നാലു രോഗികളെ കൊന്ന കേസില്‍ അറസ്റ്റിലായ ഡോക്ടര്‍ 15 പേരെ കൊന്നതായി സ്ഥിരീകരിച്ച് പോലീസ്; തെളിവ് നശിപ്പിക്കാന്‍ കൊല്ലുന്നവരുടെ വീടിനും തീയിടും: പൈശാചിക ഡോക്ടറുടെ ക്രൂര കൊലപാതക പരമ്പരക്ക് ഇനിയും അനേകര്‍ ഇരയായെന്ന് ആശങ്കപ്പെട്ട് ജര്‍മന്‍ ജനത
ജര്‍മ്മനിയിലെ ഒരു പാലിയേറ്റീവ് കെയറിലെ രോഗികളെ കൊന്ന കേസില്‍ അറസ്റ്റിലായ ഡോക്ടര്‍ പതിനഞ്ച് രോഗികളെ കൊന്നതായി സ്ഥിരീകരിച്ചു. നേരത്തേ നാല് രോഗികളെ കൊന്ന കേസിലാണ് ഇയാള്‍ അറസ്റ്റിലായിരുന്നത്. എന്നാല്‍ ഇപ്പോള്‍ പുറത്തു വന്ന റിപ്പോര്‍ട്ടില്‍ ഉള്ളതിനേക്കാള്‍ കൊലപാതകങ്ങള്‍ ഇയാള്‍ നടത്തിയിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്. തെളിവ് നശിപ്പിക്കുന്നതിന് വേണ്ടി കൊല്ലുന്നവരുടെ വീടുകള്‍ തീയിടുന്നതും ഇയാളുടെ രീതിയാണ് എന്നാണ് മനസിലാക്കാന്‍ കഴിയുന്നത്.
2021 സെപ്തംബറിനും 2024 ജൂലൈയ്ക്കും ഇടയിലാണ് ഇയാള്‍ 12 സ്ത്രീകളേയും മൂന്ന് പുരുഷന്‍മാരേയും കൊലപ്പെടുത്തിയത് എന്നാണ് കേസ്. ബര്‍ലിനില്‍ ജോലി ചെയ്തിരുന്ന ഡോക്ടര്‍ ജോഹന്നാസ് എം ആണ് കേസിലെ പ്രതി. നാല്‍പ്പതുകാരനായ ഇയാള്‍ 2021 ല്‍ ഒരു ഇരുപത്തിയഞ്ചുകാരിക്ക് മയക്കുമരുന്ന് കോക്ക്ടെയില്‍ നല്‍കിയാണ് കൊലപാതക പരമ്പര ആരംഭിച്ചത്. ഗുരുതരമായ രോഗം ബാധിച്ചവരും മാരകമായ അവസ്ഥയിലുള്ളവരുമായ രോഗികളുടെ വേദന ലഘൂകരിക്കുന്നതിനായി സ്ഥാപിക്കപ്പെട്ടിട്ടുള്ള ഒരു പാലിയേറ്റീവ് കെയര്‍ യൂണിറ്റിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. എന്നാല്‍ ഇയാള്‍ കൊന്ന രോഗികള്‍ ആരും തന്നെ മരണാസന്നരായിരുന്നില്ല എന്നാണ് അന്വേഷണത്തില്‍ മനസിലായത്.
രോഗികളോട് പറയാതെ ഇയാള്‍ അവര്‍ക്ക് അനസ്തീഷ്യ നല്‍കിയതായും പോലീസ് വെളിപ്പെടുത്തി. കൂടാതെ മസില്‍ റിലാക്സന്റും നല്‍കി. എന്നാല്‍ പ്രതിയായ ഡോക്ടര്‍ ഇപ്പോഴും കുറ്റം സമ്മതിച്ചിട്ടില്ല. ഇയാളുടെ ഇരകള്‍ 25 നും 94 നും ഇടയില്‍ പ്രായമുള്ളവരായിരുന്നു. ഒരേ ദിവസം രണ്ട് രോഗികളെ കൊന്നതായും സംശയിക്കപ്പെടുന്നുണ്ട്. 2024 ലെ വേനല്‍ക്കാലത്താണ് ഇയാളുടെ കൊലപാതക പരമ്പരയെ കുറിച്ച് പോലീസിന് വിവരം ലഭിക്കുന്നത്. ഡോക്ടര്‍ തെളിവ് നശിപ്പിക്കുന്നതിനായി ഇരകളുടെ വീടുകള്‍ തീയിട്ട സംഭവത്തെ കുറിച്ചുള്ള അന്വേഷണത്തിന് പിന്നാലെയാണ് കൊലപാതകത്തെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിക്കുന്നത്.
ആദ്യം പല മരണങ്ങളും തീപിടുത്തം മൂലമാണ് ഉണ്ടായതെന്നാണ് കരുതപ്പെട്ടതെങ്കിലും പിന്നീട് പോലീസ് രഹസ്യാന്വേഷണ വിഭാഗം നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇതൊരു കൊലപാതക പരമ്പരയുടെ ഭാഗമാണെന്ന് മനസിലാക്കാന്‍ കഴിയുന്നത്. ഡോക്ടര്‍ ചികിത്സിച്ചിരുന്ന നിരവധി രോഗികളുടെ മൃതദേഹങ്ങള്‍ പുറത്തെടുത്ത് ഫോറന്‍സിക് വിദഗ്ധര്‍ പരിശോധിച്ചു. തുടര്‍ന്നാണ് അവരില്‍ പലരും അസ്വാഭാവിക സാഹചര്യത്തിലാണ് മരിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. കൊലപാതകത്തോടുള്ള ആസക്തി കൊണ്ടാണ് ഇയാള്‍ ഇ്ത്രയധികം പേരെ കൊന്നുതളളിയത് എന്നാണ് കരുതപ്പെടുന്നത്.
പാലിയേറ്റീവ് കെയര്‍ രോഗികളെ മാത്രമേ ഡോക്ടര്‍ കൊലപ്പെടുത്തിയിട്ടുള്ളൂവെന്നും മറ്റ് ഇരകളെ കൊലപ്പെടുത്തിയതായി ഇതുവരെ സംശയിക്കപ്പെടുന്നില്ലെന്നും പോലീസ് വ്യക്തമാക്കി. പ്രതിക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തണെമന്നാണ് ഇപ്പോള്‍ അധികൃതര്‍ ആവശ്യപ്പെടുന്നത്. കൂടാതെ കൊലപാതകങ്ങള്‍ക്കുള്ള ഉചിതമായ ശിക്ഷയും നല്‍കണം എന്നും അവര്‍ പറയുന്നു. വര്‍ഷങ്ങള്‍ക്ക് മു്മ്പ് ജര്‍മ്മനിയിലെ ഒരു പാലിയേറ്റീവ് കെയറിലെ ഒരു നഴ്സ ഒമ്പത് രോഗികളെ കൊലപ്പെടുത്തിയതിന് അറസ്റ്റിലായിരുന്നു.
(ദുഖവെള്ളി പ്രമാണിച്ച് 18-04-2025ന് മറുനാടന്‍ മലയാളിയ്ക്ക് അവധിയായിരിക്കും. ഈ സാഹചര്യത്തില്‍ 18-04-2025ന് വെബ് സൈറ്റില്‍ അപ്‌ഡേഷന്‍ ഉണ്ടായിരിക്കില്ല-എഡിറ്റര്‍)