ആ 32 ചോദ്യങ്ങള്‍ ചോര്‍ത്തി ഉത്തരം പഠിച്ച് പോലീസിന് മുന്നിലെത്താന്‍ ഷൈന്‍ ടോം ചാക്കോ; ഇന്ന് പോലീസിന് മുമ്പില്‍ പോയില്ലെങ്കിലും ഒരു ചുക്കും സംഭവിക്കില്ലെന്ന് നിയമോപദേശം; തന്നെ വകവരുത്താന്‍ എത്തിയ 'ക്വട്ടേഷന്‍ സംഘം' എന്ന് കരുതിയുള്ള ഓട്ടമെന്ന് മൊഴി നല്‍കും; മറുപടി പിഴച്ചാല്‍ കേസുറപ്പ്

Update: 2025-04-19 02:24 GMT

കൊച്ചി: ഹോട്ടലില്‍ പോലീസ് സംഘം പരിശോധനയ്ക്ക് വന്നതറിഞ്ഞ് നടന്‍ ഷൈന്‍ ടോം ചാക്കോ എന്തിനാണ് ഓടിയതെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ പോലീസ്. 32 ചോദ്യങ്ങള്‍ തയ്യറാക്കി നടനെ കാത്തിരിക്കുകയാണ് പോലീസ്. ഇന്ന് മൂന്ന് മണിക്ക് ചോദ്യം ചെയ്യലിന് നടന്‍ എത്തുമെന്നാണ് കുടുംബം അറിയിച്ചിട്ടുള്ളത്. എന്നാല്‍ ഷൈന്‍ ഇന്ന് ഹാജരാകന്‍ സാധ്യത കുറവാണ്. മുതിര്‍ന്ന അഭിഭാഷകരില്‍ നിന്നും ഷൈന്‍ നിയമോപദേശം എടുത്തിട്ടുണ്ട്. ആ 32 ചോദ്യങ്ങളും മുന്‍കൂട്ടി മനസ്സിലാക്കാനുള്ള നടപടികളും ഷൈന്‍ തുടങ്ങിയിട്ടുണ്ട്. ആ ചോദ്യങ്ങള്‍ മനസ്സിലാക്കി ഉത്തരങ്ങള്‍ മുന്‍കൂട്ടി പഠിച്ചെത്താനാണ് നീക്കം. അതിനിടെ സെറ്റിലെ അപമര്യാദയില്‍ പോലീസിന് പരാതി നല്‍കില്ലെന്ന നിലപാടിലാണ് വിന്‍സി അലോഷ്യസ്. അതുകൊണ്ട് തന്നെ പോലീസിന്റെ 32 ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞാല്‍ നടന് രക്ഷ നേടാം. മറുപടികള്‍ പിഴച്ചാല്‍ നടനെതിരെ കേസെടുക്കും.

ഇത്രയും അപകടം നിറഞ്ഞ വഴി തിരഞ്ഞെടുത്തത് പോലീസിനെയും ഞെട്ടിച്ചിട്ടുണ്ട്. നടന്റെ ചാട്ടവും ഓട്ടവും ഹോട്ടല്‍ അധികൃതര്‍ക്കും അമ്പരപ്പുളവാക്കി. രക്ഷപ്പെടാനുള്ള കാരണമെന്തെന്ന് ഷൈന്‍ തന്നെ മറുപടി പറയണമെന്ന നിലപാടിലാണ് പോലീസ്. മറ്റൊരാളെ തപ്പിയാണ് ഹോട്ടലില്‍ പോയതെന്നും ഷൈന്‍ അവിടെയുണ്ടെന്നറിഞ്ഞ് പരിശോധിച്ചതാണെന്നുമാണ് പോലീസ് പറഞ്ഞത്. എന്നാല്‍, ഷൈന്‍ മുറിയെടുത്തത് അറിഞ്ഞ് പോലീസ് പരിശോധന നടത്തിയതെന്ന് വ്യക്തമാണ്. പരിശോധനയ്ക്കിടെ മൂന്നുനില കെട്ടിടത്തില്‍നിന്ന് ഷൈന്‍ ചാടിയും ഓടിയും കടന്നുകളഞ്ഞതില്‍ ദുരൂഹത തുടരുകയാണ്. അടുത്തയിടെ ഉയര്‍ന്നുവന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണോ അതോ മറ്റെന്തെങ്കിലും കാരണം പിന്നിലുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നു. ഏതായാലും ഷൈന്‍ മൊഴി നല്‍കിയാലേ ഇത് വ്യക്തമാകൂ. അതിനിടെ ഗുണ്ടാ സംഘമാണ് ഹോട്ടലിലെ മുറിയിലെത്തി മുട്ടിയതെന്ന് വിചാരിച്ചാണ് റിസ്‌ക് എടുത്ത് രക്ഷപ്പെട്ടതെന്ന വാദം ഷൈന്‍ മുമ്പോട്ട് വയ്ക്കും. സിനിമയില്‍ തനിക്ക് ശത്രുക്കളുണ്ടെന്നും പോലീസിനെ അറിയിക്കും. എന്നാല്‍ അജ്ഞാത ശത്രുക്കള്‍ ആയി അവരെ ചിത്രീകരിക്കുകയും ചെയ്യും. വിന്‍സിയെ പ്രകോപിപ്പിക്കുന്ന തരത്തിലെ മൊഴി ഒന്നും നല്‍കില്ല. അങ്ങനെ ചെയ്താല്‍ വിന്‍സി പോലീസില്‍ പരാതി നല്‍കുമോ എന്ന ആശങ്ക ഉള്ളതുകൊണ്ടാണ് നടന്റെ തന്ത്രപരമായി മൊഴി നല്‍കുക.

ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് കൊച്ചി നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ഷൈന്‍ ഹാജരാകുമെന്നാണ് പിതാവ് പൊലീസിനെ അറിയിച്ചിരിക്കുന്നത്. ഷൈനിന്റെ തൃശൂരിലുള്ള വീട്ടിലെത്തിയാണ് പൊലീസ് ഇന്നലെ നോട്ടിസ് നല്‍കിയത്. ഇന്നു രാവിലെ 10 മണിക്ക് ഹാജരാകണമെന്നായിരുന്നു നോട്ടിസില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ മകന്‍ യാത്രയിലായതിനാല്‍ ഉച്ചയ്ക്ക് മൂന്നുമണിയോടു കൂടി പൊലീസ് സ്റ്റേഷനില്‍ ഹാജരാകുമെന്ന് പിതാവ് മറുപടി നല്‍കി. സെന്‍ട്രല്‍ എസിപിയുടെ നേതൃത്വത്തിലാകും നടനെ ചോദ്യം ചെയ്യുക. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും നിരപരാധിത്വം തെളിയിക്കുമെന്നും ഷൈനിന്റെ പിതാവ് ചാക്കോ പറഞ്ഞു. ഷൈന്‍ ഒരു കുറ്റവും ചെയ്തിട്ടില്ല എന്നും ഷൈന് എതിരെയുള്ള കേസ് ഓലപ്പാമ്പാണെന്നുമാണ് പിതാവ് പറയുന്നത്. ഡാന്‍സാഫ് ടീം എത്തിയപ്പോള്‍ ഷൈന്‍ എന്തിന് ഇറങ്ങിയോടി, ഹോട്ടലില്‍ മുറിയെടുത്തത് എന്തിന്, ഒളിവില്‍ പോയത് എന്തിന് തുടങ്ങിയ കാര്യങ്ങളാണ് പൊലീസിന് അറിയേണ്ടത്. നിലവില്‍ ഷൈനെ ഒരു കേസിലും പ്രതി ചേര്‍ത്തിട്ടില്ല. നഗരത്തിലെ ലഹരി ഇടപാടുകളിലെ മുഖ്യ കണ്ണിയായ സജീറിനെ തേടിയാണ് കലൂരില്‍ ഡാന്‍സാഫ് സംഘം എത്തിയത്. ഇയാള്‍ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ മുറിയില്‍ ഉണ്ടാകുമെന്നായിരുന്നു നിഗമനം. റൂം സര്‍വീസെന്ന് പറഞ്ഞാണ് ഡാന്‍സാഫ് ടീം റൂമില്‍ ബെല്ലടിച്ചത്. ഇവിടെ സര്‍വീസ് വേണ്ടെന്ന് പറഞ്ഞ ശേഷം ഷൈന്‍ ജനലിലൂടെ പുറത്തേക്ക് ചാടുകയായിരുന്നു.

