സിപിഎം ലോക്കല്‍ സെക്രട്ടറി തേര്‍ഡ് റേറ്റ് ക്രിമിനല്‍; മുന്‍ ജില്ലാ സെക്രട്ടറി മറുപടി പറയണം; ജില്ലാ സെക്രട്ടറിയേറ്റ് അംഗം അസ്വസ്ഥത കാട്ടി; പത്തനംതിട്ട ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയില്‍ നിന്ന് മാറ്റി നിര്‍ത്തിയതിന്റെ പേരില്‍ സിപിഎം നേതാക്കള്‍ക്കെതിരേ രൂക്ഷവിമര്‍ശനം ഉയര്‍ത്തി ലോക്കല്‍ കമ്മറ്റി അംഗം അഡ്വ. കാര്‍ത്തിക

Update: 2025-01-19 06:35 GMT

പത്തനംതിട്ട: യുവതിയെയും പിഞ്ചു കുഞ്ഞിനെയും കൊല്ലാന്‍ ശ്രമിച്ചുവെന്ന കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി അംഗത്വത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയതിന്റെ കലിപ്പില്‍ സിപിഎം ലോക്കല്‍ കമ്മറ്റിയംഗമായ അഭിഭാഷക മുതിര്‍ന്ന നേതാക്കള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്ത്. മുന്‍ ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.ഡി.ബൈജു, മലയാലപ്പുഴ ലോക്കല്‍ കമ്മറ്റി സെക്രട്ടറി മിഥുന്‍ എന്നിവര്‍ക്കെതിരേ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കാര്‍ത്തിക വിമര്‍ശനം ഉന്നയിക്കുന്നത്.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുള്ള ഭര്‍ത്താവ് അര്‍ജുന്‍ ദാസിനൊപ്പമാണ് കാര്‍ത്തികയ്ക്ക് എതിരേ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ മലയാലപ്പുഴ പോലീസ് വധശ്രമത്തിനും കുട്ടിയെ ആക്രമിച്ചതിനും അടക്കം കേസ് എടുത്തത്. അര്‍ജുന്റെ സഹോദരന്‍ അരുണ്‍ ദാസ്, ഭാര്യ സലിഷ എന്നിവരും ഈ കേസില്‍ പ്രതിയായിരുന്നു. അന്നു തന്നെ ഇവര്‍ക്കെതിരേ ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയെങ്കിലും കാര്‍ത്തികയെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയില്‍ നിന്ന് മാറ്റി നിര്‍ത്തിക്കൊണ്ട് ഉത്തരവ് വരുന്നത് ഒമ്പതു മാസത്തിന് ശേഷം കഴിഞ്ഞ ഡിസംബര്‍ 24 നാണ്. ഈ വിവരം മാധ്യമങ്ങള്‍ക്ക് ലഭിച്ചത് വീണ്ടും ഒരു മാസത്തിന് ശേഷമാണ്. മാധ്യങ്ങള്‍ ഈ വാര്‍ത്ത നല്‍കിയതോടെയാണ് കാര്‍ത്തിക പ്രതികരണവുമായി സാമൂഹിക മാധ്യമങ്ങളില്‍ എത്തിയത്.

തന്റെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി അംഗം എന്ന സ്ഥാനം തെറിപ്പിക്കാന്‍ വേണ്ടി മനഃപൂര്‍വം കേസെടുപ്പിക്കുകയായിരുന്നുവെന്നാണ് സിപിഎം തുമ്പമണ്‍ ലോക്കല്‍ കമ്മറ്റി അംഗമായ കാര്‍ത്തിക പറയുന്നത്. തന്നെ പുറത്താക്കിയിട്ടില്ലെന്നും അന്വേഷണ വിധേയമായി മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടുവെന്നുമാണ് കാര്‍ത്തിയുടെ പോസ്റ്റ്. പത്തനംതിട്ടയിലെ ചില പാര്‍ട്ടി നേതാക്കളുടെ മാനസ പുത്രനായ അവര്‍ക്കു വേണ്ടി ഗുണ്ടാപ്പണി ചെയ്യുന്ന തേര്‍ഡ് റൈറ്റ് ക്രിമിനല്‍ ലോക്കല്‍ സെക്രട്ടറിയെ സംരക്ഷിക്കാനുള്ള നീക്കമാണ് നടക്കുന്നത്. കാലം തെറ്റ്കാരെയും ഒറ്റുകാരെയും കാണിച്ചു തരും എന്ന ബോധ്യത്തില്‍ തന്നെ മുന്നോട്ട് പോകും.

പോസ്റ്റിന്റെ പൂര്‍ണരൂപം

ഇത് എന്റെ മക്കള്‍.

ഒരാള്‍ക്ക് 7 വയസ്സ്.

ഒരാള്‍ക്ക് 14 വയസ്സ്.

എന്റെ കുഞ്ഞുങ്ങള്‍ക്ക് നല്ല അമ്മയായി നില്‍ക്കാന്‍ എനിക്ക് കഴിയുന്നുണ്ട് എന്ന ഉത്തമബോധ്യം എനിക്കുണ്ട്. അതുകൊണ്ടുതന്നെ ഒരു കുഞ്ഞുങ്ങളുടെ നേരെയും ഞാന്‍ കൊലവിളി നടത്താറില്ല.

