കീമോ തെറാപ്പി തുടങ്ങിയ ശേഷം കെയ്റ്റ് ആദ്യമായി എത്തിയ ചടങ്ങ്; ചേര്‍ത്ത് പിടിച്ച് വില്യം; വസ്ത്രധാരണത്തില്‍ പ്രത്യേക ശ്രദ്ധ; രോഗബാധിതയായ കമില ഇല്ലാതെ ചാള്‍സ് രാജാവ്: ബ്രിട്ടന്‍ ഇന്നലെ റിമമ്പറന്‍സ് ഡേ ആഘോഷിച്ചത്
ലണ്ടന്‍: ബ്രിട്ടണിനായി ജീവന്‍ ബലിനല്‍കിയ സൈനികരുടെ ഓര്‍മ്മകളുണര്‍ത്തിയ ഫെസ്റ്റിവല്‍ ഓഫ് റിമംബറന്‍സ് വേദിയില്‍ ജനങ്ങളുടെ സ്നേഹാദരങ്ങള്‍ ഏറ്റുവാങ്ങി കെയ്റ്റ് രാജകുമാരി എത്തി കീമോ തെറാപ്പി ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് രാജകുമാരി ഒരു പൊതുചടങ്ങില്‍ പങ്കെടുക്കുന്നത്. നിര്‍ത്താത്ത കരഘോഷങ്ങളുടെ അകമ്പടിയോടെയായിരുന്നു രാജദമ്പതിമാര്‍ റോയല്‍ ആല്‍ബര്‍ട്ട് ഹോളില്‍ എത്തിയത്. ജീവിതത്തിലെ ഏറ്റവും കാഠിന്യമായ ദിനങ്ങള്‍ എന്ന് വില്യം രാജകുമാരന്‍ വിശേഷിപ്പിച്ച ഒരു വര്‍ഷത്തിന് ശേഷം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട കെയ്റ്റ് രാജകുമാരിയായിരുന്നു ഏറെ ശ്രദ്ധേയയായത്.
അവിടെ സന്നിഹിതരായിരുന്ന, രാജകുടുംബാംഗങ്ങള്‍ ഉള്‍പ്പടെ എല്ലാവരും നിറകണ്ണുകളോടെയായിരുന്നു വീര ബലിദാനികളുടെ സ്മരണ പുതുക്കിയതും ആ സ്മരണകള്‍ക്ക് മുന്നില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ചതും. കറുത്ത, അതിമനോഹരമായ വസ്ത്രങ്ങള്‍ അണിഞ്ഞെത്തിയ രാജകുമാരിയെ കൂടെ ചേര്‍ത്ത് പിടിക്കാന്‍ വില്യം രാജകുമാരനുണ്ടായിരുന്നു. അവര്‍ക്കൊപ്പം ചാള്‍സ് രാജാവ്, എഡ്വേര്‍ഡ് രാജകുമാരന്‍, പത്‌നി സോഫീ, ആന്‍ രാജകുമാരി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ഇവരെ കൂടാതെ രാജകുടുംബത്തിലെ മറ്റു പ്രമുഖ അംഗങ്ങളും റോയല്‍ ബോക്സിനുള്ളില്‍ ഉപവിഷ്ടരായിരുന്നു.
വെയ്ല്‍സ് രാജകുമാരന്‍ രാജകുമാരിക്കൊപ്പം എത്തിയപ്പൊള്‍ രാജ്ഞിയെ കൂടാതെ ഏകനായിട്ടായിരുന്നു ചാള്‍സ് രാജാവിന്റെ വരവ്. നെഞ്ചിലെ അണുബാധയ്ക്ക് രാജ്ഞി ചികിത്സയില്‍ ആയിരുന്നതിനാല്‍ ഈ ചടങ്ങില്‍ പങ്കെടുക്കുകയില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. നിരവധി മെഡലുകളും രാജമുദ്രകളും അണിഞ്ഞ കറുത്ത സൂട്ടണിഞ്ഞെത്തിയ രാജാവിനെ ആദരവ് പൂര്‍വ്വം റോയല്‍ ആല്‍ബര്‍ട്ട് ഹോളിലേക്ക് സ്വാഗതം ചെയ്തു. രോഗത്തില്‍ നിന്നും പൂര്‍ണ്ണമായും രോഗമുക്തി നേടുന്നതിനായി ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമാണ് രാജ്ഞി ചടങ്ങില്‍ നിന്നും വിട്ടു നിന്നതെന്ന് കൊട്ടാരം വൃത്തങ്ങള്‍ അറിയിച്ചു. അതോടൊപ്പം അണുബാധ മറ്റുള്ളവരിലേക്ക് പകരുന്നതും ഒഴിവാക്കേണ്ടതുണ്ട്.
രാജ്ഞിക്ക് ഇത് തീര്‍ത്തും നിരാശയാണ് ഉളവാക്കിയതെങ്കിലും അവര്‍ വീട്ടില്‍ സ്വകാര്യമായി ബലിദാനികളെ ആദരിച്ചു. അടുത്തയാഴ്ച മുതല്‍ രാജ്ഞി പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്.