ഹൈക്കോടതിയില്‍ പരാതി കൊടുക്കുന്നതിന് മുമ്പായി ഗൂഢാലോചനക്കാര്‍ ഏതാണ്ട് 10000 സെക്കന്റ് സംസാരിച്ചു; ജോമോന്‍ ഏതാണ്ട് 4000 സെക്കന്റ് സംസാരിച്ചു; സിഡിആര്‍ തന്റെ കൈയ്യിലുണ്ടെന്ന് എബ്രഹാം; മുന്‍ ചീഫ് സെക്രട്ടറിയുടെ ഗൂഡാലോചനാ വാദം അന്വേഷിക്കില്ല; ഫോണ്‍ ചോര്‍ത്തല്‍ തലവേദനയില്‍ മുഖ്യമന്ത്രി
തിരുവനന്തപുരം: തനിക്കെതിരായ ഗൂഢാലോചന അന്വേഷിക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം. എബ്രഹാമിന്റെ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കാത്തതിന് കാരണം ഫോണ്‍ ചോര്‍ത്തല്‍ വിവാദമാകുമെന്ന ഭയത്തില്‍. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ എബ്രഹാമിന്റെ പേരില്‍ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി അനുമതി നല്‍കിയതിനു പിന്നാലെയാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. കോടതി പരിഗണിച്ചൊരു വിഷയത്തിന്മേല്‍ സര്‍ക്കാരിന് അന്വേഷണത്തിന് ഉത്തരവിടുക സാധ്യമല്ലെന്ന വാദമാണ് സര്‍ക്കാര്‍ പരസ്യമായി ഉയര്‍ത്തുന്നത്. എന്നാല്‍ പരാതിക്കാരന്റേത് ഉള്‍പ്പെടെയുള്ളവരുടെ ഫോണ്‍ ശബ്ദ സംഭാഷണം തന്റെ കൈയ്യിലുണ്ടെന്ന് എബ്രഹാം കത്തില്‍ വിശദീകരിച്ചിരുന്നു. ഫോണ്‍ ചോര്‍ത്തല്‍ നടന്നുവെന്നതിന് തെളിവായി ഇത് വ്യാഖ്യാനിക്കപ്പെട്ടു. ഈ സാഹചര്യത്തില്‍ ആ പരാതിയില്‍ അന്വേഷണം നടന്നാല്‍ പല വിവാദങ്ങളും ഉണ്ടാകും.
അതിവിശ്വസ്തനായ എബ്രഹാമിനെ തൃപ്തിപ്പെടുത്താനായി ആഭ്യന്തര പരിശോധനയ്ക്ക് മുഖ്യമന്ത്രി തയ്യാറാകുമെന്നും സൂചനയുണ്ട്. ഹൈക്കോടതിയില്‍ കേസ് നല്‍കിയ ജോമോന്‍ പുത്തന്‍പുരയ്ക്കലും പൊതുമേഖലാ സ്ഥാപനത്തിന്റെ തലപ്പത്തുണ്ടായിരുന്ന മറ്റു രണ്ടുപേരും ഗൂഢാലോചനയില്‍ പങ്കെടുത്തെന്നാണ് എബ്രഹാമിന്റെ ആരോപണം. വിജിലന്‍സ് കോടതിയിലും ഹൈക്കോടതിയിലും കേസെത്തിയപ്പോഴും ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യങ്ങള്‍ തള്ളിക്കളഞ്ഞാണ് സിബിഐ അന്വേഷണ ഉത്തരവ് വന്നത്. കോടതി എല്ലാ രേഖകളും പരിശോധിക്കാതെയാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് പരാതിയില്‍ പറയുന്നു. റസ്റ്റ്ഹൗസ് ദുരുപയോഗം ചെയ്തുയെന്നതിന് തനിക്ക് പിഴചുമത്താന്‍ അന്നത്തെ ചീഫ് എന്‍ജിനിയറെ ഉപയോഗിച്ചെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കലും ആരോപിക്കുന്നുണ്ട്. നാലു വിജിലന്‍സ് കേസുകളുണ്ടായിരുന്ന ചീഫ് എന്‍ജിനിയറുടെ പരാതി പരിഗണിച്ച് തനിക്കെതിരേ നടപടിയെടുത്തതിലും ഗൂഢാലോചനയുണ്ടെന്ന ആരോപണം ജോമോന്‍ പുത്തന്‍പുരയ്ക്കലും ഉന്നയിക്കുന്നുണ്ട്.
ഗൂഢാലോചന സംബന്ധിച്ച് എബ്രഹാം പറഞ്ഞത് പരിശോധിക്കേണ്ട കാര്യമാണെന്നാണ് കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. തനിക്കെതിരേ ഗൂഢാലോചന നടക്കുകയാണെന്നും അത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെഎം എബ്രഹാം മുഖ്യമന്ത്രിക്ക് കത്തുനല്‍കുകയായിരുന്നു. പരാതിക്കാരനായ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ നേതൃത്വത്തിലാണ് തനിക്കെതിരേ ഗൂഢാലോചന നടക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തുണ്ടായിരുന്ന രണ്ടുപേര്‍ക്കുകൂടി ഗൂഢാലോചനയില്‍ പങ്കുണ്ട്. താന്‍ ധനവകുപ്പ് സെക്രട്ടറിയായിരിക്കേ, ഇവരുടെ അഴിമതി കണ്ടെത്തിയിരുന്നു. മൂന്നുപേരും സംസാരിച്ച ഫോണ്‍വിളികളുടെ ശബ്ദരേഖാ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നാണ് മുഖ്യമന്ത്രിക്ക് നല്‍കിയ ഒമ്പത് പേജില്‍ എബ്രഹാം അവകാശപ്പെടുന്നത്. പണ്ടും എതിരാളികള്‍ക്കെതിരെ ഫോണ്‍ രേഖകള്‍ ആയുധമാക്കിയ വ്യക്തിയാണ് കെ എം എബ്രഹാം.
