കോണ്‍ക്ലേവ് 20 ദിവസത്തിനുള്ളില്‍ സിസ്‌റ്റൈന്‍ ചാപ്പലില്‍; കോണ്‍ക്ലേവിന്റെ ഭാഗമാകുക 138 പേര്‍; തിരഞ്ഞെടുപ്പില്‍ ഇന്ത്യയില്‍ നിന്ന് 4 പേര്‍; പുതിയ ഇടയനെ കണ്ടെത്തുന്നതിനുള്ള പേപ്പല്‍ സംഘത്തില്‍ രണ്ട് മലയാളികളും
പുതിയ ഇടയനെ കണ്ടെത്തുന്നതിനുള്ള പേപ്പല്‍ സംഘത്തില്‍ രണ്ട് മലയാളികളും
വത്തിക്കാന്‍ സിറ്റി:ഒരു മാര്‍പാപ്പ മരിക്കുകയോ രാജിവയ്ക്കുകയോ ചെയ്യുമ്പോഴാണ് സാധാരണഗതിയില്‍ കോണ്‍ക്ലേവ് ചേരുക.നിലവില്‍ മാര്‍പാപ്പയുടെ മരണശേഷമാണ് തെരഞ്ഞെടുപ്പെങ്കില്‍ 15 മുതല്‍ 20 ദിവസത്തിനുള്ളില്‍ കോണ്‍ക്ലേവ് ചേരുന്നത്.'പാപ്പല്‍ കോണ്‍ക്ലേവ്' എന്ന തെരഞ്ഞെടുപ്പ് സമ്മേളനം നടത്തിയാണ് പുതിയ പോപ്പിനെ തെരഞ്ഞെടുക്കുക. ഇതില്‍, 80 വയസില്‍ താഴെയുള്ള 138 കര്‍ദിനാളുകള്‍ രഹസ്യ വോട്ടെടുപ്പിലൂടെ പുതിയ പോപ്പിനെ തെരഞ്ഞെടുക്കും.
പുതിയ പോപ്പിനെ തെരഞ്ഞെടുക്കാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണം. ഈ പരിധി എത്തുന്നത് വരെ വോട്ടെടുപ്പ് തുടരും. ഓരോ റൗണ്ട് വോട്ടെടുപ്പ് കഴിയുംതോറും ബാലറ്റുകള്‍ രാസവസ്തുക്കള്‍ ഉപയോഗിച്ച് കത്തിച്ചുകളയും. ഇത് കത്തിക്കുമ്പോള്‍ കറുപ്പോ വെളുപ്പോ ആയ പുകയുയരുന്നു. കറുത്ത പുകയാണെങ്കില്‍ തീരുമാനമായില്ല എന്നാണ് സൂചന. വെളുത്ത പുകയാണെങ്കില്‍ പുതിയ പോപ്പിനെ തെരഞ്ഞെടുത്തു എന്ന് മനസിലാക്കാം.
2013ല്‍ ബെനഡിക്ട് 16ാമന്‍ രാജിവെച്ച് 12 ദിവസങ്ങള്‍ക്ക് ശേഷമാണ് കോണ്‍ക്ലേവ് തുടങ്ങിയത്. കര്‍ദിനാളുകള്‍ക്കിടയില്‍ ഐക്യമുണ്ടെങ്കില്‍ പുതിയ പോപ്പിനെ പെട്ടെന്ന് തെരഞ്ഞെടുക്കാം. അല്ലെങ്കില്‍ ആഴ്ചകളെടുത്തേക്കാം. മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടുന്നതിനായി
കോണ്‍ക്ലേവില്‍ ഓരോ ദിവസവും നാല് റൗണ്ട് വോട്ടെടുപ്പ് വരെ നടക്കും. 33 റൗണ്ടുകള്‍ക്ക് ശേഷവും തീരുമാനമെടുത്തില്ലെങ്കില്‍ അവസാന റൗണ്ടിലെത്തുന്ന രണ്ടുപേര്‍ തമ്മിലാകും മത്സരം. 1271 ല്‍ ഗ്രിഗറി പത്താമന്‍ മാര്‍പാപ്പയെ തെരഞ്ഞെടുക്കാന്‍ പാപ്പല്‍ കോണ്‍ക്ലേവ് കടുത്ത രാഷ്ട്രീയ തര്‍ക്കങ്ങള്‍ കാരണം ഏകദേശം മൂന്ന് വര്‍ഷമെടുത്തു.
