ട്രാവന്‍കൂര്‍ മാളില്‍ തെറിവിളിയും ബോക്‌സിംഗും; വെള്ളറടയില്‍ എസ് ഐയെ ചവിട്ടികൂട്ടി ആശുപത്രിയിലാക്കി; കിളിമാനൂരിലും സി.പി.എം. ഹുങ്ക്; പോലീസിനും രക്ഷയില്ല: വെള്ളറടയിലും മാളിലും പോലീസുകാരെ തല്ലിച്ചതച്ച് ഇടത് സംഘം കിളിമാനൂരില്‍ എസ് എച്ച് ഒയേയും വെറുതെ വിടുന്നില്ല; രണ്ടു പേര്‍ അറസ്റ്റില്‍; കേരളാ പോലീസ് അടികൊണ്ട് വീഴുമ്പോള്‍
കിളിമാനൂര്‍: സംസ്ഥാനത്ത് പോലീസുകാര്‍ക്ക് നേരെ സി.പി.എം., ഡി.വൈ.എഫ്.ഐ., എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ നടത്തുന്ന അക്രമങ്ങള്‍ തുടര്‍ച്ചയാകുന്നു. കിളിമാനൂരില്‍ കോണ്‍ഗ്രസ് ഫ്‌ലെക്‌സ് ബോര്‍ഡ് നശിപ്പിച്ച കേസില്‍ നോട്ടീസ് നല്‍കാനെത്തിയ നഗരൂര്‍ എസ്.എച്ച്.ഒയെ റോഡില്‍ തടഞ്ഞുനിര്‍ത്തി അസഭ്യം പറയുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. വെള്ളല്ലൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ആര്‍. രതീഷ് അടക്കം ഒന്‍പത് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. സംഭവത്തില്‍ രണ്ട് പേര്‍ പിടിയിലായിട്ടുണ്ട്.
വെള്ളല്ലൂര്‍ ജവാഹര്‍ ജംക്ഷനില്‍ ഇന്നലെ വൈകിട്ട് 3.30-ഓടെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. കാറിലെത്തിയ സി.പി.എം. സംഘം പോലീസ് ജീപ്പിന് കുറുകെ വണ്ടിയിട്ട് എസ്.എച്ച്.ഒ. എന്‍. അന്‍സാറിനെ തടയുകയായിരുന്നു. നേരത്തെ കണ്ണൂരില്‍ മന്ത്രി വീണാ ജോര്‍ജിനെ കെ.എസ്.യു.ക്കാര്‍ ആക്രമിച്ചു എന്നാരോപിച്ച് വെള്ളല്ലൂരില്‍ നടന്ന പ്രകടനത്തിനിടെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വി.ആര്‍. അനന്ദുകൃഷ്ണനെ കൈയേറ്റം ചെയ്യുകയും ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. ഈ കേസിലെ പ്രതികളായ ആറ് ഡി.വൈ.എഫ്.ഐ.ക്കാര്‍ക്ക് നോട്ടീസ് നല്‍കാന്‍ വീട്ടിലെത്തിയതാണ് സി.പി.എം. നേതൃത്വത്തെ പ്രകോപിപ്പിച്ചത്.
പോലീസിനെതിരെയുള്ള സി.പി.എം. ഗുണ്ടാരാജിന്റെ തുടര്‍ച്ചയാണിത്. തിരുവനന്തപുരം മാള്‍ ഓഫ് ട്രാവന്‍കൂറില്‍ വെച്ച് എ.ആര്‍. ക്യാമ്പിലെ സി.പി.ഒ. മിഥുന്‍ റോയിയെ എസ്.എഫ്.ഐ. സംഘം വളഞ്ഞിട്ട് മര്‍ദ്ദിച്ചത് വലിയ വാര്‍ത്തയായിരുന്നു. സഹോദരിക്കൊപ്പം മാളിലെത്തിയ മിഥുനെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ച എസ്.എഫ്.ഐ.ക്കാര്‍ക്കെതിരെ നിസാര വകുപ്പുകള്‍ ചുമത്തിയപ്പോള്‍, മര്‍ദ്ദനമേറ്റ പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പാണ് പോലീസ് ചുമത്തിയത്.
ഇതിന് തൊട്ടുപിന്നാലെയാണ് വെള്ളറടയില്‍ ക്ഷേത്രോത്സവത്തിനിടെ ഗതാഗതം നിയന്ത്രിക്കാന്‍ ആവശ്യപ്പെട്ട സബ് ഇന്‍സ്‌പെക്ടര്‍ അഭിജിത്തിനെയും സി.പി.ഒ. ജസീമിനെയും സി.പി.എം. ലോക്കല്‍ സെക്രട്ടറി പ്രദീപും സംഘവും ക്രൂരമായി മര്‍ദ്ദിച്ചത്. പോലീസ് സേനയ്ക്ക് ഒട്ടും സുരക്ഷിതത്വമില്ലാത്ത അവസ്ഥയാണ് നിലവിലുള്ളതെന്ന ആക്ഷേപം ശക്തമാണ്. ഭരണകക്ഷിയുടെ അക്രമങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസ് ഭയക്കുന്ന അവസ്ഥയാണ് കിളിമാനൂരിലും ആവര്‍ത്തിച്ചിരിക്കുന്നത്.
കളിമാനൂരില്‍ കാറിലെത്തിയ സിപിഎം ഡിവൈഎഫ്‌ഐ സംഘം പൊലീസ് ജീപ്പുതടഞ്ഞ് എസ്എച്ച്ഒ എന്‍.അന്‍സാറിനെ അസഭ്യം വിളിക്കുകയായിരുന്നു. കാര്‍ റോഡിനു കുറുകെ ഇട്ടാണ് പൊലീസ് ജീപ്പ് തടഞ്ഞത്. അനന്ദുകൃഷ്ണന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സ്റ്റേഷനില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് 6 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ വീടുകളിലെത്തി പൊലീസ് നോട്ടിസ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ എസ്എച്ച്ഒയുടെ ജീപ്പ് തടഞ്ഞത്. നോട്ടിസ് നല്‍കാന്‍ എത്തിയ പൊലീസുകാരന്‍ മോശമായി പെരുമാറിയെന്നാണ് പ്രവര്‍ത്തകരുടെ ആരോപണം.
അങ്ങനെ ഉണ്ടായാല്‍ പോലും അതിന് പോലീസിനെതിരെ മുകളിലേക്ക് പരാതി കൊടുക്കുകയാണ് വേണ്ടത്. എന്നാല്‍ ഇവിടെ പൊതു സ്ഥലത്തെ അതിക്രമമാകുന്നു. ഇത് ഭരണത്തിലുള്ള പ്രതീക്ഷ കൊണ്ട് മാത്രമാണെന്നതാണ് വസ്തുത.
