ലോകത്തിന്റെ 'ബാക്ക് ഓഫീസ്'! ഇന്ത്യയുടെ ഐടി ഔട്ട്‌സോഴ്‌സിംഗ് മേഖല ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ നേരിടുന്നത് കടുത്ത പ്രതിസന്ധി; ഇന്ത്യയിലെ ഐടി ജോലികള്‍ കുറയുന്നുവോ? ഇത് നിര്‍മ്മിത ബുദ്ധിയൊരുക്കുന്ന പരിവര്‍ത്തന കാലം; ജോലികളെല്ലാം എഐ വോയിസ് ഏജന്റുമാര്‍ ഏറ്റെടുക്കുമ്പോള്‍

Update: 2026-02-28 04:21 GMT

ന്യൂഡല്‍ഹി: കാല്‍നൂറ്റാണ്ടായി ലോകത്തിന്റെ 'ബാക്ക് ഓഫീസ്' എന്നറിയപ്പെട്ടിരുന്ന ഇന്ത്യയുടെ ഐടി ഔട്ട്‌സോഴ്‌സിംഗ് മേഖല ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാരണം കടുത്ത പ്രതിസന്ധി നേരിടുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം, ഇന്ത്യയിലെ ലക്ഷക്കണക്കിന് മധ്യവര്‍ഗ ഐടി ജോലികള്‍ എഐ ഭീഷണിയിലാണ്. ഇന്ത്യയിലെ വമ്പന്‍ ഐടി കമ്പനികള്‍ പലതും തങ്ങളുടെ ജീവനക്കാരുടെ എണ്ണം കുറച്ചുതുടങ്ങി.

ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് 2022-ലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ നിന്ന് 20,000-ത്തിലധികം ജീവനക്കാരെ കുറച്ചു. ഇന്‍ഫോസിസ് പുതിയ നിയമനങ്ങള്‍ മന്ദഗതിയിലാക്കി. പാശ്ചാത്യ രാജ്യങ്ങളിലെ കമ്പനികള്‍ക്ക് കുറഞ്ഞ ചിലവില്‍ ഇംഗ്ലീഷ് സംസാരിക്കുന്ന വിദഗ്ധരെ നല്‍കിയിരുന്ന മോഡലാണ് ഇപ്പോള്‍ തകരുന്നത്. ഒരു ഇന്ത്യന്‍ ഡെവലപ്പര്‍ക്ക് നല്‍കുന്ന ശമ്പളത്തേക്കാള്‍ വളരെ കുറഞ്ഞ ചിലവില്‍ എഐ കോഡിംഗ് ഏജന്റുകള്‍ ഇന്ന് ലഭ്യമാണ്.

ക്യാമ്പസ് സെലക്ഷനില്‍ വലിയ തോതില്‍ ഇ്പ്പോള്‍ ഇടിവ് സംഭവിച്ചിട്ടുണ്ട്. ഗാസിയാബാദിലെ ആര്‍.ഡി. എന്‍ജിനീയറിങ് കോളേജ് പോലുള്ള സ്ഥാപനങ്ങളില്‍ തൊഴില്‍ ലഭ്യത 85 ശതമാനത്തില്‍ നിന്ന് 75 ശതമാനമായി കുറഞ്ഞു. ലളിതമായ കോഡിംഗ് ജോലികള്‍ എഐ ഏറ്റെടുത്തതോടെ തുടക്കക്കാര്‍ക്ക് അവസരം വലിയ തോതില്‍ കുറയുകയാണ്. മറ്റൊരു പ്രശ്നം സ്റ്റാര്‍ട്ടപ്പുകളുടെ മാറ്റമാണ്. ഗുരുഗ്രാമിലെ 'ഹുനര്‍ എഐ' പോലുള്ള സ്ഥാപനങ്ങള്‍ തങ്ങളുടെ നിയമന പ്രക്രിയ മുഴുവന്‍ എഐ വോയ്‌സ് ഏജന്റുകളെ ഏല്‍പ്പിച്ചതോടെ ജീവനക്കാരുടെ എണ്ണം 65-ല്‍ നിന്ന് 45 ആയി കുറച്ചു.

ഇന്ത്യയുടെ ജിഡിപിയുടെ 7 ശതമാനത്തിലധികം സംഭാവന ചെയ്യുന്നത് 300 ബില്യണ്‍ ഡോളര്‍ വാര്‍ഷിക വരുമാനമുള്ള ഈ ഐടി മേഖലയാണ്. ആറ് ദശലക്ഷത്തിലധികം പേര്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നു. എ.ഐയുടെ വരവ് ഈ ബിസിനസ് മോഡലിനെ ഘടനാപരമായി തന്നെ മാറ്റുമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. അതേസമയം, ഐബിഎം പോലുള്ള കമ്പനികള്‍ എഐയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന പുതിയ തരം എന്‍ട്രി ലെവല്‍ ജോലികള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍ മൊത്തത്തില്‍ ഇന്ത്യന്‍ ഐടി മേഖല ഒരു വലിയ പരിവര്‍ത്തനത്തിലൂടെയാണ് കടന്നുപോകുന്നത്. നിര്‍മ്മിത ബുദ്ധി വലിയ തോതില്‍ തൊഴില്‍ ഇല്ലായ്്മയും സാമ്പത്തിക പ്രതിസന്ധിയും സൃഷ്ടിക്കുമോ എന്ന ആശയങ്കയിലാണ് ടെക് ലോകം.

Similar News