ക്രിപേറ്റോ കറന്‍സി യുഎസ് ഡിറ്റി വഴി പണം കൈമാറിയ ചാനല്‍ ഉടമ; ഡോളര്‍ ടെതറിനെ കുറിച്ചുള്ള ആരോപണത്തില്‍ നിറയുന്നത് 100 കോടിയുടെ കള്ളപ്പണം; 24 ന്യൂസിന്റെ പരാതിയില്‍ കേരളാ പോലീസ് എഫ് ഐ ആര്‍ ഇട്ടാല്‍ കളിമാറും; ബാര്‍ക്കില്‍ പ്രാഥമിക വിവരശേഖരണം തുടങ്ങി കേന്ദ്ര ഏജന്‍സികള്‍; ഇനി നിര്‍ണ്ണായകം പിണറായിയുടെ നിലപാട്; വിവാദത്തിലാകുന്നത് സൈബര്‍ സഖാക്കളുടെ പുതിയ പ്രിയങ്കരന്‍!

Update: 2025-11-27 06:30 GMT

തിരുവനന്തപുരം: ടെലിവിഷന്‍ റേറ്റിങ് കണക്കാക്കുന്ന ബാര്‍ക് സംവിധാനത്തില്‍ തട്ടിപ്പെന്ന് പരാതിയില്‍ പോലീസ് എഫ് ഐ ആര്‍ ഇട്ടാല്‍ അന്വേഷണത്തിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എത്തും. വലിയ തോതില്‍ കള്ളപ്പണം വെളുപ്പിച്ചെന്നാണ് 24 ന്യൂസിന്റെ ആരോപണം. കേരളത്തിലെ ഒരു പ്രമുഖ ചാനല്‍ റേറ്റിങ് ഉയര്‍ത്തിക്കാണിക്കാനായി ബാര്‍ക് ഉദ്യോഗസ്ഥന് 100 കോടി രൂപ നല്‍കിയെന്നാണ് ആരോപണം. സംഭവത്തില്‍ കേരള ടെലിവിഷന്‍ ഫെഡറേഷന്‍ പ്രസിഡന്റ് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും ബാര്‍ക് മേധാവിക്കും പരാതി നല്‍കി. കേരള പൊലീസിന്റെ സൈബര്‍ വിഭാഗം കേസ് അന്വേഷിച്ചുവരികയാണെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ പറഞ്ഞു. അതിനിടെ വിവാദത്തില്‍ കേന്ദ്ര ഏജന്‍സി വിവര ശേഖരണം തുടങ്ങി.

റേറ്റിങ് അട്ടിമറിക്കാന്‍ ബാര്‍ക്കിലെ മിഡില്‍ ലെവല്‍ ഉദ്യോഗസ്ഥനായ പ്രേംനാഥിന്റെ നേതൃത്വത്തില്‍ മുംബൈ കേന്ദ്രീകരിച്ചുള്ള സംഘമാണ് തട്ടിപ്പ് നടത്തിയത് എന്നാണ് ആരോപണം. റേറ്റിങ്ങില്‍ തട്ടിപ്പ് നടത്താന്‍ കേരളത്തിലെ ഒരു ചാനല്‍ ഉടമ പ്രേംനാഥിന് കോടികള്‍ കൈമാറിയതായി ട്വന്റി ഫോര്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ക്രിപേറ്റോ കറന്‍സി യുഎസ് ഡിറ്റി( ഡോളര്‍ ടെതര്‍) വഴിയാണ് ചാനല്‍ ഉടമ പ്രേംനാഥിന് പണം കൈമാറിയത്. റേറ്റിങ് ഉയര്‍ത്തി കാണിക്കാന്‍ ആവശ്യപ്പെടുന്നതും പണം കൈമാറിയെന്ന് പറയുന്നതുമായ വാട്ട്‌സാപ്പ് ചാറ്റുകളും ട്വന്റിഫോര്‍ പുറത്തുവിട്ടു. ഈ സാഹചര്യത്തില്‍ ഗൗരവമുള്ള ആരോപണമായി കേന്ദ്ര ഏജന്‍സികളും ഇതിനെ കാണുന്നു. പിവി അന്‍വറിനെതിരായ കേസില്‍ വലിയ ഇടപെടലുകള്‍ ഇഡി നടത്തിയിരുന്നു. ഇതിന് സമാനമായ രീതിയില്‍ അന്വേഷണം പോകും. അന്‍വറിന്റെ സുഹൃത്തിനെതിരെയാണ് 24 ന്യൂസ് ആരോപണം ഉന്നയിക്കുന്നതെന്നും സൂചനയുണ്ട്. എന്നാല്‍ ഈ തട്ടിപ്പില്‍ അന്‍വറിന് പങ്കില്ലെന്നതാണ് വസ്തുത. പരാതിയില്‍ എഫ് ഐ ആര്‍ ഉണ്ടെങ്കില്‍ മാത്രമേ ഇഡിക്ക് ഇടപെടാന്‍ കഴിയൂ. അതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് നിര്‍ണ്ണായകമാണ്. സൈബര്‍ സഖാക്കള്‍ അടക്കം നിലവില്‍ പുകഴ്ത്തുന്ന വ്യക്തിത്വത്തിന് എതിരെയാണ് 24 ന്യൂസ് വിരല്‍ ചൂണ്ടുന്നത് എന്നതാണ് വസ്തുത.

