മന്ത്രിയെ കൈയേറ്റം ചെയ്യുന്നതോ വധിക്കാന്‍ ശ്രമിക്കുന്നതോ ആയ ദൃശ്യങ്ങളൊന്നും റെയില്‍വേ സ്റ്റേഷനിലെ സിസിടിവി പരിശോധിച്ച പ്രത്യേക അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ല; വിവാദം കൈകാര്യം ചെയ്തതില്‍ രാഷ്ട്രീയ അബന്ധമുണ്ടായെന്ന വിലയിരുത്തലില്‍ ബിനോയ് വിശ്വം; അതൃപ്തിയുമായി സി.പി.ഐ; സി.പി.എമ്മിനെ നിലപാടറിയിക്കും
കണ്ണൂര്‍: കെ.എസ്.യു. പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് പരിക്കേറ്റ സംഭവത്തില്‍ വധശ്രമക്കേസ് നിലനില്‍ക്കില്ലെന്ന സൂചനകള്‍ക്കിടെ ഇടത് മുന്നണിയില്‍ ഭിന്നത. സംഭവത്തില്‍ വേണ്ടത്ര കരുതല്‍ സി.പി.എം. നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായില്ലെന്ന നിലപാടിലാണ് സി.പി.ഐ. തിരഞ്ഞെടുപ്പ് കാലത്ത് ഇത്തരം അനാവശ്യ വിവാദങ്ങള്‍ മുന്നണിക്ക് തിരിച്ചടിയാകുമെന്നും വധശ്രമം പോലുള്ള കടുത്ത വകുപ്പുകള്‍ ചുമത്തിയത് ദോഷം ചെയ്യുമെന്നും സി.പി.ഐ. നേതൃത്വം വിലയിരുത്തുന്നു. ഇക്കാര്യത്തിലുള്ള അതൃപ്തി സി.പി.ഐ. ഉടന്‍തന്നെ സി.പി.എമ്മിനെ അറിയിക്കും.
മന്ത്രിയെ കൈയേറ്റം ചെയ്യുന്നതോ വധിക്കാന്‍ ശ്രമിക്കുന്നതോ ആയ ദൃശ്യങ്ങളൊന്നും റെയില്‍വേ സ്റ്റേഷനിലെ സി.സി.ടി.വി. പരിശോധിച്ച പ്രത്യേക അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ല. പുറത്തുവന്ന ദൃശ്യങ്ങളിലെല്ലാം പോലീസ് വലയത്തിനുള്ളിലാണ് മന്ത്രിയുള്ളത്. ഇതോടെ, വധശ്രമക്കേസ് ചുമത്തി കെ.എസ്.യു. നേതാക്കളെ റിമാന്‍ഡ് ചെയ്ത നടപടി പോലീസിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ കേസില്‍നിന്ന് ഒഴിവാക്കിയേക്കുമെന്നാണ് സൂചന.
അതിനിടെ, ഐ.സി.യു.വില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ നഴ്‌സുമാര്‍ക്കൊപ്പം മന്ത്രി സെല്‍ഫി എടുത്തത് വലിയ വിവാദത്തിന് വഴിവെച്ചു. മന്ത്രിക്ക് ഗുരുതരമായ പരിക്കില്ലെന്നതിന്റെ തെളിവാണ് ഇതെന്ന ആരോപണവുമായി കെ.എസ്.യു. രംഗത്തെത്തി. എന്നാല്‍, സ്‌നേഹക്കൂടുതല്‍ കൊണ്ട് എടുത്ത ഫോട്ടോയാണിതെന്ന് നഴ്‌സുമാര്‍ വിശദീകരിക്കുന്നുണ്ടെങ്കിലും രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ഇത് ചര്‍ച്ചയാവുകയാണ്. താഴേത്തട്ടില്‍ ഈ വിവാദം സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന ആശങ്കയിലാണ് ഘടകകക്ഷികള്‍.
