ബ്രിട്ടീഷുകാരി അമ്മൂമ്മ മരിച്ചപ്പോള്‍ ഭാര്യയുടെ ഓര്‍മ്മയ്ക്കായി ഭര്‍ത്താവിന്റെ ആഗ്രഹം മലയാളികളുടെ തിരുവാതിര; നഴ്‌സിങ് ഹോമില്‍ കണ്ട നാള്‍ മുതല്‍ തിരുവാതിര മനസ്സില്‍ കയറി; കുടുംബത്തിന്റെ വേദനയകറ്റാന്‍ ജീവനക്കാരോട് പോള്‍ സ്മാര്‍ട്ട് നടത്തിയ അഭ്യര്‍ത്ഥന കുടിയേറ്റ വിരുദ്ധത മനസ്സില്‍ കൊണ്ട് നടക്കുന്നവര്‍ക്കുള്ള മറുപടി
ലണ്ടന്‍: എങ്ങും എവിടെയും കുടിയേറ്റക്കാരാണ്. പൊതു ഇടങ്ങളില്‍ മര്യാദ നോക്കാതെ ഫോണും കയ്യില്‍ പിടിച്ചു വിഡിയോ കോളും ഉച്ചത്തില്‍ ഉള്ള സംസാരവും ആയി നാട്ടുകാരെ വെറുപ്പിക്കുന്നവര്‍ അയി മാറുകയാണ് യുകെയിലെ മലയാളികള്‍. സഹികെട്ട് എന്‍എച്എസ് പോലും മലയാളി നഴ്‌സുമാരുടെ അഭിമുഖത്തില്‍ മുഖം തിരിച്ചു തുടങ്ങി എന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി.
എവിടെ നോക്കിയാലും മലയാളികളെ കുറിച്ച് പരാതികള്‍ മാത്രം ഉയരുന്ന സാഹചര്യത്തിലും ഫൈവ് സ്റ്റാര്‍ റേറ്റിങ് ഉള്ള ഒരു നഴ്‌സിങ് ഹോമിലെ ജീവനക്കാരെ സ്വന്തം കുടുംബം പോലെ ഹൃദയത്തോട് ചേര്‍ത്ത് പിടിക്കുന്ന ബ്രിട്ടീഷുകാര്‍. വംശീയതയുടെ വേരുകള്‍ രാഷ്ട്രീയത്തില്‍ പോലും ബ്രിട്ടനില്‍ വേര് പിടിക്കുന്ന കാലത്താണ് ഓക്സ്ഫോര്‍ഡിലെ ബാന്‍ബറിയില്‍ ഉള്ള ജൂലി റിച്ചാര്‍ഡ്സണ്‍ നഴ്‌സിങ് ഹോമില്‍ നിന്നും ബ്രിട്ടീഷ് കുടുംബങ്ങള്‍ മലയാളി ജീവനക്കാരെ ഹൃദയപൂര്‍വം ചേര്‍ത്ത് പിടിക്കുന്ന വാര്‍ത്തകള്‍ എത്തുന്നത്.
തന്റെ ഭാര്യ നേഴ്‌സിങ് ഹോമില്‍ ജീവിതാവസാനം വരെ ആരെയും അലോസരപ്പെടുത്താതെ കഴിഞ്ഞപ്പോള്‍ നിത്യ സന്ദര്‍ശകന്‍ ആയിരുന്നു പോള്‍ സ്മാര്‍ട്ട് എന്ന ബ്രിട്ടീഷ്‌കാരന്‍. ഈ സന്ദര്‍ശനത്തിനിടയില്‍ നേഴ്‌സിങ് ഹോമില്‍ ഒരിക്കല്‍ നടന്ന ആഘോഷത്തില്‍ മലയാളി ജീവനക്കാര്‍ സെറ്റ് മുണ്ടും ആഭരണങ്ങളും ഒക്കെ അണിഞ്ഞു തിരുവാതിര നൃത്തം ചെയ്യുന്നത് വിടര്‍ന്ന കണ്ണുകളോടെ ഭാര്യ ജാനറ്റ് ആസ്വദിക്കുന്നത് പോളിന്റെ മനസിലെ മായാത്ത ചിത്രമായി. കഴിഞ്ഞ ദിവസം ജാനറ്റ് മരിച്ചപ്പോള്‍ പോള്‍ തന്റെ കുടുംബത്തോട് ആവശ്യപ്പെട്ടത് ഭാര്യക്ക് ഏറ്റവും സന്തോഷം നല്‍കുന്ന ഒരു യാത്രയയപ്പാണ്.