വിവിധ രാജ്യങ്ങളില്‍നിന്നുള്ള 252 കര്‍ദിനാള്‍മാരില്‍ 138 പേര്‍ക്കാണ് പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവില്‍ വോട്ടിങ് അവകാശം. ഇതില്‍ നാലു പേര്‍ ഇന്ത്യയില്‍നിന്നുള്ളവരാണ്. സിറോ മലങ്കര സഭ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ ബസേലിയോസ് ക്ലിമിസ്, വൈദികനായിരിക്കെ നേരിട്ടു കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട ജോര്‍ജ് ജേക്കബ് കൂവക്കാട്, ഹൈദരാബാദ് മെട്രോപൊളിറ്റന്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ ആന്റണി പൂല, ഗോവ മെട്രൊപൊളിറ്റന്‍ ആര്‍ച്ചബിഷപ്പ് കര്‍ദിനാള്‍ ഫിലിപ് നേരി അന്റോണിയോ സെബാസ്റ്റിയനോ ഡോ റൊസാരിയോ എന്നിവര്‍ക്കാണ് പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കാനുള്ള നിയോഗം.
മേജര്‍ആര്‍ച്ച്ബിഷപ്പ് സ്ഥാനം ഒഴിഞ്ഞ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് 80 വയസ്സു കഴിഞ്ഞതിനാല്‍ സിറോ മലബാര്‍ സഭയ്ക്ക് കോണ്‍ക്ലേവില്‍ വോട്ടവകാശം ഉണ്ടാവില്ല. കര്‍ദിനാള്‍ ജോര്‍ജ് കൂവക്കാട് സിറോ മലബാര്‍ സഭയെ പ്രതിനിധീകരിച്ചല്ല, സെന്റ് അന്റോണിയോ ഡി പഡോവ ഡീക്കന്‍ എന്ന നിലയിലാവും കോണ്‍ക്ലേവില്‍ പങ്കെടുക്കുക.
രണ്ടാമൂഴത്തില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്കാബാവ
മലങ്കര കത്തോലിക്കാ സഭാധ്യക്ഷന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവാ സീറോ-മലങ്കര കത്തോലിക്കാ സഭയുടെ ആദ്യത്തെ കര്‍ദ്ദിനാളാണ്. 1960 ല്‍ കേരളത്തില്‍ ജനിച്ച അദ്ദേഹം 1986 ല്‍ പൗരോഹിത്യം സ്വീകരിച്ചു.2014-18 കാലഘട്ടത്തില്‍ കാത്തലിക് ബിഷപ്പ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റായിരുന്നു.2012ല്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയാണ് അദ്ദേഹത്തെ കര്‍ദിനാളായി നിയമിച്ചത്.ഫ്രാന്‍സിസ് മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതിനായി 2013-ല്‍ നടന്ന കോണ്‍ക്ലേവില്‍ വോട്ട് ചെയ്ത 117 കര്‍ദിനാള്‍മാരിലും അദ്ദേഹം ഉള്‍പ്പെട്ടിരുന്നു.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്
വത്തിക്കാനിലെ മതസൗഹാര്‍ദ ഡിക്കസ്റ്ററിയുടെ പ്രീഫെക്ടായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട് നേരിട്ട് കര്‍ദിനാള്‍ പദവിയിലെത്തുന്ന ഇന്ത്യക്കാരനായ ആദ്യ വൈദികനാണ്. സീറോ മലബാര്‍ സഭയിലെ ചങ്ങനാശേരി അതിരൂപതാംഗമാണ്. മാര്‍പ്പാപ്പയുടെ യാത്രകളുടെ ചുമതലയുള്ള സെക്രട്ടറി ഓഫ് ദി സ്റ്റേറ്റുമായിരിക്കെ അപ്രതീക്ഷിതമായാണ് ജോര്‍ജ് ജേക്കബ് കൂവക്കാടിനെ കര്‍ദ്ദിനാള്‍ സ്ഥാനത്തേക്ക് ഉയര്‍ത്താനുള്ള ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പ്രഖ്യാപനം വരുന്നത്. വത്തിക്കാന്‍ നയതന്ത്ര സര്‍വീസില്‍ ചേര്‍ന്ന മാര്‍ കൂവക്കാട് അള്‍ജീറിയ, ദക്ഷിണ കൊറിയ, മംഗോളിയ, ഇറാന്‍, കോസ്റ്ററിക്ക എനനിിവിടങ്ങളില്‍ അപ്പോസ്തലിക് നൂണ്‍ഷ്യോയുടെ സെക്രട്ടറിയായിരുന്നു.
