മൂന്ന് ബെഡ്‌റൂമുള്ള ഫ്‌ളാറ്റിൽ മൂന്ന് ഭാര്യമാരും അഞ്ച് കുട്ടികളും കഴിഞ്ഞത് ഒരൊറ്റ മുറിയിൽ; ഒൻപതാം നിലയിൽ നിന്ന് ചാടിയ സഹോദരിമാരുടെ ഗെയിമിംഗ് അഡിക്ഷൻ വെറുമൊരു പുകമറയോ?; പിതാവിന്റെ മൊഴികളിൽ നിറയെ പൊരുത്തക്കേടുകൾ; ഗാസിയാബാദിലെ കൂട്ടആത്മഹത്യയിൽ ട്വിസ്റ്റ്

Update: 2026-02-09 14:19 GMT

ന്യൂഡൽഹി: ഗാസിയാബാദിലെ ഭാരത് സിറ്റിയിലുള്ള ഒരു ഫ്ലാറ്റിന്റെ ഒൻപതാം നിലയിൽ നിന്ന് ചാടി മൂന്ന് സഹോദരിമാർ ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. പാഖി (12), പ്രാചി (14), നിഷിക (16) എന്നിവരുടെ മരണത്തിന് പിന്നിൽ കേവലം ഒരു 'ഗെയിമിംഗ് അഡിക്ഷൻ' മാത്രമല്ല, മറിച്ച് പുറംലോകം അറിയാത്ത ഞെട്ടിക്കുന്ന കഥകളുണ്ടെന്നാണ് സംശയം. ഗെയിമിംഗ് അഡിക്ഷനെ മാതാപിതാക്കൾ എതിർത്തതിനും മൊബൈൽ ഫോണുകൾ പിടിച്ചുവാങ്ങിയതിനും പിന്നാലെയാണ് പെൺകുട്ടികൾ ഈ കടുംകൈ ചെയ്തതെന്നായിരുന്നു പ്രാഥമിക നിഗമനം.

മൊഴികളിലെ പൊരുത്തക്കേട്

പെൺകുട്ടികളുടെ പിതാവായ ചേതൻ കുമാറിനെക്കുറിച്ച് നടത്തിയ അന്വേഷണത്തിൽ ഒന്നിലധികം വിവാഹങ്ങളുടെയും സംശയാസ്പദമായ പൊരുത്തക്കേടുകളുടെയും ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. വിവാഹങ്ങളെക്കുറിച്ച് ചേതൻ കുമാർ നൽകിയ മൊഴികളിലെ യുക്തിയില്ലായ്മ പോലീസ് വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നു. തന്റെ ആദ്യ ഭാര്യയ്ക്ക് കുട്ടികളുണ്ടാകാത്തതിനാലാണ് രണ്ടാം വിവാഹം കഴിക്കേണ്ടി വന്നതെന്നാണ് ഇയാൾ അവകാശപ്പെട്ടത്. എന്നാൽ കുട്ടികളുടെ പ്രായം പരിശോധിക്കുമ്പോൾ ഈ വാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന് തെളിയുന്നു.

"പെൺകുട്ടികളുടെ പിതാവായ കുമാർ മൊഴികൾ തുടർച്ചയായി മാറ്റിക്കൊണ്ടിരിക്കുകയാണ്. ടീനയുമായുള്ള തന്റെ വിവാഹക്കാര്യം ആദ്യം മറച്ചുവെക്കാനാണ് അദ്ദേഹം ശ്രമിച്ചത്," ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പെൺകുട്ടികളുടെ മരണം തലയ്ക്കേറ്റ പരിക്കുകൾ മൂലമാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു. എന്നാൽ പെൺകുട്ടികൾ ലൈംഗികാതിക്രമത്തിന് ഇരയായതിന്റെ സൂചനകളൊന്നുമില്ലെന്ന് ഷാലിമാർ ഗാർഡൻ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ (എസിപി) അതുൽ കുമാർ സിംഗ് എൻഡിടിവിയോട് പറഞ്ഞു.

മരണപ്പെട്ട കുട്ടികൾ ഉപയോഗിച്ചിരുന്ന ഫോണുകൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഒരു ഫോൺ സംഭവത്തിന് വെറും 15 ദിവസം മുൻപ് വിറ്റുപോയിരുന്നു. അവസാന മണിക്കൂറുകളിൽ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തുന്നതിനായി ഈ ഫോണുകളും മറ്റ് തെളിവുകളും ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

ഒരു മുറിയിൽ മൂന്ന് ഭാര്യമാരും അഞ്ച് കുട്ടികളും

ഗാസിയാബാദിലെ ഭാരത് സിറ്റി സൊസൈറ്റിയിലുള്ള ത്രീ-ബെഡ്റൂം ഫ്ലാറ്റിലെ ഒരു മുറിയിലായിരുന്നു ചേതൻ കുമാറും അയാളുടെ മൂന്ന് ഭാര്യമാരും (സുജാത, ഹീന, ടീന), അഞ്ച് കുട്ടികളും കഴിഞ്ഞിരുന്നത്. ആദ്യ ഭാര്യ സുജാതയിൽ ഇയാൾക്ക് ഒരു മകളും മാനസിക വെല്ലുവിളി നേരിടുന്ന ഒരു മകനുമുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. "സുജാതയ്ക്ക് കുട്ടികളുണ്ടാകാത്തതിനാലാണ് ഹീനയെ വിവാഹം കഴിച്ചതെന്നാണ് അയാൾ പറഞ്ഞത്," എസിപി സിംഗ് വ്യക്തമാക്കി. പോലീസിന് നൽകിയ മൊഴി പ്രകാരം 2010-ൽ സുജാതയെയും, 2013-ൽ സുജാതയുടെ സഹോദരി ഹീനയെയും, 2023-ൽ ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിച്ച ടീനയെയും ചേതൻ കുമാർ വിവാഹം കഴിച്ചു.

