വേണ്ടി വന്നാല്‍ എണ്ണപ്പാടങ്ങളേയും ലക്ഷ്യമിടുമെന്ന ട്രംപിന്റെ മുന്നറിയിപ്പ്; പിന്നാലെ ഇറാന്റെ പ്രകൃതിവാതക സംസ്‌കരണ കേന്ദ്രം ആക്രമിച്ച് ഇസ്രയേല്‍; ഊര്‍ജ കേന്ദ്രങ്ങള്‍ക്കുനേരെയുള്ള ആക്രമണം ഉത്തരവാദിത്തമില്ലാത്ത പ്രകോപനമെന്ന് ഖത്തര്‍; ഇറാന്റെ ഭരണ നേതൃത്വത്തില്‍ ആരേയും ബാക്കി വച്ചേക്കില്ലെന്ന് ട്രംപ്

Update: 2026-03-18 15:22 GMT

ടെഹ്‌റാന്‍: ഇറാന്റെ പ്രകൃതിവാതക സംസ്‌കരണ കേന്ദ്രത്തില്‍ ഇസ്രയേല്‍ ആക്രമണം. ട്രംപ് ഭരണകൂടത്തിന്റെ അനുമതിക്ക് പിന്നാലെ, തെക്കു പടിഞ്ഞാറന്‍ മേഖലയിലുള്ള ഇറാന്റെ പ്രകൃതിവാതക സംസ്‌കരണ കേന്ദ്രം വ്യോമസേന ആക്രമിച്ചതായി ഇസ്രയേല്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സമ്പദ് വ്യവസ്ഥയുടേയും ഊര്‍ജ്ജവിതരണത്തിന്റേയും കേന്ദ്ര ബിന്ദുവായ ഇറാനിലെ പ്രകൃതിവാതക മേഖലയെ ഇസ്രയേല്‍ ലക്ഷ്യമിടുന്നത് ഇതാദ്യമാണ്. സൗത്ത് പാര്‍സ് ഗ്യാസ് ഫീല്‍ഡിലെ ഒന്നിലധികം ഇടങ്ങള്‍ ആക്രമണത്തില്‍ തകര്‍ന്നതായി ഇറാന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. അടിയന്തര ഇടപെടലിനായി ഒരു സംഘത്തെ പ്രദേശത്ത് വിന്യസിച്ചുവെന്നും തീ അണയ്ക്കാനുള്ള പരിശ്രമത്തില്‍ ഇവര്‍ ഏര്‍പ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേ സമയം ഇറാന്റെ ഊര്‍ജ കേന്ദ്രങ്ങള്‍ക്കുനേരെ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങള്‍ അപകടകരവും ഉത്തരവാദിത്തമില്ലാത്തതുമായ നടപടിയാണെന്ന് ഖത്തര്‍ വിദേശകാര്യ വക്താവ് ഡോ. മാജിദ് അല്‍ അന്‍സാരി പ്രതികരിച്ചു. പേര്‍ഷ്യന്‍ ഗള്‍ഫില്‍ സ്ഥിതി ചെയ്യുന്നതും ഇറാനും ഖത്തറും പങ്കിടുന്നതുമായ ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക