പ്രതിഫലം ചോദിച്ചത് യുവജനോത്സവം വഴി വളര്‍ന്നുവന്ന നടിയെന്ന് മന്ത്രി; കുട്ടികളുടെ കാര്യമല്ലേയെന്ന് സുധീര്‍ കരമന; കലയ്ക്ക് വേണ്ടി പ്രതിഫലം ചോദിച്ചാല്‍ കുറ്റമെന്ന് രചന; നടിയെ അനുകൂലിച്ചും വിമര്‍ശിച്ചും കലാരംഗത്തെ പ്രമുഖര്‍

പ്രതിഫലം ചോദിച്ച നടിയെ അനുകൂലിച്ചും വിമര്‍ശിച്ചും കലാരംഗത്തെ പ്രമുഖര്‍

Update: 2024-12-09 10:57 GMT

തിരുവനന്തപുരം: സ്‌കൂള്‍ കലോത്സവത്തിലെ അവതരണഗാനത്തിന് നൃത്തം പഠിപ്പിക്കാന്‍ നടി അഞ്ച് ലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ടെന്ന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ തുറന്നുപറിച്ചില്‍ സാമൂഹ്യ മാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. പ്രതിഫലം ചോദിച്ചതിന് നടിയെ അനുകൂലിച്ചും വിമര്‍ശിച്ചും കലാരംഗത്തെ പ്രമുഖരടക്കം രംഗത്ത് വന്നുകഴിഞ്ഞു.

'യുവജനോത്സവം വഴി വളര്‍ന്നുവന്ന ഒരു പ്രശസ്ത സിനിമാ നടിയോട് കുട്ടികളെ പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള നൃത്തം പഠിപ്പിക്കാമോയെന്ന് ചോദിച്ചു. അവര്‍ സമ്മതിക്കുകയും ചെയ്തു. എന്നാല്‍ അഞ്ച് ലക്ഷം രൂപയാണ് പ്രതിഫലം ചോദിച്ചത്. ഇത്രയും വലിയ തുക നല്‍കി കുട്ടികളെ സ്വാഗതഗാനം പഠിപ്പിക്കേണ്ടെന്ന് തീരുമാനിച്ചു. സാമ്പത്തിക മോഹികളല്ലാത്ത എത്രയോ നൃത്ത അധ്യാപകരുണ്ട്. അവരെ ഉപയോഗിച്ച് സ്വാഗതഗാനം പഠിപ്പിക്കാന്‍ തീരുമാനിച്ചു. കുറച്ചു സിനിമയും കുറച്ച് കാശും ആയപ്പോള്‍ കേരളത്തോട് അഹങ്കാരം കാണിക്കുകയാണ്', വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശമിതായിരുന്നു.

കലോത്സവത്തിന് ഒരുക്കുന്ന നൃത്തരൂപങ്ങളില്‍ നിന്ന് വ്യത്യസ്തമായാണ് അവതരണ ഗാനങ്ങളെ സമീപിക്കേണ്ടത്. മത്സര ഇനമല്ലാത്ത, ഉദ്ഘാടനത്തിനെത്തിച്ചേരുന്ന എല്ലാവരെയും ഏഷ്യയിലെ ഏറ്റവും വലിയ കലാ മാമാങ്കത്തിലേക്ക് സ്വാഗതം ചെയ്യുന്ന നൃത്താവിഷ്‌കാരമാണിത്. നൂറിലധികം കുട്ടികള്‍ പങ്കെടുക്കുന്ന പരിപാടിയിലേക്ക് കുട്ടികളെ പരിശീലിപ്പിച്ചെടുക്കുക ബുദ്ധിമുട്ടേറിയ കാര്യമാണെന്നതില്‍ സംശയമില്ല. എന്നാല്‍ പേര് പരാമര്‍ശിക്കാതെയുള്ള മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രസ്താവന ആ നടി ആരെന്ന ചോദ്യ ചിഹ്നത്തിന് വഴിയൊരുക്കിയിരിക്കുകയാണ്.