അങ്ങനെ കേസെടുപ്പിച്ചത് എന്റെ സിഡബ്ല്യുസി മെമ്പര്‍ സ്ഥാനം തെറിപ്പിക്കാനാണ് എന്നത് ബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാകും. എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്നതു പോലെ, എന്നെ പുറത്താക്കിയിട്ടില്ല എന്ന വിവരം അറിയിക്കട്ടെ.

എന്നോട് അന്വേഷണ വിധേയമായി മാറിനില്‍ക്കണമെന്ന് ആവശ്യപ്പെട്ടു എന്നത് സത്യമാണ്. ഏത് അന്വേഷണത്തെയും നേരിടാന്‍ ഞാന്‍ തയ്യാറുമാണ്. തെളിവുകള്‍ അന്വേഷണ ഏജന്‍സിയെ ഏല്‍പ്പിച്ചു കഴിഞ്ഞു.

കഴിഞ്ഞ മാര്‍ച്ച് 1 ന് ആരോപിക്കപ്പെട്ട സംഭവത്തില്‍ ഇപ്പോള്‍ സിഡബ്ല്യുസി കാലാവധി തീരാന്‍ ഇനി 4 മാസം മാത്രമുള്ളപ്പോള്‍, അന്വേഷണ വിധേയമായി മാറി നില്‍ക്കാന്‍ പറഞ്ഞതിന്റെ ചേതോവികാരം ചെറുതല്ല. സിപിഎമ്മിന്റെ പന്തളം ഏരിയാ സമ്മേളനത്തില്‍ അന്നത്തെ ജില്ലാ സെക്രട്ടേറിയേറ്റംഗമായ ടി.ഡി. ബൈജുവിന്റെ അസ്വസ്ഥതയും മറുപടിയും പന്തളത്തെ സഖാക്കള്‍ കണ്ടതാണല്ലോ?

സിഡബ്ല്യുസി അംഗം എന്ന പദവി എനിക്ക് നല്‍കിയത് പാര്‍ട്ടിയാണ്. പാര്‍ട്ടി പറഞ്ഞാല്‍ അത് ഉപേക്ഷിക്കാന്‍ ഞാന്‍ തയ്യാറുമാണ്. ഞാന്‍ രാജി സന്നദ്ധത ചെയര്‍മാനെ അറിയിച്ചിരുന്നതും, എന്നാല്‍ ഈ വിഷയത്തിന്റെ സത്യസന്ധത ബോധ്യപ്പെട്ടിട്ടുള്ള അദ്ദേഹം അതിന് അനുവദിക്കാത്തതുമാണ്.

പ്രശ്നം അവിടെയല്ല. സമ്മര്‍ദ്ദ തന്ത്രമാണ്. കഴിഞ്ഞ മാര്‍ച്ച് 1 ന് എന്റെ കുടുംബ വീട് ആക്രമിച്ച കേസില്‍ ഞാന്‍ വാദിയായാണ്. പ്രതി ഇപ്പോള്‍ മലയാലപ്പുഴ ലോക്കല്‍ സെക്രട്ടറിയും. അതും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിലൂടെ സെക്രട്ടറി ആയവന്‍.

ആരെ സംരക്ഷിക്കണം. വെറും ഒരു വനിതാ സഖാവായ എന്നെയോ, പത്തനംതിട്ടയിലെ ചില പാര്‍ട്ടി നേതാക്കളുടെ മാനസപുത്രനായ അവര്‍ക്കു വേണ്ടി ഗുണ്ടാ പണി ചെയ്യുന്ന തേഡ് റൈറ്റ് ക്രിമിനല്‍ ലോക്കല്‍ സെക്രട്ടറിയെയോ. പിന്നെ ഒരു മാര്‍ഗ്ഗമെ ഉള്ളൂ. എന്നെക്കൊണ്ട് കേസ് പിന്‍ വലിപ്പിക്കുക. തന്ത്രങ്ങള്‍ നടക്കട്ടെ. പക്ഷെ തന്ത്രങ്ങള്‍ എന്റെ അടുത്ത് അത്ര വിലപ്പോവില്ല.

കാലം തെറ്റുകാരെയും ഒറ്റുകാരെയും കാണിച്ചു തരും എന്ന ബോധ്യത്തില്‍ തന്നെ മുന്നോട്ട് പോകും. ഞാന്‍ ആവേശത്തിനും ആവശ്യത്തിനും പാര്‍ട്ടിയംഗമായതല്ല. അതുകൊണ്ടുതന്നെ എന്നെ ഇതില്‍ നിന്നും ആട്ടിപ്പായിക്കാനുള്ള വിദ്യ നടക്കുകയുമില്ല. എന്റെ കുട്ടികളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയവനും എന്റെ വീട്ടിലെ കുഞ്ഞുങ്ങളെ അശ്ലീലം കാണിച്ചവനും എതിരെ നല്‍കിയ പരാതിയാണ് ഇതിന്റെയെല്ലാം തുടക്കം.

സിഡബ്ലൂസി മെമ്പറായ എന്റെ വീട്ടിലെ കുഞ്ഞുങ്ങള്‍ക്ക് ലഭിക്കാതെ പോയ നീതിയും എനിക്കെതിരെ ഇല്ലാ കഥകളുടെ പ്രചരണവും പാര്‍ട്ടി മുന്‍ ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു തന്നെ ഉത്തരം പറയേണ്ടിവരും

Similar News