'പാവം മോഹന്‍ലാല്‍ ഇതൊന്നും അറിഞ്ഞുകാണില്ല'; കാസനോവ മുതല്‍ തുടങ്ങിവെച്ച ആത്മബന്ധം; ലാലോ ആന്റണിയോ കമ്പനിയില്‍ നിക്ഷേപിച്ചിട്ടില്ല; ചെയര്‍മാന്റെ സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ വസ്തുതയല്ല; സി.ജെ. റോയിയുടെ മരണത്തില്‍ പുകമറ നീക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ് എംഡി ടി.എ. ജോസഫ്
'പാവം മോഹന്‍ലാല്‍ ഇതൊന്നും അറിഞ്ഞുകാണില്ല'
കൊച്ചി: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സി.ജെ. റോയിയുടെ അപ്രതീക്ഷിത വിയോഗത്തിന് പിന്നാലെ സിനിമാ മേഖലയുമായി ബന്ധപ്പെടുത്തി ഉയര്‍ന്ന ആരോപണങ്ങള്‍ക്കും ബിനാമി ഇടപാട് വാര്‍ത്തകള്‍ക്കും അന്ത്യം കുറിച്ചു കൊണ്ട് കമ്പനി മാനേജിംഗ് ഡയറക്ടര്‍ ടി.എ. ജോസഫ് രംഗത്ത്. സൂപ്പര്‍താരം മോഹന്‍ലാലിനും ആന്റണി പെരുമ്പാവൂരിനും കമ്പനിയില്‍ നിക്ഷേപമുണ്ടെന്ന പ്രചാരണം പച്ചക്കള്ളമാണെന്നും, ഇവര്‍ വെറും കുടുംബ സുഹൃത്തുക്കള്‍ മാത്രമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
മോഹന്‍ലാലുമായി ബിസിനസ്സല്ല, ആത്മബന്ധം
സൗഹൃദത്തിന്റെ പേരിലാണ് മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും വേട്ടയാടപ്പെടുന്നതെന്ന് ടി.എ. ജോസഫ് പറഞ്ഞു. മോഹന്‍ലാല്‍ ചിത്രമായ 'കാസനോവ' മുതലാണ് സി.ജെ. റോയിക്ക് ലാലുമായും ആശീര്‍വാദ് സിനിമാസുമായും ബന്ധമുണ്ടാകുന്നത്. അതൊരു ബിസിനസ്സ് ബന്ധത്തിനപ്പുറം വലിയൊരു ആത്മബന്ധമായി വളരുകയായിരുന്നു.
ആന്റണി പെരുമ്പാവൂരിന്റെ സിനിമകളില്‍ ഡോ. റോയിയുടെ പേര് വെക്കുന്നത് സൗഹൃദം കൊണ്ടുമാത്രമാണ്. ഇതിനായി ആരും പണം വാങ്ങാറില്ല. 'പാവം മോഹന്‍ലാല്‍ ഇതൊന്നും അറിഞ്ഞുകാണില്ല. പുറത്തുനിന്നുള്ള ഒരാളുടെയും പണം കമ്പനിയിലില്ല. മോഹന്‍ലാലോ ആന്റണിയോ കമ്പനിയില്‍ നിക്ഷേപിച്ചിട്ടില്ല.' എംഡി കൂട്ടിച്ചേര്‍ത്തു.
ആദായനികുതി റെയ്ഡും മരണവും
ബംഗളൂരുവിലെ അശോക് നഗറിലുള്ള കമ്പനി ആസ്ഥാനത്ത് ആദായനികുതി വകുപ്പ് പരിശോധന നടത്തുന്നതിനിടെയാണ് സി.ജെ. റോയ് സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കിയത്. എന്നാല്‍ ചെയര്‍മാനെ ആരും മാനസികമായി പീഡിപ്പിച്ചിട്ടില്ലെന്നും അന്വേഷണത്തില്‍ കമ്പനി തൃപ്തരാണെന്നും എംഡി പറഞ്ഞു. ചെയര്‍മാന്റെ സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ വസ്തുതയല്ലെന്നും അദ്ദേഹത്തിന് കമ്പനി കാര്യങ്ങളെക്കുറിച്ച് ധാരണയില്ലെന്നും ടി.എ. ജോസഫ് വെളിപ്പെടുത്തി.
യൂട്യൂബ് ചാനലുകള്‍ക്ക് മുന്നറിയിപ്പ്
മരിച്ച ഒരാളെ കഴുകന്മാരെപ്പോലെ വേട്ടയാടുന്ന ചില യൂട്യൂബ് ചാനലുകള്‍ക്കെതിരെ അദ്ദേഹം രൂക്ഷവിമര്‍ശനം നടത്തി. 'ചെയര്‍മാന്‍ വളരെ സ്‌ട്രോങ്ങ് ആയ ആളായിരുന്നു. ജീവിതം ആഘോഷമാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ തിയറി. ആരുടെയും പണം അദ്ദേഹം അടിച്ചുമാറ്റിയിട്ടില്ല. ഇല്ലാത്ത കഥകള്‍ മെനയുന്നത് നീതീകരിക്കാനാവില്ല.'
നിക്ഷേപകര്‍ക്ക് ആശങ്ക വേണ്ട
സീറോ ഡെബ്റ്റ് (കടബാധ്യതയില്ലാത്ത) കമ്പനിയാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പെന്ന് അദ്ദേഹം അവകാശപ്പെട്ടു. ചെയര്‍മാന്റെ മരണം കമ്പനിയുടെ കേരളത്തിലെയോ ബംഗളൂരുവിലെയോ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ല. സിനിമാ മേഖലയില്‍ നിന്ന് കമ്പനിക്ക് കാശ് കിട്ടാനല്ലാതെ അങ്ങോട്ട് കൊടുക്കാനില്ല. എല്ലാ പ്രോജക്ടുകളും സുതാര്യമായി മുന്നോട്ട് പോകുമെന്നും നിക്ഷേപകര്‍ക്ക് ആശങ്ക വേണ്ടെന്നും അദ്ദേഹം ഉറപ്പുനല്‍കി.