മന്ത്രിയുടെ പ്രസ്താവന ചര്‍ച്ചയായതിന് പിന്നാലെ നിരവധി പേര്‍ പ്രതികരണവുമായി രംഗത്തെത്തിയിട്ടുമുണ്ട്. പ്രൊഫഷണലായാണ് നടിയെ വിളിച്ചതെങ്കില്‍ അവര്‍ ആവശ്യപ്പെട്ട പണം നല്‍കേണ്ടതാണെന്ന് നടിയും നര്‍ത്തകിയുമായ രചന നാരായണന്‍കുട്ടി പ്രതികരിച്ചു. അവര്‍ക്ക് കഴിവുള്ളത് കൊണ്ടല്ലേ വിളിച്ചതെന്നും പറ്റില്ലെങ്കില്‍ മറ്റൊരാളെ സമീപിക്കണമെന്നുമാണ് ഈ വിഷയത്തില്‍ രചനയുടെ അഭിപ്രായം.

പ്രൊഫഷണലായിട്ടാണ് അവരെ വിളിച്ചതെങ്കില്‍ അവര്‍ ആവശ്യപ്പെട്ട പണം നല്‍കാന്‍ പറ്റുമെങ്കില്‍ നല്‍കേണ്ടതാണ്. സിനിമാ നടിയായിട്ടുള്ള ആള്‍ നര്‍ത്തകിയായത് കൊണ്ടാണല്ലോ പഠിപ്പിക്കാന്‍ വിളിച്ചത്. അവര്‍ക്ക് കഴിവുള്ളത് കൊണ്ടാണല്ലോ വിളിച്ചത്. അവര്‍ പ്രൊഫഷണലി വാങ്ങുന്ന പണമായിരിക്കാമത്. എന്റെ പണം തീരുമാനിക്കുന്നത് ഞാനാണ്. ഇത് നല്‍കാന്‍ പറ്റില്ലെങ്കില്‍ മറ്റൊരാളെ സമീപിക്കുക. അല്ലാതെ അവര്‍ ആ പണം പറഞ്ഞുവെന്നത് കൊണ്ട് അവരിലെ പ്രൊഫഷണലിസത്തെ തള്ളിക്കളയുന്നതിനോട് എനിക്ക് യോജിപ്പില്ലെന്നും രചന പ്രതികരിച്ചു.

അതേസമയം കേരളത്തില്‍ നര്‍ത്തകര്‍ക്ക് വേദി ലഭിക്കുന്നില്ലെന്ന സത്യാവസ്ഥയും രചന ചൂണ്ടിക്കാട്ടുന്നു. മറ്റ് കാര്യങ്ങളിലെല്ലാം വില വര്‍ധിക്കുമ്പോള്‍ എന്തുകൊണ്ടാണ് കലയ്ക്ക് വേണ്ടി പണം ചോദിക്കുമ്പോള്‍ മാത്രം, തിരിച്ച് ചോദ്യങ്ങള്‍ വരുന്നതിനെക്കുറിച്ച് മനസിലാകുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.

സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള വേദികള്‍ കുറവാണെന്നും നിശാഗന്ധിയോ കേരള കലാമണ്ഡലത്തില്‍ നടക്കുന്ന നിള ഫെസ്റ്റിവല്‍ പോലുള്ള വേദികളോ ആണുള്ളതെന്നും രചന പറയുന്നുണ്ട്. 'പത്തിരുപത് വര്‍ഷം മുമ്പ് സ്‌കൂള്‍ തലത്തിലും സര്‍വകലാശാല തലത്തിലും പങ്കെടുത്ത ആളാണ് ഞാന്‍. അന്നത്തെ പണമല്ലല്ലോ ഇന്ന്. ഓരോ കാര്യത്തിനും പണം കൂടുകയല്ലേ. ഡാന്‍സായാലും നാടകമായാലും പഠിപ്പിക്കുന്നവരെ സഹായിക്കുന്നവര്‍ക്കും, റെക്കോര്‍ഡിങ്ങിനും, പ്രോപ്പര്‍ട്ടികള്‍ക്കും മറ്റും പണം ചെലവാകും. അതുകൊണ്ടാണ് നൃത്തം പരിശീലിപ്പിക്കാന്‍ പണം കൂടുതലായി ആവശ്യപ്പെടുന്നതെന്ന് തോന്നുന്നത്. ഒരു സിനിമ പണം കൊടുത്ത് കാണുന്നു, എന്തുകൊണ്ട് നൃത്തത്തിന്റെ കാര്യം വരുമ്പോള്‍ മാത്രം ഇങ്ങനെ പറയുന്നു', രചന നാരായണന്‍കുട്ടി ചോദിക്കുന്നു.

