കണ്ണൂരിലെ 'ചെന്താരകത്തിന്' വേണ്ടി വാദിക്കാന്‍ പിബിയും ഇല്ല; ശൈലജയ്ക്ക് മട്ടന്നൂര്‍ തന്നെ നല്‍കും; വിജയരാഘവന് ജയിക്കാന്‍ കഴിയുന്ന മലമ്പുഴ നല്‍കുമോ? എലത്തൂരും തിരുവനന്തപുരവും കണ്ണൂരും ഏറ്റെടുക്കാന്‍ സിപിഎം; നിര്‍ണ്ണായക തീരുമാനങ്ങള്‍ പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ ഉണ്ടാകും; തോമസ് ഐസക്കും നികേഷും പ്രതീക്ഷയില്‍; എല്ലാം ഇനി നിശ്ചയിക്കുക പിണറായി ഒറ്റയ്ക്ക്
തിരുവനന്തപുരം: മൂന്നാം എല്‍.ഡി.എഫ്. സര്‍ക്കാര്‍ ലക്ഷ്യമിട്ടുള്ള സി.പി.എമ്മിന്റെ നിര്‍ണ്ണായക സ്ഥാനാര്‍ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ ഇന്ന് തിരുവനന്തപുരത്ത് നടക്കും. സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ഏകദേശ ധാരണയാകാനാണ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുന്നത്. സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കും. എല്ലാ തീരുമാനവും പിണറായി തന്നെയാകും എടുക്കുക.
ജില്ലാ സെക്രട്ടേറിയറ്റുകള്‍ സമര്‍പ്പിച്ച പ്രാഥമിക പട്ടികയില്‍ പി.ബി. അംഗം എ. വിജയരാഘവന്‍, കേന്ദ്രകമ്മിറ്റി അംഗം കെ.കെ. ഷൈലജ എന്നിവരുടെ പേരുകള്‍ ഇല്ലാത്തത് ചര്‍ച്ചയാകും. സിറ്റിങ് സീറ്റായ മട്ടന്നൂര്‍ തന്നെ വേണമെന്ന കടുത്ത നിലപാടിലാണ് ഷൈലജ ടീച്ചര്‍. മട്ടന്നൂര്‍ നല്‍കിയില്ലെങ്കില്‍ ഇത്തവണ മത്സരരംഗത്ത് ഉണ്ടാവില്ലെന്ന് അവര്‍ നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. മട്ടന്നൂരിലേക്ക് ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി വി.കെ. സനോജിനെയാണ് ജില്ലാ നേതൃത്വം പരിഗണിക്കുന്നത്. എന്നാല്‍, ജനകീയ മുഖമായ ഷൈലജയെ മാറ്റിനിര്‍ത്തുന്നത് പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്ന പി.ബി. നിര്‍ദ്ദേശം പരിഗണിച്ച് അവര്‍ക്ക് സീറ്റ് നല്‍കാന്‍ സംസ്ഥാന നേതൃത്വം നിര്‍ബന്ധിതരായേക്കും. വിജയരാഘവന് മലമ്പുഴ സീറ്റ് നല്‍കിയേക്കും. തോമസ് ഐസക്കിനും എംവി നികേഷ് കുമാറിനും സീറ്റ് നല്‍കിയേക്കും.
കണ്ണൂരിലെ 'ചെന്താരകം' എന്നറിയപ്പെടുന്ന പി. ജയരാജന് ഇത്തവണയും സീറ്റ് നല്‍കേണ്ടതില്ലെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ ധാരണ. ഇത് ജയരാജന്‍ അനുകൂലികള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ 'ചെന്താരകം' എന്ന ഹാഷ്ടാഗില്‍ പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്. അതേസമയം, പയ്യന്നൂരില്‍ സി. മധുസൂദനനെ മാറ്റേണ്ടതില്ലെന്നും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. ചില ഘടകകക്ഷികളുടെ സീറ്റുകള്‍ ഏറ്റെടുക്കുന്ന കാര്യത്തിലും ഇന്നത്തെ യോഗത്തില്‍ തീരുമാനമുണ്ടാകും. രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ കണ്ണൂര്‍, എ.കെ. ശശീന്ദ്രന്റെ എലത്തൂര്‍, ആന്റണി രാജു അയോഗ്യനായ തിരുവനന്തപുരം, ആര്‍.ജെ.ഡി. - ജെ.ഡി.എസ്. തര്‍ക്കം നിലനില്‍ക്കുന്ന കോവളം എന്നീ സീറ്റുകള്‍ ഏറ്റെടുത്തേക്കും.
ഈ സീറ്റുകളില്‍ സി.പി.എം. നേരിട്ട് മത്സരിക്കണമെന്ന നിര്‍ദ്ദേശം ശക്തമാണ്. സിപിഎമ്മിന്റെ പ്രാഥമിക പട്ടികയില്‍ 90 ശതമാനം സീറ്റുകളിലും ഒറ്റ പേരാണ് പരിഗണനയിലുള്ളത്. ജില്ലാ കമ്മിറ്റികളുടെ ശുപാര്‍ശയില്‍ മാറ്റം വേണമെങ്കില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് അത് നിര്‍ദ്ദേശിക്കും. അന്തിമ പട്ടിക വരുംദിവസങ്ങളില്‍ ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം ഔദ്യോഗികമായി പ്രഖ്യാപിക്കും. നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന് വീണ്ടും മത്സരിക്കാന്‍ സിപിഎം പച്ചക്കൊടി കാട്ടിയിരുന്നു. ധര്‍മ്മടം മണ്ഡലത്തില്‍ നിന്നും മുഖ്യമന്ത്രി ജനവിധി തേടുന്നത് സംബന്ധിച്ച് പാര്‍ട്ടി പോളിറ്റ് ബ്യൂറോയില്‍ തര്‍ക്കങ്ങളില്ലാതെ തീരുമാനമായി.