മേഖലയാണ് സൗത് പാര്‍സ്-നോര്‍ത് ഫീല്‍ഡ്. ഇറാന്റെ സൗത്ത് പാര്‍സ് ഫീല്‍ഡിനെ ലക്ഷ്യമിട്ടുള്ള ഇസ്രായേല്‍ ആക്രമണം ഖത്തറിന്റെ പ്രധാന ഊര്‍ജ ഉല്‍പാദന കേന്ദ്രങ്ങളിലൊന്നായ നോര്‍ത് ഫീല്‍ഡിനും ഭീഷണിയാകും. ഊര്‍ജ കേന്ദ്രങ്ങളെ തുടര്‍ച്ചയായി ലക്ഷ്യം വെക്കുന്നത് ആഗോള ഊര്‍ജ സുരക്ഷക്കും മേഖലയിലെ ജനങ്ങള്‍ക്കും പരിസ്ഥിതിക്കും ഭീഷണിയാണെന്നും പ്രധാനപ്പെട്ട സേവന കേന്ദ്രങ്ങളെ ലക്ഷ്യം വെക്കുന്നത് ഒഴിവാക്കണമെന്നും എക്‌സ് പോസ്റ്റ്‌ലൂടെ മാജിദ് അല്‍ അന്‍സാരി വ്യക്തമാക്കി. എല്ലാ കക്ഷികളും സംയമനം പാലിക്കണമെന്നും അന്താരാഷ്ട്ര നിയമങ്ങള്‍ അനുസരിക്കണമെന്നും ആവശ്യപ്പെടുന്നു. മേഖലയുടെ സുരക്ഷയും സ്ഥിരതയും നിലനിര്‍ത്തുന്നതിന് എല്ലാവരും പരിശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അസലുയെയിലെ സൗത്ത് പാര്‍സ് സ്‌പെഷ്യല്‍ എക്കണോമിക് എനര്‍ജി സോണില്‍ സ്ഥിതി ചെയ്യുന്ന ഗ്യാസ് പ്ലാന്റുകളുടെ ചില ഭാഗങ്ങളില്‍ അമേരിക്കന്‍ -സയണിസ്റ്റ് ശത്രുക്കള്‍ ആക്രണം നടത്തിയതായി തെക്കന്‍ ബുഷെര്‍ പ്രവിശ്യയുടെ ഡെപ്യൂട്ടി ഗവര്‍ണര്‍ എഹ്‌സാന്‍ ജഹാനിയനെ ഉദ്ധരിച്ച് സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ, ഇറാന്റെ നട്ടെല്ല് എന്ന് വിശേഷിപ്പിച്ച ഖാര്‍ഗ് ദ്വീപിലെ സൈനിക കേന്ദ്രങ്ങളെ യുഎസ് ലക്ഷ്യമിട്ടിരുന്നു. എന്നാല്‍ എണ്ണപ്പാടങ്ങളില്‍ ആക്രമണം നടത്തിയതായി സ്ഥിരീകരണം ഉണ്ടായിരുന്നില്ല. വേണ്ടി വന്നാല്‍ എണ്ണപ്പാടങ്ങളേയും ലക്ഷ്യമിടുമെന്ന് ഖാര്‍ഗ് ആക്രമിച്ച ഘട്ടത്തില്‍ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഇസ്രയേല്‍ ട്രംപിന്റെ അനുമതിയോടെ ഇറാന്റെ പ്രകൃതിവാതക സംസ്‌കരണ കേന്ദ്രം ലക്ഷ്യമിട്ടത്.

