങി വീണത് ഗൗരവത്തില്‍ എടുത്തില്ല; പോപ് ഗായകന് സംഭവിച്ചത് എന്ത്?
ലണ്ടന്‍: അര്‍ജന്റീനിയയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്സിലെ ഒരു ഹോട്ടലിന്റെ മൂന്നാം നിലയില്‍ നിന്നും വീണു മരിച്ച പ്രശസ്ത പോപ്പ് താരത്തിന്റെ മരണം ആത്മഹത്യയല്ലെന്ന് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നു. ലിയാം പെയ്‌നിനെ മരണത്തില്‍ നിന്നും രക്ഷിക്കാമായിരുന്നു എന്നും അവര്‍ പറയുന്നു. തന്റെ മൂന്നാം നിലയിലെ മുറിയില്‍ ഒറ്റയ്ക്കാവുന്നതിന് മുന്‍പായി മുന്‍ വണ്‍ ഡയറക്ഷന്‍ താരം ബ്യൂണസ് അയേഴ്സിലെ ഹോട്ടലിന്റെ ലോബിയില്‍ ബുധനാഴ്ച തലകറങ്ങി വീണപ്പോള്‍ ആംബുലന്‍സ് വിളിച്ചിരുന്നെങ്കില്‍ അദ്ദേഹം ഇപ്പോഴും ജീവിച്ചിരിക്കുമയിരുന്നു എന്നാണ് അദ്ദേഹവുമായി ഏറ്റവും അടുപ്പമുള്ളവര്‍ പറയുന്നത്.
നല്ലൊരു ഭാവിയിലേക്കുള്ള കുതിപ്പിന് തയ്യാറെടുക്കുകയായിരുന്ന ലിയാം ഒരിക്കലും അത്മഹത്യ ചെയ്യില്ല എന്ന് അവര്‍ ഉറച്ചു വിശ്വസിക്കുന്നു. അങ്ങനെ അദ്ദേഹം സത്യം ചെയ്തിരുന്നുവെന്നും അവര്‍ പറയുന്നു. അദ്ദേഹത്തിന് ആത്മഹത്യ ചെയ്യേണ്ട കാര്യമില്ലായിരുന്നു. ലോബിയില്‍ തലകറങ്ങി വീണപ്പോള്‍ ആരെങ്കിലും ആംബുലന്‍സ് വിളിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ ലിയാം ഇന്നും ജീവിച്ചിരിക്കുമായിരുന്നു എന്ന് അവര്‍ പറയുന്നു. അതിനു പകരമായി മാനസികനില തെറ്റിയ നിലയില്‍ അദ്ദേഹത്തെ ഒറ്റക്ക് മുറിയില്‍ ആക്കുകയായിരുന്നു.
നാല്പത്തിയഞ്ച് അടി ഉയരത്തില്‍ നിന്നും താഴേക്ക് വീണ ലിയാം തത്സമയം മരിക്കുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍ അദ്ദേഹം താമസിച്ചിരുന്ന മുറിയില്‍ നിന്നും മദ്യവും മയക്കുമരുന്നും കണ്ടെടുത്തിരുന്നു. ഇതില്‍ വിഭ്രാന്തി സൃഷ്ടിക്കുന്ന ക്രിസ്റ്റല്‍ എന്നയിനവും ഉള്‍പ്പെട്ടിരുന്നതായി ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൈയ്യില്‍ പണമില്ലാത്തപ്പോള്‍ ലിയാമിന് എവിടെ നിന്നാണ് മയക്കു മരുന്ന് ലഭിച്ചതെന്ന് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ ചോദിക്കുന്നു.
