കിലോയ്ക്ക് ഒരു ലക്ഷം രൂപവീതം ഓരോ തവണയും 13 ലക്ഷം കമ്മിഷന്‍; രണ്ടുകോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ വാങ്ങിയത് പ്രമുഖ രാഷ്ട്രീയനേതാവിന്റെ നിര്‍ദേശപ്രകാരം? നടി രന്യ റാവുവിന്റെ ഭര്‍ത്താവ് ജതിന്‍ ഹുക്കേരിയും കസ്റ്റഡിയില്‍

കിലോയ്ക്ക് ഒരു ലക്ഷം രൂപവീതം ഓരോ തവണയും 13 ലക്ഷം രന്യ റാവുവിന്റെ കമ്മിഷന്‍

Update: 2025-03-06 12:53 GMT

ബെംഗളൂരു: കോടികള്‍ വിലമതിക്കുന്ന സ്വര്‍ണം കടത്തിയ കേസില്‍ പിടിയിലായ കന്നഡ നടി രന്യ റാവുവിന് കിലോയ്ക്ക് ഒരു ലക്ഷം രൂപ വീതം കമ്മീഷന്‍ ലഭിച്ചിരുന്നതായി ഡിആര്‍ഐ (ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ്) അന്വേഷണത്തില്‍ കണ്ടെത്തി. ഒരു വര്‍ഷത്തിനിടെ നടി രന്യ 30 തവണ ദുബായിലേക്കു പോയതായാണ് വിവരം.

12.56 കോടിയുടെ സ്വര്‍ണ ബിസ്‌കറ്റുമായാണു നടിയും ഡിജിപി രാമചന്ദ്ര റാവുവിന്റെ വളര്‍ത്തുമകളുമായ രന്യ റാവു (31) വിമാനത്താവളത്തില്‍ പിടിയിലായത്. പൊലീസ് അകമ്പടിയോടെ സുരക്ഷാ പരിശോധന മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിവീഴുകയായിരുന്നു. വീട്ടില്‍ നടത്തിയ റെയ്ഡില്‍ 2.06 കോടി രൂപയുടെ കറന്‍സിയും 2.67 കോടിയുടെ സ്വര്‍ണാഭരണങ്ങളും പിടിച്ചെടുത്തു. കേസില്‍ മൊത്തം 17.29 കോടിയുടെ വസ്തുക്കള്‍ കണ്ടെടുത്തതായി കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി.

കിലോയ്ക്ക് 1 ലക്ഷം രൂപ വീതം ഓരോ ദുബായ് യാത്രയിലും 12 - 13 ലക്ഷം രൂപയാണു രന്യ കമ്മിഷനായി നേടിയത്. ജാക്കറ്റുകള്‍, ബെല്‍റ്റ് എന്നിവയില്‍ ഒളിപ്പിച്ചാണു സ്വര്‍ണം കടത്തിയത്. 3ന് രാത്രി ദുബായില്‍ നിന്നെത്തിയ രന്യ ബെല്‍റ്റിലും ജാക്കറ്റിലുമായി 14.2 കിലോ സ്വര്‍ണം ഒളിപ്പിച്ചിരുന്നു. അതേ സമയം ആര്‍ക്കിടെക്ടായ ഭര്‍ത്താവ് ജതിന്‍ ഹുക്കേരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

നാല് മാസങ്ങള്‍ക്ക് മുമ്പ് താജ് വെസ്റ്റ് എന്‍ഡില്‍ നടന്ന ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. ആഡംബര വിവാഹത്തില്‍ ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തിരുന്നു. പബ്ബുകളും ബാറുകളും രൂപകല്‍പന ചെയ്യുന്നതില്‍ വിദഗ്ധനാണ് ജതിന്‍. വിവാഹത്തിനുശേഷം സ്വന്തം കുടുംബവുമായി രന്യക്ക് ബന്ധമുണ്ടായിരുന്നില്ല. രന്യയുടേയും ജതിന്റേയും ബിസിനസിനെ കുറിച്ച് തനിക്ക് അറിവില്ലെന്ന് രന്യയുടെ അച്ഛനും ഐ.പി.എസ്. ഓഫീസറുമായ രാമചന്ദ്ര റാവു വ്യക്തമാക്കിയിരുന്നു.

അതേ സമയം സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ നടി രന്യ റാവു രണ്ടുകോടിയോളം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ വാങ്ങിയത് പ്രമുഖ രാഷ്ട്രീയനേതാവിന്റെ നിര്‍ദേശപ്രകാരമെന്നാണ് സൂചന. കഴിഞ്ഞദിവസം വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്തിന് പിടിയിലായതിന് പിന്നാലെ നടിയുടെ ബെംഗളൂരുവിലെ വീട്ടില്‍ ഡി.ആര്‍.ഐ. സംഘം പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് 2.1 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങളും 2.7 കോടി രൂപ പണമായും കണ്ടെടുത്തത്.

