പ്രധാനമന്ത്രിയുടെ കൊച്ചിയിലേക്കുള്ള വരവ് നീട്ടി; നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ച് പകുതിയോടെ; 11-ന് പ്രധാനമന്ത്രി കേരളത്തില്‍; എയിംസ് അടക്കം നിര്‍ണ്ണായക പ്രഖ്യാപനം ഉണ്ടാകാന്‍ സാധ്യത; എന്‍ഡിഎ പ്രകടനപത്രിക പുറത്തിറക്കും; കേരളത്തില്‍ വോട്ടെടുപ്പ് ഒറ്റ ഘട്ടം; തിരഞ്ഞെടുപ്പ് മേയ് ആദ്യ വാരമോ? മേയ് 14ന് മുമ്പ് കേരളം ആരു ഭരിക്കുമെന്ന് വ്യക്തമാകും
ന്യൂഡല്‍ഹി: കേരളമുള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ച് പകുതിയോടെയുണ്ടായേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവിധ സംസ്ഥാനങ്ങളിലെ സന്ദര്‍ശനങ്ങളും ഉദ്ഘാടന ചടങ്ങുകളും പൂര്‍ത്തിയാകുന്നതോടെയാകും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിക്കുക. മാര്‍ച്ച് 11-ന് കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക പ്രകാശനം ചെയ്യും.
നേരത്തെ മാര്‍ച്ച് ആറിന് നിശ്ചയിച്ചിരുന്ന പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം 11-ലേക്കാണ് മാറ്റിയത്. എറണാകുളം കലൂര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ എന്‍ഡിഎയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രിക അദ്ദേഹം പ്രകാശനം ചെയ്യും. തുടര്‍ന്ന് മറൈന്‍ ഡ്രൈവില്‍ നടക്കുന്ന ധീവരസഭയുടെ പരിപാടിയിലും അദ്ദേഹം സംബന്ധിക്കും. റെയില്‍വേയുടേതടക്കം മറ്റ് രണ്ട് കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചേക്കുമെന്നാണ് വിവരം.
മാര്‍ച്ച് 14-ന് അസമില്‍ പുതിയ എക്സ്പ്രസ് വേയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കുന്നുണ്ട്. ഈ ഔദ്യോഗിക പരിപാടികള്‍ക്ക് ശേഷമാകും തിരഞ്ഞെടുപ്പ് പ്രഖ്യാപനം. സാധാരണ ഗതിയില്‍ പ്രധാനമന്ത്രിയുടെ യാത്രകള്‍ക്ക് ശേഷമാണ് വിജ്ഞാപനം വരാറുള്ളത്. ഇത്തവണയും അതു തന്നെ സംഭവിച്ചേക്കും. ഇത് മനസ്സിലാക്കിയാണ് എല്ലാ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം അടക്കം വൈകിപ്പിക്കുന്നത്.
കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്താനാണ് കമ്മീഷന്റെ നീക്കം. എന്നാല്‍ പശ്ചിമബംഗാളില്‍ ഇത്തവണ മാറ്റമുണ്ടാകും. 2021-ല്‍ എട്ട് ഘട്ടങ്ങളിലായി നടന്ന ബംഗാള്‍ തിരഞ്ഞെടുപ്പ് ഇക്കുറി ബിഹാര്‍ മാതൃകയില്‍ മൂന്നോ നാലോ ഘട്ടങ്ങളായി ചുരുക്കാനാണ് കമ്മീഷന്‍ ആലോചിക്കുന്നത്. എസ്.ഐ.ആര്‍. പ്രക്രിയയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ അവസാനിച്ചതോടെ ബംഗാളിലെ അന്തിമ വോട്ടര്‍പട്ടിക ശനിയാഴ്ച പ്രസിദ്ധീകരിക്കും.
തമിഴ്‌നാട് പര്യടനം പൂര്‍ത്തിയാക്കി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറും സംഘവും ഡല്‍ഹിയില്‍ മടങ്ങിയെത്തിയിട്ടുണ്ട്. മാര്‍ച്ച് അഞ്ച്, ആറ് തീയതികളില്‍ കമ്മീഷന്‍ കേരളം സന്ദര്‍ശിക്കും. രാഷ്ട്രീയ പാര്‍ട്ടികളുമായും ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തിയ ശേഷം സജ്ജീകരണങ്ങള്‍ വിലയിരുത്തിയാകും പ്രഖ്യാപനമുണ്ടാകുക. ബംഗാള്‍ സന്ദര്‍ശനത്തിന്റെ തീയതി കമ്മീഷന്‍ ഉടന്‍ നിശ്ചയിക്കും. അതും മാര്‍ച്ച് രണ്ടാം വാരത്തിന് മുമ്പ് നടക്കും.
കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലേക്ക് നീങ്ങവെ, വോട്ടെടുപ്പ് ഒറ്റഘട്ടമായി നടത്താന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നീക്കം തുടങ്ങുന്നതായി സൂചന. നിലവിലെ നിയമസഭയുടെ കാലാവധി മേയ് 23-ന് അവസാനിക്കുന്ന പശ്ചാത്തലത്തില്‍, ഏപ്രില്‍ അവസാനവാരമോ മേയ് ആദ്യവാരമോ വോട്ടെടുപ്പ് നടന്നേക്കും. മേയ് 14-ഓടെ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കി പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്ന രീതിയിലാകും ക്രമീകരണങ്ങള്‍.
മേയ് പകുതിയോടെ കേരളം ആര് ഭരിക്കുമെന്ന കാര്യത്തില്‍ വ്യക്തമായ ചിത്രം ലഭിക്കും. വോട്ടെണ്ണല്‍ മേയ് 14-ന് മുന്‍പായി പൂര്‍ത്തിയാക്കി പുതിയ മന്ത്രിസഭ അധികാരമേല്‍ക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാനാണ് കമ്മീഷന്റെ ആലോചന. രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതിനോടകം തന്നെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലേക്കും പ്രചാരണ പരിപാടികളിലേക്കും കടന്നുകഴിഞ്ഞു. വിദേശ വോട്ടര്‍മാരുടെയും സര്‍വീസ് വോട്ടര്‍മാരുടെയും എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായതും ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ശ്രദ്ധേയമാണ്.
