നിലമ്പൂരില്‍ എം സ്വരാജ് മത്സരിക്കില്ല; ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി? യു. ഷറഫലിയും തോമസ് മാത്യുയും ഡോ. ഷിനാസ് ബാബുവും പരിഗണനയില്‍; കോണ്‍ഗ്രസിലെ പ്രമുഖനായും ചരടുവലികള്‍

നിലമ്പൂരില്‍ എം സ്വരാജ് മത്സരിക്കില്ല

Update: 2025-04-11 08:43 GMT

മലപ്പുറം: നിലമ്പൂരില്‍ സിപിഎമ്മിന് വേണ്ടി എം സ്വരാജ് മത്സരിക്കില്ല. ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ സിപിഎം തത്വത്തില്‍ തീരുമാനിച്ചു. മുന്‍ ഫുട്ബോള്‍ താരവും സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റുമായി യു. ഷറഫലി, ചുങ്കത്തറ മാര്‍ത്തോമാ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ തോമസ് മാത്യു, നിലമ്പൂര്‍ ജില്ലാ ആശുപത്രി സുപ്രണ്ട് ഡോ. ഷിനാസ് ബാബു എന്നിവരാണ് സിപിഎം പരിഗണനയില്‍ ഉള്ളതെന്നാണ് സൂചന. വിജയസാധ്യതയുള്ള മറ്റു സ്വതന്ത്ര സ്ഥാനാര്‍ഥികളേയും പരിഗണിക്കുന്നുണ്ട്. കോണ്‍ഗ്രസിനുള്ളില്‍ നിന്നും പ്രമുഖനെ കിട്ടുമെന്നും പ്രതീക്ഷയുണ്ട്.

നിലമ്പൂരില്‍ സ്വരാജിനെ മത്സരിപ്പിക്കാന്‍ സിപിഎം ആലോചിച്ചിരുന്നു. എന്നാല്‍ നിലമ്പൂരിലെ പ്രത്യേക സാഹചര്യത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ നേതാവിനെ മത്സരിപ്പിക്കേണ്ടെന്നാണ് ധാരണ. മലപ്പുറത്ത് സിപിഎമ്മിന്റെ സ്വതന്ത്ര പരീക്ഷണങ്ങളില്‍ പലതും ഫലം കണ്ടിരുന്നു. പിവി അന്‍വറും സ്വതന്ത്രനായാണ് മത്സരിച്ച് ജയിച്ചത്. അതുകൊണ്ട് തന്നെ സ്വതന്ത്ര പരീക്ഷണം തുടരാനാണ് തീരുമാനം. നിലമ്പൂര്‍ തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസും കടുത്ത ശ്രമത്തിലാണ്. കോണ്‍ഗ്രസും സ്ഥാനാര്‍ഥിയെ നിശ്ചയിക്കാനുള്ള ചര്‍ച്ചകളിലാണ്. ഡിസിസി പ്രസിഡന്റ് ജോയിക്കാണ് നിലവില്‍ മുന്‍ഗണന. ആര്യാടന്‍ ഷൗക്കത്തിനേയും പരിഗണിക്കുന്നുണ്ട്. ഈ സാഹചര്യമെല്ലാം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ സിപിഎം പരിഗണിക്കും. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷമേ സിപിഎം മത്സരിക്കേണ്ടത് ആരെന്ന് നിശ്ചയിക്കൂ. ബിജെപിയും പ്രമുഖനെ തന്നെ മത്സരിപ്പിച്ചേക്കും.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനായി ഒരുക്കങ്ങള്‍ വേഗത്തിലാക്കി തെരഞ്ഞെടുപ്പ് കമ്മീഷനും സജീവമാണ്. 263 പോളിങ് ബത്തുകളാണ് മണ്ഡലത്തിലുള്ളത്. ഓരോ ബൂത്തിലെ വോട്ടര്‍മാരുടെ എണ്ണം 1200 ആയി പരിമിതപ്പെടുത്തി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരമാണ് നടപടി. നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ഉടന്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്ന് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം എ.പി അനില്‍കുമാര്‍ എംഎല്‍എ പറഞ്ഞു. കോണ്‍ഗ്രസ് നിലമ്പൂരിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടുമെന്നും കോണ്‍ഗ്രസ് പറയുന്നു. ഇടത് സ്വതന്ത്ര എംഎല്‍എയായിരുന്ന പി.വി അന്‍വര്‍ സര്‍ക്കാരിനോടും സിപിഎമ്മിനോടും ഇടഞ്ഞ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുകയും സ്ഥാനം രാജിവയ്ക്കുകയും ചെയ്തതിനു പിന്നാലെയാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

എഡിജിപി എം.ആര്‍ അജിത്കുമാര്‍ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കും മുഖ്യമന്ത്രി പൊളിറ്റിക്കല്‍ സെക്രട്ടറിക്കുമെതിരെ ഗുരുതര ആരോപണങ്ങളുയര്‍ത്തി രംഗത്തെത്തിയതിനു പിന്നാലെയായിരുന്നു അന്‍വര്‍ മുന്നണിബന്ധം ഉപേക്ഷിച്ച് എംഎല്‍എ സ്ഥാനം രാജിവച്ചത്. തുടര്‍ന്ന്, യുഡിഎഫില്‍ എടുക്കണമെന്ന് അഭ്യര്‍ഥിച്ച് അന്‍വര്‍ മുന്നണി നേതൃത്വത്തിന് കത്തയക്കുകയും പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

Tags:    

Similar News