നടിയുടെ വീട്ടില്‍നിന്ന് കണ്ടെടുത്ത സ്വര്‍ണാഭരണങ്ങളെക്കുറിച്ചുള്ള അന്വേഷണമാണ് രാഷ്ട്രീയനേതാവിലേക്കും വിരല്‍ചൂണ്ടുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. പ്രമുഖനായ രാഷ്ട്രീയ നേതാവിന്റെ നിര്‍ദേശപ്രകാരമാണ് നടി ഇത്രയുംതുകയുടെ സ്വര്‍ണാഭരണങ്ങള്‍ വാങ്ങി സൂക്ഷിച്ചിരുന്നതെന്നാണ് സൂചന. എന്നാല്‍, ഈ നേതാവ് ആരാണെന്നോ ഇതുസംബന്ധിച്ച കൂടുതല്‍വിവരങ്ങളോ അന്വേഷണ ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടിട്ടില്ലെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ദുബായില്‍നിന്ന് 14.2 കിലോഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ബെംഗളൂരു വിമാനത്താവളത്തില്‍വെച്ച് നടി രന്യ റാവുവിനെ ഡി.ആര്‍.ഐ. സംഘം അറസ്റ്റ് ചെയ്തത്. ബെല്‍റ്റിനുള്ളില്‍ അതിവിദഗ്ധമായി ഒളിപ്പിച്ചാണ് നടി സ്വര്‍ണക്കട്ടികള്‍ കടത്തിയത്. രഹസ്യവിവരത്തിന്റെയും ഏറെനാളായുള്ള നിരീക്ഷണത്തിന്റെയും അടിസ്ഥാനത്തിലാണ് ഡി.ആര്‍.ഐ. സംഘം നടിയെ പരിശോധിച്ചത്. തുടര്‍ന്ന് സ്വര്‍ണം കണ്ടെടുത്തതോടെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കിയ നടിയെ മാര്‍ച്ച് 18 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. അതേസമയം, കേസില്‍ റിമാന്‍ഡിലായ നടി രന്യ റാവു ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ബെംഗളൂരുവിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയിലാണ് ജാമ്യഹര്‍ജി ഫയല്‍ചെയ്തത്. നടിയെ മൂന്നുദിവസത്തെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനായി ഡി.ആര്‍.ഐ.യും കോടതിയെ സമീപിക്കും.

ആദ്യഭാര്യ അപകടത്തില്‍ മരിച്ചതിനെ തുടര്‍ന്ന് രാമചന്ദ്ര റാവു പുനര്‍വിവാഹം ചെയ്ത ചിക്കമഗളൂരു സ്വദേശിനിയുടെ മകളാണു രന്യ. 4 മാസം മുന്‍പ് വിവാഹിതയായ രന്യ തന്നില്‍നിന്ന് അകന്നാണു കഴിയുന്നതെന്നും ഭര്‍ത്താവിന്റെ ബിസിനസിനെ കുറിച്ച് വ്യക്തമായി അറിയില്ലെന്നും രാമചന്ദ്ര റാവു പറഞ്ഞു. മലയാളിയായ സ്വര്‍ണ വ്യാപാരിയില്‍നിന്ന് 2014ല്‍ 2 കോടി രൂപ പിടിച്ചെടുത്തെങ്കിലും 20 ലക്ഷം രൂപ മാത്രം രേഖകളില്‍ കാണിച്ചെന്ന പരാതിയില്‍ അന്ന് ദക്ഷിണ മേഖലാ ഐജിയായ രാമചന്ദ്രറാവുവിന്റെ ഗണ്‍മാന്‍ പിടിയിലായിരുന്നു. നിലവില്‍ പൊലീസ് ഹൗസിങ് കോര്‍പറേഷന്‍ ഡിജിപിയാണ് രാമചന്ദ്ര റാവു.

100 ദിവസത്തിലധികം പ്രദര്‍ശിപ്പിച്ച മാണിക്യ (2014) സിനിമയിലൂടെയാണു രന്യ അഭിനയ രംഗത്തെത്തിയത്. തമിഴ് സിനിമയായ വാഗ (2014), കന്നഡയില്‍ പട്ടാക്കി (2017) എന്നിവയിലും അഭിനയിച്ചെങ്കിലും സമീപകാലത്ത് സജീവമായിരുന്നില്ല.

Tags:    

Similar News