അതേസമയം, സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെച്ചൊല്ലി കണ്ണൂര്‍ സിപിഎമ്മില്‍ പുകഞ്ഞ അതൃപ്തിയില്‍ കേന്ദ്ര നേതൃത്വം നേരിട്ട് ഇടപെട്ടു. കെ.കെ. ശൈലജയെ മട്ടന്നൂരില്‍ തന്നെ മത്സരിപ്പിക്കുന്നത് പരിഗണിക്കണമെന്ന് കേന്ദ്ര നേതൃത്വം കേരള ഘടകത്തിന് കര്‍ശന നിര്‍ദ്ദേശം നല്‍കി. പക്ഷേ അതൊരു തീരുമാനം പോലെ പോളിറ്റ് ബ്യൂറോ എടുക്കില്ല. സംസ്ഥാന നേതൃത്വത്തിന്റെ പരിഗണനയിലേക്ക് വിടുകയാണ്. ഈ സാഹചര്യത്തിലാണ് ശൈലജയെ മത്സരിപ്പിക്കുന്നത് പരിഗണിക്കുന്നത്. മട്ടന്നൂര്‍ സീറ്റ് ലഭിച്ചില്ലെങ്കില്‍ രാഷ്ട്രീയ വിരമിക്കലിന് പോലും തയ്യാറെന്ന ശൈലജ ടീച്ചറുടെ കടുത്ത നിലപാട് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിരുന്നു. ജനറല്‍ സെക്രട്ടറി എം.എ. ബേബി തന്നെ ഈ വിഷയത്തില്‍ കേന്ദ്ര നേതൃത്വത്തിന്റെ താല്പര്യം കേരള ഘടകത്തെ അറിയിച്ചു.
ശൈലജയെപ്പോലൊരു ജനകീയ നേതാവിനെ മാറ്റിനിര്‍ത്തുന്നത് പൊതുസമൂഹത്തില്‍ പാര്‍ട്ടിക്ക് വലിയ തിരിച്ചടിയുണ്ടാക്കുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി പാഠമായി ഉള്‍ക്കൊള്ളണമെന്നും, സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശം നല്‍കുന്ന സാഹചര്യം ഒഴിവാക്കണമെന്നും ദേശീയ നേതൃത്വം ആവശ്യപ്പെട്ടു. കടകംപള്ളി സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇളവ് നല്‍കി മത്സരിപ്പിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍, ശൈലജ ടീച്ചര്‍ക്കും സ്പീക്കര്‍ എ.എന്‍. ഷംസീറിനും ടേം വ്യവസ്ഥയുടെ പേരില്‍ വിലക്ക് ഏര്‍പ്പെടുത്തുന്നത് ഇരട്ടത്താപ്പാണെന്ന പരാതി ശക്തമായിരുന്നു. മട്ടന്നൂര്‍ വിട്ടുള്ള ഒരു വിട്ടുവീഴ്ചയ്ക്കും താനില്ലെന്ന് ടീച്ചര്‍ ഉറപ്പിച്ചു പറഞ്ഞതോടെയാണ് കേന്ദ്രം ഇടപെടാന്‍ നിര്‍ബന്ധിതമായത്. ശൈലജയുടെ മടങ്ങിവരവ് ഉറപ്പാക്കുന്നതിലൂടെ കണ്ണൂരിലെ ആഭ്യന്തര കലഹം ഒതുക്കാനും തിരഞ്ഞെടുപ്പ് ഗോദയില്‍ ആത്മവിശ്വാസം വീണ്ടെടുക്കാനും കഴിയുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.
സിപിഎം ചട്ടപ്രകാരം 75 വയസ്സ് കഴിഞ്ഞ നേതാക്കള്‍ പദവികളില്‍ നിന്ന് വിരമിക്കണമെന്നുണ്ടെങ്കിലും, മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന് നേരത്തെ തന്നെ പിബി ഇളവ് നല്‍കിയിരുന്നു. ഭരണത്തുടര്‍ച്ചയ്ക്കായി പിണറായിയുടെ നേതൃത്വം അനിവാര്യമാണെന്ന റിപ്പോര്‍ട്ടാണ് സംസ്ഥാന ഘടകം പിബിയില്‍ സമര്‍പ്പിച്ചത്. പ്രായപരിധി ചട്ടത്തില്‍ പിണറായിക്ക് പ്രത്യേക ഇളവ് നല്‍കി ധര്‍മ്മടം മണ്ഡലത്തില്‍ നിന്ന് തന്നെ വീണ്ടും ജനവിധി തേടാന്‍ അനുവദിക്കണമെന്നാണ് കേരള ഘടകത്തിന്റെ നിലപാട്. ഇതാണ് പിബിയും അംഗീകരിച്ചത്. പിണറായി വിജയനൊപ്പം മന്ത്രിസഭയിലേക്ക് രണ്ടാമതായി ആരെ കൊണ്ടുവരണം എന്നതുള്‍പ്പെടെയുള്ള ചര്‍ച്ചകളും പാര്‍ട്ടിയില്‍ സജീവമാണ്. തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടികള്‍ മറികടക്കാന്‍ ശക്തമായ നേതൃത്വം വേണമെന്ന വിലയിരുത്തലിലാണ് സംസ്ഥാന നേതൃത്വം മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ഉറച്ച നിലപാട് സ്വീകരിച്ചത്. പിണറായി വിജയന്‍ നയിക്കുന്നതോടെ തിരഞ്ഞെടുപ്പ് ഗോദയില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാമെന്നും പാര്‍ട്ടി കണക്കുകൂട്ടുന്നു.