ഇറാന്റെ ഇന്റലിജന്‍സ് മന്ത്രി ഇസ്മായില്‍ ഖത്തീബിനെ വധിച്ചതായി ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ് നേരത്തെ അറിയിച്ചിരുന്നു. രാത്രിയില്‍ നടത്തിയ വ്യോമാക്രമണത്തിലൂടെയാണ് ഖത്തീബിനെ വധിച്ചതെന്ന് ഇസ്രയേല്‍ അവകാശപ്പെടുമ്പോഴും, ഇറാന്‍ അധികൃതര്‍ ഇതുവരെ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല. വരും മണിക്കൂറുകളില്‍ എല്ലാ യുദ്ധമുന്നണികളിലും വലിയ അപ്രതീക്ഷിത നീക്കങ്ങള്‍ ഉണ്ടാകുമെന്നും ശത്രുക്കളെ വേട്ടയാടുന്നത് തുടരുമെന്നും കാറ്റ്‌സ് വ്യക്തമാക്കിയിരുന്നു ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഇറാന്റെ ഊര്‍ജ്ജമേഖലകളില്‍ ആക്രമണം നടത്തിയതായുള്ള സ്ഥിരീകരണം പുറത്തുവരുന്നത്.

അതേ സമയം ഇറാന്റെ ഭരണ നേതൃത്വത്തില്‍ ആരെയും ബാക്കി വച്ചേക്കില്ലെന്ന ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്ത് വന്നു. ഇറാന്‍ ഭീകര രാഷ്ട്രമെന്നും ഹോര്‍മുസ് കടലിടുക്കിനെ ആശ്രയിക്കുന്ന രാജ്യങ്ങള്‍ ഉത്തരവാദിത്തം കാണിക്കണമെന്നും ട്രംപ് പറഞ്ഞു. പ്രതികരണശേഷിയില്ലാത്ത സഖ്യകക്ഷികളെന്ന് അദ്ദേഹം മറ്റ് രാജ്യങ്ങള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചു. ഹോര്‍മൂസ് കടലിടുക്ക് കടക്കുന്ന കപ്പലുകള്‍ക്ക് സുരക്ഷയൊരുക്കാന്‍ അകമ്പടിയ്ക്കായി യുദ്ധക്കപ്പലുകള്‍ ഒരുമിച്ച് അയയ്ക്കാനുള്ള തന്റെ നിര്‍ദേശം അവഗണിച്ച രാജ്യങ്ങള്‍ക്കെതിരെയാണ് ട്രംപിന്റെ രൂക്ഷ വിമര്‍ശനം. തന്റെ സോഷ്യല് മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ പ്രതികരണം. ഇറാനെന്ന ഭീകര രാഷ്ട്രത്തിന്റെ ഭരണതലപ്പത്ത് അവശേഷിക്കുന്നതിനെയെല്ലാം കൂടി തീര്‍ത്താല്‍ എന്ത് സംഭവിക്കുമെന്നാണ് താന്‍ ആലോചിക്കുന്നതെന്നാണ് ട്രംപിന്റെ പോസ്റ്റ്. ഹോര്‍മൂസ് കടലിടുക്ക് ചരക്ക് നീക്കത്തിനായി ഉപയോഗിക്കുന്ന രാജ്യങ്ങള്‍ അപ്പോഴെങ്കിലും ഉത്തരവാദിത്തം ഏറ്റെടുക്കുമോ എന്നാണ് ട്രംപിന്റെ ചോദ്യം.

അതേസമയം ഗള്‍ഫ് അശാന്തമായി തുടരുകയാണ്. നാല് തവണയാണ് ഇന്ന് രാവിലെ യുഎഇയ്ക്ക് നേരെ ആക്രമണമുണ്ടായത്. ദുബായിലും അബുദാബിയിലും തുടര്‍ച്ചയായി ഉഗ്ര സ്ഫോടനശബ്ദം കേട്ടു. മിസൈല്‍ ആക്രമണം ചെറുത്തതിന്റെ ശബ്ദമാണിതെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. അപകടത്തില്‍ നാശനഷ്ടങ്ങളോ പരുക്കോ ഇല്ല. ഖത്തര്‍, കുവൈറ്റ്, സൗദി എന്നിവിടങ്ങളിലും ആക്രമണമുണ്ടായി. 13 ഡ്രോണുകളാണ് പുലര്‍ച്ചെ സൗദി അറേബ്യ പ്രതിരോധിച്ചത്.അതിനിടെ യുഎഇയിലും ഖത്തറിലും ഈദ് ഗാഹുകള്‍ വേണ്ടെന്ന് മതകാര്യമന്ത്രാലയം അറിയിച്ചു. സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനം. പള്ളികള്‍ക്ക് ഉള്ളില്‍ മാത്രം നമസ്‌കാരം മതിയെന്നാണ് തീരുമാനം. അറബ്, ഇസ്ലാമിക് രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാര്‍ സൗദിയില്‍ യോഗം ചേരും. ഇറാന്‍ ആക്രമണം നീളുന്ന സാഹചര്യത്തില്‍ നയതന്ത്ര ഇടപെടലിനുള്ള സാധ്യത യോഗം ചര്‍ച്ച ചെയ്യും. ഹോര്‍മുസ് കടലിടുക്കിലെ ഇടപെടലുകള്‍ക്ക് അമേരിക്ക പിന്തുണ തേടിയതുള്‍പ്പടെയും ചര്‍ച്ചയാകും.

Tags:    

Similar News