രണ്ടുവര്‍ഷത്തിനിടെ രണ്ടു പിഞ്ചുകുഞ്ഞുങ്ങളും മരിച്ചത് ഒരേ വിധത്തില്‍; രണ്ടും ഭാര്യവീട്ടില്‍; തൊണ്ടയില്‍ അടപ്പു കുടുങ്ങി കുഞ്ഞ് മരിച്ചതില്‍ അസ്വാഭാവികതയില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; പിതാവിന്റെ പരാതിയില്‍ അന്വേഷണം തുടരുന്നു

തൊണ്ടയില്‍ അടപ്പു കുടുങ്ങി കുഞ്ഞ് മരിച്ചതില്‍ അസ്വാഭാവികതയില്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

Update: 2025-02-11 14:55 GMT

കോഴിക്കോട്: തൊണ്ടയില്‍ കുപ്പിയുടെ അടപ്പു കുടുങ്ങി എട്ട് മാസം പ്രായമുള്ള കുഞ്ഞു മരിച്ച സംഭവത്തില്‍ അസ്വാഭാവികത ഇല്ലെന്നു പോസ്റ്റ്മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. പൊക്കുന്ന് അബീന ഹൗസില്‍ നിസാറിന്റെ മകന്‍ മുഹമ്മദ് ഇബാദാണു മരിച്ചത്. കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

നിസാറിന്റെ ഭാര്യ ആയിഷ സുല്‍ഫത്തിന്റെ കുറ്റിച്ചിറയിലുള്ള വീട്ടില്‍ വച്ച് തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. കുട്ടിയെ ഉടന്‍ തന്നെ കോട്ടപ്പറമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് കുഞ്ഞ് മരിച്ചിരുന്നു. തുടര്‍ന്ന് മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

തൊണ്ടയില്‍ ഷാംപു കുപ്പിയുടെ അടപ്പു കുടുങ്ങിയ കുട്ടിയെ രാത്രി ഒമ്പതരയോടെയാണ് കോട്ടപ്പറമ്പ് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ മരണം സംഭവിച്ചിരുന്നു. വിവരം ഭാര്യയോ ഭാര്യ വീട്ടുകാരോ തന്നെ അറിയിച്ചില്ലെന്നും മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നും അറിയിച്ചാണു ടൗണ്‍ പൊലീസില്‍ നിസാര്‍ പരാതി നല്‍കിയത്. ഇരുവരുടെയും ആദ്യത്തെ കുട്ടി 2023 ജൂലൈയില്‍ തൊണ്ടയില്‍ പാല്‍ കുടുങ്ങിയാണു മരിച്ചത്. ഈ കുട്ടിയുടെ മരണത്തിലും സംശയമുണ്ടെന്നു നിസാര്‍ പരാതിയില്‍ പറയുന്നു.

നിസാറും ആയിഷയും കുറച്ചു കാലമായി ഒന്നിച്ചല്ല താമസിക്കുന്നത്. ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. തുടര്‍ന്നാണ് ആയിഷ സ്വന്തം വീട്ടിലേക്ക് താമസം മാറിയത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് ടൗണ്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ പറഞ്ഞു.

രണ്ടാഴ്ച മുമ്പ് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ് കുട്ടിക്ക് പരിക്കേറ്റിരുന്നെന്നാണ് പിതാവ് പറയുന്നത്. ഭാര്യയേയും ഭാര്യ വീട്ടുകാരേയും സംശയ നിഴലിലാക്കുന്ന ആരോപണങ്ങളാണ് പിതാവ് ഉയര്‍ത്തുന്നത്. എട്ടു മാസം മാത്രം പ്രായമുള്ള കുട്ടി ഷാംപു കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുരുങ്ങിയാണ് മരിച്ചത്.

നിസാറിന്റെ മൂത്ത കുട്ടി രണ്ടു വര്‍ഷം മുമ്പ് മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങിയാണ് മരിച്ചത്. 14 ദിവസം മാത്രം പ്രായമുള്ളപ്പോള്‍ ആയിരുന്നു അത്. ഇപ്പോഴത്തെ മരണവും ഭാര്യയുടെ വീട്ടില്‍ വച്ചാണ് ഉണ്ടായത്. ഇതില്‍ സംശയം ഉന്നയിച്ചാണ് നിസാര്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

ഇളയകുട്ടി മുമ്പ് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചു വീണിരുന്നു. അന്നും കൃത്യമായി കുട്ടിക്ക് ചികിത്സ നല്‍കിയല്ല. ആശുപത്രിയില്‍ എത്തിക്കാന്‍ വൈകി. എല്ലാവരും ഒന്നിച്ച് യാത്ര ചെയ്തിട്ടും കുട്ടി മാത്രം എങ്ങനെ ഓട്ടോറിക്ഷയില്‍ നിന്നും വീണു എന്ന ചോദ്യവും നിസാര്‍ ഉയര്‍ത്തുന്നുണ്ട്.

Tags:    

Similar News