ഇതിനായുള്ള ഒരുക്കം തുടങ്ങുമ്പോള്‍ പോള്‍ നേഴ്‌സിങ് ഹോമില്‍ എത്തി മാനേജരും ഗ്രൂപ് ഡയറക്ടറുമായ ജയന്തി ആന്റണിയോട് ആവശ്യപ്പെട്ടത് തന്റെ ഭാര്യയ്ക്ക് വേണ്ടി ഹോമിലെ ജീവനക്കാര്‍ ഒരിക്കല്‍ കൂടി നൃത്ത ചുവടുകള്‍ അവതരിപ്പിക്കുമോ എന്നാണ്. ജാനറ്റിനെ ഏറ്റവും നന്നായി അടുത്തറിയുന്നവര്‍ എന്ന നിലയ്ക്ക് നഴ്‌സിങ് ഹോം ജീവനക്കാര്‍ അത്തരം ഒരു യാത്രയയപ്പ് നല്‍കിയാല്‍ തങ്ങളുടെ കുടുംബം എന്നെന്നും കടപ്പെട്ടിരിക്കും എന്നാണ് പോള്‍ സ്മാര്‍ട്ട് വികാരാധീനനായി അറിയിച്ചത്.
മലയാളികളുടെ തിരുവാതിര ബ്രിട്ടീഷ്‌കാര്‍ക്കും പ്രിയപ്പെട്ടതായി
ഇക്കാര്യം ജീവനക്കാരുമായി ആലോചിക്കട്ടെ എന്നറിയിച്ച മാനേജര്‍ക്കു സ്റ്റാഫിന്റെ ഭാഗത്തു നിന്നും നൂറുശതമാനം പിന്തുണയാണ് ലഭിച്ചത്. തങ്ങള്‍ക്ക് പ്രിയപ്പെട്ട അമ്മൂമ്മയ്ക്ക് നൃത്തച്ചുവടുകള്‍ വഴി ആദരാമര്‍പ്പിക്കാന്‍ ലഭിക്കുന്ന അവസരം ജീവിതത്തിലെ തന്നെ മറക്കാനാകാത്ത ഒന്നായി മാറുകയാണ് എന്ന ചിന്തയാണ് ജീവനക്കാര്‍ പങ്കുവച്ചത്. ഇതോടെ ഇക്കാര്യം ജാനറ്റ് സ്മാര്‍ട്ടിന്റെ കുടുംബത്തെ നേഴ്‌സിങ് ഹോമില്‍ നിന്നും അറിയിക്കുക ആയിരുന്നു. തന്റെ ഭാര്യ സന്തോഷവതിയായി ഈ ലോകത്തു നിന്നും കടന്നു പോകുന്നു എന്ന വിവരമാണ് പോള്‍ സ്മാര്‍ട്ട് മറ്റു കുടുംബാംഗങ്ങളെ അറിയിച്ചത്. മാത്രമല്ല ഭാര്യയുടെ സംസ്‌കാര ചടങ്ങു ഇന്ത്യന്‍ നൃത്തത്തിന്റെ അകമ്പടിയോടെയാണ് നടത്തുന്നത് എന്ന് അദ്ദേഹം പ്രാദേശിക മാധ്യമം ബാന്‍ബറി ഗാര്‍ഡിയന്‍ അടക്കമുള്ളവയെ അറിയിക്കുകയും ചെയ്തു. ഹോണറിങ് ജാനറ്റ് ലെഗസി എന്ന തലക്കെട്ടില്‍ പ്രാദേശിക മാധ്യമങ്ങള്‍ വേറിട്ട നിലയില്‍ നടന്ന ഈ അനുസ്മരണ ചടങ്ങു വലിയ വാര്‍ത്ത ആക്കുകയും ചെയ്തു.