താന്‍ പ്രതിഫലം വാങ്ങാതെയാണ് കുട്ടികള്‍ക്ക് വേണ്ടി നൃത്തം ചിട്ടപ്പെടുത്തിയതെന്നും എന്നാല്‍ പ്രതിഫലം വാങ്ങണോ വേണ്ടയോ എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണെന്നും ആശ ശരത്ത് പറഞ്ഞു. 'ഞാന്‍ പ്രതിഫലം വാങ്ങിക്കാതെയാണ് കുട്ടികള്‍ക്ക് വേണ്ടി നൃത്തം ചിട്ടപ്പെടുത്തിയത്. എല്ലാം സ്വന്തം ചെലവിലായിരുന്നു. പ്രതിഫലം വാങ്ങണോ വേണ്ടയോ എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്. ഓരോ കലാകാരിയുടെയും മൂല്യം അവര്‍ തീരുമാനിക്കുന്നതാണല്ലോ. കഴിഞ്ഞ കലോത്സവത്തിന് കുട്ടികള്‍കൊപ്പം നൃത്തം ചെയ്യുക എന്നത് ഏറ്റവും വലിയ ആഗ്രഹമായിരുന്നു. കലോത്സവത്തിലൂടെ വളര്‍ന്നു വരുന്നത് നമ്മുടെ അഭിമാന താരങ്ങളാണ്'. ഇത്തവണയും കലോത്സവത്തിനു എത്താന്‍ ആഗ്രഹം ഉണ്ടെന്നും ആശ ശരത്ത് പറഞ്ഞു.

കുട്ടികള്‍ക്ക് വേണ്ടിയുള്ള പരിപാടിയില്‍ കാശ് ചോദിക്കുന്നത് ശരിയല്ലെന്നും നടി ആരാണെന്ന് അറിയില്ലെന്നും സുധീര്‍ കരമന പ്രതികരിച്ചു.

'ഞാനും കലോത്സവ വേദിയില്‍ നിന്നാണ് അഭിനയത്തില്‍ സജീവമാകുന്നത്. വേദിയില്‍ വെച്ചാണ് മന്ത്രിയുടെ പ്രസ്താവന കേള്‍ക്കുന്നത്. വേദന തോന്നി. സാധാരണഗതിയില്‍ ആരും പണം ചോദിക്കാറില്ല. ഒട്ടും ശരിയായ രീതിയല്ല. കുട്ടികളുടെ കാര്യമല്ലേ. സര്‍ക്കാരിന് കലോത്സവത്തിലൂടെ പ്രത്യേകിച്ച് വരുമാനം ഒന്നുമല്ലല്ലോ. നടി ആരാണെന്ന് അറിയില്ല. എഎംഎംഎ അംഗമാണോയെന്ന് പോലും വ്യക്തമല്ല. കുട്ടികള്‍ക്ക് വേണ്ടിയുള്ള പരിപാടിയില്‍ കാശ് ചോദിക്കുന്നത് ശരിയല്ല', എന്നാണ് നടന്‍ പ്രതികരിച്ചത്.

അതേസമയം 10 മിനിറ്റ് നേരത്തേക്ക് അഞ്ച് ലക്ഷം ആവശ്യപ്പെട്ടത് കൂടുതലാണെന്നായിരുന്നു നര്‍ത്തകന്‍ ആര്‍എല്‍വി രാമകൃഷ്ണന്റെ അഭിപ്രായം. 10 മിനിറ്റ് നേരത്തേക്ക് അഞ്ച് ലക്ഷം ആവശ്യപ്പെട്ടത് കൂടുതല്‍ തന്നെയാണ്. ഞാന്‍ വളര്‍ന്നുവന്ന പശ്ചാത്തലം വെച്ച് നോക്കുമ്പോള്‍ ഈ തുക വളരെ കൂടുതലായിട്ടാണ് തോന്നുന്നത്. എന്ത് മാത്രം ചെലവ് വരുമെന്നോ, ആ നടിയോട് എന്ത് പറഞ്ഞുവെന്നോ എനിക്ക് അറിയില്ലആര്‍എല്‍വി രാമകൃഷ്ണന്‍ പറയുന്നു.