കര്‍ദിനാള്‍ ഫിലിപ്പ് നേരി ഫെറോ
കോണ്‍ഫറന്‍സ് ഓഫ് കാതലിക് ബിഷപ്സ് ഓഫ് ഇന്ത്യ പ്രസിഡന്റും ഗോവ ദാമന്‍ ആര്‍ച്ച് ബിഷപ്പുമായ ഫിലിപെ നെരി ഫെറാവൊ കോണ്‍ക്ലേവിന്റെ ഭാഗമാകും.1953 ല്‍ ഗോവയിലെ അല്‍ഡോണയില്‍ ജനിച്ചു. 2022 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് അദ്ദേഹത്തെ കര്‍ദിനാളായി പ്രഖ്യാപിച്ചത്. കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ ഇപ്പോഴത്തെ പ്രസിഡന്റാണ്.വ്യത്യസ്ത മതങ്ങള്‍ തമ്മിലുള്ള സഹകരണത്തിനും സാമൂഹിക നീതിക്കും വേണ്ടിയുള്ള ശ്രമങ്ങളാല്‍ ശ്രദ്ധേയനാണ് അദ്ദേഹം.
കര്‍ദിനാള്‍ ആന്റണി പൂല
ഇന്ത്യയില്‍ നിന്നുള്ള ആദ്യത്തെ ദളിത് ആര്‍ച്ച് ബിഷപ്പായ കര്‍ദിനാള്‍ ആന്റണി പൂല ഹൈദരാബാദിലെ മെട്രോപൊളിറ്റന്‍ ആര്‍ച്ച് ബിഷപ്പാണ്.1961ല്‍ ആന്ധ്രാപ്രദേശിലാണ് അദ്ദേഹം ജനിച്ചത്. 2022 ഓഗസ്റ്റില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അദ്ദേഹത്തെ കര്‍ദിനാളായി നിയമിച്ചു. 2022 ല്‍ വത്തിക്കാന്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍, ദാരിദ്ര്യം കാരണം ഏഴാം ക്ലാസിനുശേഷം സ്‌കൂള്‍ വിദ്യാഭ്യാസം നിര്‍ത്തേണ്ടിവന്നുവെന്നും എന്നാല്‍ മിഷനറിമാര്‍ തന്റെ വിദ്യാഭ്യാസത്തിനു സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മാര്‍പ്പാപ്പയുടെ പ്രഖ്യാപനം ഇങ്ങനെ
പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുത്തതിനുശേഷം അദ്ദേഹം ആ പദവിയില്‍ ഇരിക്കാന്‍ സന്നദ്ധനാണോ എന്ന് ഔദ്യോഗികമായി ചോദിക്കും. മാര്‍പാപ്പയാവാന്‍ സമ്മതിക്കുകയാണെങ്കില്‍ മുന്‍പുള്ള വിശുദ്ധന്മാരില്‍ ആരുടെയെങ്കിലും ഒരാളുടെ പേര് സ്വന്തം പേരായി തിരഞ്ഞെടുക്കണം. പിന്നീട് ആ പേരിലായിരിക്കും അറിയപ്പെടുക. ഇതേതുടര്‍ന്ന് മുതിര്‍ന്ന കര്‍ദ്ദിനാള്‍ ഡീക്കണ്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ബാല്‍ക്കണിയില്‍ നിന്ന് ലാറ്റിന്‍ ഭാഷയില്‍ 'ഹാബെമസ് പാപ്പം''എന്ന് വിളിച്ചു പറയും. 'നമുക്ക് ഒരു പോപ്പ് ഉണ്ട്' എന്നാണ് അതിനര്‍ഥം. തൊട്ടുപിന്നാലെ പുതിയ മാര്‍പാപ്പ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍വച്ച് തന്റെ അനുയായികളെ അഭിവാദ്യം ചെയ്യുകയും അനുഗ്രഹങ്ങള്‍ നല്‍കുകയും ചെയ്യും.