കീഴ് ജീവനക്കാരുടെ മുന്നില്‍ വെച്ച് അപമാനിച്ചു സംസാരിച്ചു; മാനേജറെ കുടുക്കാന്‍ വിമാനത്തില്‍ നാടന്‍ ബോംബ് വെച്ച് സൂപ്പര്‍വൈസര്‍: 15 വര്‍ഷം മുന്‍പ് നടന്ന സംഭവത്തില്‍ പ്രതിക്ക് പത്ത് വര്‍ഷം കഠിന തടവും പിഴയും
മാനേജറെ കുടുക്കാന്‍ വിമാനത്തില്‍ നാടന്‍ ബോംബ് വെച്ച് സൂപ്പര്‍വൈസര്‍: പ്രതിക്ക് പത്ത് വര്‍ഷം കഠിന തടവും പിഴയും
തിരുവനന്തപുരം: 15 വര്‍ഷം മുന്‍പ് കിങ്ഫിഷര്‍ വിമാനത്തില്‍നിന്നും നാടന്‍ ബോംബ് കണ്ടെടുത്ത കേസില്‍ സ്വകാര്യ കരാര്‍ കമ്പനി മുന്‍ ജീവനക്കാരനെ കോടതി വിവിധ വകുപ്പുകളിലായി 10 വര്‍ഷം കഠിന തടവിനും 50,000 രൂപ പിഴക്കും ശിക്ഷിച്ചു. മുന്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ മലയിന്‍കീഴ് വലിയറത്തല കൃഷ്ണപുരം സരസ്വതി വിലാസത്തില്‍ രാജശേഖരന്‍ നായരെയാണ് രണ്ടാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ജി. രാജേഷ് ശിക്ഷിച്ചത്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
താന്‍ ജോലി ചെയ്തിരുന്ന സ്വകാര്യ കരാര്‍ കമ്പനിയുടെ മാനേജറെ കുടുക്കാന്‍ രാജശേഖരന്‍ നായര്‍ വിമാനത്തിനുള്ളില്‍ ബോംബ് വയ്ക്കുക ആയിരുന്നു. കിങ്ഫിഷര്‍ കമ്പനിയുടെ വിമാനങ്ങളില്‍ നിന്ന് സാധനങ്ങല്‍ കയറ്റുന്നതിനും ഇറക്കുന്നതിനും വൃത്തിയാക്കുന്നതിനും സ്വകാര്യ കരാര്‍ കമ്പനിയായ യൂണിവേഴ്സല്‍ ഏവിയേഷനെയാണ് ചുമതലപ്പെടുത്തിയിരുന്നത്. ഈ കരാര്‍ കമ്പനിയിലെ സൂപ്പര്‍ വൈസറായിരുന്നു രാജശേഖരന്‍ നായര്‍. വലിയ കര്‍ക്കശക്കാരനായിരുന്ന ഇദ്ദേഹം പലപ്പോഴും കരാര്‍ കമ്പനിയിലെ ജീവനക്കാരോട് കര്‍ശനമായാണ് പെരുമാറിയിരുന്നത്. ജീവനക്കാരനായ അരുണിനെതിരെ പ്രതിയെടുത്ത അച്ചടക്ക നടപടി കിങ്ഫിഷര്‍ എയര്‍പോര്‍ട്ട് മാനേജര്‍ ഗിരീഷ് ഇടപെട്ട് റദ്ദാക്കുകയും പ്രതിയെ കീഴ് ജീവനക്കാരുടെ മുന്നില്‍ വച്ച് അപമാനിച്ച് സംസാരിക്കുകയും ചെയ്തു. ഇത് രാജശേഖരന്‍ നായരെ പ്രകോപിപ്പിച്ചു.
ഇതോടെ ഇദ്ദേഹത്തിന് മാനേജറോട് വിരോധമുണ്ടാവുകയും ചെയ്തു. ഇതിനിടയില്‍ 2010 ജനുവരി 26 ന് വിമാനത്തിലെ കോണിയില്‍ നിന്ന് വീണ് പ്രതിക്ക് പരുക്കേറ്റെങ്കിലും അടിയന്തര വൈദ്യ സഹായം നല്‍കാന്‍ മാനേജര്‍ വിസമ്മതിച്ചതും പക ഇരട്ടിക്കാന്‍ ഇടയാക്കി. ഇതോടെയാണ് മാനേജറെ കുടുക്കാന്‍ രാജശേഖരന്‍ നായര്‍ പദ്ധതി ഇടുന്നത്. മാനേജറുടെ കാലഘട്ടത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടായാല്‍ കിങ്ഫിഷര്‍ കമ്പനി മാനേജര്‍ക്കെതിരെ നടപടി എടുക്കുമെന്ന വിശ്വാസമാണ് നാടന്‍ ബോംബ് വിമാനത്തില്‍ സ്ഥാപിക്കാന്‍ പ്രതിയെ പ്രേരിപ്പിച്ചത്.
വലിയറത്തല ശ്രീ തമ്പുരാന്‍ ക്ഷേത്ര ഉത്സവത്തോട് അനുബന്ധിച്ച് നടന്ന കമ്പക്കെട്ട് സ്ഥലത്ത്‌നിന്ന് ഗുണ്ട് ഇനത്തിലുളള നാടന്‍ ബോംബ് ശേഖരിക്കുകയായിരുന്നു. ബെംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്ത് എത്തിയ വിമാനത്തിലെ കാറ്ററിങ് ഏരിയയിലെ ട്രോളികള്‍ക്ക് ഇടയില്‍ ഇതു സ്ഥാപിക്കുകയും ചെയ്തു. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ.ആര്‍. ഷാജി ഹാജരായി.