കലോത്സവത്തിന് സാധാരണ രീതിയില്‍ ചെലവാകുന്ന പണവും അവതരണഗാനത്തിന് വേണ്ടി ചിട്ടപ്പെടുത്തുന്ന നൃത്തത്തിന്റെ തുകയും വ്യത്യസ്തമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കലോത്സവത്തിന് സ്വന്തമായി ഒരു നൃത്തം ചിട്ടപ്പെടുത്തി ഒരു ഇനത്തിന്റെ റെക്കോര്‍ഡ് സിഡി കയ്യില്‍ കിട്ടണമെങ്കില്‍ രണ്ട് ലക്ഷത്തോളം ചെലവ് വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അഞ്ച് ലക്ഷം രൂപ കൂടുതലാണെന്നാണ് തന്റെ അഭിപ്രായമെന്നും എന്നാല്‍ ഇത് ഓരോരുത്തരുടെയും അഭിപ്രായമാണെന്നുമായിരുന്നു നര്‍ത്തകി മന്‍സിയ വിപി പറഞ്ഞത്. അതേസമയം കലോത്സവത്തില്‍ കച്ചവടമാണ് നടക്കുന്നതെന്ന് ആര്‍എല്‍വി സുജിനയും പ്രതികരിച്ചു. എന്ത് പ്രധാനപ്പെട്ട പരിപാടിക്കും സര്‍ക്കാര്‍ സമീപിക്കുന്നത് സിനിമാ മേഖലയിലുള്ളവരെയാണെന്നും അവര്‍ മാത്രമാണോ ഈ മേഖലയിലുള്ളതെന്ന് തനിക്ക് തോന്നാറുണ്ടെന്നും അവര്‍ പറഞ്ഞു.

കലോത്സവത്തോട് എനിക്ക് താല്‍പര്യമില്ല. കച്ചവടമാണ് കലോത്സവത്തില്‍ നടക്കുന്നത്. എന്ത് പ്രധാനപ്പെട്ട പരിപാടിക്കും സമീപിക്കുന്നത് സിനിമ മേഖലയിലുള്ളവരെയാണ്. അവര്‍ മാത്രമാണോ ഈ മേഖലയിലുള്ളത് എന്ന് എനിക്ക് തോന്നാറുണ്ട്. ഇപ്പോഴും ഗുരുകുലത്തിലും ആര്‍എല്‍വി കോളേജില്‍ നിന്നുമൊക്കെ പഠിച്ചിറങ്ങിയ കഴിവുള്ള ഒരുപാട് കുട്ടികളുണ്ട്. ഈ ഫീല്‍ഡില്‍ നില്‍ക്കുന്ന ഒരുപാട് കലാകാരന്മാരുണ്ട്. എന്തുകൊണ്ട് അവരെ സമീപിക്കുന്നില്ല. എന്തായാലും അഞ്ച് ലക്ഷം വലിയ തുകയാണ്. ഇത്രയും തുകയാവില്ലെന്ന് ആര്‍എല്‍വി സുജിന പറയുന്നു.

വെഞ്ഞാറമൂട് പ്രൊഫഷണല്‍ നാടകോത്സവത്തിന്റെ സമാപന പരിപാടിയില്‍ പങ്കെടുക്കുമ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം. മന്ത്രിക്കൊപ്പം വേദിയിലുണ്ടായിരുന്ന നടന്‍ സുധീര്‍ കരമനയും നടിയുടെ രീതിയെ വിമര്‍ശിച്ചു. കൊല്ലത്ത് കഴിഞ്ഞ വര്‍ഷം കലോത്സവത്തില്‍ അതിഥിയായി മമ്മൂട്ടിയെത്തിയതും ഓണാഘോഷ പരിപാടിയില്‍ ഫഹദ് ഫാസില്‍ വന്നതും പ്രതിഫലം വാങ്ങാതെയാണെന്ന് വിദ്യാഭ്യാസവകുപ്പ് വിശദീകരിക്കുന്നു.