സാധാരണ ഗതിയില്‍ മരിയ്ക്കുന്നവര്‍ക്ക് ഇഷ്ടമായ പാട്ടൊക്കെ സംസ്‌കാര ചടങ്ങുകളില്‍ കേള്‍പ്പിക്കുന്നത് ബ്രിട്ടനില്‍ പതിവാണെങ്കിലും ഒരു കുടിയേറ്റ സമൂഹത്തിന്റെ, ചടങ്ങില്‍ പങ്കെടുക്കുന്നവരില്‍ അധികം പേര്‍ക്കും മനസിലാകാത്ത പാട്ടും വരികളും ഒക്കെ ചേര്‍ന്ന നൃത്ത ചുവടുകളോടെയുള്ള ഒരു വിട പറയല്‍ ചടങ്ങു ഇതിനു മുന്‍പ് യുകെയില്‍ നടന്നിട്ടില്ല. ദീര്‍ഘ ദാമ്പത്യത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥനയും അനുഷ്ടാനവും കൂടിയാണ് തിരുവാതിരയുടെ പ്രത്യേകതയെന്ന് ജയന്തി ആന്റണി പോള്‍ സ്മാര്‍ട്ടിനോട് പറഞ്ഞതോടെ താന്‍ ചെയ്തത് ഏറ്റവും അനുചിതം ആയ കാര്യം ആയല്ലോ എന്നാണ് അദ്ദേഹം പ്രതികരിച്ചത്. അതായതു വെറും ഒരു ഡാന്‍സ് എന്നതില്‍ ഉപരി സ്നേഹനിധിയായ തന്റെ ഭാര്യയുടെ ഭര്‍ത്താവിനോടുള്ള ഇഷ്ടം കൂടി പ്രകടിപ്പിക്കുന്നതിന് തിരുവാതിര അറിഞ്ഞോ അറിയാതെയോ കാരണമായല്ലോ എന്നാണ് അദ്ദേഹം നടത്തിയ പ്രതികരണം.
കഴിഞ്ഞ ആറു വര്‍ഷം രാപ്പകല്‍ സ്നേഹസുരഭിലമായ പരിചരണം നല്‍കിയ ജീവനക്കാര്‍ സ്മരണാഞ്ജലി താന്‍ ഒരിക്കലും മറക്കില്ല എന്നാണ് പോള്‍ സ്മാര്‍ട്ട് ചടങ്ങുകള്‍ക്ക് ശേഷം പ്രതികരിച്ചത്. കോവാലനും കണ്ണകിയും പ്രേമമോടെ തമ്മില്‍ എന്ന ഗാനം തിരുവാതിര ചുവടുകളായി ആകാശഗംഗ എന്ന സിനിമയിലൂടെ ആരധകരെ കണ്ടെത്തിയതു നേഴ്‌സിങ് ഹോം ജീവനക്കാര്‍ക്കും ഈ ഗാനം തന്നെ തങ്ങളുടെ ചുവടുകള്‍ക്ക് പിന്നണിയായി തിരഞ്ഞെടുക്കുവാന്‍ കാരണമായി. ധന്യ , ചിഞ്ചുമോള്‍ , ജിഷാകുമാരി , ജിസിമോള്‍ , ഷിന്റ്‌റു , ആന്‍സു , ഷെല്‍മി , ജോസിനാ എന്നീ എട്ടു മലയാളി ജീവനക്കാര്‍ ചേര്‍ന്ന് നൃത്തച്ചുവടുകള്‍ വച്ചപ്പോള്‍ പാട്ടും ഡാന്‍സും ജീവന് തുല്യം സ്നേഹിച്ചിരുന്ന ജാനറ്റിനായി ഗ്ലോറിയ എന്ന നേഴ്‌സിങ് ഹോം ജീവനക്കാരി മ്യൂസിക്കല്‍ ട്രിബ്യൂട്ട് ഒരുക്കി വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷിയായി. മാത്രമല്ല ജാനറ്റ് അംഗം ആയിരുന്ന ബാപിസ്റ്റ് പള്ളിയിലെ 25 അംഗ ക്വയര്‍ ഗ്രൂപ് ഒരുക്കിയ മനോഹര സംഗീതം കൂടി ചേര്‍ത്താണ് പോള്‍ സ്മാര്‍ട്ട് തന്റെ ഭാര്യയോടുള്ള സ്നേഹത്തിനു അതിരുകളില്ല എന്ന് തെളിയിച്ചത്.