ചാനല്‍ ഉടമയും പ്രേംനാഥുമായി ഫോണ്‍കോള്‍ വഴി നിരന്തരം ബന്ധപ്പെട്ടിരുന്നു. ബാര്‍ക് റേറ്റിങ്ങില്‍ കൃത്രിമം നടത്തി അധിക പ്രേക്ഷക പിന്തുണയുണ്ടെന്ന് വരുത്തി തീര്‍ത്തു. ഫോണ്‍ ഫാമിങ് ഉള്‍പ്പെടെ നടത്തി വിദേശ രാജ്യങ്ങളിലില്‍ നിന്നും യൂട്യൂബ് പ്രേക്ഷകരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാക്കിയെന്നും റിപ്പോര്‍ട്ടുണ്ട്. ബാര്‍ക് റേറ്റിങ്ങില്‍ തട്ടിപ്പുണ്ടെന്ന് കാണിച്ച് നേരത്തെ മീഡിയാ വണ്‍ ചാനല്‍ റേറ്റിങ് സംവിധാനത്തില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു. ടെലിവിഷന്‍ ചാനലുകളുടെ ജനപ്രിയത അളക്കുന്ന അളവുകോലായി പരസ്യദാതാക്കള്‍ പരിഗണിക്കുന്ന സംവിധാനമാണ് ബാര്‍ക് അഥവാ ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍. ടെലിവിഷന്‍ കാഴ്ചക്കാരുടെ എണ്ണം, കാണുന്ന പരിപാടികള്‍, ചാനലുകള്‍ എന്നിവ ശാസ്ത്രീയമായി പരിശോധിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്തരമൊരു സ്ഥാപനത്തിന് എതിരെയാണ് ആരോപണം. കേരളാ പോലീസിന് 24 ന്യൂസ് നല്‍കിയ പരാതിയില്‍ ഏത് ചാനല്‍ മുതലാളിയാണ് ഇത്തരത്തില്‍ ഇടപാടു നടത്തിയതെന്ന് പറയുന്നില്ലെന്നാണ് സൂചന. അതുകൊണ്ട് തന്നെ ഒരു ചാനലിനേയും പ്രതിയാക്കി ഉടന്‍ എഫ് ഐ ആര്‍ ഇടില്ല.

അതിനിടെ ഡോളര്‍ ടെതര്‍ ആരോപണത്തില്‍ പോലീസുമായി 24 ന്യൂസിന് വേണ്ടി ഇടപെടലുകള്‍ നടത്തുന്നത് വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ കുടുങ്ങിയ മാധ്യമ പ്രവര്‍ത്തകനാണ്. പ്രതിരോധ വകുപ്പിന്റെ മാധ്യമ പഠന കോഴ്‌സിന് അടക്കം പോയ ഈ മാധ്യമ പ്രവര്‍ത്തകന് പോലീസില്‍ ഉന്നത ബന്ധങ്ങളുണ്ട്. ഈ ബന്ധങ്ങളാണ് 24 ന്യൂസ് മറ്റൊരു ചാനലിനെ കേസില്‍ കുടുക്കാന്‍ ഉപയോഗിക്കുന്നതെന്നും സൂചനയുണ്ട്. ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിങ് സംവിധാനത്തിന്റെ ഉടമസ്ഥതയിലാണ് ബാര്‍ക് പ്രവര്‍ത്തിക്കുന്നത്. ബ്രോഡ്കാസ്റ്റര്‍മാര്‍, പരസ്യദാതാക്കള്‍, പരസ്യ-മാധ്യമ ഏജന്‍സികളെ പ്രതിനിധീകരിക്കുന്ന സംഘടനകള്‍ എന്നിവ ചേര്‍ന്നാണ് ബാര്‍ക് സ്ഥാപിച്ചത്. ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിങ് ആന്‍ഡ് ഡിജിറ്റല്‍ ഫൗണ്ടേഷന്‍, ഇന്ത്യന്‍ ഏജന്‍സീസ് അസോസിയേഷന്‍, ഇന്ത്യന്‍ സൊസൈറ്റി ഓഫ് അഡ്വട്ടൈസേഴ്‌സ് എന്നിവരുടെ സംയുക്ത പ്ലാറ്റ്‌ഫോമാണ് ബാര്‍ക്. 2010 ജൂലൈ 9നാണ് നിലവില്‍ വരുന്നത്. അതുവരെ ടെലിവിഷന്‍ ഓഡിയന്‍സ് മെഷര്‍മെന്റ് എന്ന സ്വകാര്യ ഏജന്‍സിയാണ് ഇത് കൈകാര്യം ചെയ്തിരുന്നത്.