പത്ത് മിനിറ്റ് നേരത്തേക്ക് അഞ്ച് ലക്ഷം രൂപയാകുമോ അല്ലയോ എന്നുള്ള ചോദ്യത്തിന് പല തരത്തിലുള്ള മറുപടികളാണ് ലഭിക്കുന്നത്. അതേസമയം നടി ആവശ്യപ്പെട്ടത് അവരുടെ ഫീസ് തുകയാണെന്നും അത് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം അവരുടേതല്ലേ എന്ന അഭിപ്രായവും പലരും പങ്കുവെക്കുന്നുണ്ട്. ഒരു പരിപാടിക്ക് വേണ്ടി ഒരാള്‍ ആവശ്യപ്പെട്ട തുകയ്ക്ക് പിന്നിലെ കാരണവും ആ തുക അതിന് അനുയോജ്യമാണോയെന്നും അന്വേഷിക്കാതെ പൊതു മധ്യത്തില്‍ ഒരാളെ (പേര് പറഞ്ഞില്ലെങ്കിലും) അപമാനിക്കുന്നതിന് തുല്യമായ രീതിയിലുള്ള മന്ത്രിയുടെ പെരുമാറ്റം പുനപരിശേധിക്കേണ്ടത് തന്നെയാണെന്നാണ് പൊതുവേ ഉയരുന്ന വിലയിരുത്തല്‍.

പൊതുവേ കലാരംഗത്തുള്ളയാളുകള്‍ തങ്ങളുടെ ഓരോ പരിപാടിക്കും ചെലവാകുന്ന ഭീമമായ തുകയെക്കുറിച്ച് പലപ്പോഴും പ്രതികരിക്കാറുണ്ട്. കലോത്സവത്തിന് ഒരു ഇനം സ്റ്റേജില്‍ അവതരിപ്പിക്കാന്‍ ഒരു ലക്ഷത്തിന് മുകളില്‍ ചെലവാകുന്ന കാഴ്ചകള്‍ വര്‍ഷങ്ങളായി നാം കാണുകയാണ്. നൃത്തത്തിനും മറ്റ് കലാരൂപങ്ങള്‍ക്കും ആവശ്യമുള്ള വസ്ത്രം, മേക്കപ്പ്, ഗാനം, സഹായികളുണ്ടെങ്കില്‍ അവര്‍ക്ക് ചെലവാകുന്ന പണം തുടങ്ങി വലിയൊരു തുക തന്നെ നൃത്താധ്യാപകര്‍ക്ക് വേണ്ടിവരാറുണ്ട്.

മന്ത്രി പറഞ്ഞ നടി ആരുമായിക്കൊള്ളട്ടേ, അവര്‍ അവരുടെ ജോലിയുടെ പ്രതിഫലം ചോദിക്കുമ്പോള്‍ അതിനെ പൊതുമധ്യത്തില്‍ ക്രൂശിക്കാതിരിക്കാനുള്ള ഔചിത്യ ബോധം ഒരു വിദ്യാഭ്യാസ മന്ത്രിയില്‍ നിന്നും കേരളം പ്രതീക്ഷിക്കുന്നുണ്ട്. അതും കലോത്സവം കച്ചവടവല്‍ക്കരിക്കപ്പെടുന്നുവെന്നും ജഡ്ജിമാര്‍ തുക വാങ്ങി വിധിനിര്‍ണയം നടത്തുന്നുവെന്നുമുള്ള ആരോപണം ഓരോ വര്‍ഷവും കൂടി വരുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഇല്ലാത്ത സമയത്താണ് ഇത്തരം പരാമര്‍ശം വരുന്നതെന്നതും ശ്രദ്ധേയമാണ്.

Tags:    

Similar News