എന്നാൽ, ഹീനയെ വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട് ചേതൻ കുമാർ നൽകിയ സമയക്രമവും കാരണങ്ങളും ഒത്തുപോകുന്നില്ല. കാരണം, ആദ്യ ഭാര്യ സുജാതയുടെ മകൾ മരിക്കുമ്പോൾ അവൾക്ക് 16 വയസ്സുണ്ടായിരുന്നു എന്നാണ് കരുതപ്പെടുന്നത് (കുട്ടികളുണ്ടാകാത്തതിനാലാണ് രണ്ടാം വിവാഹം കഴിച്ചതെന്ന വാദം ഇതോടെ പൊളിയുന്നു). മുൻപത്തെ ഭാര്യമാരെ ആരെയും വിവാഹമോചനം ചെയ്യാതെ എങ്ങനെയാണ് മൂന്ന് സ്ത്രീകളെ വിവാഹം കഴിക്കാൻ സാധിച്ചതെന്ന ചോദ്യത്തിന്, "ആ സ്ത്രീകൾക്കെല്ലാം ഈ വിവാഹങ്ങളിൽ സമ്മതമായിരുന്നുവെന്നാണ് കാണുന്നത്, ആരും തന്നെ പരാതി നൽകിയിട്ടില്ല," എന്ന് എസിപി പറഞ്ഞു.

2018-ലെ നിഗൂഢ മരണം

രണ്ടാം ഭാര്യയായ ഹീനയിൽ ഇയാൾക്ക് രണ്ട് പെൺമക്കളുണ്ടായിരുന്നു (14-ഉം 12-ഉം വയസ്സ്). സുജാതയുടെ മൂത്ത മകളോടൊപ്പം ഇരുവരും കെട്ടിടത്തിന്റെ ഒൻപതാം നിലയിൽ നിന്ന് ചാടി 'ആത്മഹത്യ' ചെയ്യുകയായിരുന്നു. ഭാര്യമാരിൽ ഏറ്റവും ഇളയവളായ 22-കാരി ടീനയിൽ ഇയാൾക്ക് മൂന്ന് വയസ്സുള്ള ഒരു മകളുണ്ട്. "ടീന മുൻപ് കുമാറിനോടൊപ്പം ജോലി ചെയ്തിരുന്നു. മറ്റ് ഭാര്യമാരുടെ സമ്മതത്തോടെയാണ് ഈ വിവാഹവും നടന്നതെന്നാണ് ഇതുവരെ പുറത്തുവരുന്ന വിവരം," എസിപി പറഞ്ഞു.

പോലീസ് പറയുന്നതനുസരിച്ച്, തന്റെ പെൺമക്കൾ ടാസ്ക് അധിഷ്ഠിത കൊറിയൻ ഗെയിമുകൾക്ക് അടിമയായിരുന്നുവെന്നും, അതിനാൽ താൻ അവരുടെ ഫോണുകൾ പിടിച്ചുവാങ്ങിയിരുന്നു എന്നുമാണ് ചേതൻ കുമാർ ചോദ്യം ചെയ്യലിൽ ഉറപ്പിച്ചു പറയുന്നത്. പെൺകുട്ടികളുടേതെന്ന് കരുതുന്ന മുപ്പത് പേജുള്ള ഒരു ഡയറിയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. കൊറിയൻ ഡ്രാമകളും കെ-പോപ്പ് സംഗീതവും ആസ്വദിക്കുന്നത് തടഞ്ഞതിൽ തങ്ങൾ അതീവ നിരാശരായിരുന്നുവെന്ന് പെൺകുട്ടികൾ അതിൽ രേഖപ്പെടുത്തിയിരുന്നതായാണ് വിവരം. കൂടാതെ, 2018-ൽ സുജാതയുടെയും ഹീനയുടെയും മറ്റൊരു സഹോദരി ഈ വീട് സന്ദർശിക്കവേ ബാൽക്കണിയിൽ നിന്ന് വീണ് മരിച്ചതായും പുതിയ വിവരങ്ങൾ പുറത്തുവരുന്നുണ്ട്.

ആ മരണം ഒരു അപകടമരണമായാണ് അന്ന് കണക്കാക്കപ്പെട്ടത്, കുടുംബം പോലീസിൽ പരാതി നൽകിയിരുന്നതുമില്ല. സ്റ്റോക്ക് ബ്രോക്കറായി ജോലി ചെയ്യുന്ന ചേതൻ കുമാറിന് ഏകദേശം 2 കോടി രൂപയുടെ കടബാധ്യതയുണ്ടെന്ന് പോലീസ് പറഞ്ഞു. വൈദ്യുതി ബില്ല് അടയ്ക്കാൻ വേണ്ടി പെൺമക്കളുടെ മൊബൈൽ ഫോണുകൾ വിറ്റതിന് പുറമെ, കോവിഡ് കാലത്തിന് ശേഷവും അദ്ദേഹം പെൺകുട്ടികളെ സ്കൂളിൽ അയച്ചിരുന്നില്ലെന്നും പോലീസ് വ്യക്തമാക്കി. വലിയ കടബാധ്യതയാണ് ഇതിന് കാരണമായി പോലീസ് ചൂണ്ടിക്കാട്ടുന്നത്.

Tags:    

Similar News