വെള്ളിയാഴ്ച പുലര്‍ച്ചെ പരിയാരം മെഡിക്കല്‍ കോളേജില്‍നിന്നും ഡിസ്ചാര്‍ജുചെയ്ത മന്ത്രി വീണാ ജോര്‍ജ് പത്തനംതിട്ടയിലെ വീട്ടില്‍ വിശ്രമത്തിലാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തുടര്‍ചികിത്സയ്ക്കായി വരുമെന്ന് അഭ്യൂഹമുണ്ടായെങ്കിലും എത്തിയിരുന്നില്ല. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍നിന്ന് പുലര്‍ച്ചെ നാലിനാണ് മന്ത്രി ഡിസ്ചാര്‍ജ് വാങ്ങിയത്. മന്ത്രി എവിടെയാണെന്ന് രാത്രിവരെ ആരും വ്യക്തമാക്കാതിരുന്നതോടെ അഭ്യൂഹങ്ങളുയര്‍ന്നു. രാത്രി എട്ടുമണിയോടെയാണ് മന്ത്രി പത്തനംതിട്ടയിലെ വീട്ടിലുണ്ടെന്ന് വ്യക്തമാക്കിയും തിങ്കളാഴ്ചവരെയുള്ള പരിപാടികള്‍ മാറ്റിവെച്ചതായും അറിയിച്ച് ഓഫീസ് പത്രക്കുറിപ്പിറക്കിയത്.
തിരുവനന്തപുരത്തേക്കു നേരിട്ടുള്ള വിമാനം കിട്ടാത്തതിനാല്‍ കാറില്‍ പത്തനംതിട്ടയിലേക്കു പോകാന്‍ തീരുമാനിച്ചെന്നാണ് വിവരം. അവശനിലയിലായതിനാല്‍, യാത്രയ്ക്കിടയില്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീട്ടില്‍ വിശ്രമിക്കേണ്ടിവന്നതിനാലാണ് വൈകിയതെന്നും അറിയുന്നു. വ്യാഴം വൈകിട്ട് 4 മണിയ്ക്ക് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തു വന്നിരുന്നു. നിലവിലെ ശാരീരികാവസ്ഥയില്‍ യാത്ര അനുവദനീയമല്ല. പരിയാരത്ത് ഐ.സി.യു.വില്‍ ചികിത്സ തുടരാന്‍ നിര്‍ദേശിച്ചു. എന്നാല്‍ വ്യാഴം രാത്രി 10 മണി മെഡിക്കല്‍ ബോര്‍ഡ് യോഗം ഓണ്‍ലൈനായി വീണ്ടും ചേര്‍ന്നു. വേദന കുറവുണ്ടെന്നും പരസഹായമില്ലാതെ കാര്യങ്ങള്‍ ചെയ്യാനാകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഡിസ്ചാര്‍ജ് ചെയ്യാനും തുടര്‍ചികിത്സ തിരുവനന്തപുരത്തേക്ക് മാറ്റാനും തീരുമാനിച്ചു.
അതിനിടെ വീണാ ജോര്‍ജ്ജ് ദീര്‍ഘദൂരം കാര്‍ യാത്ര ചെയ്തതിലൂടെ നാടകം പൊളിഞ്ഞെന്ന് കോണ്‍ഗ്രസിന്റെ പരിഹാസം. അതിനിടെ മന്ത്രി വീണാജോര്‍ജിനെ ആക്രമിച്ചെന്ന കേസില്‍ റിമാന്‍ഡിലായ കെ.എസ്.യു. കോഴിക്കോട് ജില്ലാ സെക്രട്ടറി ബിദുല്‍ ബാലന്റെ തോടന്നൂരിലെ വീടിനുനേരേ ബോംബേറ് ഉണ്ടായി. വീടിന്റെ ജനല്‍ച്ചില്ലുകളും സണ്‍ഷെയ്ഡും തകര്‍ന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ 2.47-നാണ് സംഭവം.