ഷൈന്‍ ടോം ചാക്കോയെ ചോദ്യം ചെയ്യാന്‍ പ്രത്യേക ചോദ്യാവലി തയാറാക്കിയിട്ടുണ്ട് പൊലീസ്. 32 ചോദ്യങ്ങളടങ്ങിയ പ്രാഥമിക ചോദ്യാവലിയാണ് എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസ് തയാറാക്കിയത്. ഹോട്ടലില്‍ പരിശോധന നടന്ന രാത്രിയില്‍ ഉണ്ടായ സംഭവങ്ങള്‍ ഇഴകീറി ചോദിക്കാനാണ് നീക്കം. ഷൈന്‍ ടോം ചാക്കോയുടെ കഴിഞ്ഞ ഒരു മാസത്തെ കോള്‍ ലോഗുകള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. സമീപകാലത്ത് ഷൈന്‍ നഗരത്തില്‍ താമസിച്ച 6 ഹോട്ടലുകളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു. ഹോട്ടലുകളില്‍ താമസിച്ചിരുന്ന ദിവസങ്ങളില്‍ ഷൈനിനെ സന്ദര്‍ശിച്ചവരുടെ പട്ടികയും പൊലീസ് തയാറാക്കിയിട്ടുണ്ട്. അടുത്തിടെ ഷൈന്‍ കേരളത്തിനു പുറത്തേക്ക് നടത്തിയ യാത്രകളുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചു. ഷൈനുമായി ബന്ധപ്പെട്ട് എക്‌സൈസിന് കിട്ടിയ വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. കൊച്ചിയിലെ മൂന്ന് പ്രമുഖ ക്രിമിനല്‍ അഭിഭാഷകരുമായി ഷൈന്‍ ഫോണില്‍ സംസാരിച്ചു. ഇന്ന് ഹാജരായില്ലെങ്കിലും പ്രശ്‌നമില്ലെന്നാണ് ഷൈന്‍ ടോം ചാക്കോയ്ക്ക് ലഭിച്ചിരിക്കുന്ന നിയമോപദേശം. എന്നാല്‍ ഇന്ന് ഹാജരായില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുമെന്ന ആശങ്ക ഷൈനും കുടുംബത്തിനുമുണ്ട്. അതുകൊണ്ട് തന്നെ ഹാജരാകാന്‍ കുടുംബം സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ഇത് ഷൈന്‍ അംഗീകരിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

ആലപ്പുഴയില്‍ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ കേസില്‍ യുവതിയുടെ മൊഴി പുറത്തു വരുകയും സിനിമാ മേഖലയിലെ ഉന്നതരുമായി ബന്ധമുണ്ടെന്ന് അവര്‍ പറയുകയും ചെയ്തിരുന്നു. ഷൈന്‍ ടോം ചാക്കോയുമായി ഇടപാടുകളുണ്ടെന്ന ആരോപണവും പുറത്തുവന്നു. ഈ സാഹചര്യത്തില്‍ ഷൈനിനെ എക്‌സൈസ് സംഘം ചോദ്യം ചെയ്‌തേക്കുമെന്ന അഭ്യൂഹമുണ്ടായിരുന്നു. മുറിയുടെ പുറത്ത് പോലീസിനെ കണ്ട് ഈ കേസില്‍ അറസ്റ്റിന് വന്നതാണോയെന്ന സംശയംകൊണ്ട് രക്ഷപ്പെട്ടതാകാനാണ് ഒരു സാധ്യതയെന്ന് പോലീസ് സംശയിക്കുന്നു. ഏതെങ്കിലും തരത്തിലുള്ള ലഹരി ഉപയോഗിക്കുകയോ കൈവശം വയ്ക്കുകയോ ചെയ്തിരിക്കാമെന്ന സംശയവും ഓട്ടത്തിന് കാരണമായോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. ഇത് സ്ഥിരീകരിക്കണമെങ്കില്‍ നടനെ അപ്പോള്‍ രക്ത പരിശോധനയ്ക്ക് വിധേയമാക്കണമായിരുന്നു. അതിന് കഴിഞ്ഞില്ല. മുടിയും നഖവും പരിശോധിച്ചാല്‍ നടന്‍ ലഹരി ഉപയോഗിക്കുന്നുണ്ടോ എന്ന് അറിയാം. എന്നാല്‍ ഇത്തരമൊരു പരിശോധനയ്ക്ക് നടന്‍ തയ്യാറാകില്ലെന്നാണ് സൂചന.

ഒരു നടനില്‍നിന്ന് മോശം അനുഭവമുണ്ടായെന്ന് നടി വിന്‍ സിയുടെ ആരോപണം ചൊവ്വാഴ്ചയാണ് പുറത്തു വന്നത്. ഈ വിഷയത്തില്‍ എന്തെങ്കിലും ചോദ്യം ചെയ്യലിനെത്തിയതാണോയെന്നും നടന്‍ സംശയിച്ചിരിക്കാമെന്നും പോലീസ് കരുതുന്നു. സിനിമാ മേഖലകളിലെ സുഹൃത്തുക്കള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. സിസിടിവി ക്യാമറകള്‍, മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ എന്നിവയും പോലീസ് ശേഖരിച്ചിട്ടുണ്ട്.

Tags:    

Similar News