തനിക്കെതിരെ ഗൂഢാലോചന നടത്തിയവരുടെ കോള്‍ ഡേറ്റ റെക്കോര്‍ഡ്സ് (Call Data Records - CDR ) തന്റെ പക്കലുണ്ടെന്ന് അദ്ദേഹം മുഖ്യമന്ത്രിക്ക് ഈ മാസം 15ന് നല്‍കിയ കത്തില്‍ എടുത്തു പറയുന്നുണ്ട്. തന്റെ ചില സോഴ്സുകളില്‍ നിന്നാണ് ടെലിഫോണ്‍ രേഖകള്‍ കിട്ടിയതെന്നാണ് കത്തില്‍ അദ്ദേഹം എഴുതിയിരിക്കുന്നത്. ഹൈക്കോടതിയില്‍ പരാതി കൊടുക്കുന്നതിന് മുമ്പായി ഗൂഢാലോചനക്കാര്‍ ഏതാണ്ട് 10000 സെക്കണ്ട് സ് സംസാരിച്ചിട്ടുണ്ട്. ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ഏതാണ്ട് 4000 സെക്കണ്ട്സ് സംസാരിച്ചിട്ടുണ്ടെന്നും കെഎം എബ്രഹാം പറയുന്നുണ്ട്. വ്യക്തികളുടെ ഫോണ്‍ ചോര്‍ത്താന്‍ കെഎം എബ്രഹാമിന് ആരാണ് അധികാരം നല്‍കിയത് എന്ന ചോദ്യം ഇതോടെ സജീവമായി. സര്‍ക്കാര്‍/ സ്വകാര്യ ടെലിഫോണ്‍ കമ്പിനികളില്‍ നിന്ന് സിഡിആര്‍ ചോദിച്ചു വാങ്ങാന്‍ ആരാണ് കെഎം എബ്രഹാമിനെ ചുമതലപ്പെടുത്തിയത് എന്നും ചോദ്യമെത്തി.
ക്രമസമാധാനച്ചുമതലയുള്ള ഡിഐജി മുതല്‍ ഡിജിപി വരെയുള്ള ഉദ്യോഗസ്ഥര്‍ക്കു മാത്രമാണു ഫോണ്‍ ചോര്‍ത്താന്‍ അധികാരം. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ ആരുടെയും ഫോണ്‍ 7 ദിവസത്തേക്കു ചോര്‍ത്താം. എന്നാല്‍, ചോര്‍ത്തിത്തുടങ്ങി 3 ദിവസത്തിനകം ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിക്കണം. ദേശീയ- ആഭ്യന്തര സുരക്ഷാ ഭീഷണി, ഗുരുതര ക്രമസമാധാനപ്രശ്നത്തിനുള്ള സാധ്യത, രാജ്യാന്തര ലഹരി റാക്കറ്റുമായി ബന്ധം തുടങ്ങിയ ആരോപണങ്ങളുമായി ബന്ധപ്പെട്ട വ്യക്തികളുടെ ഫോണ്‍ ചോര്‍ത്താനാണ് അനുമതിയുള്ളത്. ഇങ്ങനെ സങ്കീര്‍ണമായ നടപടിക്രമങ്ങളും കര്‍ശനമായ നിയമവും നിലനിവില്‍ ഉള്ളപ്പോഴാണ് തനിക്കെതിരെ പരാതിയും ഗൂഢാലോചനയും നടത്തിയവരുടെ സിഡിആര്‍ ഉണ്ടെന്ന് കെഎം എബ്രഹാം അവകാശപ്പെടുന്നത്. അന്വേഷണത്തിലേക്ക് പോയാല്‍ ഇത് ജോമോന്‍ അടക്കമുള്ളവര്‍ ചര്‍ച്ചയാക്കും. ഇത് വലിയ പ്രതിസന്ധിയിലേക്ക് എത്തിക്കുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഫോണ്‍ ചോര്‍ത്തല്‍ ആരോപണത്തില്‍ ജോമോന്‍ കോടതിയെ സമീപിക്കുമോ എന്ന ആശങ്കയും സര്‍ക്കാരിനുണ്ട്. കരുതലോടെ ഈ സാഹചര്യത്തെ നേരിടും.
അഴിമതി കേസിനേക്കാള്‍ വലിയ കുരുക്കിലേക്ക് ഫോണ്‍ ചോര്‍ത്തലിലെ പരാതിയുമായി ജോമോന്‍ പോയാല്‍ എബ്രഹാം ചെന്നു വീഴുമെന്ന വിലയിരുത്തലും പോലീസിലെ ചില കേന്ദ്രങ്ങള്‍ക്കുണ്ട്.