ചില ഹോട്ടല്‍ ജീവനക്കാരായിരിക്കം ലിയാമിന് മയക്കുമരുന്ന് നല്‍കിയതെന്നാണ് ചില അന്വേഷണോദ്യോഗസ്ഥര്‍ പറയുന്നത്. അതിനിടെ ലിയാം താമസിച്ച ഹോട്ടല്‍ സ്വമേധയാ ഒരു ആഭ്യന്തര അന്വേഷണം നടത്തിയെന്നും ചുരുങ്ങിയത് ഒരു ജീവനക്കാരനെയെങ്കിലും പിരിച്ചു വിട്ടിട്ടുണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. പോപ്പ് താരത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണെന്നാണ് പോലീസ് പറയുന്നത്. അദ്ദേഹത്തിന് മയക്കുമരുന്ന് നല്‍കിയത് ആരെന്ന ചോദ്യത്തിന് ഉത്തരം ഉടനടി കണ്ടെത്താനാവുമെന്നും പോലീസ് പറഞ്ഞു.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 30 ന് ആയിരുന്നു ലിയാം തന്റെ കാമുകി കെയ്റ്റിനും അടുത്ത സുഹൃത്ത് റോജര്‍ നോറെസിനും ഒപ്പം അര്‍ജന്റീനയില്‍ എത്തിയത്. ലിയാമിന്റെ അമേരിക്കന്‍ വിസ കാലഹരണപ്പെടാറായിരുന്നു. അത് പുതുക്കുന്നതിനായി രാജ്യത്തിന് പുറത്ത് പോകേണ്ടതുണ്ടായിരുന്നു. ആ പ്രക്രിയ പൂര്‍ത്തിയാക്കുന്നതിനും, സുഹൃത്തും മുന്‍ സഹ ഗായകനുമായ നിയാല്‍ ഹോറന്റെ പരിപാടി കാണുന്നതിനുമായിട്ടായിരുന്നു ലിയാം അര്‍ജന്റീനയില്‍ എത്തിയത്.
എന്നാല്‍, ബ്യൂണസ് അയേഴ്സിലെ യു എസ് എമ്പസിയെ സമീപിച്ച ലിയാം അറിയുന്നത്, മദ്യത്തിനും മയക്കുമരുന്നിനും വിമോചന ചികിത്സതേടി താന്‍ ഒന്നിലധികം തവണ റീഹാബിലിറ്റേഷന്‍ സെന്ററുകളില്‍ പോയ കാര്യം അവര്‍ അന്വേഷിച്ച് കണ്ടെത്തി എന്നായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ ടെസ്റ്റ് നടത്താനും രക്തപരിശോധനയും എക്സ് റേയും നടത്താനും ഡോക്ടറേയും മാനസികരോഗ വിദഗ്ധനെയും കാണാനും എമ്പസി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. അര്‍ജന്റീനയിലെക്കുള്ളത് ഒരു ഹ്രസ്വകാല യാത്രയായിരിക്കും എന്നായിരുന്നു ലിയാം കരുതിയത്. എന്നാല്‍, ഈ പരിശോധനകള്‍ നീണ്ടതുകാരണം അദ്ദേഹം അവിടെ പെട്ടുപോവുകയായിരുന്നു.
വാരാന്ത്യം ബ്യൂണസ് അയേഴ്സിലെ ഒരു പോളോ ഫാമില്‍ ചെലവഴിച്ചതിന് ശേഷം കാമുകി കെയ്റ്റ് മിയാമിയിലെക്ക് മടങ്ങി. ലിയാം അവിടെ തന്നെയുള്ള കസാസുര്‍ ഹോട്ടലിലേക്ക് താമസം മാറ്റുകയും ചെയ്തു. ചൊവാഴ്ച ഇയാള്‍ തികച്ചും സന്തുഷ്ടനായാണ് കാണപ്പെട്ടതെന്നും മെക്‌ഡോണാള്‍ഡ് ആവശ്യപ്പെട്ടുവെന്നും ഹോട്ടല്‍ ജീവനക്കാര്‍ പറയുന്നു. ചൊവ്വാഴ്ച പരിശോധനകളുടെ ഫലം വന്നു. എല്ലം ലിയാമിന് അനുകൂലവുമായിരുന്നു. ഇതെതുടര്‍ന്ന് വ്യാഴാഴ്ച വിസയ്ക്കായി എംബസിയില്‍ അപ്പോയിന്റ്‌മെന്റ് ലഭിക്കുകയും ചെയ്തു.
രാവിലെ 11 മണിയോടെ രണ്ട് ലൈംഗിക തൊഴിലാളികള്‍ അദ്ദേഹത്തിന്റെ മുറിയില്‍ വന്നതായി പോലീസ് പറയുന്നു. 3 മണിക്ക് അവര്‍ തിരികെ പോയി എന്നാല്‍ അതിനു മുന്‍പായി പ്രതിഫലത്തെ ചൊല്ലി അവിടെ തര്‍ക്കമുണ്ടായതായും പോലീസ് പറയുന്നു. തുടര്‍ന്ന് ലിയാമിന്റെ സുഹൃത്തായ റോജര്‍ നോരസിനെ ഹോട്ടലിലെക്ക് വിളിപ്പിച്ചതായും പറയുന്നു. അതിനിടയിലാണ് അദ്ദേഹം ബോധം കെട്ട് വീണത്.