താജ് ഹോട്ടലില്‍ ഒരേ സമയത്തെത്തിയ വെള്ള നിറത്തിലുള്ള രണ്ട് എര്‍ട്ടിഗ കാറിന് ഒരേ നമ്പര്‍; ഭീകരാക്രമണത്തിന്റെ ഓര്‍മയില്‍ പൊലീസിനെ വിളിച്ച് സെക്യൂരിറ്റി; ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു; കാറുടമയ്‌ക്കെതിരെ കേസെടുത്തു

താജ് ഹോട്ടലില്‍ സുരക്ഷ ഭീതി ഉയര്‍ത്തി വെള്ള എര്‍ട്ടിഗ കാര്‍

Update: 2025-01-06 14:16 GMT

മുംബൈ: മുംബൈയിലെ അതീവ സുരക്ഷാ ഏരിയയില്‍ ഉള്‍പ്പെട്ട താജ് ഹോട്ടലില്‍ ഒരേ സമയത്തെത്തിയ വെള്ള നിറത്തിലുള്ള മാരുതി എര്‍ട്ടിഗ കാര്‍ സുരക്ഷ ഭീതി ഉയര്‍ത്തി. രണ്ട് വാഹനത്തിനും ഒരേ നമ്പറാണെന്ന് കണ്ടെത്തിയതോടെയാണ് സുരക്ഷ ഭീതി ഉയര്‍ന്നത്. സുരക്ഷാ ഭീഷണില്‍ ഹോട്ടല്‍ സെക്യൂരിറ്റി രണ്ട് വാഹനങ്ങളും തടഞ്ഞ് വിവരം പൊലീസിലറിയിച്ചു.

വാഹനം തടഞ്ഞതോടെ ഒരു കാറിന്റെ ഡ്രൈവര്‍ ഓടി രക്ഷപ്പെടുകയും ചെയ്തു. പൊലീസെത്തി വാഹനങ്ങള്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയി നടത്തിയ അന്വേഷണത്തില്‍ വെളിച്ചത്തായത് ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള ചലാന്‍ ഒഴിവാക്കാനായി ഒരു കാറിന്റെ ഉടമ നടത്തിയ തട്ടിപ്പാണെന്നായിരുന്നു. ഇഎംഐ മുടങ്ങിയതോടെ ലോണ്‍ റിക്കവറി ഏജന്റുമാരില്‍ നിന്നും ട്രാഫിക് ഫൈനില്‍ നിന്നും രക്ഷപ്പെടാനുമാണ് രജിസ്‌ട്രേഷന്‍ മാറ്റി കാറുടമ ഈ തട്ടിപ്പ് നടത്തയതെന്ന് പൊലീസ് അറിയിച്ചു.

തട്ടിപ്പ് നടത്തിയ വാഹനത്തിന്റെ നമ്പര്‍ MH01EE2383 ആണ്. അലിയുടെ കാറിന്റെ രജിസ്ട്രേഷന്‍ നമ്പര്‍ MH01EE2388 എന്നതാണ്. ഈ നമ്പരാണ് വ്യാജന്‍ തന്റെ കാറില്‍ ഉപയോഗിച്ചത്. സംഭവത്തില്‍ വ്യാജ നമ്പര്‍പ്ലേറ്റ് വെച്ച കാറിന്റെ ഉടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. ഇന്ന് രാവിലെയാണ് മുംബൈയിലെ താജ് ഹോട്ടലില്‍ സുരക്ഷാ ഭീഷണിയുയര്‍ത്തി വ്യാജ നമ്പര്‍ പ്ലേറ്റുള്ള രണ്ട് എര്‍ട്ടിഗ കാറുകളെത്തിയത്. ടാക്‌സി രജിസ്‌ട്രേഷനുള്ള രണ്ട് കാറുകളുടേയും നമ്പര്‍ ഒന്നാണെന്ന് കണ്ടെത്തിയതോടെയാണ് താജ് ഹോട്ടലില്‍ സുരക്ഷാ ഭീതിയുണ്ടായത്.

2008-ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം താജ് ഹോട്ടല്‍ അതീവ സുരക്ഷാ ഏരിയ ആണ്. അതുകൊണ്ടുതന്നെ ഉടനെ തന്നെ സുരക്ഷാ ജീവനക്കാര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി കാറും ഡ്രൈവര്‍മാരെയും കസ്റ്റഡിയിലെടുത്തു. സാക്കിര്‍ അലി എന്നയാളുടെ പേരിലുള്ള എര്‍ട്ടിക കാറിന്റെ നമ്പരാണ് തട്ടിപ്പുകാരനും ഉപയോഗിച്ചിരുന്നത്. പൊലീസ് വിളിച്ചതനുസരിച്ച് സാക്കിര്‍ അലി സ്റ്റേഷനിലെത്തിയപ്പോഴാണ് കഥ മാറിയത്.

തനിക്ക് നിരന്തരം ട്രാഫിക് നിയമലംഘനത്തിന് ചലാന്‍ വന്നിരുന്നതായും എന്നാല്‍ നോട്ടീസില്‍ പറയുന്ന സ്ഥലങ്ങളിലൊന്നും ആ സമയത്ത് താന്‍ പോയിട്ടില്ലെന്നും സാക്കിര്‍ പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ട്രാഫിക് നിയമലംഘനം നടത്തിയത് വ്യാജ നമ്പര്‍ വെച്ച എര്‍ട്ടിഗ കാറാണെന്ന് കണ്ടെത്തി.

കഴിഞ്ഞ ആറ് മാസമായി തനിക്ക് ആഴ്ചയില്‍ രണ്ട് ചലാന്‍ എന്ന കണക്കിന് നിയമലംഘനത്തിന് പിഴയടക്കാന്‍ നോട്ടീസ് എത്തിയിരുന്നതായി സാക്കിര്‍ അലി പറഞ്ഞു. ട്രാഫിക് സിഗ്‌നല്‍ തെറ്റിച്ചതിനും ടോള്‍ നല്‍കാത്തതിനുമടക്കം നോട്ടീസ് വന്നു. പൊലീസില്‍ പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്നും സാക്കിര്‍ അലി പറഞ്ഞു. അതേസമയം വ്യാജ നമ്പര്‍ ഉപയോഗിച്ച കാറിന്റെ ഉടമക്കെതിരെ കേസെടുത്തതായും ഓടി രക്ഷപ്പെട്ട ഡ്രൈവറെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയതായി പൊലീസ് വ്യക്തമാക്കി.

Tags:    

Similar News