മലയാളി ജീവനക്കാര്‍ കെയര്‍ ഹോമുകളില്‍ എന്തിനു എന്ന ചോദ്യത്തിലും ഉത്തരം
ഒരു വൃദ്ധ മന്ദിരത്തില്‍ ലഭിക്കുന്ന പരിചരണം എന്നതില്‍ ഉപരി തന്റെ ഭാര്യയ്ക്ക് പ്രിയപ്പെട്ടവര്‍ നല്‍കുന്നത് പോലെയുള്ള സ്നേഹപരിചരണമാണ് ജൂലി റിച്ചാര്‍ഡ്‌സണ്‍ ഹോമില്‍ ലഭിച്ചതെന്ന് കൂടി പോള്‍ സ്മാര്‍ട്ട് മാധ്യമങ്ങളെ അറിയിച്ചത് മലയാളി ജീവനക്കാര്‍ക്കും നഴ്‌സിങ് ഹോം ഉടമകളായ ബ്രിട്ടീഷ് വശജര്‍ക്കും ഒരേപോലെ ലഭിക്കുന്ന അംഗീകാരമായി മാറുകയാണ്. പലപ്പോഴും നഴ്‌സിങ് ഹോമുകളില്‍ നിന്നും വിസ പുതുക്കാന്‍ ഉള്ള വിദേശ ജീവനക്കാരുടെ അപേക്ഷകള്‍ ലഭിക്കുമ്പോള്‍ ഈ ഹോമിലേക്ക് എന്തിനാണ് ഇത്രയധികം വിദേശ ജീവനക്കാര്‍ എന്ന ഹോം ഓഫിസിന്റെ ചോദ്യങ്ങള്‍ക്കുള്ള കൃത്യമായ മറുപടി കൂടിയാണ് പോള്‍ സ്മാര്‍ട്ടും കുടുംബവും ഇപ്പോള്‍ അനുഭവിക്കുന്ന സ്വാന്തനത്തിന്റെയും കരുതലിന്റെയും സ്നേഹത്തിന്റെയും മുഹൂര്‍ത്തങ്ങള്‍ക്ക് കാരണക്കാരായ ഈ മലയാളി ജീവനക്കാര്‍. കേരളം കണ്ട മഹാപ്രളയകാലത്തും കോവിഡ് മഹാമാരിക്കലത്തും ഒക്കെ ഈ നേഴ്‌സിങ് ഹോം ജീവനക്കാരില്‍ നിന്നും ഉടമകളില്‍ നിന്നും മറക്കാനാകാത്ത വിധം സാമ്പത്തിക സഹായം ഉള്‍പ്പെടെ മലയാളികളെ തേടി എത്തിയിട്ടുമുണ്ട്. 70 പിന്നിട്ട ഏറ്റവും മുതിര്‍ന്ന ജീവനക്കാരിയായ ആഫ്രിക്കന്‍ വംശജ അടക്കമുള്ളവര്‍ മുന്‍കൈ എടുത്താണ് അന്ന് പലതുള്ളി പെരുവെള്ളം പോലെ സഹായങ്ങള്‍ കേരളത്തെ തേടി എത്തിയത് .