ഏജന്‍സിയെക്കുറിച്ച് പരാതികളുയര്‍ന്ന സാഹചര്യത്തിലാണ് ബാര്‍ക് രൂപീകരിച്ചത്. ഇന്ത്യയിലെ പരസ്യ വിപണിയില്‍ ഏകദേശം 50000 കോടിയുടെ വരുമാനമാണ് പ്രതിവര്‍ഷം ഉണ്ടാകുന്നത്. ബാര്‍ക് റേറ്റിങ്ങിന്റെ അടിസ്ഥാനത്തിലാണ് പരസ്യ ദാതാക്കള്‍ ചാനലുകളെ സമീപിക്കുന്നത്. ഇതിനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ബാര്‍കിന്റെ കണക്കെടുപ്പിലെ അപാകതകളെക്കുറിച്ചുള്ള പരാതികള്‍ അതേ പ്ലാറ്റ്‌ഫോമില്‍ നേരിട്ടും മെയില്‍ വഴിയും മീഡിയവണ്‍ നിരന്തരം ഉന്നയിച്ചിരുന്നു. പക്ഷേ ഒരിക്കലും ഗുണകരമായ മാറ്റം ഉണ്ടാകും വിധമുളള നടപടി ബാര്‍കില്‍ നിന്ന് ഉണ്ടായിട്ടില്ല. വീണ്ടും വീണ്ടും മെയില്‍ അയച്ച് കാത്തിരിക്കുക എന്നത് അര്‍ഥശൂന്യമാണ്. അതിനാല്‍ മീഡിയവണ്‍ ബാര്‍ക്കുമായുള്ള ബന്ധം ഉപേക്ഷിച്ചിരുന്നു. അതിനിടെ 24 ന്യൂസ് ഉന്നയിച്ച ബാര്‍ക് റേറ്റിങ് തട്ടിപ്പില്‍ പ്രാഥമിക അന്വേഷണം തുടങ്ങിയെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ അറിയിച്ചിട്ടുണ്ട്. പരാതിയില്‍ പ്രാഥമിക അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് ഡിജിപി ട്വന്റിഫോറിനോട് പറഞ്ഞു. പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരിക്കും മുന്നോട്ടുപോവുകയെന്നും സംഭവം വളരെ ഗൗരമുള്ളതാണെന്നും അദേഹം പറഞ്ഞു.

24ന്യൂസിനെ നയിക്കുന്നത് ശ്രീകണ്ഠന്‍ നായരാണ്. ശ്രീകണ്ഠന്‍ നായര്‍ പൊതു വേദിയില്‍ ചില സൂചനകള്‍ പുറത്തു വിട്ടിരുന്നു. എസ് കെ എന്‍ എന്ന് അറിയപ്പെടുന്ന ശ്രീകണ്ഠന്‍ നായര്‍ പോലും തട്ടിപ്പു ചാനലിന്റെ പേര് പുറത്തു പറയുന്നില്ല. പലവിധ വിവാദങ്ങളില്‍ കുടുങ്ങിയ ചാനലുടമയാണ് ഇതിന് പിന്നിലെന്ന് 24 ന്യൂസിന്റെ ചര്‍ച്ചയില്‍ വരുന്നവരും ആരോപിക്കുന്നു. ഏതായാലും ബാര്‍ക്കിന്റെ വിശ്വാസ്യതയെയാണ് 24 ന്യൂസ് ചോദ്യം ചെയ്യുന്നത്. അതീവ ഗുരുതര ആരോപണമാണ് 24 ന്യൂസിന്റേത്. ആരോപണ വിധേയനായ ചാനല്‍ ഉടമയ്‌ക്കെതിരെ കള്ളപ്പണ ഇടപാടും ഉന്നയിക്കുന്നു. ഈ സാഹചര്യത്തില്‍ ചാനല്‍ തന്നെ പേര് പുറത്തു പറയണമെന്ന ആവശ്യം പൊതു സമൂഹത്തിലുണ്ട്. ഇതിനുള്ള ധൈര്യം ശ്രീകണ്ഠന്‍ നായര്‍ കാട്ടുമോ എന്നതാണ് ഉയരുന്ന ചോദ്യം.

Tags:    

Similar News